Current Date

Search
Close this search box.
Search
Close this search box.

മഹാനായവന്റെ സല്‍ക്കാരം

നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ, അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും.  ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്. അവഗണിക്കപ്പെടത്തക്ക വല്ല ദുസ്വഭാവവും നമ്മിലുണ്ടോ എന്ന പരിശോധനയാണ് നമ്മുടെ ബാധ്യത.

ഏറ്റവും വലിയ മഹാന്‍ അല്ലാഹുവാണ്. അല്ലാഹുവിനാല്‍ അവഗണിക്കപ്പെടുന്നതിനേക്കാള്‍ വലിയ മറ്റൊരു നഷ്ടം മനുഷ്യര്‍ക്ക് സംഭവിക്കാനില്ല. അല്ലാഹു ആരെയും വെറുതെ അവഗണിക്കുകയില്ല. അല്ലാഹുവെ അവഗണിച്ചവരെ മാത്രമെ അവന്‍ അവഗണിക്കുകയുള്ളു. അല്ലാഹുവെ ഓര്‍ക്കുന്നവനെ അല്ലാഹു ഓര്‍ക്കും. അല്ലാഹുവെ അവഗണിച്ചവന് അല്ലാഹു ഒരു പരിഗണനയും നല്‍കുകയില്ല. ശാന്തിഭവനമായ സ്വര്‍ഗത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് ഇഷ്ടം പോലെ വിഭവങ്ങള്‍ ഒരുക്കിവെച്ചുകൊണ്ടാണ്. നമുക്ക് ആ സല്‍ക്കാര ക്ഷണവും സല്‍ക്കാരവും ഖുര്‍ആനില്‍ നിന്ന് പരിചയപ്പെടാം. ‘അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍.’ (വി.ഖു 10: 25-26)

ക്ഷണിക്കപ്പെട്ടവരൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നോമ്പ് നോറ്റവര്‍ക്ക് പ്രത്യേകമായ ഒരു സ്വര്‍ഗവാതിലുണ്ടെന്നും അവര്‍ക്കുമാത്രമേ അതിലൂടെ പ്രവേശനമുളളൂ എന്നും ഓര്‍ത്തുകൊണ്ട് നോമ്പനുഷ്ഠിക്കണം. എല്ലാ സ്വര്‍ഗവാതിലുകളും ചിലര്‍ക്ക് കൊട്ടിയടക്കപ്പെടും. ഒന്നിനും അവര്‍ അര്‍ഹത നേടിയില്ല എന്നതായിരിക്കും അതിന്റെ കാരണം.’ തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മക്കുള്ള പ്രതിഫലം അതിനു തുല്യമായതായിരിക്കും…’ (10: 27) എന്ന ഇളവുകൂടി പ്രഖ്യാപിച്ച് സ്വര്‍ഗത്തിലെത്താന്‍ പരമാവധി സൗകര്യം അല്ലാഹു ചെയ്തുതന്നിട്ടുണ്ട്.

അതെല്ലാം അവഗണിച്ച വരെ മാത്രമെ അല്ലാഹു അവഗണിക്കുകയുള്ളൂ. തിന്മ ചെയ്തവന് ശിക്ഷവര്‍ധിപ്പിക്കാതിരിക്കുകയും നന്മ ചെയ്തവന് പ്രതിഫലം പല ഇരട്ടികളായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടും സ്വര്‍ഗത്തിലേക്കുളള സല്‍ക്കാരത്തിന് അര്‍ഹത നേടാത്തവന്‍ പുറംതളളപ്പെടുക തന്നെ വേണം. സല്‍ക്കാരം ലഭിക്കാനുളള നിബന്ധന അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ‘ തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍’ (18: 107)

സ്വര്‍ഗമുണ്ട് എന്നുറച്ചുവിശ്വസിച്ചു കൊണ്ട് സല്‍ക്കര്‍മം ചെയ്തവനേ തന്റെ പ്രയത്‌നം ഫലപ്പെടുകയുള്ളൂ. സ്വര്‍ഗം സൃഷ്ടിച്ച അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നതാണ് ഒന്നാമത്തെ നിബന്ധന. അവര്‍ക്കായി ആയിരംമാസത്തെ കര്‍മങ്ങള്‍ക്ക് തുല്യമായ ഒരു രാത്രി റമദാനില്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ്. അതിന്റെ വാര്‍ഷിക ദിനത്തില്‍ ആ പ്രതിഫലം അതാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. ‘തീര്‍ച്ചയായും ഇതിനെ നാം ലൈലത്തുല്‍ഖദ്‌റില്‍ (നിര്‍ണയരാവില്‍) ഇറക്കിയിരിക്കുന്നു. നിര്‍ണയരാവിനെക്കുറിച്ച് നിനക്ക് എന്തറിയാം. നിര്‍ണയരാവ് ആയിരംമാസത്തേക്കാള്‍ ഉത്തമമാവുന്നു.’ (97: 1-3)

ആ രാത്രി റമദാനിലെ ഇന്ന ദിനമാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ല. റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ നിങ്ങളത് തേടിക്കൊള്ളുക എന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിന്റെ സല്‍ക്കാരം ലഭിക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് റമദാനിലെ അവസാനത്തെ പത്തിലെ പ്രയത്‌നങ്ങള്‍.

അവസാനത്തെ പത്തിലേക്കെത്തുമ്പോഴേക്കു തന്നെ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ വിശ്വാസികള്‍ ഉള്‍പ്പെട്ടിരിക്കണം. വല്ല കമ്മിയും അതില്‍ വന്നുപോയെങ്കില്‍ അതു നികത്തി സ്വര്‍ഗം ഉറപ്പാക്കാനുളളതാണ് തുടര്‍ന്നുള്ള നാളുകള്‍. അത് പ്രാധാന്യം നല്‍കപ്പെടേണ്ട ധന്യ മുഹൂര്‍ത്തങ്ങളാണെന്ന് റസൂല്‍(സ)യുടെ വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. മറ്റു ദിനങ്ങളിലേക്കാള്‍ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അവിടുന്ന് റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. ഭജനയിരുന്നതും (ഇഅ്തികാഫ്) ഈ ദിനങ്ങളില്‍ തന്നെ. മനോവിശുദ്ധിയും കര്‍മവിശുദ്ധിയും കൊണ്ട് സ്വര്‍ഗത്തിലെ വിരുന്നു തേടുക.

Related Articles