Current Date

Search
Close this search box.
Search
Close this search box.

വാര്‍ത്ത അസാധാരണമല്ലെങ്കിലും….

അതൊരു വലിയ വാര്‍ത്തയല്ല, അസാധാരണവുമല്ല. അസമിലെ ഒരു ഇംഗ്ലിഷ് സ്‌കൂളില്‍ തലമറക്കുന്ന ഒരു വിദ്യാര്‍ഥിനിയോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു, തലമറച്ച് ക്ലാസില്‍ കയറാന്‍ സമ്മതിക്കില്ല. മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയില്‍ പോയിരിക്കുകയാണ് കുട്ടിയുടെ രക്ഷിതാക്കള്‍. കുട്ടിയുടെ മാതാവ് മിസ് അലി അഹ്മദ് പറയുന്നത് വസ്ത്രധാരണത്തില്‍ കുറെക്കൂടി അയവുള്ള സമീപനം വേണമെന്നാണ്. എങ്കിലേ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാനാവൂ. തന്റേത് ഒരു പരമ്പരാഗത മുസ്‌ലിം കുടംബമാണെന്നും പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും സ്‌കാര്‍ഫ് ധരിച്ചിരിക്കണമെന്നും ആ മാതാവ് വാദിക്കുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസഫ് വര്‍ഗീസ് പറയുന്നത്, അഡ്മിഷന്‍ നല്‍കുന്ന സമയത്ത് തന്നെ സ്‌കൂളിലെ ഡ്രസ്‌കോഡിനെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും എല്ലാവരും അതിന് സമ്മതമാണെന്ന് എഴുതി ഒപ്പിട്ട് തരികയും ചെയ്തിട്ടുണ്ടെന്നാണ്. അതിനാല്‍ വസ്ത്രധാരണത്തില്‍ ഉദാരസമീപനം സ്വീകരിക്കുന്ന പ്രശ്‌നമില്ല (ദ ഹിന്ദു, ഏപ്രില്‍ 18). അപ്പര്‍ അസമിലെ ഗോല ഗട്ട് ജില്ലയിലാണ് കാത്തലിക് മിഷന്‍ നടത്തുന്ന ക്രിസ്തു ജ്യോതി എന്ന ഈ സ്‌കൂള്‍. ഫാത്തിമ എന്ന കുട്ടിയോട് ക്ലാസ് ടീച്ചറാണ് മഫ്ത ധരിച്ച് വരരുതെന്ന് പറഞ്ഞതെന്ന് മിസ് അലി അഹ്മദിന് വേണ്ടി ഹാജറായ അഡ്വ. ജയന്ത കുമാര്‍ പറഞ്ഞു. അധികൃതര്‍ കുട്ടിക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയില്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തത്.

വാര്‍ത്ത അസാധാരണമല്ലെന്ന് പറയാന്‍ കാരണം കാലാകാലങ്ങളിലായി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരാറുണ്ട് എന്നത് കൊണ്ടാണ്. ചിലേടത്ത് നിയമങ്ങള്‍ വളരെ കര്‍ശനമായിരിക്കും, ചിലേടത്ത്  അത്ര കടുപ്പമുണ്ടാവില്ല എന്ന് മാത്രം. ചിലേടത്ത് കടുത്ത നിയമങ്ങളാണ് പ്രശ്‌നമെങ്കില്‍, ചിലേടത്ത് വില്ലന്‍ ഹിജാബിനെക്കുറിച്ച മുന്‍ധാരണകളും ഇടുങ്ങിയ ചിന്താഗതികളും. കൗമാരക്കാരികളാണ് ഈ പ്രശ്‌നം വളരെ തീവ്രമായി അഭിമുഖീകരിക്കുന്നത്. ചിലപ്പോള്‍ രക്ഷിതാക്കള്‍ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ കുട്ടികളോട് ഹിജാബിന്റെ കാര്യത്തില്‍ വാശിപിടിക്കാറില്ല. പക്ഷെ,കുട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഹിജാബ് അഴിക്കാന്‍ തയ്യാറാവില്ല. ഇവിടെ രസകരമായ കാര്യം, നമ്മള്‍ പറഞ്ഞ ഈ ഫാത്വിമക്ക് നാല് വയസ്സേ പ്രായമുള്ളു എന്നതാണ്. പഠിക്കുന്നതാകട്ടെ നഴ്‌സറിയിലും. ഇവിടെ രക്ഷിതാക്കള്‍ക്കാണ് നിര്‍ബന്ധം. അവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതാകട്ടെ മുസ്‌ലിംകള്‍ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന അസമിലും.

