Current Date

Search
Close this search box.
Search
Close this search box.

ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനം

planting-tree.jpg

ഇസ്‌ലാമിക പ്രവര്‍ത്തനവും ശൈലിയും എല്ലായിടത്തും ഒരു പോലെയല്ല. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമവും രീതികളും സ്ഥലകാല മാറ്റങ്ങള്‍ക്കനുസൃതമായി മാറ്റത്തിനു വിധേയമാകേണ്ടതാണ്. ഇസ്‌ലാം പ്രതിനിധാനം ചെയ്യപ്പെടുന്ന ഭൂമികയിലെ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളും വിധമാകണം ഇസ്‌ലാമിന്റെ സാമൂഹ്യപ്രതിനിധാനം നിര്‍വഹിക്കേണ്ടത്. അതുകൊണ്ടാണ് സൗദി അറേബ്യ പോലുള്ള ഒരു മുസ്‌ലിം ഭൂരിപക്ഷരാജ്യത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഇസ്‌ലാം ഇന്ത്യപോലൊരു മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. വ്യക്തിതലത്തില്‍ പരിമിതമായ മതാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ഇസ്‌ലാമിന്റെ സാമൂഹ്യ പ്രതിനിധാനം മുസ്‌ലിം സമൂഹത്തില്‍ മാത്രം പരിമിതപ്പെടുന്നത് ബഹുസ്വര സമൂഹത്തില്‍ അശുഭകരമായിരിക്കും. സര്‍വ മനുഷ്യരെയും ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്‌നങ്ങളെ സ്പര്‍ശിക്കാതെ മുസ്‌ലിം പ്രശ്‌നങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നത് എല്ലാവര്‍ക്കും അവകാശപ്പെട്ട ഇസ്‌ലാമിനെ സമുദായവല്‍ക്കരിക്കുന്നതിനു തുല്യമാണ്. ഇസ്‌ലാമിന്റെ ഗുണഭോക്താക്കള്‍ വിശ്വാസികള്‍ മാത്രമല്ല. ഇനിയും വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും ദൈവ നിഷേധത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും ഭൗതിക ലോകത്ത് ഇസ്‌ലാമിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയണം. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അല്ലാഹു വായുവും വെള്ളവും വിഭവങ്ങളും വിവേചനമില്ലാതെ എത്രയും പ്രദാനം ചെയ്യുന്നതുപോലെ, ഇസ്‌ലാമില്‍ (മുസ്‌ലിംകളില്‍) നിന്നുള്ള ഭൗതികമായ മുഴുവന്‍ പ്രയോജനങ്ങളും നുകരാന്‍ അര്‍ഹരാണ് ഇസ്‌ലാമിന്റെ വൃത്തത്തിനു പുറത്തുള്ളവരും.

ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിന്റെ സാമൂഹ്യ പ്രതിനിധാനം സര്‍വരെയും ഉള്‍ക്കൊള്ളും വിധമാകണം. സര്‍വരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത്. പള്ളികളുടെ മോടികൂട്ടലിനേക്കാള്‍ ഏവര്‍ക്കും പ്രയോജനം ചെയ്യുന്ന കുടിവെള്ള പ്രശ്‌നമാണ് ഇസ്‌ലാമില്‍ മുന്‍ഗണനയര്‍ഹിക്കുന്നത്. ഇരുപത് ശതമാനം വരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്രസ്സയുടെ നവീകരണത്തേക്കാള്‍ നാട്ടിലെ നൂറ് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ കഴിയുന്ന വിദ്യാലയങ്ങള്‍ക്കായിരിക്കണം മുസ്‌ലിംകള്‍ മുന്‍ഗണന നല്‍കേണ്ടത്. സമൂഹത്തിന് മുഴുവന്‍ പ്രയോജനം ലഭിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കുക മാത്രമല്ല, മുസ്‌ലിം സമൂഹമായിരിക്കണം അതിനായി മുന്നിട്ടിറങ്ങേണ്ടത്.  

