Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനില്‍ നിന്ന് മൃഗങ്ങളെ ഉണ്ടാക്കുന്ന വിധം

gujarat.jpg

തികച്ചും ഏകപക്ഷീയമായ 2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊലയാളികളുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തികൊണ്ട് 2007-ല്‍ താന്‍ പുറത്തുവിട്ട സ്റ്റിംഗ് ഓപറേഷന്‍ റിപ്പോര്‍ട്ട് രാജ്യനിവാസികളില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല എന്ന് പരിതപിച്ച് ആശിഷ് ഖേത്താന്‍ തെഹല്‍ക്കയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഒരു ലേഖനം എഴുതിയിരുന്നു. ഈ കുറിപ്പിനോട് പ്രതികരിച്ച് നിരവധി പേര്‍ അയച്ച കത്തുകള്‍ പിന്നീടുള്ള ലക്കത്തില്‍ തെഹല്‍ക്ക പ്രസിദ്ധീകരിച്ചിരുന്നു. ഖേത്താന്റെ പരിഭവം വളരെ ന്യായമാണെന്നാണ് ആ കത്തുകളുടെ പൊതുവികാരം. വളരെ ധീരമായ പത്രപ്രവര്‍ത്തനം കാഴ്ച വെച്ചതിന് അവര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. തെഹല്‍ക്കയുടെ ഒക്‌ടോബര്‍ 6 ലക്കത്തില്‍ ഇത്തരത്തിലുള്ള എതാനും കത്തുകള്‍ നിങ്ങള്‍ക്ക് കാണാം. അതിലൊരു കത്ത് പ്രത്യേകം വേറിട്ട് നില്‍ക്കുന്നു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

ദിബ്യ മൊഹപത്ര എന്ന വനിത ഇമെയില്‍ ചെയ്ത കത്തിലാണ് നമ്മുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ആ പരാമര്‍ശമുള്ളത്. ‘മനുഷ്യകുലത്തിന്, പ്രത്യേകിച്ച്  ഇന്ത്യക്കാര്‍ക്ക് വലിയൊരു സേവനമാണ് ആശിഷ് ഖേത്താന്‍ ചെയ്തത്’ എന്നെഴുതിയ ശേഷം അവര്‍ തുടരുന്നു: ‘നാം നമ്മുടെ ജനങ്ങളെ മൃഗങ്ങളാക്കി മാറ്റിയിരിക്കുന്നു. ആ മൃഗങ്ങള്‍ക്ക് ഒട്ടും കരുണയോ അനുതാപമോ ഇല്ല.’ ഈ പരാമര്‍ശം കൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നില്ലെങ്കിലും സന്ദര്‍ഭത്തില്‍ നിന്ന് എല്ലാം വ്യക്തമാണ്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ എഴുത്ത്. മനുഷ്യക്കോലമുള്ളവരുടെ മൃഗസമാനമായ, അസാധാരണമായ വന്യത നാം കാണുന്നത് ആ കലാപത്തിലാണ്. രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ജനങ്ങളെ ഒരു പ്രത്യേക രീതിയില്‍ സംഘടിപ്പിക്കാനും പരിശീലിപ്പിക്കാനും അവരുടെ ധാര്‍മികതയെ സ്വാധീനിക്കാനും ശ്രമിക്കുന്നു. എങ്ങനെ കള്ളം പറയണമെന്നും എങ്ങനെയത് പ്രചരിപ്പിക്കണമെന്നും പഠിപ്പിക്കുന്നു. ആ കള്ളങ്ങളില്‍ എങ്ങനെ വിശ്വാസമര്‍പ്പിക്കാമെന്നും. ഇത് പൊതുസമൂഹത്തിന്റെ നീതിബോധത്തെ തകര്‍ത്തുകളയുന്നു. അവരുടെ ഹൃദയങ്ങളില്‍ പകയും വിദ്വേഷവും നിറക്കുന്നു. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന വിഭാങ്ങള്‍ക്കെതിരെയാവും ഇതെല്ലാം തിരിച്ച് നിര്‍ത്തപ്പെടുക.

ടെക്‌സ്റ്റ് ബുക്കുകള്‍ തിരുത്തിയെഴുതിയും ചരിത്രവസ്തുകളെ തലകീഴ്‌മേല്‍ മറിച്ചും വിഷലിപ്തമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയര്‍ത്തിക്കൊണ്ടും കാമ്പയിനും റാലികളും സംഘടിപ്പിച്ചും മീഡിയയെ ചൂഷണം ചെയ്തും മനുഷ്യരെ മൃഗങ്ങളാക്കുന്ന ഈ പ്രക്രിയ കുറെ കാലമായി നടന്ന് വരുന്നുണ്ട്. വയലില്‍ വേല ചെയ്യുന്ന കര്‍ഷകരും ഫാക്ടറിത്തൊഴിലാളികളും മുതല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, പോലീസ് മേധാവികള്‍, നയരൂപീകരണ വിദഗ്ധര്‍, വ്യാപാരികള്‍, വ്യവസായികള്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും ഈ പ്രചാരണം നീളുന്നുണ്ട്. തലമുറകളെ വളര്‍ത്തിക്കൊണ്ട് വരുന്നത് ഈ തരത്തിലാണ്. ഇവര്‍ പൊതുജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇത്തരം വിഷലിപ്തമായ മനോഭാവങ്ങള്‍ തലപൊക്കുക സ്വാഭാവികം. ഈ മനോഭാവത്തിന്റെ പരീക്ഷണശാലയാണ് ഗുജറാത്ത്. അതുകൊണ്ടാണ് 2002 ഫെബ്രുവരിയില്‍ ഗോധ്ര സ്റ്റേഷനില്‍ ഒരു തീവണ്ടിക്ക് തീകൊളുത്തപ്പെട്ടത്. പിന്നെ കലാപം കത്തിപ്പടര്‍ന്നു. ഈ ലബോറട്ടറിയില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ പിന്നീടുള്ള പണികളൊക്കെ ഏറ്റെടുത്തു. സമൂഹത്തിലെ ധാര്‍മിക ചിന്തകളെ അപ്പാടെ പിഴുത് മാറ്റി അവരെ വന്യമഗങ്ങളാക്കാന്‍ പരിശീലനം നല്‍കപ്പെടുന്ന മറ്റൊരു നാട് ലോകത്ത് ഉണ്ടെന്ന് തോന്നുന്നില്ല. ദിബ്യ മൊഹപത്ര സൂചിപ്പിച്ചത് പോലെ മൃഗങ്ങളായി പരിശീലിപ്പിക്കപ്പെടുന്നവര്‍ക്ക് സ്‌നേഹസഹാനുഭൂതി വികാരങ്ങള്‍ അന്യമായിരിക്കുമല്ലോ. ഇന്ത്യയെ ലോക മഹാശക്തിയാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ അപകടരമായ പ്രവണതയെ എങ്ങനെ കാണുന്നുവെന്ന് നമുക്ക് അറിയില്ല.

(ദഅ്‌വത്ത് ത്രൈദിനം 2012 ഒക്‌ടോബര്‍ 14)

Related Articles