Current Date

Search
Close this search box.
Search
Close this search box.

മരണാനന്തര ജീവിതം: ഒന്നാം ഘട്ടം

ഭൗതിക ശരീരവും അഭൗതിക ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഇവ രണ്ടും വേര്‍പ്പെടുന്നതാണ് മരണം. അതോടെ ശരീരം ഭൗതിക ലോകത്ത് മണ്ണിലേക്ക് മടങ്ങുന്നു. ആത്മാവ് അഭൗതിക ലോകത്തേക്ക് വിടവാങ്ങുന്നു. മരണാനന്തര ജീവിതതത്തിന്റെ ഒന്നാം ഘട്ടമാണത്രെ അത്. അത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നു:
‘അവര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതു വരെ നീണ്ടുനില്‍ക്കുന്ന ഒരു മറയുണ്ട്, അവര്‍ക്ക് പിന്നില്‍.’ (23:100)

മരണാനന്തരം മനുഷ്യന്‍ വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടും. അതുവരെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പ്പെട്ടു നില്‍ക്കുന്ന ഘട്ടത്തെക്കുറിച്ചാണിവിടെ പറയുന്നത്. ‘ബര്‍സഖീ ജീവിതം’ അഥവാ ‘ഖബര്‍ ജീവിതം’ എന്നാണ് ഈ ജീവിതഘട്ടത്തിന് സാങ്കേതികമായി പറയുന്നത്.

ബൈബിള്‍ ഇത് സംബന്ധമായി പറയുന്നു: ‘വിധി ദിവസം വരെ സൂക്ഷിക്കുന്നതിനായി പാപം ചെയ്ത ദൂതന്‍മാരെ അവിടന്ന് ഇരുള്‍ക്കുഴികളിലേക്ക് തള്ളിവിട്ടു.’ (പത്രോസ് 2:4)
വിധി ദിവസം വരെ ആത്മാവ് നിലകൊള്ളുന്ന ഘട്ടത്തിന് ‘പാതാളം’ എന്നും ബൈബിള്‍ ഭാഷ്യമുണ്ട്.

ഉറക്കത്തില്‍ കാണുന്ന സ്വപ്നത്തെ ഈ ഘട്ടത്തോട് ഉപമിച്ചിട്ടുണ്ട്. ഉറക്കത്തെയും മരണത്തെയും ഖുര്‍ആനും പ്രവാചകനും ഉപമിച്ചു പറഞ്ഞതായി കാണാം. ഖുര്‍ആന്‍ പറയുന്നു:
‘ദൈവം ആത്മാക്കളെ ഏറ്റെടുക്കുന്നു; അവയുടെ മരണ സമയത്ത്. മരിച്ചിട്ടില്ലാത്ത ആത്മാക്കളെയും ഏറ്റെടുക്കുന്നു; അവയുടെ ഉറക്കത്തില്‍. എന്നിട്ടവയില്‍ മരണം നടപ്പാക്കണമെന്നു തീരുമാനിച്ചവയെ തടഞ്ഞു നിര്‍ത്തുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത സമയം വരെ തിരിച്ചയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്നവര്‍ക്ക് മഹത്തായ ദൃഷ്ടാന്തങ്ങളുണ്ടതില്‍.’ (ഖുര്‍ആന്‍ 39: 42)

ഉറക്കത്തെ അര്‍ധമരണം എന്നു പറയാം. ‘ഉറക്കം മരണത്തിന്റെ സഹോദരനാണെ’ന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ സ്ഥലമോ സമയമോ നാം അറിയുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അറിയില്ല. അതിനിടയില്‍ കാണുന്ന നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ മറ്റൊരു ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്.

