Current Date

Search
Close this search box.
Search
Close this search box.

വിലയേറിയ വോട്ടിന് വിലയേറിയ സേവനം

ആളോഹരി വരുമാനം വര്‍ധിക്കല്‍ വികസ്വര രാജ്യത്തിന്റെ അടയാളമായി പൊതുവില്‍ പറയാം. എന്നാല്‍ അതുകൊണ്ട് പട്ടിണിമാറി എന്നോ മാറിക്കൊണ്ടിരിക്കുന്നുവെന്നോ പറയാന്‍ കഴിയില്ല. ഉദാഹരണം ഒരു രാഷ്ട്രത്തില്‍ പതിനായിരം കോടിപതികളുണ്ട്. ഓരോ വര്‍ഷവും അവരുടെ വരുമാനം രണ്ടിരട്ടി വര്‍ധിക്കുന്നു. മഹാഭൂരിപക്ഷം വരുന്നവര്‍ ദാരിദ്ര്യ രേഖക്കു താഴെയാണ്. അവരുടേത് വര്‍ധിക്കുന്നില്ല. എങ്കിലും കണക്കുകൂട്ടിയാല്‍ ആളോഹരി വരുമാനം വര്‍ധിച്ചതായിട്ടാണല്ലോ കാണുക. ഉള്ളവനും ഇല്ലാത്തവനും ഇടയിലുള്ള അന്തരം ഈ സാഹചര്യത്തില്‍ കുറയുന്നില്ല. ആ അന്തരം കുറക്കാന്‍ കഴിയുമ്പോയേ രാഷ്ട്രത്തിനു യഥാര്‍ത്ഥ പുരോഗതി കൈവരികയുള്ളൂ.

അല്‍പം കൂടി ലളിതമായി പറഞ്ഞാല്‍ ഓരോ വര്‍ഷവും ജനസംഖ്യയുടെ പത്തുശതമാനം ദാരിദ്ര്യരേഖക്ക് മീതെയെത്തുന്നു എന്ന് സങ്കല്‍പിക്കുക. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ആ ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്താല്‍ ആ രാഷ്ട്രമാണ് വികസ്വരം എന്ന് അറിയപ്പെടുക. അധികം കാലം കഴിയാതെ വികസ്വരം എന്നതില്‍ നിന്ന് രാഷ്ട്രം വികസിതം എന്ന അവസ്ഥയിലും എത്തും. വികസനം സര്‍വതലങ്ങളിലും സര്‍വതട്ടുകളിലുമായി കൊണ്ടുള്ള പ്രതിശീര്‍ഷ വരുമാന വര്‍ധനവാണ് സാധ്യമാകേണ്ടത്. അതാണ് യഥാര്‍ത്ഥ പുരോഗതി.

അടിസ്ഥാന വിഭാഗത്തെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഫലപ്രദമാകാതെ പോകുന്നുണ്ട് എന്നു പരിശോധിക്കുകയും ഇല്ലെങ്കില്‍ കാരണം കണ്ടെത്തുകയും വേണം. ഇടത്തട്ടുകാരുടെ പോക്കറ്റിലേക്ക് അതു ചെന്നെത്തുകയും അവര്‍ തടി്ചു കൊഴുക്കുകയും ചെയ്യുന്ന അവസ്ഥ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ വരെ നടക്കും. ആളോഹരി വരുമാനം ഉയര്‍ന്നു നില്‍ക്കുന്ന മുതലാളിത്ത രാഷ്ട്രത്തില്‍ ദരിദ്രരുടെ എണ്ണം ഏറെയുണ്ടായെന്നും വരാം. പ്രതിശീര്‍ഷ വരുമാനം അപ്പോള്‍ യഥാര്‍ഥ പുരോഗതിയായി കാണാവതല്ലെന്നു ചുരുക്കം.

ജനങ്ങളെ പഠിക്കുക എന്നതാണ് ജനസ്‌നേഹത്തിന്റെ ആദ്യപടി. അവര്‍ എത്രമാത്രം സാക്ഷരരാണ്? അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള സൗകര്യമുണ്ടോ? ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടോ? ഗര്‍ഭിണികളായിരിക്കെ കൂലിവേല ചെയ്യേണ്ട സാഹചര്യം തന്റെ മണ്ഡലത്തില്‍ എത്രപേര്‍ക്കുണ്ട്? എന്നെല്ലാം ജനപ്രതിനിധി മനസ്സിലാക്കണം. കുഞ്ഞിന് ജനിച്ചു വീണ ശേഷം ഭക്ഷണം ലഭിച്ചാല്‍ പോരാ, ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ആഹാരത്തിലൂടെ ശിശുക്കള്‍ക്ക് പോഷണം ലഭിക്കണം. ശിശുമരണത്തിന്റെ ശതമാനമെത്രയെന്ന് മനസ്സിലാക്കി പ്രതിരോധ മരുന്നുകളും അത്യാവശ്യ ആഹാരവും ലഭ്യമാക്കുമ്പോള്‍ രാഷ്ട്രീയക്കാരന്‍ ജനസേവകനായി മാറുന്നു. വിലയേറിയ വോട്ടിന് വിലകുറഞ്ഞ സേവനം പോരാ. വിലയേറിയ സേവനം തന്നെ വേണം.

സേവനങ്ങള്‍ വളരെയധികം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു ശ്രമിച്ചു എന്നും, അഴിമതിയുടെയും കൈക്കൂലിയുടെയും കറകള്‍ തന്റെ കരങ്ങളില്ല എന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിധത്തിലാവണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍.

തികഞ്ഞ മതേതരവാദിയാവണം അയാള്‍. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഏറെയുള്ള നാടാണ് ഭാരതം. വര്‍ഗീയ സംഘട്ടനം ഒരിക്കലുണ്ടായാല്‍ അതിന്റെ തുടര്‍ച്ചക്കും സാധ്യതയുണ്ട്. അതിനാല്‍ ജനപ്രതിനിധി ഒരു കാവല്‍ പട്ടാളത്തിന്റെയും പ്രവാചകന്റെയും റോളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. വര്‍ഗീയ സംഘട്ടനങ്ങള്‍ ഉല്‍പാദന രംഗത്തെ പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി രാഷ്ട്രം പിന്നോക്കമായി പോകും. പരസ്പരം വിശ്വാസത്തോടും സ്‌നേഹത്തോടും രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ജനങ്ങള്‍ പങ്കാളികളാകുന്ന അവസ്ഥയും രാഷ്ട്രീയക്കാരന്റെ സ്വപ്‌നമായിരിക്കണം.

Related Articles