Current Date

Search
Close this search box.
Search
Close this search box.

ബദ്‌റിലെ പാഠങ്ങള്‍

ജനങ്ങള്‍ പ്രകൃത്യാ ചില കാര്യങ്ങളില്‍ സമന്മാരാണ്. എല്ലാവരും ചിലത് ഇഷ്ടപ്പെടുകയും അത് ലഭിക്കുമ്പോള്‍  സന്തോഷിക്കുകയും ചെയ്യുന്നു. മറ്റുചിലത് എല്ലാവരിലും വെറുപ്പുളവാക്കുന്നു. അഭിമുഖിക്കേണ്ടവരുടെ പ്രകൃതം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ എളുപ്പമാണ്. പ്രവാചകന്‍(സ) ആളുകളോട് ഇടപഴകിയിരുന്നത് അവരുടെ പ്രകൃതം മനസ്സിലാക്കിയായിരുന്നു. യാത്രാ വേളയിലോ അടിയന്തര ഘട്ടത്തിലോ ഒരിക്കലും പരുഷമായി പെരുമാറിയിരുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്ന തുറന്ന  പ്രകൃതമായിരുന്നു പ്രവാചകപത്‌നി ആഇശ(റ)യുടേത്. നബി(സ) അവരോട് തമാശപറയുകയും അവരുമായി ഓട്ടപ്പന്തയം നടത്തുകയുമൊക്കെ ചെയ്യുമായിരുന്നു. പ്രഥമപത്‌നി ഖദീജ(റ)യോട് മറ്റൊരു രീതിയിലായിരുന്നു പെരുമാറിയിരുന്നത്. അവര്‍ നബിയേക്കാള്‍ പ്രായം കൂടിയവരുമായിരുന്നു. തന്റെ അനുചരന്മാരോടും  ഇതേ നയം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. അബൂബക്കറിനോടും ത്വല്‍ഹയോടും ഒരേ രീതിയിലായിരുന്നില്ല അദ്ദേഹം സ്വീകരിച്ചിരുന്നത്. ഖാലിദ് ബിന്‍ വലീദിനോട് ഇടപെടുന്നത് പോലെയായിരുന്നില്ല അബൂഹുറൈറയോട് ഇടപെട്ടിരുന്നത്. ഉമറിനോട് മറ്റൊരു രീതിയിലായിരുന്നു പെരുമാറ്റം.

മുസ്‌ലിംകളും സത്യനിഷേധികളും തമ്മില്‍ നടക്കുന്ന ആദ്യത്തെ ഏറ്റമുട്ടലായിരുന്നു ബദ്ര്‍. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17 വെള്ളിയാഴ്ച രാവായിരുന്നു. ആ രാത്രി  ആരാധനാനിമഗ്നനായി നബി(സ) സുജൂദില്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ”അല്ലാഹുവേ! ഈ സംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നീ ആരാധിക്കപ്പെടുകയില്ല.” ന്യൂനപക്ഷം ഭൂരിപക്ഷത്തെ അതിജയിക്കുക എന്നൊരു പ്രതിഭാസമുണ്ട്. അത് അത് ത്ഭുതകരമായിരിക്കാം  പക്ഷെ, അപൂര്‍വമല്ല. ”എത്രയെത്ര ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷത്തെ പരാജയപ്പെടുത്തിയത്! ” (ഖുര്‍ആന്‍: 2:249) എന്ന ഖുര്‍ആന്‍ സൂക്തം ഇക്കാര്യം വ്യക്തമാക്കുന്നു. ബദ്‌റില്‍ സംഭവിച്ചതും അതായിരുന്നു. പ്രവാചകന്റെ കൂടെ ഇരുനൂറ്റിനാല്‍പതിലേറെ അന്‍സാരികളും ബാക്കി മുഹാജിറുകളുമടക്കം 313  പേരും 70 ഒട്ടകങ്ങളു രണ്ട് കുതിരകളും മാത്രമായിരുന്നു. 950 ഭടന്മാര്‍, 100 കുതിരകള്‍, 700 ഒട്ടകങ്ങള്‍ സഹിതമായിരുന്നു ഖുറൈശികളുടെ പടയൊരുക്കം.

