Current Date

Search
Close this search box.
Search
Close this search box.

വല്ലാതെ ക്ഷീണിച്ചുപോയല്ലോ

കുശലാന്വേഷണം സാമൂഹ്യമര്യാദകളില്‍ പെട്ടതാണല്ലോ. പതിവായി കാണുന്നവരാണെങ്കിലും വല്ലതും ഒന്ന് ചോദിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് വിചാരിച്ച് ഇങ്ങനെയെല്ലാം ചോദിക്കും. അങ്ങാടിയില്‍ നിന്ന് വരികയാണല്ലേ, എവിടേക്കാ ഇത്ര കാലത്തേ, ഇന്നന്തേ വൈകി….ഈ ചോദ്യങ്ങള്‍ക്കൊന്നും വലിയ അര്‍ഥമില്ല. നിങ്ങള്‍ പത്തരയുടെ ബസ്സിലിറങ്ങിയതാണല്ലേ എന്നാണ് ചോദ്യമെങ്കില്‍ ഒമ്പതു മണിക്കിറങ്ങിതാണെങ്കിലും നാം അതെ എന്ന് ചിരിച്ചു കൊണ്ടു പറയും. അതിലാണ് സമയലാഭം. ഈ ചോദ്യങ്ങളും മറുപടിയും കാര്യമായ ഉപകാരമില്ലാത്തതാണെങ്കിലും ഉപദ്രമില്ലാത്തവയാണ് എന്ന ഗുണമുള്ളതാണ്.

എന്നാല്‍ ഒന്നോ രണ്ടോ മാസത്തെ ഇടവേളക്കു ശേഷം കണ്ടുമുട്ടുന്ന ഒരു പരിചിതനോട് ഹോ വല്ലാതെ ക്ഷീണിച്ചുപോയല്ലോ എന്നാണ് കുശലാന്വേഷണമെങ്കില്‍ അത് കുശലാന്വേഷണമല്ല. അദ്ദേഹത്തിന്റെ മനസ്സില്‍ മുള്ളുകൊണ്ട് മാന്തലാണ്. അയാള്‍ ക്ഷീണിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടാണ് നാം പറയുന്നതെങ്കിലും ആ സത്യം അദ്ദേഹം ഇഷ്ടപ്പെടുകയില്ല. സൗഖ്യത്തെ സംബന്ധിച്ചതും സന്തോഷദായകവുമായ കാര്യങ്ങള്‍ അന്വേഷിക്കുന്നതെ കുശലാന്വേഷണമാവുകയുള്ളൂ.

ക്ഷീണിച്ചുപോയി എന്നു പറയുന്നതില്‍ ഇക്കാലത്ത് ഒരു ഓര്‍മപ്പെടുത്തല്‍ ആവശ്യമില്ല. ഷുഗര്‍ പരിശോധന കൊണ്ടും മറ്റും ഓരോ വ്യക്തിക്കുമറിയാം താന്‍ ക്ഷീണിച്ചിട്ടുണ്ട് എന്ന്. അറിയാതെ, അശ്രദ്ധനായി കഴിയുന്നവനാണ് ക്ഷീണിതനായ തന്റെ സുഹൃത്ത് എന്ന് മനസ്സിലായാല്‍ നാലു നല്ല കാര്യങ്ങള്‍ പറഞ്ഞ ശേഷം ‘അസുഖമൊന്നുമില്ലല്ലോ’ എന്നു ചോദിക്കാവുന്നതാണ്. അതാണ് ഗുണകാംക്ഷയില്‍ നിന്ന് ജനിക്കുന്ന ചോദ്യം. അപ്പോളയാള്‍ തന്റെ അവസ്ഥ പറയും. ഷുഗറുണ്ട്, കൊളസ്‌ട്രോളുമുണ്ട്, അല്പം പ്രഷറുമുണ്ട്. ഈ മറുപടിയാണ് കിട്ടുന്നതെങ്കില്‍ നമുക്കയാളെ സഹായിക്കാന്‍ മാര്‍ഗമുണ്ട്. എങ്ങനെയെന്നോ? ഇങ്ങനെ പറഞ്ഞുകൊണ്ട്; ഇക്കാലത്ത് ഈ രോഗങ്ങളില്ലാത്തവര്‍ കുറവാണ്. ഭക്ഷണനിയന്ത്രണവും വ്യായാമവും കത്യമായ മരുന്നുപയോഗവുമുണ്ടെങ്കില്‍ ഒരു പ്രയാസവുമുണ്ടാവില്ല.

ഈ വിധത്തില്‍ വാക്കുകളെ മരുന്നുകളാക്കുക. വാക്കുകളെ വിഷമാക്കാതിരിക്കുക. ക്ഷീണിച്ചവന്‍ ക്ഷീണം മറച്ചുവെക്കാനാണ് ശ്രമിക്കുക എന്നത് മറന്നുകൊണ്ടാവരുത് നമ്മുടെ സംസാരം. പ്രായമേറെയായിട്ടും വിവാഹം ശരിയാവാത്ത പെണ്‍കുട്ടിയോട് നിനക്കിനിയും കല്യാണം ശരിയായിട്ടില്ലേ, എന്റെ മകളുടെ തുണയാണ് നീ, ഓള്‍ക്ക് രണ്ടു കുട്ടികളായി, ഇനി വലിയ സിഫത്തും ഫര്‍ളും നോക്കാതെ കിട്ടുന്നവന്റെ കൂടെ അങ്ങ് പോവുകയാണ് നല്ലത്…. ഇങ്ങനെയാണ് നമ്മുടെ പ്രതികരണമെങ്കില്‍ അതിന് ഉപദേശമെന്നല്ല പറയേണ്ടത്; കൊലപാതകമെന്നാണ്. അതാണ് വാക്കുകളെ വിഷമാക്കല്‍.

നബി(സ)യുടെ ഒരുപദേശം ഇവിടെ പ്രസക്തമാണ്. തന്റെ സഹോദരനോട്(സഹോദരിയോട്) നല്ല വാക്കു പറയല്‍ ദാനധര്‍മമാണ്. വാക്കുകള്‍ ദാനധര്‍മമായിത്തീരാന്‍ ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം. സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കുക, വാക്കുകളുടെ കനവും കനക്കുറവും മനസ്സിലാക്കുക. സംസാരിച്ച ശേഷം അബദ്ധം വന്നുവോ എന്ന് പരിശോധിക്കുകയും അബദ്ധം വന്നു എന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ നല്ല ഒരു വാക്കുകൊണ്ട് പരിഹാരം ചെയ്യുകയും ചെയ്യുക. നല്ലതു പറയുന്നവന്റെ സാന്നിധ്യമേ ആരും ഇഷ്ടപ്പെടുകയുള്ളൂ. അതിനാല്‍ പ്രവാചക തിരുമേനിയുടെ വിലപ്പെട്ട ഒരുപദേശം നാം ശീലിക്കുക. നിങ്ങള്‍ നല്ലതു പറയുക; നല്ലതു പറയാനില്ലെങ്കില്‍ മൗനം ദീക്ഷിക്കുക.

Related Articles