Current Date

Search
Close this search box.
Search
Close this search box.

മതം മധുരമാണ്

sweet.jpg

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞപ്പോള്‍ കാള്‍മാര്‍ക്‌സ് മതത്തിന്റെ അനന്തസാധ്യതക്ക് അംഗീകാരം നല്‍കുകയായിരുന്നു. മതത്തെയും ദൈവത്തെയും അംഗീകരിക്കാത്ത അദ്ദേഹം വിശ്വാസികളില്‍ അതുണ്ടാക്കുന്ന സമാധാനം കണ്ടറിഞ്ഞിട്ടുണ്ട്. എന്താണത്? അത്മാവില്ലാത്തവന് അത്മാവ് നല്‍കുന്നു. അവന്റെ നെടുവീര്‍പ്പുകള്‍ക്ക് അര്‍ഥം നല്‍കുന്നു.

മതം മനസ്സിന് മധുരം നല്‍കുന്നു എന്ന് നബി തിരുമേനിയുടെ യാത്രാ പ്രാര്‍ഥനയില്‍ നിന്ന് മനസ്സിലാക്കാം. ‘അല്ലാഹുവേ, നീയാണ് എന്റെ യാത്രയിലെ കൂട്ടുകാരന്‍, എന്റെ ബന്ധുക്കളില്‍ എന്റെ പ്രതിനിധിയും നീ തന്നെ.’ ഇങ്ങനെ വിശ്വസ്തനായ കൂട്ടുകാരനായി താന്‍ എവിടെ പോകുമ്പോഴും, ഉണ്ടായിരിക്കുമ്പോള്‍ തന്നെ വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന തന്റെ വീട്ടില്‍ എല്ലാറ്റിന്നും കാവലാളായി അതേ അല്ലാഹു തന്നെയുണ്ട് എന്ന ബോധം ഒരു മധുരാനുഭവമാണ്.

ലോകത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്യുമ്പോഴും ഈ വിശ്വാസം മുസ്‌ലിമിനുണ്ടായിരിക്കണം. മനസ്സിനെ മധുരിപ്പിക്കുന്ന ഈ വിശ്വാസം ഒരു ദൈവത്തില്‍ മാത്രം ഭരമേല്‍പ്പിക്കുമ്പോഴേ ലഭിക്കുകയുള്ളൂ.

അല്ലാഹുവെക്കുറിച്ച ഇത്തരം ഒരു നല്ല ചിന്തയുണ്ടാക്കാന്‍ അവന്‍ കല്‍പ്പിക്കുന്നു. ‘(നബിയേ) നിന്നോട് എന്നെ പറ്റി എന്റെ ദാസന്‍മാര്‍ ചോദിച്ചാല്‍ (നീ പറയൂ) ഞാന്‍ അവരുടെ സമീപസ്ഥനാകുന്നു. പ്രാര്‍ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അത് കൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്’. (2:186)

ദൈവം എനിക്ക് പ്രാപിക്കാന്‍ കഴിയാത്തവനല്ല, ഞാന്‍ അവനെക്കാണുന്നില്ലെങ്കിലും എന്നെ അവന്‍ കാണുന്നു. അവനോട് പറയാന്‍ പറ്റാത്ത രഹസ്യവും എനിക്കില്ല, എന്റെ രഹസ്യങ്ങളും ദൗര്‍ബല്യങ്ങളും ലജ്ജിക്കാതെ പറയാന്‍ പറ്റിയ ഏകന്‍ അവന്‍ മാത്രമാണ് എന്നീ ചിന്തകളുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സിന്റെ ഭാരം കുറയുന്നു. കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള കരുത്ത് ലഭിക്കുന്നു. ‘എന്റെ സഹനം പ്രതിഫലാര്‍ഹമാണ്’. എന്ന ഉറച്ച വിശ്വാസം അവനില്‍ നാമ്പെടുക്കുന്നു. വേരുകളും ശാഖകളും ശക്തിപ്പെട്ട് മുറിച്ചു മാറ്റാന്‍ പ്രയാസമുള്ള ഒരു വടവൃക്ഷമായി അത് മനസ്സില്‍ വളരുന്നു.

പ്രവാചകന്‍മാരെല്ലാം ഈ വിശ്വാസത്തിന്റെ മനുഷ്യാകാരങ്ങളായിരുന്നു. മനുഷ്യരെ സംസ്‌കരിക്കുവാന്‍ മാലാഖമാരെ പ്രവാചകന്മാരാക്കാതിരുന്നത് മതവിശ്വാസവും അനുഷ്ഠാനവും ബുദ്ധിമുട്ടുള്ള കാര്യമല്ല, മനുഷ്യപ്രകൃതിക്ക് ഇണങ്ങിയതാണ് എന്ന് മനുഷ്യരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ആ ബോധം ഒരു മധുരാനുഭവമാണ്.

അയ്യൂബ് നബി(അ) ന് കഠിനമായ രോഗവും വേദനയുമുണ്ടായപ്പോഴും അതിനിടയില്‍ അദ്ദേഹം സത്യവിശ്വാസത്തിന്റെ മധുരം നുണഞ്ഞു എന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാവുന്നു. രോഗം ഗുരുതരവും ശമനം നീണ്ടുപോവുകയും ചെയ്തിട്ടും അദ്ദേഹത്തിന്റെ വാക്കുകളില്‍ അക്ഷമ സ്ഥാനം പിടിച്ചില്ല. പിന്നെയോ?

നമുക്കത് പരിചയപ്പെടാം.
‘അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ?’ (21:83)

ബന്ധുക്കളും സുഹൃത്തുക്കളും കൈവെടിയുകയും സമ്പത്തു നശിക്കുകയും രോഗം നീണ്ടുനില്‍ക്കുകയും ചെയ്തിട്ടും ഒരു വാക്യത്തില്‍ അവിടുന്ന് എല്ലാ വേദനക്കും ശമനം കണ്ടെത്തി, ‘നീ പരമകരാണികനും കരുണാനിധിയുമാണ് നാഥാ ? അന്‍ത അര്‍ഹമുര്‍റാഹിമീന്‍?’ എന്നതില്‍. അതെ, മതം മധുരമാണ്.

തീക്കളത്തില്‍ എറിയപ്പെടുമെന്ന് ഉറപ്പായപ്പോഴും ഇബ്‌റാഹീമിന് ഭയമുണ്ടാകാതിരുന്നത്, ഫറോവയുടെ മുമ്പില്‍ മൂസ(അ) ന്ന് ധൈര്യത്തോടെ നില്‍ക്കാന്‍ കഴിഞ്ഞത്, മൂസാ സത്യപ്രവാചകനാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ജാലവിദ്യക്കാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വസിക്കുന്നതില്‍ ഫറോവയുടെ മര്‍ദ്ദനം ഒരു പ്രശ്‌നമാകാതിരുന്നത്, ഇങ്ങനെ ചരിത്രത്തില്‍ വേദനക്കിടയിലെ മധുരത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

 

 

Related Articles