Current Date

Search
Close this search box.
Search
Close this search box.

ഭാര്യ ഭാരം കുറക്കുന്നവള്‍

ഭാര്യമാര്‍ പലതരമുണ്ട്. ഭര്‍ത്താവിനെ ഭരിക്കുന്നവള്‍, ഭര്‍ത്താവിന്ന് ഭാരമാകുന്നവര്‍, ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവള്‍ അങ്ങനെ പലയിനങ്ങള്‍. യഥാര്‍ഥ ഭാര്യ ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവളാണ്. മറ്റൊന്ന്, ഭര്‍ത്താവ് അവള്‍ക്ക് ഭാരമായി തോന്നരുത്. താന്‍ ഭാര്യക്ക് ഭാരമല്ലെന്നും തന്റെ ഭാരം അവള്‍ ലഘൂകരിക്കുന്നുവെന്നും തോന്നുന്ന ഭര്‍ത്താവാണ് മനശ്ശാന്തിയുള്ളവന്‍. ആ മനശാന്തി ഭാര്യ ശ്രദ്ധാപൂര്‍വം സൃഷ്ടിച്ച ഒരു ഉല്‍പന്നമാണ്. ഇതേപോലെ ഭര്‍ത്താവ് ഭാര്യക്കും മനശ്ശാന്തി സൃഷ്ടിച്ചുകൊടുക്കണം.

നിങ്ങള്‍ നാട്ടില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ ശ്രദ്ദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം. അതില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാനുണ്ടാകും. ഇരുവരും പരസ്പരം ഭാരമാകുന്നതാണ് പ്രശ്‌നകാരണം. ഒരുദാഹരണം. ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവ്. സുന്ദരന്‍, അയാളുടെ ഭാര്യ ഡോക്ടര്‍. സുന്ദരി ; രണ്ട് കുട്ടികള്‍. പ്രതാപമുള്ള കുടുംബങ്ങള്‍. അവര്‍ വിവാഹമോചനം നടത്തി എന്നറിഞ്ഞ് ഈ കുറിപ്പുകാരന്‍ ഞെട്ടിപ്പോയി. എന്തിനിവര്‍ പിരിഞ്ഞു? എന്തിന്ന്? എന്തിന്ന്? മനുഷ്യന്ന് അനിവാര്യമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒന്നിന്റെ അഭാവമാണ് കാരണം. ‘വിഭവങ്ങളുടെ ആധിക്യമല്ല സമ്പന്നത. മറിച്ച് മനസ്സിന്റെ ഐശര്യമാണ്’ (ബുഖാരി). ഇക്കാര്യം സ്ത്രീയും പുരുഷനും ഒരേ പോലെ മനസ്സിലാക്കണം. എങ്കില്‍ ഇരുവരും നല്ലപാതികള്‍(better half) ആയിത്തീരും. ഒരു പകുതി നല്ലതും മറ്റേ പകുതി ചീത്തയുമായാല്‍ ജീവിതം ഭാരമായി മാറും.

‘ഇരു ശരീരത്തി ന്നൊരു കരള്‍,

ഒരു തലയണിക്കിരു ശിരസ്സുകള്‍ നമ്മള്‍,

ഈ കവിത ജീവിതത്തില്‍ പുലരുമപ്പോള്‍, ഓര്‍ത്തുനോക്കൂ ആ അവസ്ഥ. രണ്ട് ശരീരങ്ങള്‍ക്ക് ഒരു കരള്‍! ഒരു തലയണക്ക് രണ്ട് ശിരസ്സുകള്‍! ഇത് മധുവിധു ഘട്ടത്തില്‍ മാത്രമല്ല, വൃദ്ധാവസ്ഥയിലും സത്യമാകണം. അതിന്ന് മനസ്സിന്റെ ഐശര്യം കൂടിയേ തീരൂ.

എന്റെ ഭാര്യക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് ഞാന്‍ കാരണക്കാരനാണോ? ഭര്‍ത്താവിന്ന് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് എന്റെ ഭാഗത്തു നിന്ന് എന്തു സംഭവിച്ചു? ഈ ചോദ്യങ്ങള്‍ക്ക് ഇരുവരും സത്യസന്ധമായി ഉത്തരം കാണുന്നതിലൂടെ മനസ്സിന്റെ ഇരുളുകളില്‍ പരിഹാരത്തിന്റെ സൂര്യനുദിക്കും. ആ അവസ്ഥ കൈവരാനാണ് വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നുമാസം ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക ബന്ധമൊഴികെ മറ്റെല്ലാ ബന്ധങ്ങളും പുലര്‍ത്തിക്കൊണ്ട് താമസിക്കണം എന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം പുരുഷന്നാണ്. പക്ഷെ മുസ്‌ലിം സമൂഹത്തില്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നടക്കുന്നുള്ളൂ. എന്നാല്‍ എടുത്തുപറയേണ്ട ഒരു നല്ല കാര്യമുണ്ട്. മുസ്‌ലിംകളില്‍ വിവാഹമോചനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഈ നല്ല അവസ്ഥക്കു കാരണം മതപരവും ഭൗതികവുമായ വിദ്യാഭ്യാസം തന്നെ. പക്ഷെ അവരിലും ത്വലാഖ് സംഭവിച്ചാല്‍ രണ്ടുപേരും രണ്ടു വീടുകളില്‍ തന്നെയാണവര്‍.

നല്ല മനസ്സും നല്ല വാക്കുമായി സന്ധ്യക്കെങ്കിലും ഭര്‍ത്താവ് എത്തും എന്ന ചിന്തയാല്‍ പൂമുഖവാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യയെ പുരുഷന്മാരെ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. അവള്‍ക്കാ മനസ്സുണ്ടാകണമെങ്കില്‍ ഞാനെങ്ങനെയാവണം എന്നു കൂടി ചിന്തിക്കണം പുരുഷന്മാര്‍. ചുരുക്കത്തില്‍ ഇരുവരും ആത്മപരിശോധനക്ക് ധാരാളം സമയം കണ്ടെത്തണം. സ്വയം തിരുത്തുക. അത് മറുപാതിയില്‍ ഒരു തിരുത്തോ ഭേദപ്പെടലോ ആയിമാറും. കുടുംബജീവിതത്തില്‍ സംതൃപ്തിയില്ലെങ്കില്‍ നാം ഇടപെടുന്ന ഏതു രംഗത്തും അത് മോശമായ സ്വാധീനം ഉണ്ടാക്കും. അതിനാല്‍ നമ്മുടെ ഒന്നാമത്തെ അജണ്ട തനിക്കെങ്ങനെ ഒരു നല്ല ഇണയാകാന്‍ കഴിയും എന്ന് കണ്ടെത്തലാണ്.

Related Articles