Current Date

Search
Close this search box.
Search
Close this search box.

വഴിയടയാളങ്ങള്‍ മറന്നു പോകുന്നവര്‍

മനുഷ്യനടക്കമുള്ള എല്ലാ ജന്തു ജാലങ്ങളിലും നൈസര്‍ഗികമായ വാസനകള്‍ അടങ്ങിയിരിക്കും. ഇതു പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും നിലനില്‍പിന്നാധാരമത്രെ. ആഹാര രീതിയും ആവാസ രീതിയും ഇടപെടല്‍ രീതിയും ഇണചേരല്‍ രീതിയും ഒക്കെ ഇതിലുണ്ട്. പൈദാഹങ്ങള്‍, വികാര വിചാരങ്ങള്‍, സന്തോഷ സന്താപങ്ങള്‍ തുടങ്ങിയവയിലൊക്കെയും ഉള്ള ഭാവഭേദങ്ങളും പ്രകടന പ്രസാരണ ശൈലിയും പ്രകൃതിദത്തമായിത്തന്നെ നിര്‍ലീനമാക്കപ്പെട്ടിരിക്കുന്നു. പറവകള്‍ വിശപ്പടകുന്ന ശൈലിയും ഹിംസ്ര ജന്തുക്കള്‍ വിശപ്പടക്കുന്ന ശൈലിയും വിഭിന്നമാണ്. അതില്‍ തന്നെ ഭിന്ന ജാതികള്‍ വിവിധ രീതികളിലാണ് ഇണചേരുന്നതും ഇരപിടിക്കുന്നതും ആഹരിക്കുന്നതും.

കരയിലും കടലിലും ഉള്ള സകല ജന്തുജാലങ്ങളും സന്താനോല്‍പാദനം നടത്തുന്നതിലും വ്യതിരിക്തതകള്‍ ഏറെയുണ്ട്. സസ്യലാദാതികളിലും ഉണ്ട് ഈ വ്യത്യാസം. എന്നാല്‍ പെണ്‍ വര്‍ഗങ്ങള്‍ ബീജം സ്വീകരിക്കുന്നവരും ആണ്‍ വര്‍ഗങ്ങള്‍ ബീജം നിക്ഷേപിക്കുന്നവരും എന്ന പ്രകൃതി നിയമത്തില്‍ ഒരു വ്യത്യാസവും ഇല്ല. മാത്രമല്ല ബീജം നിക്ഷേപിക്കാനുള്ള അഭിവാഞ്ച ആണ്‍ വര്‍ഗങ്ങളിലും, അത് സ്വീകരിക്കണം എന്ന ആത്മബോധം പെണ്‍ വര്‍ഗങ്ങളിലും പ്രകൃത്യാ നിക്ഷിപ്തമാണ്. ഇതു മനുഷ്യനടക്കമുള്ള സകല ജന്തു ജാലങ്ങള്‍ക്കും ബാധകമത്രെ.

വിശപ്പും ദാഹവും അനുഭവപ്പെടാത്ത അവസ്ഥയെ അസാധാരണമായി കാണുന്നതു പോലെ തന്നെ പ്രധാനമാണ് ഇണയെ പ്രാപിക്കണമെന്ന വികാര വിചാരങ്ങള്‍ ഇല്ലാത്ത അവസ്ഥയും. വിശപ്പില്ലാത്ത അവസ്ഥക്ക് ചികിത്സ തേടുന്നതു പോലെ. എതിര്‍ ലിംഗത്തെ കുറിച്ച് താല്‍പര്യമില്ലായ്മക്കും ചികിത്സ തേടേണ്ടതുണ്ട്. അഥവാ യുവാക്കളും യുവതികളും തങ്ങളുടെ ഇണകളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ താലോലിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. എതിര്‍ ലിംഗത്തെ മോഹിക്കുന്ന യുവാക്കളും, എതിര്‍ ലിംഗത്താല്‍ ആകര്‍ഷിക്കപ്പെടട്ടെ എന്നു ദാഹിക്കുന്ന യുവതികളിലും ഒരു പ്രാപഞ്ചിക സത്യം മാത്രമാണ്. എന്നാല്‍ മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യതിരിക്തനാക്കുന്നത് അനുഗ്രഹിച്ചു നല്‍കപ്പെട്ട വിശേഷ ബുദ്ധിയത്രെ.

വിശേഷ ബുദ്ധി നല്‍കപ്പെടാത്ത ജീവജാലങ്ങള്‍ ഇരപിടിക്കുമ്പോള്‍ ഒരേ ഒരു മാനദണ്ഡം മാത്രമേ അവര്‍ക്കുള്ളൂ. അത് ഇരയായിരിക്കണം. ആരാണ് അതിന്റെ ഉടമസ്ഥന്‍ എന്നോ അതല്ലെങ്കില്‍ അതു തനിക്ക് അവകാശപ്പെട്ടതാണോ എന്നോ ഈ ജീവ ജാലങ്ങള്‍ ചിന്തിക്കുകയില്ല. അവര്‍ ഇണ ചേരുമ്പോഴും ഒരേ ഒരു മാനദണ്ഡം മാത്രമേ ഉള്ളൂ തന്റെ വര്‍ഗമായിരിക്കണം. ഇവിടെയും ഒരു വക നിയമവും ഈ ജീവ ജാലങ്ങള്‍ക്ക് ബാധകമല്ല. വിശേഷ ബുദ്ധി നല്‍കപ്പെട്ട മനുഷ്യന്‍ അങ്ങിനെയല്ല. അങ്ങനെ ആകാനും പാടില്ല.

ഭുജിക്കപ്പെടാനും, ആസ്വദിക്കപ്പെടാനും, അനുഭവിക്കപ്പെടാനും, ആകര്‍ഷിക്കപ്പെടാനും, കവര്‍ന്നെടുക്കപ്പെടാനും ഉള്ള സാധ്യത ഒരു പച്ചയായ സത്യമാണ്. ഈ യാഥാര്‍ഥ്യ ബോധത്തെ അംഗീകരിക്കുന്നതിനാലാണ് തികച്ചും സാധാരണമായ പ്രാഥമികമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ആരോഗ്യകരമായ കുടുംബ സംവിധാനം ക്രമപ്പെടാതെ ശാന്ത സുന്ദരമായ ഒരു സമൂഹം കെട്ടിപ്പടുക്കപ്പെടുകയില്ല. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ജാഗ്രത രക്ഷിതാക്കള്‍ പാലിച്ചു പോരുന്നു. അവസരങ്ങള്‍ ആവശ്യങ്ങളുടെ മാതാവാണെന്നാണ് കവി മതം.

പ്രപഞ്ചത്തിലെ സകല നക്ഷത്രങ്ങളും അനുവദിക്കപ്പെട്ട പ്രത്യേക പാന്ഥാവില്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ഈ വഴിയടയാളങ്ങള്‍ സൂക്ഷ്മവും നിര്‍ണ്ണിതവുമാണ്. ഈ താരലോകത്തിന്റെ താളം തെറ്റുന്നതിലൂടെ സകലതും തകര്‍ന്നു തരിപ്പണമാകും. മനുഷ്യവര്‍ഗത്തിനും പ്രവാചകന്മാരിലൂടെ കൃത്യമായ വഴിയടയാളങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇത്തരം സുചനകളും സൂചികകളും മറികടക്കാനുള്ള വെപ്രാളത്തെയും ഒരു നാശത്തിന്റെ കാഹളമായി വായിച്ചെടുക്കാവുന്നതത്രെ.

Related Articles