Current Date

Search
Close this search box.
Search
Close this search box.

ബിന്‍ലാദന്റെ റൈഫിള്‍

അമേരിക്കന്‍ രഹസ്യ ഏജന്‍സിയായ സി.ഐ.എ വാഷിംഗ്ടണ്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള തങ്ങളുടെ കേന്ദ്രത്തില്‍ ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ ഓപറേഷനിടയില്‍ ലോകത്തിന്റ നാനാ ഭാഗത്ത് നിന്നും ലഭിച്ച വസ്തുക്കളാണ് അവിടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. അവിടെ ഒരു എ.കെ47 റൈഫിള്‍ ചമയിച്ച് വെച്ചതായി കാണാം. 2011 മെയ് രണ്ടിന് അബഠാബാദില്‍ വെച്ച് ഉസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹത്തിനരികെ കിടന്ന തോക്കാണെന്നാണ് സി.ഐ.എ പറയുന്നത്(ഏഷ്യന്‍ ഏജ് ജൂലൈ 27, പി.ടി.ഐയെ ഉദ്ധരിച്ച്). അതായത് ചാരസംഘടന തങ്ങളുടെ വലിയൊരു ധീരകൃത്യത്തിന്റെ ഓര്‍മക്കായാണ് അതവിടെ കൊണ്ട് വെച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും ശക്തനായ ശത്രുവിനെ വരെ കൊന്ന് അയാളുടെ ആയുധം വരെ ഇതാ ഇവിടെ! പക്ഷെ ബിന്‍ലാദനെ പിടിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുന്ന പാകിസ്ഥാനിലെ അബഠാബാദിലുള്ള വീട് അമേരിക്ക അപ്പടി തകര്‍ത്തുകളയുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ബിന്‍ലാദനെ പിടിച്ച ഓര്‍മക്ക് ആ വീടാണല്ലോ അമേരിക്ക നിലനിര്‍ത്തേണ്ടിയിരുന്നത്.

    അബഠാബാദില്‍ നിന്ന് പിടിച്ചെടുത്ത റൈഫിളിനേക്കാള്‍ ആയിരം മടങ്ങ് പ്രാധാന്യം ഉണ്ടായിരുന്നല്ലോ അവിടെയുണ്ടായിരുന്ന വീടിന്. ‘അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ കൊന്നുതള്ളിയ വീട്’ എന്ന് അവിടെ വലിയൊരു ബോര്‍ഡും വെക്കാമായിരുന്നു. പക്ഷെ വാഷിങ്ടണ്‍ ചെയ്തത് നേരെ തിരിച്ചാണ്. തങ്ങളുടെ റാംമൂളികളായ പാക് ഭരണകൂടത്തെ ഉപയോഗിച്ച് രായ്ക്ക് രാമാനം ആ കെട്ടിടം നിശ്ശേഷം തകര്‍ത്ത് കളഞ്ഞു; അതിന്റെ ഒരു അവശിഷ്ടവും ബാക്കിയാകാത്ത തരത്തില്‍. ഇത് നേരത്തെയുള്ള സംശയത്തെ ഒന്നു കൂടി ബലപ്പെടുത്തുന്നുണ്ട്. അതായത് അബഠാബാദില്‍ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന വ്യക്തി ബിന്‍ലാദനായിരിക്കാന്‍ വഴിയില്ല. അതും ഒരു നാടകമായിരിക്കാം. ആരും ആ മൃതദേഹം കണ്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്കടക്കം ഉറപ്പിച്ച് പറയാനാവുമോ അത് ഉസാമയുടെ മൃതദേഹം തന്നെയാണെന്ന്? പക്ഷെ അമേരിക്ക പലപല രീതികളിലൂടെ കൊന്നത് ബിന്‍ലാദനെ തന്നെയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ തന്നെ ഭാഗമാണ് പാകിസ്ഥാന്‍ ഗവണ്‍മെന്റിനെക്കൊണ്ട് തയ്യാറാക്കിച്ച അന്വേഷണ റിപ്പോര്‍ട്ടും. അബഠാബാദ് വിഷയത്തില്‍ അമേരിക്കയുടെ ജല്‍പ്പനങ്ങള്‍ അപ്പടി പകര്‍ത്തുക മാത്രമാണ് പകിസ്ഥാന്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്.

   ദേശീയവും അന്തര്‍ദേശീയവുമായ നമ്മുടെ സകല മീഡിയയും ഈ കള്ളങ്ങള്‍ പകര്‍ത്തിവെക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ട് ആ കള്ളങ്ങള്‍ സത്യമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. സത്യസന്ധരായ പത്രപ്രവര്‍ത്തകര്‍ വരെ ഇതില്‍ പെട്ടുപോവുകയാണ്. ധീരമായും നിഷ്പക്ഷമായും സംഭവങ്ങള്‍ വിലയിരുത്തുന്ന സീമ മുസ്തഫ ഉദാഹരണം.  സ്‌റ്റേറ്റ്‌സ്മാനില്‍ രണ്ട് ഭാഗങ്ങളായി(ജൂലൈ 20,21) അവര്‍ ഏഴുതിയ ലേഖനത്തില്‍ പാകിസ്ഥാനിലെ അബഠാബാദ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഈ പത്രപ്രവര്‍ത്തക എഴുതുന്നത് എന്നതിനാല്‍ അവരെക്കുറിച്ച് സാമാന്യ ധാരണയുള്ള ആരും റിപ്പോര്‍ട്ടിനെക്കുറിച്ച ഒരു വിമര്‍ശനാത്മക വിശകലനമാണ് പ്രതീക്ഷിക്കുക. റിപ്പോര്‍ട്ടിലെ പോരായ്മകള്‍ അവര്‍ കണ്ടെത്തുമെന്നും അതിലെ അപഹാസ്യവും പരിഹാസ്യവുമായ ഭാഗങ്ങള്‍ തുറന്ന്കാട്ടുമെന്നും നാം ഉറപ്പിക്കും(റിപ്പോര്‍ട്ടിനെ വളരെ എളുപ്പം പോസ്റ്റമാര്‍ട്ടത്തിന് വിധേയമാക്കാവുന്നതേയുള്ളു). പക്ഷെ സീമ മൂസ്തഫ അതൊന്നും ചെയ്യുന്നതേയില്ല. പാകിസ്ഥാന്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട്അത് യഥാര്‍ഥത്തില്‍ അമേരിക്ക പറഞ്ഞ്‌കൊടുത്ത കഥയെ ആസ്പദമാക്കിയുള്ളതാണ്അക്ഷരം പ്രതി പകര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തിരിക്കുന്നത്. നമുക്ക് അല്‍പ്പം അമ്പരപ്പോടെ സീമ മുസ്തഫയോട് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്: പരിചയസമ്പന്നയായ ഈ ജേണലിസ്റ്റ് എന്തിനാണ് അമേരിക്കന്‍ മെസേജുകള്‍ സ്വതേ വായനക്കാരുടെ മേല്‍വിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യുന്നത്?

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles