Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസത്തിന്റെ ധാര്‍മിക വത്കരണം

education.jpg

പ്രശസ്ത ജര്‍മന്‍ ചിന്തകനായ ഹാന്‍സ് സേറര്‍ ‘വേരറ്റ മനുഷ്യന്‍’ എന്ന ഒരാശയം അവതരിപ്പിച്ചിട്ടുണ്ട്. ഭൗതികമായ സര്‍വ്വ സന്നാഹങ്ങളും ഉണ്ടായിട്ടും ‘ഞാന്‍ ആരാണ്?’ എന്ന മൗലിക ചോദ്യത്തിന് ഉത്തരം ലഭിക്കാത്ത ആളാണ് വേരറ്റ മനുഷ്യന്‍. അയാള്‍ ഒരു തരം ആത്മീയ പ്രതിസന്ധി അനുഭവിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇത് ഒരു മനുഷ്യന്റെ മാത്രം പ്രശ്‌നമല്ല. ഭൗതിക യന്ത്രസംസ്‌കാരം ആധുനിക സമൂഹത്തിനു നല്‍കിയ വന്‍വിപത്താണ്.

മതരാഷ്ട്ര വിഭജനത്തിനു മുമ്പേ മുതലാളിത്ത സാമ്രാജ്യത്വം ലോകത്ത് നടപ്പാക്കിയത് വിദ്യാഭ്യാസത്തിന്റെ മത-മതേതരവിഭജനമായിരുന്നു. തദ്ഫലമായാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതും മനക്കരുത്തില്ലാത്തതും ഒപ്പം സര്‍വ്വ കുറ്റകൃത്യങ്ങളിലും മുഴുകുകയും ചെയ്യുന്ന മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത്. ലോകത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഈ ദുരവസ്ഥ മാറണമെങ്കില്‍ വിദ്യാഭ്യാസത്തിന്റെ വിനഷ്ടമായ മൂല്യബോധം തിരിച്ചുപിടിച്ചേ തീരൂ.

ഇസ്‌ലാം വിദ്യാഭ്യാസത്തിന് സവിശേഷ പ്രാധാന്യം നല്‍കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ‘വായിക്കുക’ എന്ന ആജ്ഞയില്‍ ആരംഭിക്കുക മാത്രമല്ല, എണ്ണൂറോളം സൂക്തങ്ങളിലൂടെ വായന, പഠനം, ചിന്ത തുടങ്ങി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. ‘വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക വത്കരണം’ (Islamization of knowladge)എന്നത് ഇസ്മാഈല്‍ റാജി ഫാറൂഖി ആവിഷ്‌കരിച്ച ആശയമല്ല. സയ്യിദ് മൗദൂദിയെ പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ ഊന്നിപ്പറഞ്ഞതും വിശുദ്ധ ഖുര്‍ആനില്‍ വേരുള്ളതുമായ തത്വമാണ്.

എന്നാല്‍ നമ്മുടെ സാഹചര്യവും വ്യവസ്ഥിതിയും പൂര്‍ണമായും ധാര്‍മികവത്കരിക്കപ്പെട്ട വിദ്യാഭ്യാസ പ്രക്രിയയെ അസാധ്യമാക്കുന്നു. ശേഷിക്കുന്ന മാര്‍ഗം മതഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയമാണ്. അഥവാ ധാര്‍മിക ബോധമുള്ള അഭ്യസ്തവിദ്യര്‍ സൃഷ്ടിക്കപ്പെടുക. അതിനാല്‍ നമ്മുടെ മക്കളെ ഏത് കോഴ്‌സിനു പറഞ്ഞയക്കുമ്പോഴും അവരുടെ ധാര്‍മികാടിത്തറയെ കുറിച്ച് നമുക്ക് ബോധം വേണം. സാധാരണ പറയാറുള്ളത് പോലെ അവര്‍ ‘ഖുര്‍ആന്‍ പഠിച്ച ഡോക്ടറും ഖുര്‍ആന്‍ പഠിച്ച എഞ്ചിനീയറും’ ആയിത്തീരണം. അല്ലെങ്കില്‍ വിഖ്യാതമായ ആ പ്രയോഗം പോലെ, ‘ദീനറിയാത്ത മിസ്റ്റര്‍മാരും ദുന്‍യാവറിയാത്ത മുല്ലമാരും’ ആയി സമുദായം വിഭജിക്കപ്പെടും.

Related Articles