ഖുര്‍ആന്‍ ക്ലാസ്, ദഅ്‌വാ സ്‌ക്വാഡ്, പ്രഭാഷണങ്ങള്‍, വഅള് പരമ്പരകള്‍, യോഗങ്ങള്‍ ഇവയാണ് സാധാരണ ഗതിയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളായി ഗണിക്കപ്പെടുന്നത്. മുഴുവന്‍ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന പല കാര്യങ്ങളും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നു പോലുമില്ല. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴികള്‍ സഞ്ചാരയോഗ്യമാക്കല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, മനുഷ്യര്‍ക്കു പുറമെ, മറ്റു ജീവജാലങ്ങള്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, ജല സ്രോതസ്സുകള്‍ കണ്ടെത്തല്‍, ഉള്ളവ നന്നാക്കല്‍, തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല മുസ്‌ലിം സമൂഹം പൊതുവെ ഗണിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ രാഷ്ട്രീയക്കാര്‍ക്കു വിട്ടുകൊടുത്ത് ‘ഇസ്‌ലാമിക പ്രവര്‍ത്തന’ത്തിന് പ്രത്യേക അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിരിക്കുകയാണ് മുസ്‌ലിം സമുദായം. വ്യക്തി, സമുദായം എന്ന നിലയില്‍ തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് മാത്രം ഒരു നിലക്കും ചുരുങ്ങി പോകാന്‍ പാടില്ലാത്തതാണ്, ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈ ഉത്തമ സമുദായം. അതാണവരെ ഉത്തമര്‍ എന്ന വിശേഷണത്തിന് അര്‍ഹരാക്കുന്നത് തന്നെയും. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവന്‍ എന്ന വിശേഷണത്തിന് ഏറെ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എന്നാല്‍, മുസ്‌ലിം വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും സ്വാര്‍ത്ഥനാകാവതല്ല. മറിച്ച് മറ്റുമനുഷ്യര്‍ക്കും (ജീവജാലങ്ങള്‍ക്കും കൂടി) ഉപകാരപ്പെടേണ്ടവനും പ്രയോജനപ്പെടേണ്ടതുമാണ്. വ്യക്തി തലത്തിലും സമുദായ തലത്തിലും സ്വാര്‍ത്ഥത ശരീഅതിന്റെ വിശാലമായ വീക്ഷണത്തിനെതിരാണ്. പരിശുദ്ധ വാക്യത്തെ ഉദാഹരിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ: ‘അല്ലാഹു പരിശുദ്ധ വചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്നു നീ കണ്ടില്ലേ.. പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷംപോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ശാഖകളോ ആകാശത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അതിന്റെ റബ്ബിന്റെ കല്‍പ്പനപ്രകാരം അത് ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.’

വിശ്വാസം ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ ഒരു വ്യക്തിയും സമൂഹവും സമൂഹത്തിന് സദ്ഫലങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കും. ഏതു കാലത്തും ഏത് ദേശത്തും. തങ്ങളുടെ പ്രവര്‍ത്തന ഭൂമിക ബഹുസ്വരസമൂഹത്തിലായി എന്നതുകൊണ്ട് പൊതുസമൂഹത്തിന് മുസ്‌ലിംകളില്‍ നിന്ന് പ്രയോജനം ലഭിക്കാതിരുന്നുകൂടാ. ഒരു ഫലവൃക്ഷത്തില്‍ നിന്ന് മനുഷ്യരും ജീവ ജാലങ്ങളും വിശ്വാസിയും അവിശ്വാസിയും ഭക്തനും തെമ്മാടിയും പ്രയോജനമെടുക്കുന്നതു പോലെ ഇസ്‌ലാമാകുന്ന സദ് വൃക്ഷത്തില്‍ നിന്ന് സര്‍വരും സദ്ഫലങ്ങള്‍ ഭുജിക്കട്ടെ.

Related Articles