Current Date

Search
Close this search box.
Search
Close this search box.

രോഗാതുരമായ സമൂഹ ഗാത്രം

colo009lk;j.jpg

കലിയിളകി തുള്ളിപ്പെരുക്കലിനിടയില്‍ സംഭവിക്കുന്ന ബലിച്ചോര മോന്തലിനെ വട്ടം കൂടി നില്‍ക്കുന്നവര്‍ അപലപിക്കാറില്ല. കാരണം അതു തികച്ചും സ്വാഭാവികമായ കൃത്യം മാത്രമത്രെ. തന്നെയുമല്ല തങ്ങളുടെ ബലിക്കോഴിയുടെ നറുക്ക് ആദ്യം വീണെങ്കില്‍ എന്നായിരിക്കണം ഓരോരുത്തരുടേയും അക്ഷരാര്‍ഥത്തിലുള്ള മനോഗതം. കാവിലെ വേല കഴിഞ്ഞ പിറ്റേ ദിവസം അമ്പലമുറ്റത്തെ കാവ് തറയില്‍ ഇത്തരത്തിലുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പോന്നിരുന്നു. ഒരു പക്ഷെ ഇന്നും ഉണ്ടായിരിക്കാം.

ഒരു വിഭാഗത്തിന്റെ ആചാരാനുഷ്ഠാനത്തെ വിലയിരുത്താനോ വിചിന്തനം ചെയ്യാനോ അല്ല ഇതു പറഞ്ഞു വെച്ചത്. ഭക്തജനങ്ങള്‍ പുലര്‍കാലത്തുണര്‍ന്നെഴുന്നേറ്റു വെളിച്ചപ്പാടിന്റെ തുള്ളല്‍ കര്‍മ്മം ധന്യമാക്കാന്‍ ബലി മൃഗങ്ങളുമായി വരുന്നതും ഉറഞ്ഞാട്ടത്തിന്റെ ആനന്ദലഹരിയില്‍ ഒരു നേര്‍ച്ചക്കോഴിയുടെ കഥയവസാനിക്കുന്നതും നാട്ടുകാഴ്ചയായിരുന്ന കാലത്തെ ഓര്‍ത്തെടുക്കാന്‍ വേണ്ടി മാത്രമാണ്.

ഇനി വിഷയത്തിലേയ്ക്ക് കടക്കാം. എന്തൊക്കെയാണ് നമ്മുടെ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

വാര്‍ത്താവതാരകരുടെ നാവിലും എഴുത്തുകാരന്റെ തൂലിക തുമ്പിലും ഒതുങ്ങാന്‍ കൂട്ടാക്കാത്ത കൂത്തരങ്ങ് വിശേഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് മദംപൊട്ടി നില്‍ക്കുന്ന മത ഭീമന്മാര്‍. മറ്റൊരു വശത്ത് രാഷ്ട്രീയ ജ്വരം തലക്കടിച്ച് അരിശം പിടിച്ച രാഷ്ട്രീയക്കോമരങ്ങള്‍, അഭിപ്രായ ഭിന്നതകളുടെ പേരിലും ആശയാദര്‍ശ വ്യത്യാസങ്ങളുടെ പേരിലും പരസ്പരം പോരടിക്കുന്ന പോര്‍മുഖങ്ങള്‍, ജീവിതം ഏതു വിധേനയും ആസ്വദിച്ച് തുലക്കാന്‍ അര ഇറക്കി ഉടുത്തൊരുങ്ങിയ പുതു പുത്തന്‍ തലമുറ, കൊല്ലും കൊലയും കൊള്ളിവെപ്പും കലയും കളിയുമാക്കിയ രാഷ്ട്രീയക്കാരുടെ വളര്‍ത്തു പുത്രന്മാര്‍, മാതാപിതാക്കളെ തല്ലിക്കൊല്ലുന്ന സന്താനങ്ങള്‍. കുഞ്ഞുമക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന രക്ഷിതാക്കളും ഗുരുനാഥന്മാരും. കനിവും കാരുണ്യവും വറ്റിവരണ്ട പരസ്പര ബന്ധങ്ങള്‍. നിസ്സാര പ്രശ്‌നങ്ങളെച്ചൊല്ലി പരസ്പരം കൊലവിളി നടത്തുന്ന സഹോദരങ്ങള്‍. സൗഹൃദങ്ങളെ ചൂഷണം ചെയ്യുന്ന യുവതീ യുവാക്കള്‍, ലൈംഗിക ദാഹം തീരാത്ത മധ്യവയസ്‌കരായ സാധുക്കള്‍, ലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന പ്രതിരൂപങ്ങള്‍,സ്വജന പക്ഷപാതത്തില്‍ മുങ്ങിക്കുളിച്ച അധികാര വര്‍ഗം, നേരും നെറിയും മറന്ന നിയമ പാലകര്‍, വിശ്വാസ വഞ്ചനകളുടെ പെരുമഴക്കാലം, ഇങ്ങനെ സമൂഹ ഗാത്രത്തില്‍ ഭീകരമായ രോഗാതുരമായ അവസ്ഥാവിശേഷം സംജാതമായിരിക്കുന്നു.

