Current Date

Search
Close this search box.
Search
Close this search box.

മയക്കുമരുന്നും രണ്ട് പെണ്‍കുട്ടികളും

മലപ്പുറം ജില്ലയുടെ പ്രധാന നഗരത്തില്‍ ബസ്സു നിന്നു. ഇറങ്ങിയതിനേക്കാള്‍ പതിമടങ്ങ് ആളുകള്‍ അടിച്ചു കയറുകയാണ്. നിമിഷങ്ങള്‍ക്കകം, പൊതുജനങ്ങളാലും വിദ്യാര്‍ത്ഥികളാലും ബസ്സു ഞെരുങ്ങി. എന്നെ പോലുള്ളവരുടെ ഉറക്കം പമ്പ കടന്നു. ബസ്സു വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയാണ്. ഉറക്കമുണര്‍ന്നവര്‍ സ്വപ്നലോകത്തിലേക്കും.
പാതി ഉറക്കത്തില്‍ വീണിട്ടേയുള്ളു. അപ്പോഴാണ് അല്പം ചില വാക്കുകള്‍ ഉറക്കം കെടുത്തിയത്.
‘എല്‍. എസ്. ഡി, മരിജുവാന…..’അങ്ങനെ പോകുന്നു ആ വാക്കുകള്‍. ഈ പേരുകള്‍ ഇത്ര പരസ്യമായി കൈകാര്യം ചെയ്യാന്‍ ആരാണ് ഇവിടെ ധൈര്യമെടൂക്കുന്നത്? പതുക്കെ കണ്ണു തുറന്നു നൊക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ടു പെണ്‍ കുട്ടികള്‍ ! നഗരത്തിലെ പ്രശസ്ത വിദ്യാലയത്തിന്റെ യൂണിഫോമണിഞ്ഞ രണ്ടു ഹിന്ദു പെണ്‍കുട്ടികള്‍ ! പതിമൂന്നും പതിനാലും വയസ്സുള്ള സുമുഖികള്‍ ! ഇവരില്‍ പതിനാലു കാരിയെ താങ്ങി നിറുത്തുന്നത് ഞാനാണെന്ന് അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. അമ്പരപ്പോടെ വീണ്ടും കണ്ണടച്ചു. ഇരുവരും അഭിമുഖമായി നിന്നു കൊണ്ട് സംസാരം തുടരുകയാണ്.
പതിനാലുകാരിയുടെ വായില്‍ നിന്നാണീ പേരുകള്‍ പുറത്തു വരുന്നത്. പതിമൂന്നു കാരിക്ക് ഇത്തരം കാര്യങ്ങളിലൊന്നും അത്ര പിടിപാടില്ല. ഈ വസ്തുക്കളുടെ ഗുണങ്ങള്‍ അവളെ പഠിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുതിര്‍ന്നവള്‍ സ്വയം ഏറ്റെടൂത്തിക്കുന്നത്. ഇതിനിടയില്‍ ശിഷ്യക്ക് ഒരു സംശയം:
‘നിനക്കെങ്ങനെ ഇത്ര പരിചയം? നീ ഇവ ഉപയൊഗിച്ചിട്ടുണ്ടോ?’
