Current Date

Search
Close this search box.
Search
Close this search box.

മുആദ്, താങ്കള്‍ കുഴപ്പക്കാരനാവുകയാണോ?

ജനങ്ങള്‍ സ്വാഭാവികമായി ചില കാര്യങ്ങളില്‍ യോജിപ്പുള്ളവരായി കാണാം. എല്ലാവരും ചിലത് ഇഷ്ടപ്പെടുകയും മോഹിക്കുകയും ചെയ്യുന്നു. മറ്റു ചിലവ എല്ലാവരും വെറുക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ചിലര്‍ ഇഷ്ടപ്പെടുകയും മറ്റു ചിലര്‍ വെറുക്കുകയും ചെയ്യുന്ന കാര്യങ്ങളുമുണ്ട്. ജനങ്ങളുടെ പ്രകൃതം മനസ്സിലക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ സാധിക്കും. വ്യക്തികളുടെ സ്വഭാവവും പ്രകൃതവും മനസ്സിലാക്കിയായിരുന്നു പ്രവാചകന്‍(സ) ആളുകളോട് ഇടപഴകിയിരുന്നത്.
    
മുആദ് ബിന്‍ ജബല്‍ പ്രവാചകന്റെ ഏറ്റവും അടുത്ത സഹാബികളില്‍ ഒരാളാണ്. അദ്ദേഹത്തോട് പ്രവാചകന്‍ പ്രത്യേക വിട്ടുവീഴ്ചകാണിച്ചിരുന്നു. മുആദ് പ്രവാചകന്റെ കൂടെ ഇശാഅ് നമസ്‌കാരം നിര്‍വഹിച്ചശേഷം തന്റെ താമസസ്ഥലത്തുപോയി അവിടെ ആളുകള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കാറുണ്ടായിരുന്നു. രണ്ടാമത്തെ നമസ്‌കാരം തനിക്ക് ഐച്ഛികവും അവര്‍ക്ക് നിര്‍ബന്ധ നമസ്‌കാരവും എന്ന നിലയിലാണ് നിര്‍വഹിച്ചിരുന്നത്. ഒരിക്കല്‍ മുആദ് തന്റെ ആളുകളുടെ പളളിയില്‍ വന്ന് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. നാട്ടുകാരനായ ഒരു യുവാവും അവരോടൊപ്പം നമസ്‌കരിക്കാന്‍ കൂടി. ഫാത്തിഹയ്ക്കു ശേഷം മുആദ് അല്‍ബഖറ ഓതാന്‍ തുടങ്ങി. തന്റെ പിന്നില്‍ നമസ്‌കരിക്കുന്നവര്‍ അന്തിയാവോളം കാലികളെ മേച്ചും കൃഷിയിടങ്ങളില്‍ പണിയെടുത്തും പല ജോലികള്‍ ചെയ്ത് ക്ഷീണിച്ച് തളര്‍ന്ന് വരുന്നവരായിരുന്നു. പോയി കിടന്നുറങ്ങാന്‍, നമസ്‌കാരം കഴിയാന്‍ കിത്തിരിക്കുകയായിരിക്കും അവര്‍.
    
മുആദിന്റെ നമസ്‌കാരം സുദീര്‍ഘമായി തുടര്‍ന്നപ്പോള്‍ പ്രസ്തുത യുവാവ് ഒറ്റയ്ക്ക് നമസ്‌കാരം പൂര്‍ത്തിയാക്കി വീട്ടിലേക്കു പോയി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ആരോ മുആദിനോട് പറഞ്ഞു: ”നമ്മോടൊപ്പം നമസ്‌കരിക്കാന്‍ കൂടിയ ആ യുവാവ് താങ്കള്‍ ദീര്‍ഘമായി ഓതിയതുകാരണം നമസ്‌കാരം ഉപേക്ഷിച്ചു പോയി.” ഇതു കേട്ട് മുആദിന് കോപം വന്നു. അദ്ദേഹം പറഞ്ഞു: ”അവന്റെ വിശ്വാസത്തിന് വൈകല്യമുണ്ട്. അവന്റെ പ്രവൃത്തിയെക്കുറിച്ച് ഞാന്‍ പ്രവാചകനെ ഉണര്‍ത്തും.” മുസ്‌ലിംകളെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന ഒന്നാണ് ജമാഅത്ത് നമസ്‌കാരം. അതില്‍ നിന്ന് വിട്ടുനിന്ന് മുസ്‌ലിംകള്‍ക്കിടയിലെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മുനാഫിഖുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതായിരിക്കാം ഇത്തരമൊരു പ്രതികരണത്തിന് മുആദ്(റ)നെ പ്രേരിപ്പിച്ചത്.
    
മുആദ് പറഞ്ഞത് ആ യുവാവ് അറിഞ്ഞപ്പോള്‍ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ”മുആദിന്റെ പ്രവൃത്തിയെക്കുറിച്ച് ഞാനും പ്രവാചകനോട് പറയും.” അവര്‍ പ്രവാചകന്റെ അടുത്തെത്തി. മുആദ് യുവാവിനെക്കുറിച്ച് പ്രവാചകനോട് പരാതി പറഞ്ഞു. അപ്പോള്‍ യുവാവ്: ”പ്രവാചകരേ, അദ്ദേഹം ദീര്‍ഘനേരം താങ്കളുടെ അടുത്ത് കഴിച്ചുകൂട്ടുന്നു. പിന്നീട് തിരിച്ചുവന്ന് സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് ഞങ്ങള്‍ക്ക് നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കുന്നു. അദ്ദേഹം ദീര്‍ഘമായി നമസ്‌കരിക്കുന്നതു കാരണം ഞങ്ങള്‍ പലരും നമസ്‌കാരത്തിന് വൈകിയാണെത്തുന്നത്.” ഇതുകേട്ട് താങ്കള്‍ എന്താണ് നമസ്‌കാരത്തില്‍ പാരായണം ചെയ്യുന്നതെന്ന് പ്രവാചകന്‍ മുആദിനോട് ചോദിച്ചു. താന്‍ സൂറഃ അല്‍ബഖറയും അതുപോലുള്ള സുദീര്‍ഘങ്ങളായ അധ്യായങ്ങളുമാണ് പാരായണം ചെയ്യാറെന്ന് മുആദ് മറുപടി പറഞ്ഞു. ദീര്‍ഘമായി ഓതുന്നത് കാരണമാണ് ആളുകള്‍ നമസ്‌കാരത്തിന് വൈകിയെത്തുന്നതെന്നറിഞ്ഞ പ്രവാചകന്‍ കോപത്തോടെ മുആദിനോട്: ”താങ്കള്‍ കുഴപ്പക്കാരനാവുകയാണോ മുആദ്? അഥവാ ദീനിനോട് ആളുകള്‍ക്ക് വെറുപ്പുണ്ടാക്കുകയും അവരെ പ്രയാസപ്പെടുത്തുകയുമാണോ? അസ്സമാഅ്, അല്‍ബുറൂജ്, അശ്ശംസ്, അല്ലൈല്‍ മുതലായ ചെറിയ അധ്യായങ്ങള്‍ ഓതുക.” എന്നിട്ട് യുവാവിനോട് ചോദിച്ചു: ” നമസ്‌കാരത്തില്‍ നിന്റെ പതിവെന്താണ്?” ”ഞാന്‍ ഫാതിഹ ഓതി സ്വര്‍ഗപ്രവേശനത്തിനും നരകമുക്തിക്കുമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും അത്രതന്നെ.”

Related Articles