Current Date

Search
Close this search box.
Search
Close this search box.

മരണാനന്തര ജീവിതം: സാധ്യത

ചരിത്രത്തില്‍ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടതും സംശയിക്കപ്പെട്ടതുമായ വിശ്വാസമത്രെ മരണാനന്തരം ഒരു ജീവിതമുണ്ടെന്ന വിശ്വാസം. മരിച്ചതിനുശേഷം തിരിച്ചുവന്നവരാരുമില്ല എന്നത് അതിനുള്ള മുഖ്യന്യായവുമാണ്.

മനുഷ്യന് ദൈവം രണ്ട് സവിശേഷ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അതിലൊന്ന്, കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള കഴിവാണ്. മറ്റൊന്ന് ലക്ഷണങ്ങളില്‍നിന്ന് ഫലം കണ്ടെത്താനുമുള്ള കഴിവുമാണ്. കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള കഴിവുള്ളതുകൊണ്ടാണ് സൃഷ്ടികളാകുന്ന കാര്യത്തില്‍നിന്ന് സ്രഷ്ടാവാകുന്ന കാരണത്തെ മനുഷ്യന്‍ കണ്ടെത്തുന്നത്. ഇതുപോലെ ലക്ഷണങ്ങളില്‍നിന്ന് ഫലം കണ്ടെത്താനുള്ള കഴിവ് ഉപയോഗപ്പെടുത്തി ഇഹലോക ജീവിത ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു പരലോക ജീവിത സാധ്യതയെ കണ്ടെത്താം.

മനുഷ്യജീവിതത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ടത്രെ. അതില്‍ ഒന്നാം ഘട്ടം പത്തുമാസത്തോളം ദൈര്‍ഘ്യമുള്ള ഗര്‍ഭാശയ ജീവിതമാണ്. കര്‍മ ജീവിതത്തിന്റെ മുന്നോടിയായ കര്‍മ രഹിത ജീവിതമാണിവിടെ. രണ്ടാം ഘട്ടം അതിനേക്കാള്‍ ദൈര്‍ഘ്യമുള്ള ജനനാന്തര ജീവിതമാണ്. അത് കര്‍മജീവിതമാണ്. മൂന്നാം ഘട്ടം അനന്തമായ മരണാനന്തര ജീവിതമാണ്. അത് കര്‍മഫലം അനുഭവിക്കുന്ന ജീവിതമത്രെ.

ഒന്നാം ഘട്ട ജീവിതത്തിന്റെ ലക്ഷണങ്ങള്‍ ഒരു രണ്ടാം ഘട്ട ജീവിതത്തിന്റെ സാധ്യതകളെ വിളിച്ചു പറയുന്നതായി കാണാം. വെളിച്ചം കടക്കാത്ത ഗര്‍ഭാശയ ലോകത്തു വെച്ച് കുഞ്ഞിന് കണ്ണുകളുണ്ടാവുന്നത് കാണാന്‍ വേണ്ടിയാണല്ലോ. ഗര്‍ഭാശയത്തില്‍വെച്ച് പക്ഷേ, കാണാന്‍ കഴിയില്ല. അതിനര്‍ഥം കണ്ണുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍ മറ്റൊരു ഘട്ടത്തിലേക്ക് വരണമെന്നാണ്. കുഞ്ഞിന് കാലുകളുണ്ടാവുന്നത് നടക്കാന്‍ എന്ന ഉദ്ദേശ്യത്തോടെയാണ്. ഗര്‍ഭാശയത്തിലൂടെ, പക്ഷേ നടക്കാനാവില്ല. അതുകൊണ്ടുതന്നെ കാലുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍, നടക്കാന്‍ പറ്റുന്ന മറ്റൊരു ലോകത്ത് വരണം. ഇങ്ങനെ ഗര്‍ഭാശയത്തില്‍ വെച്ചുണ്ടാകുന്ന ഓരോ അവയവവും ഒരു പുതിയ ലോകത്തെ തേടുന്നു. ഒന്നാം ഘട്ട ജീവിതത്തില്‍തന്നെ രണ്ടാം ഘട്ട ജീവിതത്തിനുള്ള ന്യായങ്ങളും തെളിവുകളുമുണ്ടെന്നര്‍ഥം.