‘പിന്നെ! ആണ്‍കുട്ടികളെ പ്രേമിച്ചു നടക്കുന്നതിനേക്കാള്‍ എത്ര രസമാണതെന്നോ!‘
‘എവിടെ നിന്നാണ് നിനക്കത് കിട്ടുന്നത്?’
‘ …. യിലെ ആ പെട്ടിക്കടയില്‍ നിന്ന്. എന്താ നിനക്ക് വേണോ? ഞാന്‍ സംഘടിപ്പിച്ചു തരാം.’
‘എയ്, എനിക്ക് വേണ്ട. നീ അത് വാങ്ങുന്നത് ആരും കാണില്ലേ?’
‘മിഠായിയോ പേനയൊ വാങ്ങുകയാണെന്നേ ആളുകള്‍ വിചാരിക്കുകയുള്ളു. എന്നെ കണ്ടാല്‍ അയാള്‍ക്ക് മനസ്സിലാകും. ആരുമറിയാതെ സാധനം എന്റെ കൈയിലെത്തും.’
‘അമ്മയും ചേച്ചിയുമൊന്നും അറിയില്ലേ?’
‘ഇല്ല’
‘ഒമ്പതാം ക്ലാസ്സിലെത്തിയതേ ഉള്ളു. അപ്പോഴെക്കും….  ഞാനെന്തായാലും ചേച്ചിയോട് പറഞ്ഞു കൊടൂക്കും. നോക്കിക്കൊ.’
‘നീ പറഞ്ഞു കൊടൂക്ക്. എനിക്കെന്താ?’
ആ സംഭാഷണം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്റെ അത്ഭുതം ശതഗുണീഭവിച്ചു. യതൊരു കൂസലുമില്ലാതെ ഈ പെണ്‍കുട്ടി സംസാരിക്കുന്നു. ഇവള്‍ മയക്കു മരുന്ന് വിദഗ്ദ്ധ തന്നെ. എന്റെ ഉറക്കം വിട ചൊല്ലി
അപകടമാണീ കുട്ടി. അവള്‍ നശിച്ചു. മറ്റെ കുട്ടിയെ കൂടി നശിപ്പിക്കാനുള്ള പുറപ്പാടിലാണ്.  ആ കുട്ടി പിടിച്ചു നില്‍ക്കുന്നുണ്ട്. പക്ഷെ, എത്ര കാലം? ഇവള്‍ എത്ര കൂട്ടുകാരികളെ, ഇങ്ങനെ, ഇവളുടെ വലയില്‍ കുടുക്കിയിട്ടുണ്ടാകും. മുതിര്‍ന്നവരെ പോലെ, വിദ്യാര്‍ത്ഥി സമൂഹം മയക്കുമരുന്നിന്ന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പലപ്പോഴും വായിച്ചതാണ്. പക്ഷെ, അതിനൊന്നും അത്ര ചെവി കൊടുത്തിരുന്നില്ല. ഇപ്പൊഴിതാ, ആ വാര്‍ത്തകളുടെയെല്ലാം മൂര്‍ത്തരൂപം, മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു!
‘എന്തായാലും ഈ കുട്ടിയെ രക്ഷിക്കണം! അവളുടെ കൂട്ടുകാരികളെയും രക്ഷപ്പെടുത്തണം!‘ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് ആരോ വിളിച്ചു പറയുന്നു.

