Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍

കഴിഞ്ഞ മെയ് 22ന് തെക്കന്‍ ലണ്ടനില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് ഒരു ബ്രിട്ടീഷ് സൈനികനെ ആക്രമിക്കുകയും അയാളുടെ തല അറുത്തെടുക്കുകയും ചെയ്തു. എല്ലാ പത്രങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു, മെയ് 23-ലെ ടൈംസ് ഓഫ് ഇന്ത്യയിലും ഇത് സംബന്ധിച്ച വാര്‍ത്തയുണ്ടായിരുന്നു. അക്രമികള്‍ ‘ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍’ മുഴക്കുന്നുണ്ടായിരുന്നു എന്നാണ് ടൈംസ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ അവര്‍ ‘ഇസ്‌ലാമിക ഭീകരവാദികള്‍’ തന്നെ! പോലിസ് അവര്‍ക്ക് നേരെ വെടിവെച്ചു. പരിക്കേറ്റ് പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന അവര്‍ പോലിസ് നിരീക്ഷണത്തിലാണ്. മുസ്‌ലിംവിരുദ്ധവികാരം ബ്രിട്ടനിലാകെ പടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ നടക്കുന്നു. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള യുദ്ധമായി ഇതിനെ കാണുന്നു ചില അഭ്യസ്തവിദ്യര്‍. മെയ് 26 ലെ ടൈംസ് റിപ്പോര്‍ട്ടില്‍ കുറെക്കൂടി വിശദാംശങ്ങളുണ്ട്. ചില ബിട്ടീഷുകാര്‍ പറഞ്ഞത്രെ, ‘തുടക്കത്തില്‍ തന്നെ ഇസ്‌ലാം അതിന്റെ അയല്‍ക്കാരുമായി യുദ്ധത്തില്‍ ആയിരുന്നു’ എന്ന്. തൊട്ടു മുമ്പുള്ള ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണത്തിന് ശേഷം ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ദിവസങ്ങളോളം നിറഞ്ഞ് നിന്നു. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ബ്രിട്ടീഷുകാരുടെ മനസ്സില്‍ ആഴത്തില്‍ വിദ്വേഷം വേരോടിക്കഴിഞ്ഞു എന്നാണ് ആ റിപ്പോര്‍ട്ടുകളില്‍ നിന്ന് വായിച്ചെടുക്കാനാവുക.
 
ഇനി അതേ നാട്ടില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട് കാണുക. ഈ റിപ്പോര്‍ട്ട് മെയ് 24-ന്  പത്രങ്ങളിലും നെറ്റിലും ഇടം പിടിച്ചത് കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ”ഇസ്‌ലാം സ്ത്രീകള്‍ക്ക് വളരെക്കുറച്ച് സ്വാതന്ത്ര്യമേ വകവെച്ചു നല്‍കുന്നുള്ളൂ എന്ന പൊതു ധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ,  വെള്ള ബ്രിട്ടീഷുകാര്‍ വളരെക്കൂടുതലായാണ് ഇസ്‌ലാമിലേക്ക് മതം മാറിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ശരാശരി അരലക്ഷത്തോളം പേര്‍. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. അവരില്‍ അധികപേരും വിദ്യാസമ്പന്നര്‍ എന്ന് പറഞ്ഞാല്‍ പോരാ, അതിവിദ്യാസമ്പന്നരാണ്. സ്വതന്ത്രമായി ചിന്തിക്കുന്നവരും ഉയര്‍ന്ന ജോലിയുള്ളവരുമാണ്. ബാങ്കര്‍മാര്‍, ഡോക്ടര്‍മാര്‍, ടെലിവിഷന്‍ അവതാരകര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ ഉള്ളവര്‍. അവര്‍ക്ക് ശരിക്കറിയാം തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെയുള്ള കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് അവര്‍ ഇസ്‌ലാമിലേക്ക് വരുന്നത്….ഇസ്‌ലാമിനെതിരെ എത്രയധികം എതിര്‍പ്രചാരണം കൂടുന്നുവോ അതിനനുസരിച്ച ഇസ്‌ലാമില്‍ തല്‍പരരാവുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു…. ഈ പ്രവണത ശക്തിപ്പെടാന്‍ തുടങ്ങിയത്  9/11 ലെ ഭീകരാക്രമണത്തിന് ശേഷമാണെന്നത് തന്നെ ഇതിന് തെളിവാണ്.’ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് പഠനവിഭാഗവും ലെസസ്റ്ററിലെ ന്യൂ മുസലിം പ്രോജക്റ്റ് എന്ന കൂട്ടായ്മയുമാണ് 129 പേജുള്ള ഈ ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയാണ് ഈ സ്ത്രീകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് എന്നതാണ് ഇതിലെ കൗതുകകരമായ വശം (ഹിന്ദു, മെയ് 24)

ഈ രണ്ട് ചിത്രങ്ങളെയും ചേര്‍ത്ത് വെച്ച് ചിന്തിക്കുക. ആദ്യത്തെ സംഭവം ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതാണ് എന്ന് കരുതാനാണ് ന്യായം. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുക, എന്നിട്ടത് മുസ്‌ലിംകള്‍ ചെയ്തതാണെന്ന് പ്രചരിപ്പിക്കുക, ‘ഡോക്യുമെന്ററി തെളിവുകള്‍’ സമര്‍പ്പിക്കുക ഇതൊക്കെ കുറെ കാലമായി നടന്ന് വരുന്ന കാലഹരണപ്പെട്ട ടെക്‌നിക്കുകളാണ്. ഇതൊക്കെ ചെയ്യാന്‍ ഏജന്റുമാരുണ്ട്. ഇസ്‌ലാമിന്റെ ചെലവില്‍ വരവ് വെക്കത്തക്ക വിധം അവരത് ചെയ്തിരിക്കും. പിന്നെ കാര്യങ്ങള്‍ മീഡിയ ഏറ്റെടുത്തുകൊള്ളും, ആവുന്നത്ര പൊലിപ്പിച്ച് അത് ജനങ്ങളുടെ മുമ്പിലെത്തിക്കും. രണ്ടാമത് പറഞ്ഞ സംഭവമാണെങ്കില്‍ അതെങ്ങനെ മൂടിവെക്കാം എന്നായിരിക്കും മീഡിയ ചിന്തിക്കുക. പക്ഷേ ഇത് ഭാവനയല്ലല്ലോ. ധാരാളം ബ്രിട്ടീഷുകാര്‍ ഇസ്‌ലാം സ്വീകരിക്കുന്നത് അവിടത്തെ ഒരു ജീവിതയാഥാര്‍ഥ്യമല്ലേ. ആരൊക്കെയാണ് അവരെന്ന് നോക്കൂ. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത്, പ്രശസ്ത പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി, എം.ടി.വി അവതാരക ക്രിസ്റ്റീന ബേക്കര്‍…
(ദഅ്‌വത്ത് ത്രൈദിനം 1-6-2013)  

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles