Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് എന്തുകൊണ്ട്?

rtee.jpg

‘ഒരു ന്യൂനപക്ഷ സമുദായത്തിലെ അംഗമെന്ന നിലക്ക് എനിക്ക് പറയാന്‍ കഴിയും, എന്തുകൊണ്ടാണ് ഒരു മുസ്‌ലിമിന് താന്‍ ശരിയായവിധം മനസ്സിലാക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടാകുന്നതെന്ന്. പക്ഷേ എന്റെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് സജീവരായ മുസ്‌ലിംകള്‍ എന്താണ് ഇസ്‌ലാം എന്ന് ഞങ്ങള്‍ക്ക് പറഞ്ഞുതരാത്തത്? വളരെ സദുദ്ദേശ്യത്തോടെ ഇസ്‌ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഇക്കാര്യത്തില്‍ വളരെ തുറന്ന സമീപനമാണ് എനിക്കുള്ളത്. എന്നെപ്പോലെ ഈ മതത്തെ മുന്‍വിധികളില്ലാതെ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന വെറെയും ആളുകളുണ്ടാവും. അതിനാല്‍ ഇസ്‌ലാമിന്റെ സന്ദേശം എന്താണെന്ന് ഞങ്ങളെപ്പോലുള്ളവര്‍ക്ക് വ്യക്തമാക്കിത്തരണം. എല്ലാ ലോകമതങ്ങളും സാന്നിധ്യമറിയിക്കുന്ന നാടാണ് നമ്മുടെത്. മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന കുറച്ച് പേരെ മാറ്റിനിര്‍ത്തിയാല്‍, നമ്മള്‍ ഇന്ത്യക്കാര്‍ പൊതുവെ മറ്റു മതങ്ങളോടും പാരമ്പര്യങ്ങളോടും ഭാഷകളോടും സഹിഷ്ണുത പുലര്‍ത്തുന്നവരാണ്.’ ഹിന്ദു ദിനപത്രത്തില്‍ കഴിഞ്ഞ നവംബര്‍ 9-ന് പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ ഉള്ളടക്കമാണിത്. മുംബൈ സാഹിത്യോത്സവത്തില്‍ വി. എസ് നയ്‌പോള്‍ എന്ന എഴുത്തുകാരന് അവാര്‍ഡ് കൊടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഇടപെട്ടുകൊണ്ടാണ് ഈ കത്തെഴുതിയത്.

പക്ഷേ ഇവിടെ വിഷയം നയ്‌പോളിന് അവാര്‍ഡ് കിട്ടിയതല്ല. നയ്‌പോളിനെപ്പോലെ രോഗാതുരമായ മാനസിക നിലയുമായി നടക്കുന്ന എഴുത്തുകാര്‍ക്ക് പുരസ്‌കാരം നല്‍കുക ഒരു സാധാരണ സംഭവമാണല്ലോ. നിഷ്‌കളങ്ക ബാലിക പാകിസ്ഥാനിലെ മലാലയെ നോബല്‍ സമ്മാനത്തിന് നിര്‍ദേശിച്ചതിന് പിന്നിലും ഇതേ രോഗാതുരമായ മാനസിക നില തന്നെയാണുള്ളത്. നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ചെന്നൈയില്‍ താമസിക്കുന്ന സൂസന്‍ ജേക്കബ് എന്ന കത്തെഴുത്തുകാരി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. മുസ്‌ലിംകളല്ലാത്തവര്‍ സദുദ്ദ്യേശ്യത്തോടെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. ഇതിന് മുസ്‌ലിംകള്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നും പറയുന്നു. മുസ്‌ലിംകള്‍ ഈ ദൗത്യം ഏറ്റെടുക്കണം. അതു പക്ഷേ ലോകമുസ്ലിംകള്‍ ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നത് കൊണ്ടോ, സര്‍വ ദിക്കില്‍ നിന്നും ഇസ്‌ലാം ആക്രമിക്കപ്പെടുന്നത് കൊണ്ടോ ഒന്നുമല്ല. മുസ്‌ലിംകളെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നത് കൊണ്ടുമല്ല (ഇസ്‌ലാമിന് പ്രചാരം നല്‍കുന്നത് ഈ പരീക്ഷണ ഘട്ടങ്ങളെ തരണം ചെയ്യാന്‍ സഹായകമാകുമെന്ന പ്രതീക്ഷയില്‍). മറിച്ച്, ഈ ദൗത്യം നിര്‍വഹിക്കേണ്ടത് സമുദായത്തിലെ ഓരോ അംഗത്തിന്റെയും ബാധ്യതയായതുകൊണ്ടാണ്. ഏതവസ്ഥയിലും അവര്‍ ഈ ബാധ്യത നിര്‍വഹിച്ചേ മതിയാകൂ. അന്തരീക്ഷം അനുകൂലമോ പ്രതികൂലമോ എന്നൊന്നും അവിടെ നോട്ടമില്ല. മുസ്‌ലിം സമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ഈ ദൗത്യനിര്‍വഹണമാണ്. മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും ക്ഷേമവും അഭിവൃദ്ധിയുമാണ് ആ മിഷനറി പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. മനുഷ്യരെ അവരുടെ യഥാര്‍ഥ രക്ഷിതാവിലേക്ക് അടുപ്പിക്കുക എന്നതും.