ഇസ്‌ലാമിന്റെ ഇന്നത്തെ ശത്രുക്കള്‍ പലരും നാളത്തെ മിത്രങ്ങളും പ്രബോധകരും ഭടന്മാരും സേനാധിപന്മാരും ആയിത്തീരുമെന്നും അവര്‍ മുഖേന ഇസ്‌ലാമിന് വിപുലമായ പ്രച്രാരവും ശക്തിയും ലഭിക്കുമെന്നും അല്ലാഹു നിശ്ചയിച്ചിരുന്നു. ആദ്യകാലത്ത് ഇസ്‌ലാമിന്റെ വൈരികളും പിന്നീട് വക്താക്കളുമായി മാറിയ ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തിലുടനീളം കാണാം. ഉമര്‍, ഖാലിദ് തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

ഖുറെശികളില്‍ പലരും സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നതെന്നും അവര്‍ മുസ്‌ലികളെ അക്രമിക്കുകയില്ലെന്നും  പ്രവാചകന്‍ മനസ്സിലാക്കി. മുസ്‌ലികളുടെ മനസ്സും യുദ്ധത്തിന് സന്നദ്ധമായിരുന്നില്ല. സ്വന്തം മക്കളും പിതാക്കന്മാരുമടങ്ങിയ ബന്ധുക്കളേയാണവര്‍ക്ക് നേരിടേണ്ടിയിരുന്നത്. അദ്ദേഹം തന്റെ അനുചരന്മാരെ അഭിമുഖീകരിച്ച് പറഞ്ഞു: ”ഹാശിം കുടുംബത്തില്‍ നിന്നും മറ്റും പലരും നിര്‍ബന്ധപൂര്‍വം യുദ്ധത്തിന് പുറപ്പെട്ടിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു. നമ്മോട് ഏറ്റുമുട്ടുക അവരുടെ ലക്ഷ്യമല്ല. പോര്‍ക്കളത്തില്‍വെച്ച് അവരെ വധിച്ചുകളയരുത്. ഹാശിമിന്റെ പുത്രന്‍ അബുല്‍ബഖ്തരിയെയും  അബ്ദുല്‍മുത്തലിബിന്റെ മകന്‍ അബ്ബാസിനേയും നേരിടേണ്ടിവന്നാല്‍ അവരെ വധിക്കരുത്. കാരണം, അവര്‍ നിര്‍ബന്ധത്തിന് വഴങ്ങി പുറപ്പെട്ടവരാണ്.” ആ സമയത്ത് അബ്ബാസ് ഹൃദയത്തില്‍ വിശ്വാസം ഒളിപ്പിച്ചുവെക്കുയും ഖറൈശികളുടെ നീക്കങ്ങള്‍ യഥാസമയം പ്രവാചകന് അറിയിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്ന് അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം വെളിപ്പെടുത്താനോ മുസ്‌ലിംകളാല്‍ അദ്ദേഹം വധിക്കപ്പെടാനോ പ്രവാചകന്‍ ഇഷ്ടപ്പെട്ടില്ല.

പ്രമുഖ ഖറൈശിനേതാവും പടയാളിയുമായിരുന്നു അബുല്‍ ബുഖ്തരി. മുസ്‌ലിമായ അയാളുടെ പുത്രന്‍ അബുഹുദൈഫക്ക്  ബദ്‌റില്‍ തന്റ പിതാവിനെ എതിരിടുന്നത് അസഹ്യമായിരുന്നു. ”ഞങ്ങള്‍ സ്വന്തം പിതാക്കന്മാരെയും മക്കളെയും സഹോദരങ്ങളേയുമെല്ലാം വധിച്ചിട്ട് അബ്ബാസിനെ മാത്രം വെറുതെ വിടണമെന്നാണോ പറയുന്നത്?” അയാള്‍ ചോദിച്ചു. ”അല്ലാഹുവാണെ സത്യം. പോര്‍ക്കളത്തില്‍ കണ്ടാല്‍ ഞാന്‍ അയാളെ വെട്ടിനുറുക്കും.” അബൂഹുദൈഫ പറഞ്ഞത് പ്രവാചകന്‍ അറിഞ്ഞു. അവിടുന്ന് തന്റെ ചുറ്റിലുമുണ്ടായിരുന്ന മുന്നൂറോളം യോദ്ധാക്കളെ നോക്കി. പെട്ടെന്ന് തന്റെ മുഖം ഉമറി(റ)ന്റെ നേരെ തിരിച്ചുകൊണ്ട് പറഞ്ഞു: ”അബൂഹഫ്‌സ (ഹഫ്‌സയുടെ പിതാവെ) എന്റെ പിതൃവ്യനെ തന്റെ വാളുകൊണ്ട് വെട്ടുമെന്നാണോ അയാള്‍  പറയുന്നത്?” ആദ്യമായാണ് പ്രവാചകന്‍ അബൂഹഫ്‌സ എന്ന അപരനാമത്തില്‍ തന്നെ അഭിസംബോധന ചെയ്തതെന്നാണ് ഉമര്‍ ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. ഉമറിന് കാര്യം പിടികിട്ടി. തങ്ങള്‍ ഒരുയുദ്ധത്തെ  അഭിമുഖികരിക്കാന്‍ പോകുകയാണ്. നേതാവിന്റെ ഉത്തരവ് ലംഘിക്കാന്‍ ഒരാളെയും അനുവദിച്ചുകൂടാ. മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ന്യായവാദങ്ങള്‍ ഉന്നയിച്ച് നായകനോട് തര്‍ക്കിക്കേണ്ട സമയമല്ല ഇതെന്നും  ഉമറിന് ബോധ്യമായി.