വിമാനത്തില്‍ വിനോദയാത്ര പോകുന്നതായി സ്വപ്‌നം കാണുന്നൊരാള്‍ സ്വന്തം ശരീരത്തെക്കുറിച്ചോ കിടക്കുന്ന സ്ഥലത്തെക്കുറിച്ചോ അപ്പോഴത്തെ സമയത്തെക്കുറിച്ചോ ഒന്നും അറിയുന്നില്ല. വിമാനത്തില്‍ സന്തോഷകരമായ വിനോദയാത്രയിലാണയാള്‍. അതിനര്‍ഥം കിടക്കുന്ന ശരീരമല്ല മറ്റൊരസ്തിത്വമാണയാള്‍ എന്നാണ്. പുലി പിടിക്കാന്‍ വരുന്നതായി സ്വപ്‌നം കാണുന്നൊരാള്‍ ജീവരക്ഷാര്‍ഥമുള്ള നെട്ടോട്ടത്തിലാവുമ്പോള്‍ അയാളുടെ ശരീരം നിശ്ചലമായി കിടക്കുന്നുണ്ടാവും! അതേ കുറിച്ച് അയാള്‍ അറിയുന്നേയില്ല. ശരീരം നിശ്ചലമായി കിടക്കുമ്പോള്‍, ശരീര സാന്നിധ്യമില്ലാതെത്തന്നെ മറ്റൊരു ലോകത്ത് സുഖദുഖങ്ങള്‍ അനുഭവിക്കുന്നു എന്നത് ശരീരം നശിച്ചാലും ജീവിതം തുടരും എന്നതിനുള്ള ന്യായമാണ്.

ഒരാള്‍ മരിക്കുന്നതോടെ ഭൗതിക ജഡത്തെ ഉത്തരവാദപ്പെട്ടവര്‍ മറവു ചെയ്യുന്നു; എല്ലാ കര്‍മങ്ങള്‍ക്കും ഉത്തരവാദിയായ ആത്മാവ് ദൈവത്തിന്റെ ‘കസ്റ്റഡി’യില്‍ അകപ്പെടുന്നു. കര്‍മഫലം അറിഞ്ഞു തുടങ്ങുന്ന ഘട്ടമാണത്. ഇത് സംബന്ധമായി പ്രവാചകന്‍ പറഞ്ഞതിങ്ങനെ:
‘നിങ്ങളിലാരെങ്കിലും മരിക്കുകയാണെങ്കില്‍ അവന്ന് നിശ്ചയിക്കപ്പെട്ട ഇരിപ്പിടം ഓരോ ദിവസവും രാവിലെയും വൈകുന്നേരവും അവന്‍ കാണിക്കപ്പെടുന്നു. അവന്‍ സ്വര്‍ഗാവകാശികളിലാണെങ്കില്‍ സ്വര്‍ഗത്തിലെ ഇരിപ്പിടവും നരകാവകാശികളിലാണെങ്കില്‍ നരകത്തിലെ ഇരിപ്പിടവുമാണ് കാണിക്കപ്പെടുക. നിനക്ക് കിട്ടാന്‍ പോകുന്ന ഇരിപ്പിടം ഇതാ എന്നവനോടു പറയപ്പെടുകയും ചെയ്യും. നിന്നെ അല്ലാഹു അന്ത്യനാളില്‍ പുനര്‍ജീവിപ്പിക്കുന്നതുവരെ ഈ പ്രക്രിയ തുടരുന്നതാണ്.’

ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും മരിക്കുന്നില്ല. മരണം ജീവിതത്തിന്റെ അന്ത്യമല്ല. കര്‍മ ജീവിതത്തില്‍നിന്ന് കര്‍മഫല ജീവിതത്തിലേക്കുള്ള ഒരു അത്താണി മാത്രമാണ് മരണം.

പിന്‍കുറി: “മരണമേ അഹങ്കരിക്കേണ്ട, ചിലര്‍ നിന്നെ ശക്തനും ഭയങ്കരനുമായി കാണുന്നുണ്ടെങ്കിലും അങ്ങനെയല്ല, നീ.
നീ പിഴുതെറിഞ്ഞെന്ന് നീ വിചാരിക്കുന്നവര്‍ മരിക്കുന്നില്ല. പാവം മരണമേ, നിനക്കാവുകയില്ല എന്നെ കൊല്ലുവാന്‍.”

-John Donne

മരണാനന്തര ജീവിതം: തെളിവ്‌
മരണാനന്തര ജീവിതം: ഒന്നാം ഘട്ടം

Related Articles