Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനെ സൃഷ്ടിച്ചത്

newborn.jpg

ക്ലോക്കുണ്ടാക്കിയതെന്തിനാണെന്ന് ക്ലോക്കിനറിയില്ല; ക്ലോക്കുണ്ടാക്കിയ മനുഷ്യനറിയാം. മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനുഷ്യനറിയില്ല; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനതറിയാം, ദൈവത്തിനേ അതറിയൂ. എങ്കില്‍, എന്തിനാണ് താന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് അറിയാനാഗ്രഹിക്കുന്ന മനുഷ്യനോട് അത് പറയേണ്ട ബാധ്യത ദൈവത്തിനില്ലേ? ഉണ്ടെന്നുറപ്പാണ്. എന്തുകൊണ്ട്?

ഇവിടെ സൃഷ്ടിക്കപ്പെട്ട സകലസൃഷ്ടികള്‍ക്കും സ്രഷ്ടാവായ ദൈവം സൃഷ്ടിച്ചതോടൊപ്പം അവയുടെ ധര്‍മങ്ങളും നിര്‍ണയിച്ചു കൊടുത്തതായി കാണാം. സൂര്യന്‍, വായു, വെള്ളം തുടങ്ങി എല്ലാറ്റിനും അവയുടേതായ ധര്‍മങ്ങളുണ്ട്. ബാക്ടീരിയ പോലുള്ള ചെറുജീവികള്‍ക്ക് പോലും മഹത്തായ ധര്‍മങ്ങളുണ്ട്. അവ ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയിലേക്ക് ആദ്യമായി ഒരു മരത്തില്‍ നിന്ന് ഞെട്ടറ്റുവീണ ഇല മുതല്‍ ആദ്യം മരിച്ച മനുഷ്യന്റെ ശവശരീരമടക്കം ഇവിടെ കേട്കൂടാതെ കിടക്കുന്നുണ്ടാവും! എങ്കില്‍ ഭൂമിയിലെ ജീവിതം എത്ര തലമുറക്ക് സാധ്യമാകും? ഭൂമി ജീവിക്കാന്‍ യോഗ്യമാക്കുന്നതിന്റെ പിന്നില്‍ സൂര്യനും വായുവും വെള്ളവുമൊക്കെ നിര്‍വഹിക്കുന്ന മഹത്തരമായ ധര്‍മം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇത്തരം ചെറുജീവികള്‍ അടക്കം അണ്ഡകടാഹം മുഴുവന്‍ നിര്‍വഹിക്കുന്നുണ്ടത്രെ. അതുകൊണ്ടാണ് ‘പ്രപഞ്ചത്തില്‍ സൗരയൂഥം മാത്രമാണുണ്ടായിരുന്നതെങ്കില്‍ മനുഷ്യനുണ്ടാകുമായിരുന്നില്ല.’ (പ്രപഞ്ചം, പേജ് 203, പി. കേശവന്‍ നായര്‍) എന്ന് ആധുനിക ശാസ്ത്രം പറയുന്നത്.

മാത്രമല്ല, മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കപ്പെട്ട സകല അവയവങ്ങള്‍ക്കും, ഓരോ രോമത്തിനും കോശത്തിനും ധര്‍മങ്ങളുണ്ട്. അതിനര്‍ഥം സ്രഷ്ടാവായ ദൈവം സൃഷ്ടിക്കുക മാത്രമല്ല, അതോടൊപ്പം സൃഷ്ടികള്‍ക്ക് അവയുടെ ധര്‍മങ്ങള്‍ കൂടി നിര്‍ണയിച്ചു കൊടുക്കുന്നുണ്ട്. എന്നിരിക്കെ ധര്‍മാധര്‍മ ബോധത്തോടു കൂടി കര്‍മം ചെയ്യാന്‍ കഴിയുന്ന മനുഷ്യന് അവന്റെ ധര്‍മം എന്താണെന്ന് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത ദൈവം നിര്‍വഹിക്കാതിരിക്കാന്‍ ന്യായമില്ല. അതുകൊണ്ടാണ് ഖുര്‍ആനിലൂടെ ദൈവം പറഞ്ഞത് ‘നിശ്ചയമായും (മനുഷ്യന്) നേര്‍വഴി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്.’ (92: 12)

