Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനില്‍ നിന്നൊരു അടിയന്തിര സന്ദേശം

‘ഇസ്‌ലാം ഓണ്‍ലൈവി’ല്‍ നിന്നുള്ള അടുത്ത കോള്‍ വരുന്നതിന്നു മുമ്പേ, സാധാരണ വന്നു കൊണ്ടിരിക്കുന്ന, ഏതെങ്കിലും പത്ര മാസികകളില്‍ നിന്നോ, സൈറ്റുകളില്‍ നിന്നോ, വല്ലതുമെടുത്തു മൊഴിമാറ്റം നടത്തിക്കളയാമെന്ന ഉദ്ദേശ്യത്തൊടെ, മെയില്‍ തുറന്നതായിരുന്നു. അപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. ഉറ്റമിത്രത്തിന്റെ ഒരു സന്ദേശം. അത് തന്നെ ‘അര്‍ജന്റും’!

ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. തലേ ദിവസം വന്നതാണ്. കെ. എസ്. ഇ. ബിയുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കട്ടുകള്‍ക്ക് പുറമെ, ലൈന്‍ തകരാറു കൂടിയായപ്പോള്‍, കഴിഞ്ഞ ദിവസം അവരുടെ സേവനം നൂറു ശതമാനം വട്ടപൂജ്യമായിരുന്നു. അതിനാല്‍ തന്നെ, ലാപ്‌ടോപ് മാത്രമല്ല, ‘മൂപ്പര്‍’ ഇരിക്കുന്ന മുറി പോലും തുറക്കാന്‍ പോയിരുന്നില്ല. ഏതായാലും, എല്ലാറ്റിന്നും മുമ്പായി അത് തന്നെ തുറക്കാമെന്ന് തീരുമാനിച്ചു. തുറന്നു വായിച്ചപ്പോള്‍ വിഷമം കൂടുകയായിരുന്നു.

യു. എ. ഇ ഗവര്‍മ്മെന്റ് സര്‍വീസില്‍ ആറക്ക സംഖ്യ ശമ്പളം വാങ്ങുന്ന സുഹൃത്തിന്ന് പെട്ടെന്ന് ബ്രിട്ടനില്‍ പോകേണ്ടി വന്നു. തന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ രോഗമായിരുന്നു പ്രശ്‌നം. അവര്‍ ഒരു കിഡ്‌നി പേഷ്യന്റായിരുന്നു. ഇപ്പോള്‍, രോഗം കലശലായിരിക്കുന്നു. ഉടന്‍ കിഡ്‌നി മാറ്റിവെച്ചാല്‍ രക്ഷപ്പെടും. യു. കെയില്‍ അത് വളരെ ചിലവേറിയതാണ്. അതിനാല്‍ ഉടനെ രോഗിയെ നാട്ടിലെത്തിക്കണം. ദൗര്‍ഭാഗ്യവശാല്‍, യാത്ര വളരെ പെട്ടെന്നായിരുന്നതിനാല്‍, വേണ്ടത്ര പണം കയ്യിലെടുത്തിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ പുറപ്പെട്ടതായിരുന്നു. പക്ഷെ, ക്രെഡിറ്റ് കാര്‍ഡ് യു. കെ യില്‍ ആക്റ്റീവല്ല. അതിനാല്‍, ഇപ്പോള്‍ യു. കെ യില്‍ കുടുങ്ങിയിരിക്കുകയാണ്. അതിനാല്‍, തന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കുമായി അയച്ച സന്ദേശത്തിലൊന്നു എനിക്കും വന്നതാണ്. ഉടനടി 1200 ബ്രിട്ടീഷ് പൗണ്ട് ലഭിക്കണം. നാട്ടിലെത്തിയാല്‍ പണം തിരിച്ചു തരും. മുഴുവന്‍ സംഖ്യയില്ലെങ്കില്‍, കഴിയുന്നത് കൊണ്ട് സഹായിക്കണം. വിവരമറിയിച്ചാല്‍, അയക്കാനുള്ള വഴി അറിയിച്ചു തരും.

മനസ്സില്‍ വല്ലാത്ത വിഷമമാണ് തോന്നിയത്. പണമില്ലാത്തതിന്റെ പേരില്‍, യു. കെയില്‍ കുടുങ്ങിക്കിടക്കുന്ന വി.ഐ.പി മിത്രത്തെ മനസ്സില്‍ കാണുകയായിരുന്നു. ഉടനെ, 1200 ബ്രി. പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം പരിശോധിച്ചു. ഒരു ലക്ഷം രൂപ! ഏതായാലും ‘അണ്ണാരക്കണ്ണനും തന്നാലായത്’ എന്ന നിലക്ക് ഒരു സംഖ്യ വാഗ്ദാനം ചെയ്തു കൊണ്ട് ഉടനെ മറുപടി അയച്ചു.

