Current Date

Search
Close this search box.
Search
Close this search box.

മഹാശയന്‍മാരുടെ ഒത്തുചേരല്‍

ഈ ഡിസംബര്‍ ആദ്യവാരം മഹാശയന്മാരായ ഒരുപറ്റമാളുകളുടെ രണ്ടു ദിവസം നീണ്ട ഒരു കൂടിച്ചേരല്‍ ഡല്‍ഹിയില്‍ നടന്നു. സമ്മേളനം ഊന്നിപ്പറഞ്ഞ കാര്യം ഇതാണ്: ‘ഭീകരത ഉന്മുലനം ചെയ്യുക എന്ന കാര്യത്തിനാണ് ലോകം ആദ്യ പരിഗണന നല്‍കേണ്ടത്. കാരണം മാനവ സമൂഹത്തിന് ഏറ്റവും വലിയ ഭീഷണി വരുന്നത് അതില്‍ നിന്നാണ്. ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്തും ഭീകരത തന്നെ. ഏത്ര നിരപരാധികളാണ് ലോകമെമ്പാടും ആക്രമിക്കപ്പെടുന്നത്. ഈ വിഷയത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. പരസ്പര സഹകരണത്തോടെ ആസൂത്രിതമായി നീങ്ങിയില്ലെങ്കില്‍ ആഗോളഭീകരതയെ തുടച്ച് നീക്കാന്‍ സാധ്യമാവുകയില്ല.’ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുന്ന രാഷ്ടങ്ങളെ സമ്മേളനം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അവര്‍ പറയുന്നത് ഇതാണ്: ‘മനുഷ്യാവകാശ ലംഘനം അത്രവലിയ ഇഷ്യൂ അല്ല. ഏറ്റവും ഭീഷണമായ യഥാര്‍ഥ പ്രശ്‌നം അന്താരാഷ്ട്ര ഭീകരതയാണ്. കോടതികളും ജഡ്ജിമാരും നിയമജ്ഞരുമെല്ലാം ഇക്കാര്യത്തില്‍ സുപ്രധാന പങ്ക് വഹിക്കണം. അവര്‍ കടുത്ത നിയമങ്ങള്‍ ഉണ്ടാക്കുകയും അവ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.’ അവരെ സംബന്ധച്ചിടത്തോളം ‘ഭീകരതക്കെതിരെയുള്ള യുദ്ധം’ ആണ് പരമപ്രധാനം. ഭീകരതയെ പരിലാളിക്കുന്ന രാഷ്ട്രങ്ങളെ കടുപ്പത്തില്‍ കൈകാര്യം ചെയ്യുകയും വേണം.
ഈ വാര്‍ത്ത നേരത്തെ വായിക്കുകയോ ടി.വിയിലോ റേഡിയോവിലോ കേള്‍ക്കുകയോ ചെയ്യാത്തവരോട് ഒരു ചോദ്യം. ഇതാരുടെ സമ്മേളനമായിരുന്നു? രാഷ്ട്രത്തലവന്‍മാരുടേതോ? ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടേതോ? അതോ രഹസ്യാന്വേഷണ വിഭാഗങ്ങളുടേതോ? ഇതൊന്നുമല്ല. ജഡ്ജിമാരുടെയും ചീഫ്ജസ്റ്റീസുമാരുടെയും സമ്മേളനമായിരുന്നു അത്. ജൂറിസ്റ്റുകളുടെ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചത്. ഇന്ത്യ ആതിഥ്യമരുളി എന്ന് മാത്രം. കക്ഷികളുടെ വാദങ്ങളെല്ലാം കേട്ടശേഷം സത്യസന്ധമായി വിധി പറയേണ്ട ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രസ്താവനയിറക്കുന്നത് തീര്‍ത്തും അവിശ്വസനീയം തന്നെ. ‘ഭീകരത വിരുദ്ധ യുദ്ധ’ത്തിന്റെ പ്രചാരകരും അതിന്റെ അനുകൂലികളും ഉപയോഗിക്കുന്ന അതേ ഭാഷ തന്നെയാണ് നാം ഇവരുടെ പ്രസ്താവനയിലും കാണുന്നത് (ഹിന്ദു, ഡിസംബര്‍ 2). നീതി, സത്യസന്ധത, നിഷ്പക്ഷത, യാഥാര്‍ഥ്യബോധം