എന്റെ കാഴ്ചയില്‍ ഈ സ്വത്വബോധമാണ് ഇസ്‌ലാമിക സമുഹത്തെ സവിശേഷമാക്കുന്നത്, ജീവസ്സുറ്റതാക്കുന്നത്. മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ഇസ്‌ലാമിക ജീവിതമല്ല നയിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ കുറ്റകൃത്യങ്ങളില്‍ പോലും മുഴുകുന്നു. ഇത് മുസ്‌ലിം സമൂഹത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് ചില്ലറയല്ല.

ഇതിനൊരു മറുവശമുണ്ട്. സമുദായം മൊത്തമായി അതിന്റെ വിശ്വാസ സംഹിതയോ ഇസ്‌ലാമിക മൂല്യങ്ങളോ അടിയറവെച്ചിട്ടില്ല. വിഭജനാനന്തരം വര്‍ഗീയ കലാപങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. പിന്നാലെ പലതരം പരീക്ഷണങ്ങളും. ആ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സമുദായത്തെയാകെ പിശാച്‌വല്‍ക്കരിച്ച് അതിന്റെ നെറ്റിത്തടത്തില്‍ ഭീകരമുദ്ര പതിപ്പിക്കാനുള്ള ശ്രമമാണ് ഈ പരീക്ഷണങ്ങളില്‍ ഏറെ ഗുരുതരം. ശക്തവും കാര്യക്ഷമതയുള്ളതുമായ ഒരു ഏകനേതൃത്വം ഇല്ലാതിരുന്നിട്ട് കൂടി ഈ പരീക്ഷണങ്ങളെ സമുദായം ഒരു വിധം തരണം ചെയ്യുന്നു. ഇസ്‌ലാമിന്റെ സമുന്നത മൂല്യങ്ങള്‍ മുറുകെപിടിക്കുന്നവര്‍ കൂടിയായിരുന്നു മുസ്‌ലിംകളെങ്കില്‍ അത് രാജ്യത്തിനും സമുദായത്തിനും എത്രവലിയ അനുഗ്രഹമായിരിക്കുമെന്ന് ആലോചിച്ച് നോക്കുക. അതിനാല്‍ മേല്‍ കൊടുത്ത വാര്‍ത്ത ചെറുതാണെങ്കിലും അതിന്റെ ഉള്ളടക്കം നോക്കുമ്പോള്‍ അതത്ര ചെറുതല്ല. സമുദായത്തിന്റെ അഭിമാനബോധത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഫാത്തിമയുടെ രക്ഷിതാക്കള്‍ ചെയ്തിരിക്കുന്നത്. സമാന സ്വഭാവത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ചിലപ്പോള്‍ ഗവ-പ്രൈവറ്റ് സ്ഥാപനങ്ങളിലെ യുവാക്കള്‍ താടിവളര്‍ത്തുന്നതാകും പ്രശ്‌നമാകുക. നമസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് പറഞ്ഞാലും, മതവിരുദ്ധമായ പരിപാടികളില്‍ പങ്കാളിത്തം വഹിക്കാതിരുന്നാലും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. മതമൂല്യങ്ങളില്‍ ശ്രദ്ധയില്ലാത്ത മുസ്‌ലിംകള്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും ഒരു പ്രശ്‌നമല്ലെങ്കിലും, ഇസ്‌ലാമിക സ്വത്വം മുറുകെ പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ സംഭവവികാസങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്തിക്കൊണ്ടിരിക്കും.
(ദഅ്‌വത്ത് ത്രൈദിനം 25-4-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്

Related Articles