Current Date

Search
Close this search box.
Search
Close this search box.

മുന്‍ധാരണകളില്‍ തീര്‍ക്കുന്ന സമീപനം

shadow-and-reality.jpg

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഒരാളെകുറിച്ച് മുന്‍വിധിയോടെ ഒരഭിപ്രായം സ്വീകരിക്കുന്ന രീതിയാണ് ഇന്ന് പലര്‍ക്കുമുള്ളത്. സുഹൃത്തുക്കളെ കുറിച്ചായാലും, ബന്ധുക്കളെ കുറിച്ചായാലും, നേതാക്കളെപ്പറ്റിയോ സംഘടനകളെപ്പറ്റിയോ ആയാലും പരദൂഷണത്തിലും ഊഹാപോഹങ്ങളിലും തുടങ്ങുന്ന ഇത്തരം സമീപനം സ്വഭാവഹത്യയിലും ആരോപണ പ്രത്യാരോപണത്തിലും എത്തിച്ചേരുന്നു. പിന്നീട് അണികളിലേക്ക് വ്യാപിച്ച് പലപ്പോഴും അനിഷ്ട സംഭവങ്ങള്‍ക്ക് വരെ കാരണമായിത്തീരുന്നു.

ദുര്‍ബലനായ ഒരു വ്യക്തിക്ക് ഒരപൂര്‍വനിമിഷത്തില്‍ മനപൂര്‍വമല്ലാതെ സംഭവിക്കുന്ന പിശക് ഗൗരവമായെടുക്കാതെ തെളിഞ്ഞ മനസ്സോടെ ആളുകളെ സമീപിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബ്ദുല്ലാഹ് ബിന്‍ ഉമറും സുഹൃത്തുക്കളും കഅ്ബയുടെ അങ്കണത്തില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ ഒരു വൃദ്ധന്‍ കടന്നുവന്നു ചോദിച്ചു: ”നിങ്ങളുടെ നേതാവെവിടെ?” കൂട്ടുകാര്‍ അബ്ദുല്ലാഹ് ബിന്‍ ഉമറിനെ ചൂണ്ടിക്കാണിച്ചു. ”എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്” എന്നുപറഞ്ഞുകൊണ്ട് ആഗതന്‍ അബ്ദുല്ലാഹിബ്‌നു ഉമറിനെ സമീപിച്ചു.

”ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നോ?” ”ഇല്ല”
”ഉഹ്ദ് യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങിയവരുടെ കൂട്ടത്തില്‍ ഉഥ്മാന്‍ ഉണ്ടായിരുന്നോ?” ”അങ്ങനയാണ് സംഭവിച്ചത്.”
”ഹുദൈബിയയില്‍ പ്രവാചകന്റ കൂടെ ബൈഅത്ത് റിദ്‌വാന്‍ എന്ന ഖുറൈശികളുമായുണ്ടാക്കിയ ഉടമ്പടി അംഗീകരിക്കാന്‍ ഉഥ്മാന്‍ ഉണ്ടായിരുന്നോ?” ”ഇല്ല.”

ഉഥ്മാന്‍(റ)നെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന മുന്‍ധാരണകളെ ബലപ്പെടുത്തുന്ന മറുപടികള്‍ അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന് കിട്ടിയ സന്തോഷത്തില്‍ തന്റെ അന്ധമായ മുന്‍ ധാരണകളെ ഉറപ്പിച്ച് തൃപ്തിയോടെ പിരിഞ്ഞു പോകാനൊരുങ്ങിയ വൃദ്ധനെ തിരികെ വിളിച്ച് ഇബ്‌നു ഉമര്‍ പറഞ്ഞു: ”താങ്കളുടെ ഉഥ്മാന്‍(റ)നെ കുറിച്ചുള്ള അഭിപ്രായം മെനയാന്‍ വരട്ടെ. ഈ സംഭവങ്ങള്‍ ഞാന്‍ വിവരിക്കാം. എന്നിട്ട് തീരുമാനമെടുത്തോളൂ. ബദ്ര്‍ യുദ്ധവേളയില്‍ പ്രവാചകന്റെ പുത്രിയും ഉഥ്മാന്‍(റ)ന്റെ ഭാര്യയുമായിരുന്ന റുഖിയ്യ(റ) രോഗശയ്യയിലായിരുന്നു. അവരെ ശുശ്രൂഷിച്ച് മദീനയില്‍ തന്നെ നില്‍ക്കാന്‍ പ്രവാചകന്‍ കല്‍പിച്ചതായിരുന്നു. ബദ്‌റില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രതിഫലവും പ്രവാചകന്‍ ഉഥ്മാന് വാഗ്ദാനം ചെയ്തിരുന്നു. ഉഹ്ദ് യുദ്ധസംഭവത്തില്‍ അല്ലാഹു പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉഥ്മാന്‍(റ)വും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിശിസിക്കപ്പെടുന്നത്. ഹുദൈബിയയില്‍ ബൈഅത്ത് റിദ്‌വാന്‍ ഉടമ്പടി നടന്ന സമയത്ത് പ്രവാചകന്‍ ഉഥ്മാനെ മക്കയിലേക്ക് ഖുറൈശികള്‍ക്ക് സ്വീകാര്യനായ പ്രമുഖവ്യക്തി എന്ന നിലക്ക് അവരുമായുള്ള സംഭാഷണത്തിനും ചര്‍ച്ചകള്‍ക്കും അയച്ചതായിരുന്നു. ഉഥ്മാന്‍(റ)ന്റെ അഭാവത്തിലുണ്ടായ ഉടമ്പടിവേളയില്‍ പ്രവാചകന്‍ തന്റെ വലതുകൈപ്പത്തി ഇടത്‌കൈപ്പത്തിമേല്‍ വെച്ച് ‘ഇത് ഉഥ്മാന്റെ കൈയാണ് ഞാനിതാ ഉഥ്മാനുമായി ബൈഅത്ത് ചെയ്യുന്നു’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതാണ് ഈ മൂന്ന് സംഭവങ്ങളുടേയും സത്യാവസ്ഥ. ഇനി താങ്കള്‍ക്ക് പോകാം.”

മറ്റുള്ളവരെ വിലയിരുത്തുമ്പോള്‍ നമ്മില്‍ അധികം പേരും ഈ വൃദ്ധന്റെ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഇത് സമൂഹം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് വാസ്തവ വിരുദ്ധമായ മുന്‍വിധികള്‍ക്ക് കാരണമായിത്തീരുന്നു. അവര്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് പൊതുമാധ്യമങ്ങളിലൂടെ സമൂഹത്തില്‍ അവതരിപ്പിക്കുന്നു. ‘നിങ്ങളതിനെ നിസ്സാരമായി കാണുന്നു. എന്നാലത് അല്ലാഹുവിന്റെയടുക്കല്‍ വലിയ അപരാധമാണ്.’ എന്ന് സൂറത്തുന്നൂറിലെ പതിനഞ്ചാം സൂക്തത്തില്‍ അല്ലാഹു പറഞ്ഞത് ഈ വിഷയത്തെക്കുറിച്ചാണ്.

മുന്‍ധാരണകളേതുമില്ലാതെ തെളിഞ്ഞ മനസ്സോടെ ആളുകളെ സമീപിക്കാനാണ് തനിക്കിഷ്ടമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ തമ്മില്‍ അകലുന്നതിന്റെയും പിണങ്ങുന്നതിന്റെയും അടിസ്ഥാന കാരണങ്ങളിലൊന്നാണിത് എന്നതായിരിക്കാം അതിന്റെ കാരണം.

Related Articles