ജനനാന്തരം കര്‍മഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് നീതിബോധം അഥവാ ധര്‍മബോധം എന്നൊന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഭൗതികഫലം മാത്രമല്ല ധാര്‍മിക ഫലം കൂടിയുണ്ട്. മനുഷ്യനില്‍ നിലനില്‍ക്കുന്ന നീതിബോധത്തിന് കൃത്യമായ ചില തേട്ടങ്ങളുണ്ട്. അതനുസരിച്ച് സല്‍കര്‍മിക്ക് രക്ഷയും ദുഷ്‌കര്‍മിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയും ലഭിക്കണം. ഈ തേട്ടം പൂര്‍ത്തീകരിക്കാനാണ് കോടതിയും വിചാരണയും ശിക്ഷാ സംവിധാനങ്ങളും മനുഷ്യന്‍ ഒരുക്കിയത്. എന്നാല്‍ നീതിബോധത്തിന്റെ തേട്ടങ്ങളെ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനങ്ങള്‍ക്കാകുമോ? രണ്ട് ഉദാഹരണങ്ങള്‍:

ഒന്ന്, കത്തിക്കൊണ്ടിരിക്കുന്ന വീടിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു വ്യക്തി അതിനിടയില്‍ വെന്ത് മരിക്കുന്നു.
രണ്ട്, വീട്ടുടമസ്ഥനെയും ഭാര്യാസന്താനങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി കിട്ടാവുന്നത്ര സമ്പത്ത് വാരിക്കൂട്ടി പുറത്തിറങ്ങി ഓടുന്നതിനിടയില്‍ കള്ളനും കൊലയാളിയുമായ ഒരാള്‍ കിണറ്റില്‍ വീണ് മരണപ്പെടുന്നു.

ഈ രണ്ട് സംഭവങ്ങളില്‍ മനുഷ്യന്റെ നീതിബോധം മൂന്നു കാര്യങ്ങള്‍ തേടുന്നു. വീട്ടുകാരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ മരണപ്പെട്ട വ്യക്തിയുടെ കര്‍മം ഭൗതികാര്‍ഥത്തില്‍ പരാജയപ്പെട്ടു. അതൊരു പാഴ്‌വേലയായി. എന്നാല്‍ ധാര്‍മികതലത്തില്‍ വിലയിരുത്തുമ്പോള്‍ അത് പ്രതിഫലാര്‍ഹമായ മഹത് കര്‍മമാണ്. രണ്ടാമത്തെ സംഭവത്തില്‍ കള്ളനായ കൊലയാളിക്ക് ശിക്ഷയും നിരപരാധികളായ കുടുംബാംഗങ്ങള്‍ക്ക് നീതിയും കിട്ടണം.

മനുഷ്യന്റെ നീതിബോധത്തിന്റെ ഈ തേട്ടങ്ങളെ പൂര്‍ത്തീകരിക്കാന്‍ മനുഷ്യനിര്‍മിതമായ ഏത് സംവിധാനങ്ങള്‍ക്കാണാവുക? ഇത് പൂര്‍ത്തിയാവാത്തിടത്തോളം ജീവിതകഥ അപൂര്‍ണമാണ്. ഇതിനൊരു പൂര്‍ണത ഉണ്ടാവേണ്ടതില്ലേ? മനുഷ്യന് നീതിബോധമുണ്ടെന്നിരിക്കെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനും അതുണ്ടാവുമെന്നുറപ്പല്ലേ. എന്നിരിക്കെ ജീവിതകഥ ഇവിടെ അവസാനിപ്പിക്കുമോ?

പിന്‍കുറി: കണ്ണിന്റെ തേട്ടം നോട്ടമാണ്. അത് ഗര്‍ഭാശയലോകത്ത് പൂര്‍ത്തിയാവുന്നില്ല. ജനനാന്തരം ഈ ലോകത്താണത് പൂര്‍ത്തിയാവുന്നത് എന്നത് പോലെ നീതിബോധത്തിന്റെ തേട്ടം ഇവിടെ പൂര്‍ത്തിയാവുന്നില്ല. മരണാനന്തരം മറ്റൊരു ലോകത്ത് അത് പൂര്‍ത്തിയാവാതിരിക്കുമോ? മനസാക്ഷി കോടതിയുടെ തേട്ടം മനുഷ്യനിര്‍മിത കോടതിക്ക് പരിഹരിക്കാനാവുകയില്ലെന്നിരിക്കെ ‘ദൈവിക കോടതി’യുടെ സാധ്യത നിരാകരിക്കുന്നതെങ്ങനെ?

മരണാനന്തരം

Related Articles