Current Date

Search
Close this search box.
Search
Close this search box.

മോന്തായം തന്നെ വളഞ്ഞാല്‍

മലയാളിയുടെ ഏറ്റവും നല്ല പതിവു ശീലങ്ങളിലൊന്ന് പത്രവായനയാണ്. വീട്ടില്‍ മെയ്യനങ്ങാതിരിക്കുന്ന ആണുങ്ങള്‍ക്കൊരു സുഖവമാണത്. രാവിലെ കട്ടന്‍ ചായക്കൊരു കടിയാണ് രാവിലത്തെ പത്ര വായന ഇക്കൂട്ടര്‍ക്ക്.  പുതിയ അറിവും വിവരവും അതിരാവിലെ അറിയുന്നവര്‍ ഇവരാണല്ലോ എന്ന അസൂയയില്‍, അങ്ങനെ വേണ്ട ആദ്യം ഞാന്‍ തന്നെയാവട്ടെ പത്രം വായിക്കാന്‍ തുടങ്ങുന്നത് എന്ന സ്ത്രീ സഹജമായ അസൂയകാരണം പലപ്പോഴും ആദ്യംതന്നെ പത്രം നിവര്‍ത്തി വായിക്കാന്‍ തുടങ്ങും. തലേന്നുള്ള വിവരങ്ങള്‍  മത്രമല്ല പലപ്പോഴും മനസ്സറിഞ്ഞ് ചിരിക്കാന്‍ പറ്റുന്ന  നല്ല കോമഡിയും രാവിലെത്തന്നെ വായിച്ചു രസിക്കാന്‍ കഴിയുമെന്ന് ഈ വായനയനുഭവത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ട്.  കര്‍ണാടകയില്‍  കോടതി മുറി 10 മാസത്തോളം അടച്ചിട്ട  വാര്‍ത്തയാണ് ഇന്നത്തെ പത്ര ഹാസ്യം. പിടിച്ചുപറിയും ബലാത്സംഗവും അഴിമതിയും കരിഞ്ചന്തയുമൊന്നുമില്ലാതെ മാവേലീ നാടുവാണിടൂം കാലം എന്നപോലെ നാടു സുന്ദരമായതിനാല്‍ കേസും കൂട്ടവുമൊന്നുമില്ലാതെ ന്യായാധിപന്മാര്‍ക്ക് പണിയില്ലാതെ പോയതുകൊണ്ടല്ല കോടതി അടച്ചിട്ടത്, ന്യായാധിപന്മാരെ പ്രേതം പിടിക്കുമോ എന്ന് പേടിച്ചിട്ടാണ്. അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മുറിയാണ്2014 മെയ് മുതല്‍ അടച്ചിട്ടിരിക്കു്‌നനത്. പൊട്ടിയ കസേരയും മേശകളും കൂട്ടിയിട്ട് ഇപ്പോള്‍ സ്‌റ്റോറുമുറിയായാണ് തല്‍സ്ഥലം ഉപയോഗിക്കുന്നത്. ഈ കോടതിയിലെ ഒരു ജഡ്ജി കഴിഞ്ഞവര്‍ഷം വാഹനാപകടത്തില്‍ മരിച്ചശേഷമാണ് കോടതി മുറിക്ക പ്രേധബാധയുണ്ടെന്ന  പ്രചാരണം ഉയര്‍ന്നത്. പിന്നീട് മുറി തുറക്കുകയോ ജഡ്ജിയെ നിയമിക്കുകയോ ചെയ്തില്ല. മുറി തുറക്കരുതെന്നും  പ്രത്യേക പൂജകള്‍ക്കു ശേഷമേ കോടതി കൂടാവൂ എന്നുമാണത്രെ ജ്യോതിഷിമാര്‍ പറഞ്ഞത്.