ചിന്തിച്ച് ധര്‍മാധര്‍മബോധത്തോടെ കര്‍മം ചെയ്യാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. തേന്‍ കൊണ്ട് തിന്മ ചെയ്യാനും വിഷം കൊണ്ട് നന്മ ചെയ്യാനും മനുഷ്യന് കഴിയും. അതോടൊപ്പം ഒരാള്‍ക്ക് നന്മയായി തോന്നുന്ന പലതും മറ്റു ചിലര്‍ക്ക് തിന്മയായി തോന്നാം. സത്യാസത്യങ്ങളും ധര്‍മാധര്‍മങ്ങളും തഥൈവ. അതിനാല്‍, ആത്യന്തികമായ സത്യമാര്‍ഗം അഥവാ നേര്‍വഴി അറിയല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരാവശ്യവും അവകാശവുമാണ്. മറ്റു ചരാചരങ്ങളെ സംബന്ധിച്ചടത്തോളം അങ്ങനെയല്ല. അതുകൊണ്ടു തന്നെ, സൂര്യന്റെയും വായുവിന്റെയും വെള്ളത്തിന്റെയുമൊക്കെ ധര്‍മങ്ങള്‍ അവയുടെ പ്രകൃതിയില്‍ നിക്ഷിപ്തമാണ്. ഹൃദയത്തിന്റെ ധര്‍മം അതിന്റെ പ്രകൃതിയിലും വൃക്കയുടെ ധര്‍മം അതിന്റെ പ്രകൃതിയിലും നിശ്ചയിച്ചിരിക്കുന്നു. സൃഷ്ടിച്ചപ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ട അവയുടെ ധര്‍മങ്ങളെ മറിമടക്കാനാവക്ക് സ്വന്തം നിലക്ക് സാധ്യവുമല്ല.

എന്നാല്‍ മനുഷ്യര്‍ക്ക് അങ്ങനെയല്ല. ഒരു ആശയത്തിനു വേണ്ടി അല്ലെങ്കില്‍ വിശ്വാസത്തിനു വേണ്ടി മരിക്കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. മറ്റു ചരാചരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ ജീവിക്കുന്നത് ആശയങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയുമാണ്. മനുഷ്യനെ ശരിയിലേക്ക് അല്ലെങ്കില്‍ നന്മയിലേക്ക് നയിക്കുന്ന ആശയം ശരിയും തെറ്റിലേക്ക് അല്ലെങ്കില്‍ തിന്മയിലേക്ക് നയിക്കുന്നത് തെറ്റുമാണ്. തെറ്റാണെങ്കിലും ശരിയാണെങ്കിലും അത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അതാണത്രെ മനുഷ്യന് ദൈവത്തില്‍ നിന്നുള്ള പരീക്ഷണം.

ഒരു പരീക്ഷണാര്‍ഥം സൃഷ്ടിക്കപ്പെട്ട ഇങ്ങനെയുള്ള മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കേണ്ടത് സ്വാഭാവികമായും പ്രകൃതിതലത്തിലല്ല; ആശയതലത്തിലാണ്. അതുകൊണ്ടാണത്രെ ദൈവദൂതന്‍മാരെ അഥവാ പ്രവാചകന്‍മാരെ നിയോഗിച്ചു കൊണ്ട്, വേദഗ്രന്ഥങ്ങള്‍ നല്‍കികൊണ്ട് ദൈവം മനുഷ്യന് ആശയതലത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത്. അങ്ങനെ, മനുഷ്യാരംഭം മുതല്‍ ലക്ഷത്തില്‍ പരം ദൈവദൂതന്‍മാരെ ആത്യന്തിക സത്യമാര്‍ഗം ജനങ്ങളെ പഠിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ടത്രെ. അവരില്‍ അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിയും അവസാനത്തെ വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആനുമാണ്.

പിന്‍കുറി: ഒരു കമ്പ്യൂട്ടര്‍ ശരിയായ പ്രവര്‍ത്തിക്കണമെങ്കില്‍ നിര്‍മിച്ച കമ്പനി നല്‍കിയ കാറ്റലോഗ് അനുസരിച്ചാണത് പ്രവര്‍ത്തിപ്പിക്കേണ്ടത്. ഈ യാഥാര്‍ഥ്യം അംഗീകരിച്ചാല്‍, മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യജന്മത്തെ സഫലമാക്കാന്‍ പ്രവാചകന്‍മാരിലൂടെ നല്‍കിയ വേദാധ്യാപനങ്ങള്‍ ജീവിതത്തിന്റെ ‘കാറ്റലോഗ്’ ആയി അംഗീകരിക്കുന്നതാവും ശരി.

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്
ദൈവദൂതന്‍

Related Articles