Current Date

Search
Close this search box.
Search
Close this search box.

മരണാനന്തരജീവിതം: രണ്ടാം ഘട്ടം

മരണാനന്തര ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് അന്ത്യനാളോടുകൂടിയാണ്. അത് സംബന്ധിച്ചുള്ള ദൈവികമായ അറിയിപ്പ് ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘തീര്‍ച്ചയായും അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാന്‍ മറച്ചുവെച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്റെ അധ്വാനഫലം കൃത്യമായി ലഭിക്കാന്‍ വേണ്ടിയാണിത്.’ (20:15)

നിലവിലുള്ള ലോകം അവസാനിക്കുമെന്നും മനുഷ്യന്‍ ചെയ്ത കര്‍മത്തിന്റെ കൃത്യമായ ഫലം ലഭിക്കുന്നത് അതിനു ശേഷമാണെന്നും ഇവിടെ വ്യക്തമാക്കുന്നു. അന്ത്യനാളിനെ സംബന്ധിച്ച് ബൈബിളില്‍ ഇങ്ങനെ കാണാം: ‘ആ നാളും നാഴികയും സംബന്ധിച്ച് പിതാവല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലും അറിഞ്ഞുകൂടാ.’ (ബൈബിള്‍ പുതിയ നിയമം, മാര്‍ക്കോസ്: 13:12)

മുണ്ഡകോപനിഷത്തില്‍ മൂന്നാം മുണ്ഡകം രണ്ടാം ഖണ്ഡത്തിലെ ആറാം മത്രത്തില്‍ ഒരു ‘പരാന്തകാല’ത്തെക്കുറിച്ച് പറയുന്നുണ്ട്: ‘വേദജ്ഞാനം മുഖേന സുനിശ്ചിതാര്‍ഥരായ യതിവര്യന്മാര്‍ അവരുടെ സന്യാസയോഗം മൂലം, പരാന്തകാലത്ത് ശുദ്ധതത്വന്മാരായി പരബ്രഹ്മത്തിന്റെ ദിവ്യസങ്കേതത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ എല്ലാ വിധേനയും മുക്തി നേടുകയും അമൃതത്വം പ്രാപിക്കുകയും ചെയ്യും.’

ഇവിടെ പറയുന്ന ‘പരാന്തകാല’ത്തിന് ആചാര്യനരേന്ദ്രഭൂഷന്‍ നല്‍കിയ പരിഭാഷ ‘പരലോകത്തെ പ്രാപിക്കുന്ന ഐഹികാവസാനത്തിന്റെ സമയം’ എന്നാണ്. (ദശോപനിഷത്, വാള്യം 1, പേജ് 658, ഡി.സി.ബുക്‌സ്)

നിലവിലുള്ള ഈ ലോകം അവസാനിക്കുമെന്ന കാര്യത്തില്‍ ആധുനിക ശാസ്ത്രത്തിനും അഭിപ്രായാന്തരമില്ല.

ലോകാന്ത്യത്തിന്റെ ഭയാനകത ഖുര്‍ആന്‍ പല സ്വഭാവത്തില്‍ വിവരിച്ചിട്ടുണ്ട്.
‘ഭൂമിയും മലകളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍കൂനകള്‍ പോലെ ചിതറിപ്പോവുകയും ചെയ്യുന്ന ദിനമാണത്.'(73:14)
‘സമുദ്രങ്ങള്‍ക്ക് തീ പിടിക്കുന്ന സന്ദര്‍ഭമാണത്.’ (81:6)
‘സൂര്യന്‍ ചുറ്റിപൊതിയുമ്പോള്‍. നക്ഷത്രങ്ങള്‍ കെട്ടു പോകുമ്പോള്‍.’ (81:1, 2)
‘വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍.’ (81:5)
അന്ന് മനുഷ്യന്‍ എത്തിപ്പെടുന്ന ഭയാവസ്ഥയെ ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:
‘നിങ്ങളതിനു സാക്ഷിയാകുന്ന ദിവസം മുലയൂട്ടുന്ന സ്ത്രീകള്‍ കുഞ്ഞുങ്ങളെ മറന്നുപോകും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോകും. ജനങ്ങളെ ലഹരി ബാധിച്ചവരെപ്പോലെ നീ കാണും. യഥാര്‍ഥത്തിലവര്‍ ലഹരി ബാധിതരല്ല. എന്നാല്‍ ദൈവത്തിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും.’ (22:2)
അന്ന് മനുഷ്യന്‍ എത്തിപ്പെടുന്ന നിസഹായവസ്ഥയെപ്പറ്റി പറയുന്നതിങ്ങനെ: ‘കണ്ണുകള്‍ അഞ്ചിപ്പോവുകയും ചന്ദ്രന്റെ പ്രകാശം കെട്ടുപോവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍, അന്ന് മനുഷ്യന്‍ ചോദിക്കും: ‘എവിടേക്കാണ് ഓടേണ്ടത്?’ ഇല്ല. ഒരഭയസ്ഥാനവുമില്ല. അന്ന് ഓടിച്ചെല്ലേണ്ടത് നിന്റെ നാഥനിലേക്കാണ്.’ (75: 7-12)

ഈ പറഞ്ഞതിനര്‍ഥം ലോകാവസാനം മനുഷ്യന്റെ അവസാനമല്ല. മനുഷ്യജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രവേശന നിമിത്തമാണ്. ആദ്യമനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെ അഭിമുഖീകരിച്ച കര്‍മജീവിതത്തിലെ ധാര്‍മികതയുടെ തോത് നോക്കി റിസള്‍ട്ട് പ്രഖ്യാപിക്കാനുള്ള സന്ദര്‍ഭമാണത്. മനുഷ്യന്‍ സൃഷ്ടിച്ച ഇന്നത്തെ ദൈവങ്ങളും നേതാക്കളും രക്ഷിതാക്കളുമെല്ലാം അന്ന് അരക്ഷിതാവസ്ഥിലേക്കെറിയപ്പെടും. അതിനാല്‍:
‘അല്ലയോ ജനങ്ങളേ, ദൈവത്തിന്റെ കോപത്തെ സൂക്ഷിക്കുവിന്‍. പിതാവ് പുത്രന് ഒരുപകാരവും ചെയ്യാത്ത, പുത്രന് തന്റെ പിതാവിന് ഒരുപകാരവും ചെയ്യാനാവാത്ത ആ നാളിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും ദൈവത്തിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഈ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ദൈവത്തിന്റെ കാര്യത്തില്‍ ഒരു വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.’ (വിശുദ്ധ ഖുര്‍ആന്‍)

പിന്‍കുറി: ഒരു ഗ്രാമീണന്‍ പ്രവാചകനോട്: ‘എപ്പോഴാണ് ലോകാവസാനം?’
പ്രവാചകന്‍: ‘വിശ്വസ്തത നഷ്ടപ്പെടുത്തിയാല്‍ ലോകാവസാനം പ്രതീക്ഷിക്കുക.’
ഗ്രാമീണന്‍: ‘വിശ്വസ്തത നഷ്ടപ്പെടുത്തല്‍ എങ്ങനെയാണ്?’
പ്രവാചകന്‍: ‘അര്‍ഹതയില്ലാത്തവരിലേക്ക് കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടു തുടങ്ങിയാല്‍ ലോകാവസാനം പ്രതീക്ഷിക്കുക.’

മരണാനന്തരജീവിതം: ഒന്നാം ഘട്ടം
മരണാനന്തരജീവിതം: മൂന്നാം ഘട്ടം

Related Articles