Current Date

Search
Close this search box.
Search
Close this search box.

റമദാനിന്റെ നനവ്

കൊടും വേനലില്‍ റമദാന്‍ വന്നാലും അതിന് നനവുണ്ടാവും. അത് വിശ്വാസികളുടെ മനസ്സിനെയാണ് നനയ്ക്കുക. പശ്ചാത്താപം മനസ്സിലുണര്‍ത്തി ആ നനവ് കണ്‍കളിലേക്കെത്തിക്കുന്നു. അങ്ങനെയല്ലാതെ വ്രതമാസം വിശ്വാസികള്‍ക്കുണ്ടാവാന്‍ പാടില്ല. ആ നനവിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. തെറ്റു സംഭവിച്ചു പോയ ആദമിന്റെയും ഇണയുടെയും ആദ്യവാക്കുകളില്‍ ആ നനവുണ്ടായിരുന്നു. ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ആത്മദ്രോഹം ചെയ്തുപോയി. നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യാത്ത പക്ഷം ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും.’

വ്രതം മനസ്സിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട കാലമാണ്. ഏതു വണ്ടിയും എത്ര ശ്രദ്ധിച്ച് ഓടിച്ചാലും കുറച്ചെങ്കിലും കേടുപാടുകല്‍ അതിനുണ്ടാവാതിരിക്കില്ല. മനുഷ്യജീവിതത്തിന്റെ അവസ്ഥയും ഇതാണ്. ശരീരത്തിന്റെ ഏത് അവയവം കൊണ്ട് തെറ്റു സംഭവിച്ചാലും കേടുപറ്റുക മനസ്സിന്നാണ്. അതിനാല്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ അവയവത്തിന്നല്ല; മനസ്സിനാണ്. ഉദാഹരണം, മോഷ്ടിക്കുന്ന കൈയും പരദൂഷണം പറയുന്ന നാവും തിന്മയിലേക്ക് കുതിച്ചോടുന്ന കാലുകള്‍ക്കും എത്ര തവണ തേച്ചു കഴുകിയാലും തെറ്റിന്റെ കേടുപാട് നീങ്ങുന്നില്ല. ഈ അവയവങ്ങളെല്ലാം തെറ്റുചെയ്തത് മനസ്സിന്റെ അറിവോടും പ്രോത്സാഹനത്തോടും കൂടിയാണ്. അതിനാല്‍ ചികിത്സ മനസ്സിനു തന്നെ നല്‍കണം. മനസ്സ് നന്നാകുന്നതോടെ മറ്റെല്ലാ അവയവങ്ങളും നന്നായി. മനസ്സ് രാജാവും അവയവങ്ങള്‍ പ്രജകളുമാണ്. രാജാവ് കല്‍പിക്കുന്നതാണ് പ്രജകള്‍ ചെയ്യുക. അതിനാല്‍ മനസ്സിനെ ശരിയാക്കാനാണ് ഇസ്‌ലാം പ്രഥമമായി ശ്രമിക്കുന്നത്.

റമദാന്‍ വ്രതം മനസ്സിന് നിയന്ത്രണശക്തി വര്‍ധിപ്പിക്കുന്നു. എല്ലാ അവയവങ്ങളുടെയും മേല്‍ മനസ്സിന് ആജ്ഞാശക്തിയുണ്ടാകും. മനസ്സിന്റെ പ്രത്യേകത അതിത് അതിന്റെ തന്നെ തെറ്റുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാണ്. നവ്വാസ് ബിന്‍ സംആന്‍ എന്ന അനുചരന്‍ നബി(സ)യോട് പാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞത്, നിന്റെ മനസ്സില്‍ ഒരു കളങ്കമേല്‍പിക്കുകയും മറ്റുള്ളവര്‍ അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്നതെന്താണോ അതാണ് പാപം. അതെ, മനസ്സിന്റെ തകരാര്‍ മനസ്സിന് തന്നെ കണ്ടു പിടിക്കാനും നന്നാക്കാനും കഴിയും.

മനസ്സ് പശ്ചാത്താപം കൊണ്ട് നനഞ്ഞാല്‍ പാപം ഒഴുകി പോകും. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനസ്സിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.” (ഖുര്‍ആന്‍ 91: 9,10)

തെറ്റുപറ്റുന്ന സമയങ്ങളിലെല്ലാം ഈ ശുദ്ധീകരണ പ്രക്രിയ വേണം. എന്നാല്‍ റമദാന്‍ മാസത്തിലും സാധാരണ മാസങ്ങളിലെ എല്ലാ അര്‍ധരാത്രികളിലും അതിന് കൂടുതല്‍ പുണ്യമുണ്ട്. അല്ലാഹു വളരെയധികം ഇഷ്ടപ്പെടുന്നത് പാപമോചനം തേടുന്നവരെയാണ്. അല്ലാഹുവിന് ദാസന്‍മാരോടുള്ള കാരുണ്യം കൊണ്ടാണ് പാപമോചനം നല്‍കുന്നതില്‍ അതിവിശാലത കാണിക്കുന്നത്. നോക്കൂ ആ വിശാലത: ”(നബിയേ) പറയുക: അത്യധികം തെറ്റുകള്‍ ചെയ്ത എന്റെ അടിമകളേ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയും.” (ഖുര്‍ആന്‍: 39: 53)

അല്ലാഹുവിന്റെ ഈ വിളി നാം സ്വീകരിക്കുക. മനസ്സ് നനയട്ടെ. അത് കണ്ണുകളിലൂടെ ഒഴുകുകയും ചെയ്യട്ടെ.

Related Articles