Current Date

Search
Close this search box.
Search
Close this search box.

വാട്‌സപ്പ് കാലത്തെ ജ്ഞാന പ്രളയവും അറിവിന്റെ വീണ്ടെടുപ്പും

മനുഷ്യന്റെ ധിഷണയെ നിരന്തരം ഉത്തേജിപ്പിക്കുന്ന ജ്ഞാനന്വേഷണങ്ങളെ ഇസ്‌ലാം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നു. ഇസ്‌ലാമിക ദര്‍ശനത്തിന്റെ മൂലപ്രമാണങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള വേദത്തിന്റെ നാമം പോലും അതിനെ അന്വര്‍ത്ഥമാക്കുന്നു. ‘വായിക്കപ്പെടുന്നത്’ എന്നാണല്ലോ ‘ഖുര്‍ആന്‍’ എന്ന അറബിപദത്തിന്റെ അര്‍ത്ഥം. വേദഗ്രന്ഥത്തിലെ പ്രഥമമായി അവതരിപ്പിച്ച സൂക്തവും ‘നീ വായിക്കുക’ എന്ന ദൈവിക നിര്‍ദേശമായിരുന്നുവല്ലോ.

ആഴത്തിലിറങ്ങിച്ചെന്നു കൊണ്ടുള്ള ധൈഷണിക വ്യവഹാരങ്ങള്‍ പകര്‍ന്നു തരുന്ന ആനന്ദം മറ്റൊന്നിനും നേടത്തരാനാവില്ല. അത്തരം അറിവന്വേഷണങ്ങള്‍ ബുദ്ധിയെ തൃപ്തിപ്പെടുത്തുക മാത്രമല്ല ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുക കൂടി ചെയ്യുന്നു. അത് വിശുദ്ധ വേദഗ്രന്ഥത്തെ കേന്ദ്രീകരിച്ചാകുമ്പോള്‍ അതിന് സവിശേഷ സ്വഭാവം കൈവരികയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: ‘അല്ലാഹുവിന്റെ ഗേഹങ്ങളിലൊന്നില്‍ അവന്റെ വേദത്തെ പരായണം ചെയ്യുകയും അത് പരസ്പരം ചര്‍ച്ച ചെയ്ത് പഠിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് മേല്‍ അവന്റെ ശാന്തി വര്‍ഷിക്കും. അവരെ അവന്റെ അളവറ്റ കാരുണ്യം പൊതിയും വിശുദ്ധരായ മാലാഖമാരുടെ വലയം അവര്‍ക്കു ചുറ്റുമുണ്ടാകും. അല്ലാഹു അവന്റെ പക്കലുള്ളവരോട് അവരെ കുറിച്ച് പ്രത്യേകം പറയും.’

ഇവിടെ ‘പഠിക്കുക’ എന്നല്ല ‘ചര്‍ച്ച ചെയ്ത് പഠിക്കുക’ എന്നാണ് പ്രയോഗം. അത് ഉപരിപ്ലവമായ വായനയെ അപ്രസക്തമാക്കുന്ന ഒരു പ്രസ്താവനയാണ്. ബുദ്ധിയെയോ ആത്മാവിനെയോ ഹൃദയത്തെയോ തൊട്ടുണര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യാത്ത കേവല പഠന പാരായണങ്ങള്‍ ശാന്തിയും കാരുണ്യവും ലബ്ധമാക്കുന്നതിന് ഹേതുവായി കൊള്ളണമെന്നില്ല.

അറിവിന്റെ മഹാവിസ്‌ഫോടന കാലത്ത് ജീവിക്കുന്ന ‘ജ്ഞാന പ്രളയം’ ഒരു തരം മാനസിക ഊഷരത്വം സമ്മാനിക്കുന്നുണ്ട്. അച്ചടി മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, നവസാമൂഹിക മാധ്യമങ്ങള്‍ തുടങ്ങി പല കൈവഴികളിലൂടെ ഒഴുകിയെത്തുന്ന അറിവിന്റെ പ്രവാഹങ്ങള്‍ക്ക് മുമ്പില്‍ നാം ശരിക്കും പകച്ചു പോകുന്നുണ്ട്.

വിശുദ്ധ റമദാന്‍ വന്നെത്തുന്നതിന് മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞ ഏതോ അണക്കെട്ടു തുറന്നുവിട്ട പോലെ നമ്മുടെ വാട്‌സാപ്പുകള്‍ മുഴുവന്‍ ധര്‍മോപദേശങ്ങള്‍ക്കടിയില്‍ പെട്ടുപോയി. ഒരു കാര്യം സമ്മതിക്കാം. നവസാമൂഹിക മാധ്യമങ്ങള്‍ നന്മകളെ നട്ടുവളര്‍ത്താന്‍ തന്നെയാണുപയോഗിക്കേണ്ടത്. പക്ഷെ ഇവിടെ കാര്യം അതല്ല. അറിവിന്റെ ‘താങ്ങാനാവാത്ത ഭാരം’ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ ആളുകളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഒരുതരം മരവിപ്പിലേക്കാണ്. ഷെയര്‍ ചെയ്ത് പുണ്യം വാങ്ങുന്നവരാണ് ഇതിലേറെ പേരും.

ഒരുപാട് കാര്യങ്ങള്‍ ഉപരിപ്ലവമായി വായിച്ച് പോകലോ ശേഖരിച്ച് വെക്കലോ കൈമാറലോ അല്ല യഥാര്‍ത്ഥ ജ്ഞാനമാര്‍ഗം. അത് ധ്യാനാത്മകമായ മനസ്സോട് കൂടി ആഴത്തിലുള്ള അന്വേഷണങ്ങള്‍ നടത്തലാണ്. നമ്മുടെ മെമ്മറി കാര്‍ഡുകളിലും, ആപ്ലിക്കേഷനുകളിലും ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളിലുമെല്ലാം ബഹുമുഖ വിവരങ്ങള്‍ ഇപ്പോള്‍ വിരല്‍തുമ്പിലാണ്. എല്ലാവരും ഇപ്പോള്‍ അതിന്റെ ‘ഉടമ’കളുമാണ്. എന്നാല്‍ ചൈതന്യവത്തായ, നേരത്തെ പ്രവാചക വചനത്തില്‍ പരാമര്‍ശിച്ച ശാന്തിപെയ്യിക്കുന്ന ജ്ഞാനത്തിന്റെ ഉടമകള്‍ തുലോം വിരളമാണ്. പലതരം പ്ലാസ്റ്റിക പൂക്കള്‍ക്കിടയില്‍ ഒരു പ്രകൃതിദത്തമായ പൂവിനെ അന്വേഷിച്ചലയുന്നത് പോലെയാണത്.

ഈയൊരു സാഹചര്യത്തെ ഇമാം ഹസന്‍(റ) ഇങ്ങനെ പറഞ്ഞുവെച്ചു: ‘അറിവ് രണ്ടുതരമുണ്ട്. ഒന്ന്, നാവിന്‍ തുമ്പത്തുള്ളത്. രണ്ട്, ഹൃദയത്തിലുള്ളത്.’ ഇതില്‍ നാവിന്‍ തുമ്പത്തുള്ള കേവല ജഡിക ജ്ഞാനമല്ല നമുക്കാവശ്യം. മറിച്ച് നമ്മുടെ ധിഷണയെയും ആത്മാവിനെയും ചൈതന്യവത്താക്കുന്ന യഥാര്‍ത്ഥ ജ്ഞാനമാണ് ആവശ്യം.

Related Articles