Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി പറഞ്ഞത് സത്യം

സര്‍വതരം അധര്‍മങ്ങളും നിറഞ്ഞൊഴുകുന്ന ഒരു ജനതയിലാണ് മുഹമ്മദ് നബി നിയോഗിതനാവുന്നത്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതടക്കം സ്ത്രീ പുരുഷന്‍മാര്‍ നഗ്നരായി കഅ്ബാലയത്തെ ചുറ്റുന്നതു പോലുള്ളതെല്ലാം അതില്‍പെടും. ‘കാട്ടറബികള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇങ്ങനെയുള്ള ഒരു സമൂഹത്തോട് പ്രവാചകന്‍ മൂന്ന് അടിസ്ഥാന കാര്യങ്ങളത്രെ പറഞ്ഞത്.

അവയിലൊന്നാമത്തേത്, മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെയും മനുഷ്യ ‘കല്‍പനകളെ’യും കൈയൊഴിച്ച് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തയും ദൈവകല്‍പനകളെയും അനുസരിച്ച് ജീവിക്കുക എന്നതായിരുന്നു.

രണ്ടാമത്തേത്, ദൈവകല്‍പനകള്‍ മനുഷ്യരെ അറിയിക്കാന്‍ ദൈവം പല കാലങ്ങളിലായി നിയോഗിച്ച ലക്ഷത്തില്‍പരം പ്രവാചകന്‍മാരില്‍ അവസാനത്തെ പ്രവാചകനാണ് ഞാന്‍ എന്നായിരുന്നു.

മൂന്നാമതായി, ഈ നശ്വരമായ ജീവിതം കര്‍മം ചെയ്യാനുള്ളതാണെന്നും കര്‍മങ്ങളുടെ പരിപൂര്‍ണ ഫലം മരണാനന്തരമുള്ള അനശ്വര ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും എന്നതുമാണ്.

മുഹമ്മദ് നബി തന്റെ ജനതയില്‍ ജീവിച്ചതും അവരോട് ജീവിക്കാന്‍ പറഞ്ഞതും ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ജീവിതത്തെ മാറ്റി പണിയാന്‍ ആരെല്ലാം തയ്യാറായോ അവരില്‍നിന്ന് തിന്മകള്‍ ഇല്ലാതായിക്കൊണ്ടിരുന്നു. അങ്ങനെ ക്രമേണ ആ സമൂഹം:
» മദ്യക്കുടങ്ങള്‍ തെരുവിലൊഴുക്കി മദ്യത്തോട് വിടപറഞ്ഞു.
» രഹസ്യമായി വ്യഭിചരിച്ചവര്‍ കുറ്റബോധത്താല്‍ പ്രവാചകനെ ശല്യപ്പെടുത്തി ശിക്ഷകള്‍ ഏറ്റുവാങ്ങി.
» പലിശക്കച്ചവടം സകാത്ത് വിതരണത്തിലേക്ക് വഴിമാറി.
» വംശീയ മഹത്വം അവസാനിച്ച് മനുഷ്യമഹത്വം സ്ഥാപിതമായി. അതോടെ വെളുത്തവന്‍ കറുത്തവന് കൈകൊടുത്ത് ആലിംഗനം ചെയ്തു തുടങ്ങി.
» സമൂഹ നിര്‍മിതിയില്‍ പെണ്ണിന്റെ പങ്കിനെ അതവളുടെ അവകാശമായി നിര്‍ണയിച്ചു.
» കുടുംബവും കുടുംബബന്ധങ്ങളും പവിത്രമായി ഗണിക്കപ്പെട്ടു.
» ‘ഭൂമിയിലുള്ളവരോട് കാരുണ്യം കാണിച്ചാലാണ് ആകാശത്തുള്ളവന്റെ കാരുണ്യം ലഭിക്കുക’ എന്നറിഞ്ഞതോടെ ‘കാട്ടറബികളില്‍’ കാരുണ്യം ഉറവപൊട്ടി.
» ‘സ്വന്തത്തിനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എതിരാണെങ്കിലും ശരി, നിങ്ങള്‍ നീതിക്ക് സാക്ഷികളാവണം.’ എന്ന ദൈവകല്‍പന അറിഞ്ഞതോടെ അവര്‍ നീതിയുടെ കൊടിവാഹകരായി.
» ആര്‍ജിക്കുക, ഭോഗിക്കുക എന്ന മനുഷ്യനിലെ ഭൗതിക പ്രചോദനത്തെ വര്‍ജിക്കുക, ത്യജിക്കുക എന്ന ആത്മീയ മൂല്യങ്ങളിലേക്ക് തിരിച്ചുവിട്ടു.
» അധികാരം എന്നാല്‍ ‘അധികഭാര’മാണെന്ന ബോധത്താല്‍ ‘യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നുമരിച്ചാല്‍ ദൈവത്തോട് ഞാന്‍ മറുപടി പറയേണ്ടിവരുമല്ലോ’ എന്ന് വിലപിക്കുന്നവരായി മാറി ഭരണാധികാരികള്‍.

ഇങ്ങനെ മനുഷ്യന്റെ വ്യക്തി, കുടുംബ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം മനുഷ്യത്വത്തിന്റെ താല്‍പര്യമനുസരിച്ചുള്ള സകല നന്മകളും സ്ഥാപിതമായി. ഈ വസ്തുതകള്‍ വെച്ചുകൊണ്ടാലോചിക്കുക പ്രവാചകന്‍ പറഞ്ഞത് കളവോ സത്യമോ?

മുഹമ്മദ് നബി പറഞ്ഞത് ഇല്ലാത്തതായിരുന്നുവെങ്കില്‍ ആ കാലഘട്ടത്തില്‍ സ്വന്തം ജനതയോട് ഏറ്റവും അധികം കളവ് പറഞ്ഞ മനുഷ്യന്‍ അദ്ദേഹമായിരിക്കും. അധര്‍മങ്ങളില്‍ കുളിച്ചു കിടക്കുന്ന ഒരു ജനതയോട് നിരന്തരം പച്ചക്കളവ് പറഞ്ഞുകൊണ്ട് ധര്‍മം സ്ഥാപിതമാകുമെങ്കില്‍ കളവിനെ ഒരു കുറ്റമായി കാണാമോ?  ഇല്ലെന്നുറപ്പാണ്. പക്ഷേ, കളവിനെ ഒരു തെറ്റായി കാണാതിരിക്കാന്‍ മനുഷ്യ മന:സാക്ഷിക്കാവില്ല. നുണപറഞ്ഞുകൊണ്ട് ധാര്‍മിക വിപ്ലവം അസംഭവ്യമത്രെ.

‘തത്ത്വം സത്യമാണെങ്കില്‍ അതിന്റെ പ്രയോഗം നന്മയായിരിക്കും’ എന്ന തത്ത്വപ്രകാരം മുഹമ്മദ് നബി പറഞ്ഞതെല്ലാം സത്യമാണെന്നു വ്യക്തം.

പിന്‍കുറി: ‘മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം മുഹമ്മദ് നബിയേക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യരുമുണ്ടോ?’

ലാമാര്‍ട്ടിന്‍

അന്ത്യപ്രവാചകന്‍
മരണം

Related Articles