Current Date

Search
Close this search box.
Search
Close this search box.

വികലാംഗനായ വിജ്ഞാനവും അന്ധനായ വിശ്വാസവും

science3c.jpg

‘ഒരു വിദ്യായലം തുറന്നാല്‍ രണ്ട് കാരാഗൃഹങ്ങള്‍ അടച്ചിടാം.’  വിശ്വപ്രസിദ്ധ ഫ്രഞ്ച് ചിന്തകനായ വിക്ടര്‍ ഹ്യൂഗോ പറഞ്ഞതാണിത്. അറിവില്ലായ്മയാണ് മനുഷ്യനെ അരുതായ്മകളിലേക്ക് നയിക്കുന്നതെന്ന് ചുരുക്കം. എന്നാല്‍, അധ്യാപകന്‍ വിദ്യാര്‍ഥിനെയെ പഠിപ്പിക്കുന്നത് അറിവുള്ളത് കൊണ്ടാണ്; വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതോ?
ഡോക്ടര്‍ രോഗിയുടെ വൃക്ക മാറ്റിവെക്കുന്നത് അറിവുള്ളത് കൊണ്ടാണ്; എന്നാല്‍ രോഗിയുടെ വൃക്ക മോഷ്ടിക്കുന്നതോ?

വഴിയില്‍ വീണുകിടക്കുന്ന സ്വര്‍ണ മോതിരം കാണുമ്പോള്‍ അത് സ്വര്‍ണമോതിരമാണെന്നത് അറിവാണ്. എന്നാല്‍ അത് എനിക്കവകാശപ്പെട്ടതല്ല എന്നതാണത്രെ തിരിച്ചറിവ്. സ്വന്തം സഹോദരിയോ കാണുമ്പോള്‍ അതൊരു സ്ത്രീയാണെന്നത് അറിവാണ്. എന്നാല്‍ അത് സ്വന്തം സഹോദരിയാണ് എന്നതാണ് തിരിച്ചറിവ്.

ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മര്‍മം ഈ തിരിച്ചറിവില്ലായ്മയാണ്. ഇതിന് അടിവരയിട്ടു കൊണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ പറഞ്ഞു: ‘വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്.’ ഇതിനോട് ചേര്‍ത്ത് അദ്ദേഹം വീണ്ടും പറഞ്ഞു: ‘വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനുമാണ്.’ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വിജ്ഞാനമുണ്ടായിട്ടും വിശ്വാസമുണ്ടായിട്ടും മനുഷ്യന്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇവിടെ വ്യക്തമാകുന്നുണ്ട്.

വളരെ വിദഗ്ദമായി ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നവന്‍ മാത്രമല്ല, ധ്യാനകേന്ദ്രത്തില്‍ നിന്നിറങ്ങി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഭക്തനും കള്ളനാണെന്ന് പഠിപ്പിക്കുന്ന വിശ്വാസമാണ് തിരിച്ചറിവിലേക്ക് നയിക്കുന്ന വിശ്വാസം. ചുരുക്കത്തില്‍ അറിവിനെ തിരിച്ചറിവിലേക്ക് നയിക്കുന്ന വിശ്വാസവും വിശ്വാസത്തെ തിരിച്ചറിവിലേക്ക് നയിക്കുന്ന വിജ്ഞാനവുമാണ് മാനവ സംസ്‌കരണത്തിനുള്ള ഒറ്റമൂലി. മാനവ  സമൂഹത്തിന്റെ ഇഹപര രക്ഷക്കായി പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ചത് തന്നെ ഈ മര്‍മത്തെ സ്പര്‍ശിച്ചാണ്.

‘നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക.’ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യത്തില്‍ വായിക്കുക എന്ന ആഹ്വാനത്തിലൂടെ അറിവ് നേടാനും എന്നാല്‍ അത് ദൈവനാമത്തിലായിരിക്കണമെന്ന ഉപാധി വിജ്ഞാനാന്വേഷണം ദൈവനാമത്തിലായിരിക്കണം എന്ന വലിയൊരു തത്വവുമാണ് പഠിപ്പിക്കുന്നത്.

ശരിയായ വിജ്ഞാനം മനുഷ്യനെ ശരിയിലേക്കും തെറ്റായ വിജ്ഞാനം തെറ്റിലേക്കും നയിക്കുന്ന പോലെ, ശരിയായ വിശ്വാസം മനുഷ്യനെ നന്മയിലേക്കും തെറ്റായ വിശ്വാസം മനുഷ്യനെ തിന്‍മയിലേക്കും നയിക്കും. അതിനാല്‍ ശരിയായ വിശ്വാസത്തിന്റെ അകമ്പടിയോടെ ആകുമ്പോഴാണ് ‘മാനവിക നാഗരികത’ ഒരു യാഥാര്‍ത്ഥ്യമാവുക.

Related Articles