കുറച്ചുനാള്‍ മുമ്പാണ് നിധിയുണ്ടെന്ന് ഒരു സന്യാസി പറയുന്നതുകേട്ട് നമ്മുടെ പുരാവസ്തുവകുപ്പിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ഭൂമി കുഴിച്ചുമാന്തി കുറെ മണ്ണുവാരി പുറത്തേക്കിട്ടത്.  മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതു യഥാര്‍ഥത്തില്‍ പുലരുന്നതുപോലെയാണ്  ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തോന്നിയത്.  ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സില്‍ നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത്  നാം കേട്ടിട്ടില്ലേ. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനുമുമ്പേ ഭാരതീയ സംസ്‌കൃതിയില്‍ അതിന്റെ രൂപം ഉണ്ടായിരുന്നുവത്രെ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സമ്മേളനം തുടങ്ങിയത് പ്രത്യേക പൂജയോടെയാണ്. ശാസ്ത്രത്തിന്റെ  കുത്തക മാത്രമല്ല, അന്തവിശ്വാസത്തിന്റെയും  കുത്തക ഏറ്റെടുത്ത് നമുക്ക് അഭിമാനിക്കാം. കല്ലും ഏലസ്സും മുത്തുമാലയുമാണിന്ന് നമ്മുടെ പുരോഗമനക്കാരുടെ കൈയ്യില്‍. സെലിബ്രിറ്റികളുടെ മേലൊക്കെ രക്ഷകരുടെ പച്ചകുത്തിയ അടയാളമാണ്. നല്ലനേരവും നല്ല നാളും നോക്കിയാണല്ലോ സ്വര്‍ണവും വെള്ളിയുമൊക്കെ നാം വാങ്ങുന്നത്.  ഇന്ന് ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദം നേടിയിറങ്ങിയവന്‍ ആകാശത്തേക്ക് റോക്കറ്റ് വിടുന്നത് ഭൂമില്‍ തേങ്ങയുടച്ചുകൊണ്ടാണ്. ലോകത്തുള്ള എല്ലാ അന്തവിശ്വാസികളും ഒഴുകുന്ന നാടും നമ്മുടെത് തന്നെ. എല്ലാവരെയും പേടിപ്പിക്കുന്ന അമേരിക്കക്കാരന് ഉറങ്ങണമെങ്കില്‍ കൈയ്യിലൊരു മാന്ത്രക മോതിരമെങ്കിലും വേണമെന്നാണ്. പഠനങ്ങള്‍ പറയുന്നത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ശേഷം ആത്മീയ കേന്ദ്രങ്ങളെയും പുള്യവാളന്മാരെയും പണ്യവാളത്തികളെയും തേടി അമേരിക്കന്‍ പൗരന്‍ ലോകത്തെമ്പാടും പരക്കം പായുന്നുണ്ടെന്നാണ്. അതില്‍ നല്ലപങ്കും മുത്താനും ഉമ്മവെക്കാനും പാഞ്ഞുവരുന്നത്  ഇന്ത്യയിലാണ്. നല്ല സ്‌കൂളും നല്ല ആശുപത്രികളെയും നല്ല മൂത്രപ്പുരയും ഉള്ളതിനെക്കാള്‍ കൂടുതല്‍ നാട്ടിലുള്ളത് എല്ലാ ജാതി മതസ്ഥരുടെയും പേരിലുള്ള ആത്മീയ കേന്ദ്രങ്ങളാണല്ലോ. നമ്മുടെ എല്ലാ സര്‍ക്കാരും വേണ്ടുംവിധം ഇവയൊക്കെ സംരക്ഷിച്ചുകൊണ്ട് മതേതരത്വം സംരക്ഷിക്കാറുമുണ്ട്. അതുകൊണ്ടാണല്ലോ നേരനുഭവസ്ഥയായ വിദേശയുവതി ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഒന്നും ചെയ്യാകാത്തത്. നീതിയും ധര്‍മവും സത്യവും സനാതന മൂല്യങ്ങലും ജീവിതത്തില്‍ പകര്‍ത്താനാവാത്തവര്‍ ഭൂതത്തെയും പ്രേതത്തെയും പേടിച്ചു കഴിയുന്നതു കാണുമ്പോള്‍ ലജ്ജതോന്നുന്നു. സത്യത്തില്‍ ചൊവ്വയിലേക്ക് മംഗള്‍യാന്‍ അയച്ചതും ചൊവ്വയിലേക്ക് പോകാനിരിക്കുന്ന 25 പേരുടെ കൂട്ടത്തില്‍ ഒരു മലയാളിയടക്കം മൂന്നുപേര്‍ ഇന്ത്യയില്‍ നിന്നും ഉണ്ടെന്നുമുള്ള വാര്‍ത്ത വായിച്ചതും നമ്മള്‍തന്നെയല്ലേ.

Related Articles