പക്ഷെ, ഇവള്‍ എവിടത്തുകാരിയാണ്? ആരുടെ മകളാണ്? ഇതൊന്നുമറിയില്ല. ബസ്സില്‍ വെച്ച് ഗുണദോഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമെ ചെയ്യുകയുള്ളു, ഇക്കാലത്ത്. ഏതായാലും അവര്‍ ഇറങ്ങുന്ന സ്ഥലം ശ്രദ്ധിക്കാന്‍ തീരുമാനിച്ചു.
അവസാനം, ഞാനിറങ്ങുന്ന അതേ സ്റ്റാന്റില്‍ തന്നെ അവരും ഇറങ്ങി. എനിക്ക് പോകാനുള്ള അതേ ബസ്സില്‍ അവരും കയറി. ആശ്വാസമായി. അല്പം കഴിഞ്ഞു, അവര്‍ ഇറങ്ങി. അപ്പോള്‍, മറ്റൊരു അത്ഭുതം വീണ്ടും എന്നെ പിടികൂടുകയായിരുന്നു. ചുറ്റു പാടും, പ്രശസ്തമായ നിരവധി സ്‌കൂളുകളുള്ള ഒരു പ്രദേശം. അവയെല്ലാം ഉണ്ടായിട്ടും, പഠന നിലവാരം മെച്ചപ്പെടൂത്താനായി, അങ്ങു ദൂരെ, നഗരത്തിലെ വിദ്യാലയത്തില്‍, രക്ഷിതാക്കള്‍ ഇവരെ ചേര്‍ത്തിരിക്കുകയാണ്. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായ അവര്‍, യഥാര്‍ത്ഥത്തില്‍ എന്തു നടക്കുന്നുവെന്നു അറിയുന്നുണ്ടോ? കുടുംബത്തിന്നും നാട്ടിന്നും നാട്ടാര്‍ക്കും പ്രയോജനകാരികളായ ഡോക്ടറെയും എഞ്ചിനീയറെയും, ഐ. എ. എസ്സുകാരനെയും ഐ. പി എസ്സുകാരനെയും, മറ്റും മറ്റും സ്വപ്നം കണ്ട്, വാരിക്കൊരി പണം ചെലവൊഴിച്ചു, ദൂരദിക്കില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഇവര്‍, പലപ്പോഴും തിരിച്ചു വരിക, കുടുംബത്തിന്നോ നാട്ടിന്നോ നാട്ടാര്‍ക്കോ ഒരു പ്രയോജനവും ചെയ്യാത്ത, എന്നാല്‍ ഉപദ്രവം ചെയ്യുന്ന സ്വപ്നാടകരായായിരിക്കുമെന്ന് , ഇവര്‍ സ്വപ്‌നേപി ചിന്തിച്ചിട്ടുണ്ടായിരിക്കുമോ? ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 48.2 ശതമാനം മയക്കുമരുന്നു ഉപയോഗിക്കുന്നവരാണെന്ന ഞെട്ടിക്കുന്ന വസ്തുത ഇവരറിഞ്ഞിരിക്കുമൊ? അവരില്‍ 43.8 ശതമാനം മരിജുവാനയുടെ ഉപഭോക്താക്കളാണത്രെ. ഇവരില്‍ 9 ശതമാനവും, എട്ടാം ഗ്രേഡുകാരില്‍ 14. 5ശതമാനവും Inhalents ഉപയോഗിക്കുന്നവരാണ്. പന്ത്രണ്ടാം ഗ്രേഡുകാരില്‍ 8.6 ശതമാനം hallucinogens ഉപയോഗിക്കുന്നു. എല്‍. എസ്. ഡി ഉപഭോക്താക്കള്‍ നാലു ശതമാനമാണ്. ഹൈസ്‌കൂള്‍ സീനിയേഴ്‌സില്‍ ഏകദേശം 5.5 ശതമാനം കോക്കൈനും 2.4 ശതമാനം ക്രാക്കും 1.6 ശതമാനം ഹിറൊയിനും ഉപയോഗിക്കുമ്പോള്‍, അവരില്‍ 71 ശതമാനവും രണ്ടാം വര്‍ഷക്കാരില്‍ 58.2 ശതമാനവും, എട്ടാം ഗ്രേഡുകാരില്‍ 35.8 ശതമാനവും ആള്‍ക്കഹോള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈസ്‌കൂള്‍ സീനിയേഴ്‌സില്‍ 8 ശതമാനവും, രണ്ടാം വര്‍ഷക്കാരില്‍ 7.7 ശതമാനവും Vicodin ഉപയൊഗിക്കുന്നവരാണെങ്കില്‍, സീനിയേഴ്‌സിലെ 5.1 ശതമാനവും രണ്ടാം വര്‍ഷക്കാരില്‍ 4.6 ശതമാനവും OxyConin ഉപയോഗിക്കുന്നവരത്രെ.  (Teen Drug Addiction)
ഇതെല്ലാം ഓര്‍ത്തപ്പോള്‍, ഒരു വിശ്വാസിയെന്ന നിലക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെത്തിയ ഉടനെ, പ്രസ്തുത പ്രദേശത്തെ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. ആ കുട്ടിയെ രക്ഷപ്പെടുത്തണമെന്നു തീരുമാനിച്ചിരിക്കുന്നുവെന്നും അതിനാല്‍ എത്രയും വെഗം രക്ഷിതാക്കളെ കണ്ടെത്തി കാര്യം ഗൗരവമായി ശ്രദ്ധയില്‍ പെടൂത്തണമെന്നും അദ്ദേഹത്തെ ചുമതലപ്പെടൂത്തി. ഇസ്ലാമിക പ്രവര്‍ത്തകനായ ആ സുഹൃത്ത് കുടുംബത്തെ തിരിച്ചറിയുകയും, അവര്‍ക്ക് തൊട്ടടൂത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഈ ഉത്തരവാദിത്തം ഏല്പിക്കുകയുമായിരുന്നു.

Related Articles