Current Date

Search
Close this search box.
Search
Close this search box.

രജനിമാരും ഷൈനിമാരും മരിച്ചു വീഴട്ടെ! സൂര്യനെല്ലിയും വിദുരയും ആവര്‍ത്തിച്ചു കൂടാ!

ഇന്നലെ, ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്ക് പരപ്പനങ്ങാടിയില്‍ നടന്ന ഒരു സംഭവം. അമ്മയുടെയും ആറുവയസ്സുകാരി മകളുടെയും കണ്‍ മുമ്പിലിട്ട് 34 കാരിയായ ഷൈനി നിഷ്ഠൂരമായി വധിക്കപ്പെട്ടു. മേശയുടെ കാല്‍ കൊണ്ട് അടിച്ചാണ് കൃത്യം നടത്തിയത്. മദ്യ ലഹരിയിലെത്തിയ ഭര്‍ത്താവായിരുന്നു ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത്.
സംഭവം വായിച്ചപ്പോള്‍ കാര്യമായ ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല. കഴിഞ്ഞ ഇതേ ദിവസം ‘ബുധനാഴ്ച’ നടന്ന മറ്റൊരു സംഭവം പെട്ടെന്നു മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു.

പുലാമന്തോളായിരുന്നു സ്ഥലം. ചെമ്മല കൊള്ളിത്തൊട്ട് കണ്ണത്ത് പുത്തന്‍ വീട്ടില്‍ രജനി എന്ന നാല്പത്തൊന്നുകാരിയാണ് അവിടെ അറുകൊല നടത്തപ്പെട്ടത്. മുളയങ്കാവ് സ്വദേശി രാജന്‍ എന്ന ഭര്‍ത്താവായിരുന്നു നായകന്‍. മദ്യം ഇയാളുടെയും സന്തത സഹചാരിയായിരുന്നുവത്രെ.
ഈയിടെ ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടിക്കെതിരെ നടന്ന പീഡനം രാഷ്ട്രത്തെ ദിവസങ്ങളോളം സ്തംഭിപ്പിക്കുകയുണ്ടായി. രാജ്യം തന്നെ അമ്പരക്കുകയും, സംഭവത്തിന്റെ പേരില്‍ നിയമ നിര്‍മാണം വരെ നടത്തപ്പെടുകയുമുണ്ടായി. സൂര്യനെല്ലിയിലും വിദുരയിലും മറ്റു ചില സ്ഥലങ്ങളിലും നടന്ന സ്ത്രീ പീഡനങ്ങളുടെ പേരില്‍, കേരളവും നിയമസഭയും മാത്രമല്ല, പാര്‍ലമെന്റു പോലും ഇപ്പോള്‍ കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ചില പെണ്‍കുട്ടികള്‍ക്കെതിരെ വിരലനക്കിയവരുടെ പേരില്‍ പോലും കേസ്സെടുക്കുകയുണ്ടായി. ചുരുക്കത്തില്‍ വിരലിലെണ്ണാവുന്ന അല്‍പം ചില പെണ്‍കുട്ടികളുടെ പേരില്‍ രാജ്യം കണ്ണീരൊഴുക്കുകയാണ്. പകച്ചു നില്‍ക്കുകയാണ്.

എന്നാല്‍, രാജ്യത്ത് ആയിരക്കണക്കില്‍ രജനിമാരും ഷൈനിമാരും അറുകൊല ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ട്. എല്ലാം അതിനിഷ്ഠൂരമായ വധം. മനസാക്ഷിയുള്ളവര്‍ക്ക് അസ്വസ്ഥത നല്‍കുന്ന കൊലപാതകങ്ങള്‍. കൊച്ചു കുട്ടികളെ മാത്രമല്ല കൈകുഞ്ഞുങ്ങളെ പോലും തെരുവാധാരമാക്കിക്കൊണ്ടായിരിക്കും ഇവരുടെ ശരീരം കൊത്തി നുറുക്കപ്പെടുന്നത്. അത്ഭുതം അതല്ല. ഇതൊന്നും തന്നെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നേയില്ല. ആരും ഇതിന്റെ പേരില്‍ അമ്പരക്കുന്നുമില്ല. ഇവരുടെ വധത്തിന്റെ പേരില്‍ അസംബ്ലിയോ പാര്‍ലമെന്റോ സ്തംഭിപ്പിക്കപ്പെടുന്നില്ല. നിയമ നിര്‍മാണം നടക്കുന്നില്ല. ഹര്‍ത്താലില്ല; ബന്ദില്ല. സര്‍ക്കാര്‍ വാഹനങ്ങളോ സ്ഥാപനങ്ങളോ തകര്‍ക്കപ്പെടുന്നില്ല.