ഈ ദൗത്യത്തോട് മുസ്‌ലിംകള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയും നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നു എന്നാണ് സുസന്‍ ജേക്കബ് പറഞ്ഞ് വെക്കുന്നത്. നമ്മുടെ നാടിന്റെ കാര്യം തന്നെ എടുക്കാം. വേണ്ട രീതിയിലും, വേണ്ടത്ര അളവിലും ഇവിടെ ഇസ്‌ലാമിക പ്രബോധനമോ പ്രചാരണമോ നടക്കുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനം ആസൂത്രിതമായും വ്യവസ്ഥാപിതമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടന്നത് ശരിയാണ്. ചില സംഘടനകളും വ്യക്തികളും അവരുടേതായ രീതിയില്‍ ഖുര്‍ആന്‍ പരിഭാഷകളും ഇസ്ലാമിക സാഹിത്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഉല്‍സുകരുമാണ്. പക്ഷെ മുസ്ലിം പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ഇസ്‌ലാമിനെക്കുറിച്ച് സാമാന്യധാരണയുള്ള ഓരോ മുസ്‌ലിമും നിറഞ്ഞ മനസ്സോടെ ഇസ്‌ലാമിക പ്രബോധന ദൗത്യം ഏറ്റെടുക്കുന്ന ഒരു സാഹചര്യം നിലവില്‍ വരേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രവാചകന്‍ കേവലം 23 വര്‍ഷം കൊണ്ടാണ് ദഅ്‌വാ (പ്രബോധന) പ്രവര്‍ത്തനം വഴി ചരിത്രത്തിലെ ഏറ്റവും വലിയ വിപഌവത്തിന് നാന്ദി കുറിച്ചത് എന്ന് നാം അറിയണം. ഇന്ന് ആ ചുമതല നിര്‍വഹിക്കേണ്ടത് തീര്‍ച്ചയായും പ്രവാചകന്റെ അനുയായികളായ മുസ്‌ലിം സമൂഹമാണ്. സൂസന്‍ ജേക്കബ് ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം, പൊതുസമൂഹത്തില്‍ ഭൂരിഭാഗം പേരും മുന്‍വിധികളില്ലാത്തവരാണ് എന്നാണ്. വളരെ ആസൂത്രിതമായി ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയില്‍ ഏര്‍പ്പെടുന്ന ചില വിഭാഗങ്ങളുണ്ട്. അതൊരു ദീര്‍ഘകാല ഗൂഢാലോചനയുടെ ഭാഗമാണ്. അത്തരക്കാരില്‍ പ്രബോധന പ്രവര്‍ത്തനങ്ങളൊന്നും ഏശണമെന്നില്ല. പക്ഷെ ഈ പ്രോപഗണ്ടയാല്‍ സ്വാധീനിക്കപ്പെടാത്ത എല്ലാവരിലും ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ ദൃശ്യമാകും എന്ന് തീര്‍ച്ച.
(ദഅ്‌വത്ത് ത്രൈദിനം, 16-4-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്‌
 

Related Articles