സമൃദ്ധിയില്‍ മതി മറന്ന സമൂഹത്തിന് എപ്പോഴും അഹങ്കാരത്തിമര്‍പ്പിന്റെ പൂരവും വേലയുമാണ്. അജ്ഞതയുടെ നടുമുറ്റത്തൊരുങ്ങുന്ന ഈ വേലയില്‍ കാവ് തീണ്ടാത്തവരും കാവടിയാടാത്തവരും വളരെ പരിമിതം. ഓരോ വേലക്ക് ശേഷവും ബലിയും ബലിക്കല്ലും ഒരുരുങ്ങുന്നു. ഈ ബലിത്തറയിലേയ്ക്ക് നേര്‍ച്ചക്കോഴികളുമായി ഒരു സമൂഹം ഒന്നടങ്കം നിരനിരയായി നടന്നു നീങ്ങുന്നതുപോലെ തോന്നുന്നു. തികച്ചും സ്വാഭാവികമായ ഒരു നേര്‍കാഴ്ച. അടിച്ചമര്‍ത്തപ്പെട്ടവരും അബലകളും അശരണരും അധകൃതരുമാണ് ഈ ബലിക്കല്ലില്‍ പിടഞ്ഞു വീഴുന്നത്.

സമൂഹത്തില്‍ ആശങ്ക പടര്‍ത്തുന്ന എന്തെങ്കിലും രോഗവിവരം കേട്ടാല്‍ ഉത്തരവാദിത്തമുള്ള അധികാരികള്‍ അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തും. ഉചിതമായ പ്രതിരോധങ്ങളും പ്രതി വിധികളും കൈകൊള്ളും. ബോധവത്കരണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കും. താല്‍കാലിക പ്രതിരോധം എന്നതിനേക്കാള്‍ ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും.

ഇവിടെ സമൂഹ ഗാത്രത്തെ മാരകമായ രോഗം പിടികൂടിയിരിക്കുന്നു. ഈ മാരക വിപത്തിന്റെ കാര്യ കാരണങ്ങള്‍ അന്വേഷിക്കപ്പെടുന്നില്ല. പ്രതിരോധങ്ങളോ പ്രതി വിധികളോ ഫലപ്രദമായി വ്യനിസിപ്പിക്കുന്നില്ല. പ്രജകളെ ഉയര്‍ത്തുകയോ ഉണര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് ചെപ്പടിവിദ്യകളുടെ മായിക വലയത്തില്‍ മയക്കി കിടത്തുക എന്ന തന്ത്രമാണ് പ്രഭുക്കള്‍ അനുവര്‍ത്തിച്ചു പോരുന്നത്.

സാംസ്‌കാരികമായി എല്ലാ അര്‍ഥത്തിലും അധപ്പതിച്ച ജീര്‍ണ്ണിച്ച സാമൂഹിക അവസ്ഥയില്‍ അധികാരികളുടെ നിലയും നിലപാടും നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. ആത്യന്തികമായി സമൂഹം മാറണം. സാംസ്‌കാരികമായ ഉയര്‍ച്ചയും വളര്‍ച്ചയും സുസാധ്യമാകാനുതകുന്ന അവസ്ഥയ്ക്കും വ്യവസ്ഥക്കും വേണ്ടി കച്ചമുറുക്കി പ്രവര്‍ത്തന നിരതരാകണം. ഒരു നല്ല സമൂഹത്തില്‍ നല്ല ഭരണാധികാരികളും നല്ല ന്യായാധിപരും മാതൃകപരമായ ഉദ്യോഗസ്ഥസ്ഥരും ഉണ്ടാകും. മാതൃകാ യോഗ്യരായ അധ്യാപകരും അനുസരണ ശീലമുള്ള വിദ്യാര്‍ഥികളും ധര്‍മ്മ ബോധമുള്ള യുവതീ യുവാക്കളും സൗഹൃദം പൂക്കുന്ന അയല്‍ക്കാരും ഉണ്ടാകും. ഒരു നല്ല നാളയെ സ്വപ്‌നം കാണാനെങ്കിലും ഉള്ള മനസ്സുമായി പ്രതീക്ഷയോടെ പ്രതിജ്ഞയോടെ കര്‍മ്മ നിരതരാകുക.

Related Articles