എന്താണീ പക്ഷപാതിത്വത്തിന് കാരണം? ഇവര്‍ക്കും നഷ്ടപ്പെടുന്നത് വിലയേറിയ ജീവനല്ലേ? ഇവര്‍ക്കും വഴിയാധാരമായി തീരുന്നത് പിഞ്ചു കുഞ്ഞുങ്ങളല്ലേ? ജീവിക്കാനാഗ്രഹിച്ചിരുന്ന ഇവരും സഹതാപമര്‍ഹിക്കുന്നവരല്ലേ? എന്തിന്റെ കുറവാണ് ഇവര്‍ക്കുള്ളത്?
മനസാക്ഷിയുള്ളവരുടെ കണ്ണു തുറപ്പിക്കാന്‍ പര്യപ്തമല്ലേ ഈ സംശയങ്ങള്‍? പക്ഷെ, യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അത്രയധികം ഗവേഷണമൊന്നും നടത്തേണ്ട ആവശ്യമില്ല. ഈ കേസ്സുകളിലെ ‘വില്ല’ന്മാരുടെ വൈജാത്യമാണ് ഈ അന്തരത്തിന്നു കാരണം. അതെ, മദ്യവും രാഷ്ട്രീയവും.
ഉദാഹരണമായി ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീ പീഡനങ്ങളുടെ സ്ഥിതി എടുക്കാം. ദല്‍ഹി സംഭവത്തെ ഒഴിച്ചു നിറുത്തിയാല്‍ യഥാര്‍ത്ഥത്തില്‍ ആ പാവം പെണ്‍കുട്ടികളോടുള്ള സഹതാപമാണോ ആ സംഭവങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം നേടിക്കൊടുത്തത്? സംഭവങ്ങളുടെ പിന്നില്‍ അല്‍പമൊന്നു പോയി നോക്കിയാല്‍ മതി കാര്യം മനസ്സിലാവാന്‍. ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഏതെങ്കിലും ഒരകന്ന ബന്ധു പ്രതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. നാടിന്നും നാട്ടാര്‍ക്കും ഒരു ഗുണവും ചെയ്യാന്‍ കഴിയാത്ത, കഴിഞ്ഞാല്‍ തന്നെ അതിന്നു മനസ്സു വരാത്ത, രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം, ‘സിംഹാസന’ത്തിലേറണമെങ്കില്‍ ഇത്തരം എന്തെങ്കിലും ചെപ്പടി വിദ്യകളൊപ്പിക്കേണ്ടി വരും. പൊതുജനം അതിന്റെ പിന്നില്‍ പോകും. സ്ത്രീ പീഡകനായ രാഷ്ട്രീയക്കാരന്റെ ഇമേജ് അതോടെ നശിച്ചു. പിന്നെ അയാള്‍ക്ക് താഴോട്ടിറങ്ങാനുള്ള സ്‌റ്റെപ്പുകള്‍ വളരെ സുഖകരമായിത്തീരും. അതെ, സിംഹാസനമേറുന്നതും പെണ്‍കുട്ടികളിലൂടെ, അവിടെ നിന്നു താഴെ ഇറങ്ങുന്നതും അവരിലൂടെ തന്നെ. മറ്റൊരു ഭാഷയില്‍, ഇന്ന് ചില പെണ്‍കുട്ടികളാണ് നമ്മുടെ ഭരണ ചക്രം കറക്കിക്കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, ഇവിടെ ‘രാഷ്ട്രീയ’മാണ് വില്ലന്‍. അതെ രാഷ്ട്രീയക്കാരന്റെ കളിപ്പാട്ടങ്ങളായി ഈ പെണ്‍കുട്ടികള്‍ ഉപയോഗിക്കപ്പെടുകയാണ്. അത് കൊണ്ടു തന്നെയാണ് ഇത്തരം കേസ്സുകള്‍ ചര്‍ച്ചാ വിഷയമായി തീരുന്നത്.