ഇതൊന്നും ഈ പ്രസ്താവനയില്‍ കാണാനില്ല. ഭീകരതയുടെ നിര്‍വചനത്തെക്കുറിച്ച് അവര്‍ ആലോചിച്ചതിനും തെളിവുകളൊന്നുമില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിയരിക്കണം. ഭീകരതയുടെ അര്‍ഥമെന്താണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതെന്താണെന്ന് ഇന്റര്‍നാഷനല്‍ മീഡിയ നമ്മെയെല്ലാവരെയും നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ.
ഈ പ്രസ്താവനകളെ ഒരാള്‍ക്ക് വേണമെങ്കില്‍ പൊതുവായി മനസ്സിലാക്കാവുന്നതേയുള്ളു. കാരണം ജഡ്ജിമാര്‍ ഏതെങ്കിലും ഗ്രൂപ്പിനെയോ മതവിഭാഗത്തെയോ പേരെടുത്ത് പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഈ കോണ്‍ഫ്രന്‍സിന്റെ ഉന്നം ഇസ്‌ലാമോ മുസ്‌ലിം സമൂഹമോ ആണെന്ന് പറയുന്നത് അബദ്ധമായിരിക്കും. ഇങ്ങനെ സ്വതന്ത്രമായി ചിന്തിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇത്തരമൊരു സ്വതന്ത്രചിന്തക്ക് സ്‌കോപ്പില്ല എന്നതാണ് പ്രശ്‌നം. സമ്മേളനത്തിന്റെ സമയം, ഭാഷ, ധ്വനി, പ്രമേയങ്ങളുടെ സ്വഭാവം ഇതെല്ലാം  അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്, ആഗോളതലത്തില്‍ ഇാസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ നടക്കുന്ന ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ ബാക്കിപത്രമാണ് ഈ സമ്മേളനവും എന്നത്രെ. ഇതിന് നേതൃത്വം കൊടുക്കുന്നത് അമേരിക്കയാണെങ്കില്‍ അതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രം സയണിസമാണ്. മുസ്‌ലിം ഗ്രൂപ്പുകളാണ് ഭീകരത സൃഷ്ടിക്കുന്നതെന്ന് അന്വേഷണത്തെളിവുകളുടെ അടിസ്ഥാനത്തിലാണോ അവര്‍ പറയുന്നത്? അതോ മീഡിയയും അമേരിക്കന്‍ രഹസ്യാന്വഷണ വകുപ്പും നല്‍കുന്ന വിവരങ്ങള്‍ ഏറ്റുപറയുകയാണോ? ഇത്തരമൊരു സ്ഥിതിവിശേഷം മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകം തന്നെ. പക്ഷെ ഇതിന് ഒരു മറുവശം കൂടിയുള്ളത് കാണാതിരുന്നു കൂടാ. മുസ്‌ലിം ലോകത്തിന്റെ പല ഭാഗത്തും വലിയ മാറ്റങ്ങള്‍ നടക്കുകയാണ്. ഭരണത്തിന്റെ ഇസ്‌ലാമിക മാതൃകകള്‍ അവിടെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലേടത്തും ചൂഷകശക്തികള്‍ പുറത്തെറിയപ്പെട്ടിരിക്കുന്നു. ഇതെല്ലാം അധീശ ശക്തികളുടെയും അവയുടെ പിണയാളുകളുടെയും നില പരുങ്ങലിലാക്കിയിട്ടുണ്ട്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ എന്തിനെയും ഉപയോഗിക്കും; ചിലപ്പോള്‍ മലാലയെ, ചിലപ്പോള്‍ നിയമജ്ഞരെ.
(ദഅ്‌വത്ത് ത്രൈദിനം 10-12-2012).

Related Articles