പെട്ടെന്നാണ് സുഹൃത്തിന്റെ ഈമെയില്‍ ഐഡി ശ്രദ്ധയില്‍ പെട്ടത്. ഹോട്ട്‌മെയിലെന്റേതാണ്. ഈ ഐഡി ആരോ ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആരും പ്രസ്തുത അഡ്രസ്സില്‍ സന്ദേശങ്ങളയക്കരുതെന്നും കുറെ മുമ്പ് അദ്ദേഹം അയച്ച ഒരു സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തിയതായി ഓര്‍ത്തു. ഉടനെ, പ്രസ്തുത മെസ്സേജ്, അദ്ദേഹത്തിന്റെ ‘ജീമെയില്‍’ അഡ്രസ്സിലേക്ക് ഫോര്‍വേഡ് ചെയ്തു. സംഭവം ശരിയാണോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. പെട്ടെന്നായിരുന്നു മറ്റൊരു ആശയം മനസ്സിലുദിച്ചത്. സുഹൃത്തിനെ ഇപ്പോള്‍ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിയുമോ? അങ്ങനെയാണ് ‘ഫെയ്‌സ്ബുക്ക്’ തുറന്നത്. സമയം രാത്രി 11. സുഹൃത്ത് ലൈനില്‍! സന്തോഷമായി. ‘അസ്സലാമു അലൈകും’! ചാറ്റുകോളത്തില്‍ കുറിച്ചിട്ടു. സെക്കന്റുകള്‍ക്കകം പ്രതികരണം! പ്രതീക്ഷിച്ചത് ‘വ അലൈകുമുസ്സലാം’ ആയിരുന്നു. പക്ഷെ, വന്നത് അതായിരുന്നില്ല. അല്പം നീണ്ട ഒരു സന്ദേശം. തന്റെ പേരില്‍ ആരോ സുഹൃത്തുക്കള്‍ക്ക് വ്യാജ സന്ദേശങ്ങളയക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാവുകയില്ലെന്നു വിശ്വസിക്കുന്നുവെന്നുമുള്ള ഒരു പൊതു സന്ദേശമായിരുന്നു അത്. താനിപ്പോഴും യു. എ.ഇ യില്‍ തന്നെയാണുള്ളതെന്നും യു. കെയില്‍ പോകേണ്ട യാതൊരാവശ്യവും തനിക്കില്ലെന്നും അതില്‍ തുടര്‍ന്നു പറയുന്നു.

ഞാനാകെ തളര്‍ന്നു പോയി. അത്യാവശ്യ ഘട്ടത്തില്‍ പോലും, ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നത് വളരെ സൂക്ഷിച്ചു പോന്ന എനിക്ക് ഇങ്ങനെ ഒരനുഭവമോ? നിമിഷങ്ങള്‍ക്കുള്ളില്‍, നിരവധി സംഭവങ്ങള്‍, ഫ്ലാഷ് ന്യൂസ്’ കണക്കെ, മനസ്സിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രധാനനഗരത്തില്‍ വെച്ചുണ്ടായതായിരുന്നു അവയില്‍ ആദ്യത്തേത്. ഇന്റര്‍നെറ്റ് കേരളത്തില്‍ കാലുകുത്താന്‍ തുടങ്ങിയിട്ടേയുള്ളു. അതൊന്നു അനുഭവിച്ചു കളയാമെന്ന ഉദ്ദേശ്യത്തോടെ ഒരു കഫെയില്‍ കയറിയതായിരുന്നു. അലക്ഷ്യമായി എവിടെയൊക്കെയൊ ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു. എന്തെല്ലാമോ തുറന്നു വന്നുകൊണ്ടിരുന്നു. വേണ്ടത് നിരവധി! വേണ്ടാത്തത് അതിലുപരി!  അവസാനം നിറുത്തിക്കളയാമെന്ന ഉദ്ദേശ്യത്തൊടെ, പുറത്തു ചാടാനുള്ള മാര്‍ഗം നോക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു ഫ്‌ലാഷ് മെസേജ്! സുവര്‍ണലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട ഒരു സന്ദേശം! ‘ആശംസകള്‍! താങ്കള്‍ ഞങ്ങളുടെ 50000 മത്തെ സന്ദര്‍ശകനാണ്. താങ്കള്‍ 85,00000 യു. എസ്. ഡോളര്‍ സമ്മാനം നേടിയിരിക്കുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ഈ നമ്പറില്‍ വിളിക്കുക.’

ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളെ കുറിച്ച സംസാരങ്ങളൊന്നും കാര്യമായി കേട്ടിട്ടുണ്ടായിരുന്നില്ലെങ്കിലും, എന്തു കൊണ്ടൊ, മനസ്സില്‍ കൊള്ളാത്ത ഈ സംഖ്യ കിട്ടണമെന്ന ഒരു മോഹം ഉണ്ടായില്ല. പ്രസ്തുത നമ്പറില്‍ ഒരു കോള്‍ ചെയ്താല്‍ മതി, സംഖ്യ റെഡി! ആ സംഖ്യയുമായി, രാജാധിരാജനായി വിലസുന്നത് സ്വപ്നം കാണുന്നതിന്ന് തടയിടുന്ന ഒരു ഭീതി മനസ്സിനെ മൂടുകയായിരുന്നു. വേഗം ക്ലോസ്സ് ചെയ്‌തെങ്കിലും, പെട്ടെന്ന് മറ്റൊരു സന്ദേശം! പോകാന്‍ വരട്ടെ, ഇത്രയും വലിയൊരു സംഖ്യ സമ്മാനം ലഭിച്ചിട്ടും താങ്കള്‍ എന്തു കൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല?

ഓബ്‌ജെക്റ്റീവ് ടൈപ്പ് ചോദ്യമാണ്. മറുപടികള്‍ അതില്‍ തന്നെയുണ്ട്. 1. ഈ കമ്പനിയെ കുറിച്ച് എനിക്കറിയാത്തത് കൊണ്ട്. 2. ഫോണ്‍ ചെയ്യാന്‍ പണമില്ലാത്തത് കൊണ്ട്. 3. താല്പര്യമില്ലാത്തത് കൊണ്ട്. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല, മൂന്നാമത്തേത് ക്ലിക്ക് ചെയ്തു. ഉടനെ മറ്റൊരു സന്ദേശം വരുന്നതിന്നു മുപായി കമ്പ്യൂട്ടര്‍ തന്നെ ക്ലോസ്സ് ചെയ്തു സ്ഥലം വിട്ടു. അല്ലാത്ത പക്ഷം, കഫേക്കാരന്‍ വരുമ്പോള്‍ ഈ സന്ദേശം കാണുകയും അങ്ങനെ അയാള്‍ എന്നെ വീണ്ടും വിളിക്കുകയും ചെയ്‌തെങ്കിലോ എന്നായിരുന്നു പേടി.

പിന്നീട്, ഈമെയില്‍, മോബൈല്‍ എന്നിവ വഴി സമ്മാനങ്ങളുടെ ഒരു തുലാവര്‍ഷമായിരുന്നു. എല്ലാ സമ്മാനവും എനിക്ക് തന്നെ. അതാണ് അത്ഭുതം. മുമ്പത്തേതിന്നു സമാനമോ അതിലുപരിയോ സംഖ്യകളാണ് എന്റെ പേരില്‍, പലരും ബേങ്കിലോ മറ്റോ നിക്ഷേപിച്ചിരിക്കുന്നത്.  ഈ സംഖ്യകളെല്ലാം തന്നെ, എന്റെ ഒരു സമ്മതത്തിന്നു മാത്രം കാത്തിരിക്കുകയാണ്. ഞാന്‍ സമ്മതം മൂളിയാല്‍, സംഖ്യ മുഴുവന്‍ എന്റെ അക്കൗണ്ടില്‍! പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്, ഒന്നു സമ്മതം മൂളിയാല്‍ എന്തായിരിക്കും സംഭവിക്കുക? മറുപടി മനസ്സില്‍ നിന്നു തന്നെയുണ്ടായി: ഇത്തരമൊരു കുറിപ്പെഴുതാന്‍ പൊലും എനിക്ക് കഴിയുകയില്ല. കാരണം, ഞാന്‍ വളരെ ബിസിയായിരിക്കും. രാജ്യത്തിനകത്തും പുറത്തും ഏറ്റവും വലിയ സമ്പന്നനായിരിക്കും ഞാന്‍. അപ്പോള്‍, എല്ലാ രാഷ്ട്രീയക്കാര്‍ക്കും, മതക്കാര്‍ക്കും, ഗ്രൂപ്പുകാര്‍ക്കും ഞാന്‍ സമ്മതന്‍ മാത്രമല്ല, അവശ്യ വസ്തുവായിക്കും. അവരുടെയെല്ലാം വേദികളില്‍ ഞാന്‍ അവിഭാജ്യഘടകം. ഏത് വിധി തീര്‍പ്പും വരുന്നത് എന്റെ നാവിലൂടെ! എന്തൊരു സന്തോഷമായിരിക്കും അത്!

