Current Date

Search
Close this search box.
Search
Close this search box.

മദീനയിലെ മുഹമ്മദ് നബി

മക്കയിലെ മുഹമ്മദ് നബി ദൈവകല്‍പനകള്‍ പ്രബോധനം ചെയ്തതിന്റെ പേരില്‍ പീഡിതനായിരുന്നു എങ്കില്‍ മദീനയിലെ മുഹമ്മദ് നബി പീഡിതരുടെ സംരക്ഷകനായ ഭരണാധികാരിയായിരുന്നു.

മക്കയില്‍ പതിമൂന്നു വര്‍ഷക്കാലം അസഹ്യമായ പീഡനങ്ങള്‍ സഹിച്ച് ദൈവകല്‍പന പ്രകാരം മദീനയിലേക്ക് ഹിജ്‌റ (ദേശത്യാഗം) ചെയ്ത പ്രവാചകനെയും അനുയായികളെയും മദീനക്കാര്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു. മദീനയില്‍ പള്ളിപണിത പ്രവാചകന്‍ അവിടത്തെ ഒരു ‘പള്ളി ഇമാം’ ആയി കഴിഞ്ഞു കൂടുകയല്ല ചെയ്തത്. അവിടത്തെ ഭൂരിപക്ഷമായ ജൂത ക്രൈസ്തവരുമായെല്ലാം ധാരണയായി ഒരു ഭരണകൂടത്തെ സ്ഥാപിച്ച് അതിന്റെ ഭരണാധികാരിയാവുകയാണ് ചെയ്തത്.

അതോടെ ‘നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആക്കേണമേ.’ (ബൈബിള്‍, പുതിയനിയമം, മത്തായി 6:10) എന്ന യേശു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം ‘ദൈവരാജ്യം’ ഒരു യാഥാര്‍ഥ്യമാവുന്നതിന് തുടക്കമായി. അതിനു ശേഷം ദൈവത്തിങ്കല്‍ നിന്നവതീര്‍ണമായ ഖുര്‍ആനിലെ പല അധ്യാപനങ്ങളും ഒരു പള്ളി ഇമാമിനോ പള്ളിക്കമ്മറ്റിക്കോ നടപ്പാക്കാവുന്നവയായിരുന്നില്ല. ഒരു ഭരണാധികാരിക്കും ഭരണകൂടത്തിനും മാത്രം സാധിക്കുന്നവയായിരുന്നു. ഉദാഹരണം: 9-ാം അധ്യായം 103-ാം വാക്യത്തില്‍ പ്രവാചകനോടുള്ള കല്‍പന ഇങ്ങനെയാണ്: ‘നീ അവരുടെ സ്വത്തില്‍ നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.’ സകാത്ത് ധനവാന്റെ ധനത്തിലുള്ള ദരിദ്രന്റെ അവകാശമാണ്. അത് പിടിച്ചെടുത്ത് ദരിദ്രനെത്തിക്കാന്‍ ധാര്‍മികോപദേശം മാത്രം മതിയാവുകയില്ല.മദീനയില്‍ സ്ഥാപിതമായ മാര്‍ക്കറ്റിലൂടെ നടന്ന് മുകളില്‍ ഉണങ്ങിയ ഗോതമ്പിട്ട്  അടിയിലെ നനഞ്ഞ ഗോതമ്പ് ഉപഭോക്താവ് അറിയാതെ വില്‍പന നടത്തിയ കച്ചവടക്കാരന്റെ കൈക്ക് പിടിച്ച് താക്കീത് ചെയ്ത പ്രവാചകന്‍  പള്ളിക്കാര്യം മാത്രമല്ല അങ്ങാടിക്കാര്യമടക്കം  അവിടുത്തെ സകലകാര്യങ്ങളിലും ഇടപെട്ടിരുന്നു. പള്ളിയില്‍ നമസ്‌കാരം നടത്തിയതുകൊണ്ട് മാത്രം അങ്ങാടിയിലെ അധര്‍മം മാറുകയില്ല. മാത്രമല്ല ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കല്‍പനകളൊന്നും ഒരു പള്ളിക്കമ്മറ്റിക്കോ ഒരു മഹല്ലു പ്രസിഡന്റിനോ നടപ്പാക്കാവുന്നവയല്ല. അതിനര്‍ഥം വിശുദ്ധ ഖുര്‍ആന്‍ കേവലം മതഗ്രന്ഥമോ മുഹമ്മദ് നബി മതനേതാവോ അല്ലെന്നാണ്.

മദീനയിലെ പ്രാചകനിലൂടെ വിത്ത് പാകപ്പെട്ട ‘ദൈവരാജ്യം’ ക്രമേണ വളര്‍ന്ന് വികസിച്ച് രണ്ടാം ഖലീഫയായ ഉമര്‍ ഫാറൂഖിന്റെ കാലമായപ്പോഴേക്കും പൂത്തുലയാന്‍ തുടങ്ങി. സകാത്ത് വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥയിലേക്ക് ചില പ്രദേശങ്ങളില്‍ സാമ്പത്തിക ക്ഷേമം കൈവന്നു. സ്വതന്ത്ര ഇന്ത്യയെ വിഭാവന ചെയ്തപ്പോള്‍ ഗാന്ധിജി പോലും പറഞ്ഞുപോയി: ‘ഞാന്‍ വിഭാവന ചെയ്യുന്ന ‘രാമരാജ്യം’ ഖലീഫാ ഉമറിന്റെ കാലഘട്ടത്തിലേതു പോലെ ഒന്നാണ്.’

മദീനയിലെ പ്രവാചകനിലൂടെ തുടക്കമിട്ട ദൈവരാജ്യത്തിന്റെ പ്രത്യേകതകളില്‍ ചിലത് ഇങ്ങനെയാണ്:

* ‘സൃഷ്ടാവിനെതിരില്‍ സൃഷ്ടികള്‍ക്ക് അനുസരണമില്ല’ എന്ന ഇസ് ലാമിന്റെ  അടിസ്ഥാന തത്വപ്രകാരം അവിടുത്തെ എല്ലാം ദൈവാനുസരണത്തിന് വിധേയമായി, എല്ലാ പൈശാചികതകളും അവസാനിച്ചു തുടങ്ങി.

*  ഒരു ദൈവത്തിന്റെ സൃഷ്ടികള്‍ എന്ന നിലക്ക് കറുത്ത ബിലാലും വെളുത്ത അബൂബക്‌റും തുല്യരായി. നമ്മുടെ നാട്ടില്‍ പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാവുന്ന വഴിയിലൂടെ ഒരു കറുത്തവന് വഴിനടക്കാന്‍ അനുവാദമില്ലാത്ത കാലത്താണ് കറുത്ത ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ബാങ്ക് വിളിപ്പിച്ചത്.

* ഒരു മുസ്‌ലിം നടത്തിയ മോഷണക്കുറ്റം ഒരു ജൂതന്റെ പേരില്‍ ആരോപിക്കാന്‍ ചില മുസ്‌ലിംകള്‍ വരെ ശ്രമം നടത്തിയപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടതോടെ മത-സാമുദായിക പക്ഷപാതിത്തത്തിന്റെ എല്ലാ പഴുതുകളും അടച്ചു.

* തിന്മകളുടെ മാതാവായ മദ്യം നിഷിദ്ധമായതോടെ ചരിത്ര കാലഘട്ടത്തിലെ ആദ്യത്തെ മദ്യ നിരോധിത രാജ്യമതായി.

* സമ്പന്നനു മാത്രം ലഭിക്കുന്ന പലിശ നിഷിദ്ധമാവുകയും ദരിദ്രനു മാത്രം ലഭിക്കുന്ന സകാത്ത് നിര്‍ബന്ധമാവുകയും ചെയ്തതോടെ ദാരിദ്ര്യ നിര്‍മാര്‍ജനം പ്രയോഗത്തില്‍ വന്നു.

* വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിച്ച് വിവാഹത്തെ എളുപ്പമാക്കിയതോടെ ലൈംഗിക അരാജകത്വം അവസാനിക്കുകയും ‘ലൈംഗിക ദാരിദ്ര്യ’ത്തിന് ധാര്‍മിക പരിഹാരമുണ്ടാവുകയും ചെയ്തു.

* വിവാഹം സാധുവാകാന്‍ പുരുഷന്‍ സ്ത്രീക്ക് മഹ്‌റ് (വിവാഹമൂല്യം) നല്‍കണമെന്നത് നിര്‍ബന്ധമായതോടെ സ്ത്രീയില്‍ നിന്ന് പുരുഷന്‍ കാശുവാങ്ങി കല്യാണം കഴിക്കുന്നതിന്റെ സാധ്യതയെ തന്നെ അടച്ചുകളഞ്ഞു.

* പെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപമാണെന്ന ധാരണയെ തിരുത്തി പെണ്‍സന്താനങ്ങള്‍ സൗഭാഗ്യമാണെന്ന് വന്നതോടെ ശിശുഹത്യക്ക് പരിഹാരമായി.

* സ്ത്രീജനത്തെ ഒന്നുകില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അല്ലെങ്കില്‍ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് എന്ന ആത്യന്തിക നിലപാടുകളില്‍ നിന്ന് രക്ഷിച്ചെടുത്ത് അടുക്കളയിലും അരങ്ങിലും തങ്ങളുടെ ധര്‍മനിര്‍വഹണത്തിനുള്ള അവസരങ്ങളൊരുക്കി.

* ഒരു പെണ്ണിന് ആടിനെ പിടിക്കുന്ന ചെന്നായയെ അല്ലാതെ മറ്റൊരാളെയും ഭയപ്പെടാതെ രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുമാറ് ആഭ്യന്തര രംഗം സുരക്ഷിതമായി. ഇങ്ങനെ തുടങ്ങി സകല മാനവിക മൂല്യങ്ങളും അവിടെ നടമാടി.

പിന്‍കുറി: ദൈവരാജ്യവും മതരാഷ്ട്രവും ഒന്നല്ല; ദൈവവിശ്വാസവും മതവിശ്വാസവും ഒന്നല്ലാത്തതു പോലെ. ദൈവവിശ്വാസമില്ലാത്തവര്‍ക്കു പോലും മതവിശ്വാസിയാവാം. ദൈവരാജ്യം മാനവികതയിലും മതരാഷ്ട്രം സാമുദായികതയിലും അധിഷ്ഠിതമായിരിക്കും.ഇസ്‌ലാമിക രാഷ്ട്രം ദൈവരാജ്യവും മുസ്‌ലിം രാഷ്ട്രം മതരാഷ്ട്രവുമാണ്. മുഹമ്മദ് നബി സ്ഥാപിച്ചത് ഒരു മതരാഷ്ട്രത്തെയല്ല; ദൈവരാജ്യത്തെയാണ്, മുസ്‌ലിംരാഷ്ട്രത്തെയല്ല ഇസ്‌ലാമിക രാഷ്ട്രത്തെയാണ്. യഥാര്‍ഥ ദൈവവിശ്വാസം മനുഷ്യന്റെ മനസ്ഥിതിയെയും യഥാര്‍ഥ ദൈവരാജ്യം സമൂഹത്തിന്റെ വ്യവസ്ഥിതിയെയും സംസ്‌കരിക്കാനത്രെ. ആദര്‍ശത്തില്‍ കാര്‍ക്കശ്യവും മാനവികതയില്‍ ഉദാരതയും എന്നതായിരിക്കും അതിന്റെ പ്രത്യേകത.

മക്കയിലെ മുഹമ്മദ് നബി
അന്ത്യപ്രവാചകന്‍

Related Articles