Current Date

Search
Close this search box.
Search
Close this search box.

ഭൗതികാവശ്യങ്ങളുടെ പരിമിതി

money.jpg

‘നിങ്ങള്‍ ഇത്രപ്രയാസപ്പെട്ട് മെഡിസിന് പഠിക്കുന്നത് എന്തിനാണ്?’ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് കൊണ്ടിരിക്കെ ചോദിച്ചു.
‘അതിലെന്താ സംശയം ഡോക്ടര്‍മാരാകാന്‍’ വിദ്യാര്‍ത്ഥികള്‍ ഏക സ്വരത്തില്‍ പറഞ്ഞു.
”എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടര്‍മാരാകുന്നത്.?’
”മാന്യമായ ജീവിതം നയിക്കാന്‍’
”മാന്യമായ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?’ എന്റെ ഈ ചോദ്യത്തിന് ആരും മറുപടി നല്‍കാന്‍ മുതിര്‍ന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ വിശദീകരണം ചോദിച്ചു. ”ധാരാളം രോഗികള്‍ ചികില്‍സക്കെത്തുന്ന നല്ല പ്രാക്ടീസുള്ള ഡോക്ടറാവുക, അങ്ങനെ പരമാവധി പണമുണ്ടാക്കുക. നല്ല ആകര്‍ഷകമായ വീടും വിലപിടിച്ച വാഹനവും മറ്റെല്ലാ ബൗദ്ധിക സൗകര്യങ്ങളും ഉണ്ടാവുക ഇതൊക്കെയാണല്ലോ മാന്യമായ ജീവിതം കൊണ്ടുദ്ദേശിക്കുന്നത്?’
‘അതെ അവര്‍ തലയാട്ടി’
 ‘ഭൗതികാവശ്യങ്ങളുടെ പരിമിതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?’
‘ഭൗതികാവശ്യങ്ങള്‍ക്ക് പരിമിതി ഒട്ടുമില്ലല്ലോ’ കൂട്ടത്തിലൊരാള്‍ പറഞ്ഞു.
‘പത്തോ നൂറോ കോടി രൂപ കൈവശമുണ്ടായത് കൊണ്ട് എന്താണ് പ്രയോജനം?’ വിശദീകരണമാരാഞ്ഞു.
‘ധാരാളം സ്വത്ത് വാങ്ങാം’
‘എന്നിട്ടോ?’
അതിനു ഉത്തരം കിട്ടാതിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിച്ചു.

‘നമ്മുടെ കയ്യില്‍ എത്ര കോടി രൂപയുണ്ടെങ്കിലും ഒരു ദിവസം പത്ത് ബിരിയാണിയോ പത്ത് പൊരിച്ച കോഴിയോ തിന്നാല്‍ സാധ്യമല്ല. പരമാവധി ഒരു വയറ് നിറക്കാം. അനേക കോടികളുണ്ടെങ്കിലും ഒരേ സമയം രണ്ട് പാന്റ്‌സോ രണ്ടു ഷര്‍ട്ടോ ധരിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ഭ്രാന്താശുപത്രിയിലാണെത്തുക. നമ്മുടെ വീടുകളില്‍ എത്ര കസേരയുണ്ടെങ്കിലും ഒരേ സമയം രണ്ടുകസേരകളില്‍ ഇരിക്കാന്‍ സാധ്യമല്ല. വീടിന് പത്ത് മുറികളുണ്ടെങ്കിലും ഒരു രാത്രി ഒന്നിലേറെ റൂമുകളില്‍ ഉറങ്ങുക സാധ്യമല്ല. അങ്ങനെ ചെയ്താല്‍ അന്ന് ഉറക്കമില്ലെന്നുറപ്പ്. പരമാവധി ഒരു വയറ് നിറക്കാം, ഒരു ശരീരം മറക്കാം , ഒരു കസേരയിലിറക്കാം. ഒരു കട്ടിലില്‍ കിടക്കാം. ഒരു റൂമിലുറങ്ങാം ഒരു വാഹനത്തില്‍ സഞ്ചരിക്കാം. ഇതിലപ്പുറം പണം കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ഭൗതിക സാധ്യതകളില്ല.

പിന്നെ മക്കള്‍ക്കും പിന്മുറക്കാര്‍ക്കും വേണ്ടി സമ്പാദിക്കാം. എന്നാല്‍ ഒരു പരിധിക്കപ്പുറമായാല്‍ അവര്‍ മടിയന്മാരും മുടിയന്മാരുമാകും ധൂര്‍ത്തിലും ദുര്‍വ്യയത്തിലും മുഴുകും. പരമാവധി സാധ്യമാകുന്നത് കോടികള്‍ സമ്പാദിച്ച് വെക്കാം. എനിക്കു ഇത്രയൊക്കെ സമ്പത്തുണ്ടെന്ന് മരണം വരെ ആലോചിച്ച് കഴിയാം. എന്നാല്‍ ആചിന്തയുമായി കഴിയുന്നവരേക്കാള്‍ അനേകായിരമിരട്ടി സംതൃപ്തരും സന്തുഷ്ടരുമായിരിക്കും അനിവാര്യ കാര്യങ്ങള്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്ന സാധാരണക്കാര്‍.

സമൂഹത്തിനുവേണ്ടി സമ്പത്ത് ചെലവഴിക്കാന്‍ സന്നദ്ധരാകാത്തവര്‍ക്ക് പണം നല്‍കുന്ന പ്രയോജനം വളരെ പരിമിതമത്രെ. എന്നാല്‍ ഏറെ പേരും ഇത് തിരിച്ചറിയാറില്ല. അതുകൊണ്ടു തന്നെ അവര്‍ ആര്‍ത്തിയുടെ മൂര്‍ത്തി രൂപങ്ങളായി മാറുന്നു. സ്വന്തത്തിന് പോലും ഉപകരിക്കാതെ കോടികള്‍ കെട്ടിപ്പൂട്ടി വെക്കുന്നു. സമ്പത്തിനെ നിങ്ങള്‍ അങ്ങെയറ്റം സ്‌നേഹിക്കുന്നുവെന്ന് ഖുര്‍ആന്‍ കുറ്റപ്പെടുത്തിയത് അത്തരക്കാരെയാണ്.  ‘ധനത്തെ അന്ധമായി പ്രേമിക്കുകയാണ്’ (അല്‍ഫജ്ര്‍: 20)

Related Articles