ഉമറിന്റെ വ്യക്തിത്വവും പ്രകൃതവും നന്നായി മനസ്സിലാക്കിയ പ്രവാചകന് ഏതെല്ലാം ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തെ ഏല്‍പിക്കേണ്ടതെന്നതിനെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. ഒരു യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ ആളുകള്‍ ഭയക്കുന്ന ധീരനും അചഞ്ചലനുമായ ഒരാളെയാണ് അത്യാവശ്യമായിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് തുടര്‍നടപടിയെടുക്കാന്‍ ഉമറിനെ തിരഞ്ഞെടുത്തുകൊണ്ട് ”പ്രവാചകന്റെ പിതൃവ്യന്റെ തല വാളുകൊണ്ട് കൊയ്‌തെടുക്കണോ?” എന്ന് നബി(സ) ചോദിച്ചത്.                    

പ്രശ്‌നത്തിന് ധീരമായ പരിഹാരമായി അദ്ദേഹം പറഞ്ഞു: ”പ്രവാചകരേ,  അദ്ദേഹത്തെ നേരിടാന്‍ എന്നെ അനുവദിച്ചാലും.” പ്രവാചകന്‍ പക്ഷേ, അതിനനുവദിച്ചില്ല. ഉമറിന്റെ താക്കീതുതന്നെ രംഗം തണുപ്പിച്ചിരുന്നു.

പ്രവാചക പിതൃവ്യനെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ അബദ്ധമായി എന്ന് അബൂഹദൈഫക്ക് തോന്നി ”ഞാന്‍ അന്ന് പറഞ്ഞ വാക്കിന്റെ പ്രത്യഘാതത്തെക്കുറിച്ചോര്‍ത്ത് എനിക്കിപ്പോഴും സമാധാനമില്ല.” എന്നാണ് സാത്വികനായ  അബൂഹുദൈഫ പിന്നീട് പറഞ്ഞത്. ദൈവികമാര്‍ഗത്തില്‍ താന്‍ കൊതിക്കുന്ന രക്തസാക്ഷിത്വം  ആ വാക്കുകള്‍ക്കുള്ള പ്രായശ്ചിത്തമായെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. അബൂഹുദൈഫ പിന്നീട് യമാമയുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വംവരിച്ചു.

പ്രവാചകന്‍ വധിക്കരുതെന്ന് നിര്‍ദേശിച്ച അബുല്‍ബുഖ്തരി മക്കയില്‍ നബി(സ)യെ സംരക്ഷിക്കുകയും, ശത്രുക്കളെ പ്രതിരോധിക്കുകയും ഹാശിം, മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ നടപ്പാക്കിയ ബഹിഷ്‌കരണം ദുര്‍ബലപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയും രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചയാളുമായിരുന്നു. അതുകൊണ്ടാണ് വധിക്കരുതെന്ന് നബി(സ) വിലക്കിയത്. ഉമറി(റ)ന്റെ അവിശ്വാസിയായ അമ്മാവന്‍ ആസ്വിബുനു ഹിശാം വധിക്കപ്പട്ടതാ ബദ്‌റിലായിരുന്നു. ഉമര്‍(റ) തന്നെയായിരുന്നു അയാളെ വെട്ടിയത്. അഭിമാനത്തോടെ അദ്ദേഹം ആ കൃത്യം വിവരിക്കാറുണ്ടായിരുന്നു.

അബൂബക്കറി(റ)ന്റെ പുത്രന്‍ അവിശ്വാസികളുടെ പക്ഷത്തായിരുന്നു. പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചശേഷം പിതാവിനോട് ഒരിക്കല്‍ പറഞ്ഞു: ”ബദര്‍ ദിനത്തില്‍ പലപ്പോഴും താങ്കള്‍ എന്റെ ആക്രമണ ലക്ഷ്യത്തില്‍ വന്നുപെട്ടിരുന്നു. പക്ഷെ, ഞാന്‍ തിരിഞ്ഞുകളഞ്ഞു.” അപ്പോള്‍ അബൂബക്കര്‍(റ) പ്രതികരിച്ചു: ”നീ എന്റെ ലക്ഷ്യത്തില്‍ വന്നാല്‍ ഞാന്‍ ഒഴിവാക്കുമായിരുന്നില്ല.” അബ്ദുറഹ്മാന്‍ പിതാവിനെയും അവിശ്വാസത്തെയും താരതമ്യം ചെയ്ത് പിതാവിന് സ്ഥാനം നല്‍കി. അബൂബക്കര്‍(റ) പുത്രനേയും ഇസ്‌ലാമിനേയും തുലനംചെയ്ത് ഇസ്‌ലാമിന്ന് പ്രാമുഖ്യം നല്‍കി.

Related Articles