മദ്യമാണ് രണ്ടാമത്തെ വില്ലന്‍. ഈ വില്ലന്‍ നായകനായ നൂറുക്കണക്കില്‍ സംഭവങ്ങള്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഇതെല്ലാം കണ്മുന്നില്‍ കണ്ടു കൊണ്ടിരുന്നിട്ടും, അതിനെതിരെ ചെറുവിരലനനക്കാന്‍ ആര്‍ക്കും ധൈര്യം വരുന്നില്ല. ഏതെങ്കിലും ‘പോഴത്തക്കാര്‍’ വല്ലപ്പോഴും രംഗത്തു വന്നാല്‍ തന്നെ, വെള്ളത്തിലെ കുമിളകളുടെ പര്യവസാനമായിരിക്കും അതിനുണ്ടാവുക. രജനി-ഷൈനിമാരുടെ കേസുകളിലെ വില്ലനായ മദ്യത്തിന്റെ കളിപ്പാട്ടങ്ങളായി തീര്‍ന്ന രാജന്‍ പ്രഭൃതികളുടെ സ്ഥിതി നോക്കുക. അവര്‍ ജയിലില്‍ പോയാലും ഇല്ലെങ്കിലും ആര്‍ക്കും ഒരു ചേതവുമില്ല. ഈ പെണ്‍കുട്ടികളുടെ മക്കള്‍ വഴിയാധാരമായാലും ഇല്ലെങ്കിലും ആര്‍ക്കും ഒരു ചുക്കും വരാനില്ല. പ്രതികളിലാര്‍ക്കെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍, അവരൊരിക്കലും ജയിലില്‍ പോവുകയുമില്ല. രാഷ്ട്രീയക്കാരന്‍ വിചാരിച്ചാല്‍ നിരപരാധിയാണെങ്കില്‍ പോലും ജയിലില്‍ നിന്നു പുറത്തു വരാനും കഴിയുകയില്ലല്ലോ.

മറ്റൊരു പ്രശ്‌നവും കൂടി. ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ വില്ലനായ മദ്യത്തിനെതിരെ തിരിഞ്ഞാല്‍, സ്ഥിതിയാകെ മാറും. മദ്യം നിരോധിക്കണം എന്നൊരു ചിന്ത ആരില്‍ നിന്നോ പുറത്തു വന്നപ്പോഴെക്കും നാം അത് കണ്ടതാണ്. ആയിരക്കണക്കില്‍ തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുത്ത് ഉപജീവനം നയിക്കുന്നത്. മദ്യ നിരോധത്തോടെ അവരെല്ലാം തൊഴില്‍ രഹിതരായി മാറും. അവരുടെ അന്നം മുട്ടും. സ്‌റ്റേറ്റിന്നു റവന്യൂ ഇനത്തില്‍ കോടികളുടെ നഷ്ടമുണ്ടാകും. പിന്നെ ആരാണ് പിന്തുണക്കാനുണ്ടാവുക? ഇതൊക്കെയാണ് ഭരണത്തിനകത്തും പുറത്തും ഇരിക്കുന്നവരുടെ പ്രായോഗിക ചിന്ത. അപ്പോള്‍, ഒരു കാര്യം മാത്രമാണ് നമ്മുടെ മുമ്പിലുള്ള പരിഹാരം: മദ്യത്തെ നമുക്ക് വെറുതെ വിടുക! രജനിമാരും ഷൈനിമാരും മരിച്ചു വീഴട്ടെ! സൂര്യനെല്ലിയും വിദുരയും ആവര്‍ത്തിച്ചു കൂടാ!

Related Articles