Current Date

Search
Close this search box.
Search
Close this search box.

മരണാനന്തരം

മരണാനന്തരം എന്ത് എന്നതിനെ സംബന്ധിച്ച് പ്രധാനമായും മൂന്ന് വീക്ഷണങ്ങളാണത്രെ ഉള്ളത്. അതിലൊന്ന്, കര്‍മ ഫലമനുസരിച്ച് സല്‍കര്‍മികള്‍ ഉത്തമയോനികളിലും (ഉയര്‍ന്ന ജാതിയില്‍) ദുഷ്‌കര്‍മികള്‍ നീചയോനികളിലും (താഴ്ന്ന ജാതിയില്‍) പുനര്‍ജനിക്കും എന്ന് പഠിപ്പിക്കുന്ന പുനര്‍ജന്മ സങ്കല്‍പമാണ്. രണ്ടാമത്തേത്, കത്തിക്കൊണ്ടിരിക്കുന്ന ദീപം അണയുമ്പോള്‍ തീനാളം ഇല്ലാതാകുന്നതുപോലെ മരിക്കുന്നതോടെ എല്ലാം തീരുന്നു എന്ന ഭൗതിക വീക്ഷണമാണ്. മൂന്ന്, ഇഹലോക ജീവിതത്തിലെ കര്‍മങ്ങള്‍ക്കനുസരിച്ച് മരണാനന്തരം സ്വര്‍ഗമോ നരകമോ ലഭിക്കും എന്നാണ്.

കഴിഞ്ഞ ജന്മത്തില്‍ താനെന്തു നന്മകളാണ് ചെയ്തതെന്ന് ഉത്തമയോനിയില്‍ പിറന്നവനോ എന്തു തെറ്റുകളാണ് താന്‍ ചെയ്തതെന്ന് നീചയോനിയില്‍ പിറന്നവനോ അറിയുന്നില്ല. വിചാരണ നടത്താതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും രക്ഷാശിക്ഷകള്‍ നല്‍കല്‍ അനീതിയായതിനാല്‍ കര്‍മത്തിന്റെ രക്ഷാ ശിക്ഷകള്‍ ഇങ്ങനെ സംഭവിക്കാന്‍ ന്യായമില്ല.

ആത്മാവിന്റെ അസ്തിത്വം നിഷേധിക്കുന്ന ഭൗതിക വീക്ഷണമാണ് രണ്ടാമത്തേത്. ആത്മാവ് എന്നൊന്നില്ലെങ്കില്‍ ആ വീക്ഷണം ശരിയുമാണ്. പക്ഷേ, ആത്മാവ് ഇല്ല എന്നു പറയാമോ?

ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരിച്ചപ്പോള്‍ ആത്മാവില്‍ വിശ്വസിക്കാത്ത ഇ.കെ.നായനാര്‍ പൊട്ടിക്കരഞ്ഞില്ലെ. കണ്ണുകളിലൂടെ കണ്ണീരൊഴുകിയില്ലെ. ഭൗതിക വീക്ഷണ പ്രകാരം അദ്ദേഹത്തിന്റെ കണ്ണീരിന്റെ കാരണമെന്താണ്? ശരീരത്തില്‍ നടന്ന ഒരു രാസപ്രവര്‍ത്തനം, അല്ലെങ്കില്‍ ഏതോ ഗ്രന്ഥിയുടെ പ്രവര്‍ത്തനം! എങ്കില്‍ ചോദ്യമിതാണ്: അദ്ദേഹം കരഞ്ഞത് ആത്മാര്‍ഥമായിട്ടായിരുന്നുവോ? ആയിരുന്നു എന്നുറപ്പാണല്ലൊ. എങ്കില്‍ മറ്റൊരു ചോദ്യം: ആത്മാര്‍ഥതയുടെ ഉറവിടം എവിടെയാണ്?

ആത്മാര്‍ഥത എന്നത് ഏതെങ്കിലും രാസപ്രവര്‍ത്തനത്തിലൂടെയോ ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായോ ഉണ്ടാവുന്നതാണെന്ന് മനുഷ്യ മനസാക്ഷി സമ്മതിക്കുകയില്ല. അതുകൊണ്ട് പറയാം ആത്മാര്‍ഥതയുടെ ഉറവിടം ആത്മാവിലാണെന്ന്. അതിനെ നിഷേധിച്ചാലും അതൊരു യാഥാര്‍ഥ്യമത്രെ.

ആത്മാവ് ഒരു യാഥാര്‍ഥ്യമാണെന്നു വരുമ്പോള്‍, പഞ്ചഭൂതങ്ങളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ട ശരീരമാകുന്ന കുപ്പായം മരിക്കുന്നതോടെ അഴിച്ചുവെക്കുകയാണെന്നു വരുന്നു. പക്ഷേ ആത്മാവോ?

ശരീരത്തിനെന്തു സംഭവിക്കുന്നു എന്ന കാര്യം ഭൗതിക വിജ്ഞാനത്തിനു പറയാന്‍ കഴിയും. എന്നാല്‍ ആത്മാവിനെന്തു സംഭവിക്കുന്നു എന്ന കാര്യം ആത്മീയ വിജ്ഞാന ശാഖക്കാണത്രെ പറയാന്‍ കഴിയുക. ആത്മീയ പ്രമാണങ്ങളുടെ ചില സാക്ഷ്യങ്ങള്‍ ഇങ്ങനെയാണ്:
ഖുര്‍ആന്‍ പറയുന്നു: ‘എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. മരണാനന്തര ജീവിതമാണ് ഏറ്റവും ഉത്തമവും ഏറെ ശാശ്വതവും. സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്…’ (87: 16-18)

പൂര്‍വവേദങ്ങളുടെ സാക്ഷ്യങ്ങളിതാ: അഥര്‍വ വേദത്തില്‍ പറയുന്നു: ‘ഹേ ദമ്പതികളേ, പരലോകത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് സല്‍കര്‍മങ്ങള്‍ ചെയ്യൂ.’ (6:122-3)
ബൈബിള്‍ പറയുന്നു: ‘പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്ന ഒരുവനോടും ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല.’ (മത്തായി 12:32)

വേദപ്രമാണങ്ങളുടെ സാക്ഷ്യപ്രകാരം മരണത്തോടെ അവസാനിക്കുന്നതല്ല ജീവിതം. അതിനാല്‍തന്നെ അതിന്റെ സാധ്യതയെ വിശകലനം ചെയ്യാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്.

പിന്‍കുറി: രംഗം കുരുക്ഷേത്ര യുദ്ധം. കൃഷ്ണന്‍ സാരഥി. അര്‍ജുനന്‍ വില്ലാളി. അര്‍ജുനന്റെ ബന്ധുമിത്രാദികളും ഗുരുവര്യന്മാരും ശത്രുക്കള്‍. നിസ്സംഗനായി നില്‍ക്കുന്ന അര്‍ജുനനോട് കൃഷ്ണന്‍:
“മരിക്കുകില്‍ സ്വര്‍ഗമെത്താം
ജയിച്ചാല്‍ ഭൂമി വാണിടാം
അതിനാലെഴുന്നേക്കണം
യുദ്ധം ചെയ്യാനുറച്ചു നീ”
                         -(ഗീത, ദ്വിതീയാധ്യായം, ശ്ലോകം 37)

മരണം
മരണാനന്തരം

Related Articles