പക്ഷെ, ‘വകതിരിവില്ലായ്മ’കൊണ്ടായിരിക്കാം, അതിലൊന്നും യാതൊരു താല്പര്യവും തോന്നിയില്ല. വീണ്ടും മറ്റൊരു ചിന്തകൂടി മനസ്സിലുയര്‍ന്നു വന്നു. പണം ആവശ്യമില്ലാത്ത എനിക്ക് മാത്രം ഈ സമ്മാനം വരുന്നതെന്തു കൊണ്ടാണ്? ഒരിക്കല്‍, അമേരിക്കന്‍ ഉള്‍നാടുകളിലെവിടെയോ ഉള്ള ഒരാളുമായി ഈ സംശയം ഞാന്‍ പങ്കുവെക്കുക കൂടി ചെയ്തു. ഇവരുടെ ഭര്‍ത്താവ് ഒരപകടത്തില്‍ മരിച്ചു പോയതാണ്. വലിയൊരു ബിസിനസ്സ് തുടങ്ങാനായി അമേരിക്കയിലെത്തിയതായിരുന്നു. അതിനിടയിലാണ് അപകടം. ഇത്രയും സംഖ്യ സൂക്ഷിക്കുന്നതിന്നു ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ഇവരാകട്ടെ, 75 കഴിഞ്ഞ ഒരു അര്‍ബുദ രോഗിയാണ്. ഇത്തരമൊരു ബിസിനസ്സ് നടത്തിക്കൊണ്ടു പോവുക പ്രയാസം. വിശ്വസിച്ച് ഏല്പിക്കാന്‍ പറ്റിയ ആരെയും ഇവിടെ കിട്ടുന്നില്ല. ഇതിന്നിടയിലാണ് എന്റെ അഡ്രസ്സ് കിട്ടിയത്. അങ്ങനെ ബന്ധപ്പെട്ടതാണ്. ഞാന്‍ സമ്മതിക്കുകയാണെങ്കില്‍, സംഖ്യ മുഴുവന്‍ എന്റെ അക്കൗണ്ടിലേക്ക് മാറ്റാം. ബിസിനസിലെ വലിയൊരു വിഹിതം എനിക്കു തന്നെ. ഞാന്‍ ആകെ ചെയ്യേണ്ടത് ഒരു സമ്മതം തരിക മാത്രം. സംഖ്യ എന്റെ അക്കൌണ്ടിലെത്തിക്കാന്‍. സാങ്കേതിക കുരുക്കുകളെല്ലാം ശരിയാക്കാന്‍ അറ്റോര്‍ണിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ആദ്യം ഞാന്‍ മറുപടി കൊടുത്തു, എനിക്ക് ബിസിനസ്സില്‍ യാതൊരു പരിചയവുമില്ലെന്ന്. ഉടനെ മറുപടി, പരിചയം ആവശ്യമില്ല. എല്ലാം മറ്റൊരാള്‍ നടത്തിക്കൊള്ളും. ഞാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഈ ഭീമന്‍ സംഖ്യ എന്റെ അക്കൗണ്ടിലിടാന്‍ സമ്മതിക്കുക. അവസാനം, ഞാന്‍ ചോദിച്ചു: ലക്ഷക്കണക്കില്‍ ഈമെയില്‍ അഡ്രസ്സുകളില്‍ എന്നെ മാത്രം വിശ്വസ്ഥനായി കാണാന്‍ താങ്കള്‍ക്കെന്തു ന്യായമാണുള്ളത്? മറുപടിക്ക് താമസമുണ്ടായില്ല. ഈ ചോദ്യം താങ്കള്‍ ചോദിക്കുമെന്ന് എനിക്ക് മുമ്പ് തന്നെ അറിയാം. ദൈവത്തിന്റെ ഉള്‍വിളിയാണ് താങ്കളെ തെരഞ്ഞെടുക്കാന്‍ കാരണം.

പിന്നെയാണറിയുന്നത്, ഈ ഉള്‍വിളികള്‍ പലര്‍ക്കും, ഏതാണ്ടെല്ലാ ഇമെയില്‍ ഐഡിക്കാരെയും മോബൈല്‍ ഉപഭോക്താക്കളെയും കുറിച്ചും ഉണ്ടായിട്ടുണ്ടെന്നും, അവരില്‍  വളരെയധികം പേര്‍, ഇത്രയും ഭീമസംഖ്യ സ്വപ്നം കണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുകയുണ്ടായിട്ടുണ്ടെന്നും, അവസാനം, ആദ്യമുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ പോലും നഷ്ടപ്പെട്ട്, ഒരു സ്വപ്നം പോലും കാണാന്‍ കഴിയാത്ത പരുവത്തിലായിട്ടുണ്ടെന്നും.

Related Articles