Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിന്റെ പോപ് ഗായിക

melqanie.jpg

അവള്‍ ഫ്രാന്‍സിലെ പ്രശസ്തയായ പോപ് സംഗീതജ്ഞയായിരുന്നു. അവള്‍ പാടിയതൊക്കെ ഹിറ്റ് ഗാനങ്ങള്‍. വളരെ തിരക്കുപിടിച്ച ജീവിതം. ഫ്രാന്‍സിന് പുറത്തും അവള്‍ പ്രശസ്ത. മൂന്ന് വര്‍ഷം മുമ്പ് പെട്ടെന്നൊരുനാള്‍ വേദികളിലൊന്നും അവളെ കാണാതായി. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. പലരും പലതും ഊഹിച്ച് പറയാന്‍ തുടങ്ങി. കഴിഞ്ഞ ഒക്‌ടോബര്‍ മാസം ആദ്യവാരത്തില്‍ അവള്‍ പൊടുന്നനെ ഫ്രാന്‍സിലെ ദേശീയ ടി വി ചാനലായ TF 1-ല്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ത്തും പുതിയൊരു വേഷത്തിലും ഭാവത്തിലും. സ്ഥിരമായി അവളെ കണ്ടുകൊണ്ടിരുന്നവര്‍ക്ക് പോലും അവളെ പെട്ടെന്ന് തിരിച്ചറിയാനാകുമായിരുന്നില്ല. കാരണം അവള്‍ ഹിജാബ് അണിഞ്ഞിരുന്നു. ഹിജാബ് മുസ്‌ലിം വസ്ത്രധാരണ രീതിയാണെന്ന് ഇന്ന് എല്ലാ ഫ്രഞ്ചുകാര്‍ക്കും അറിയാം. ഹിജാബിനെതിരെ അത്രയേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടല്ലോ അവിടെ. തൊട്ടുടനെ കാഴ്ചക്കാരെ ഞെട്ടിച്ച അവളുടെ ആ പ്രസ്താവനയും വന്നു- താന്‍ ഇസ്‌ലാം വിശ്വസിച്ചിരിക്കുന്നുവെന്ന്! ഖുര്‍ആന്‍ വളരെ നന്നായി പഠിച്ച് സുചിന്തിതമായിത്തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഈ ഗായികയുടെ പേര്-മെലാനി ഗ്യോര്‍ഗിഡസ്(Melanie Georgiades). ഡിയാംസ് (Diam’s) എന്ന പേരില്‍ പ്രശസ്ത. കഴിഞ്ഞ ഒക്‌ടോബര്‍ 2-ന് alarabiya.net ഇവരുടെ കഥ വളരെ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. ഒക്‌ടോബര്‍ മൂന്നിന് അതിലെ ചില ഭാഗങ്ങള്‍ ഉര്‍ദു പത്രങ്ങളും പ്രസിദ്ധീകരിച്ചു.

ഗായികയെന്ന നിലക്കുള്ള തന്റെ അവസാന നാളുകളില്‍ താന്‍ വളരെയേറെ നൈരാശ്യത്തിന് അടിപ്പെട്ടുപോയിരുന്നുവെന്ന് ഡയാംസ് ഓര്‍ക്കുന്നു. അത് മറികടക്കാന്‍ മയക്കുമരുന്നുകളില്‍ അഭയം തേടി. ജീവിതമാകെ ശിഥിലമായിപ്പോയിരുന്നു. ഒരു ദിവസം ഡയാംസ് പാരീസിലുള്ള തന്റെ ഒരു മുസ്‌ലിം പരിചയക്കാരിയുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പരിചയക്കാരി പറഞ്ഞു, സ്വലാത്തിനുള്ള (പ്രാര്‍ഥന) സമയമായിരിക്കുന്നു, ഞാന്‍ പ്രാര്‍ഥനാ ഹാളില്‍ പോയിട്ടു വരാം. ഡയാംസ് പറഞ്ഞു: ഞാനും വരുന്നുണ്ട്, എങ്ങനെയാണ് ആ പ്രാര്‍ഥന നടത്തുന്നതെന്ന് അറിയാമല്ലോ. പ്രാര്‍ഥനയില്‍ ഡയാംസും പങ്കു ചേര്‍ന്നു. തന്റെ മുസ്‌ലിം സുഹൃത്തുക്കളോടൊപ്പം പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നപ്പോള്‍ മനസ്സില്‍ വലിയ മാറ്റങ്ങള്‍ നടക്കുകയാണെന്ന് ഡയാംസിന് അനുഭവപ്പെട്ടു. മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം. പരിപാവനമായ എന്തോ ഒന്നില്‍ സ്പര്‍ശിച്ച പോലെ. ഇതുപോലൊരു അനുഭവം അവള്‍ക്ക് മുമ്പ് ഉണ്ടായിട്ടില്ല.

പിന്നെ ഡയാംസ് നേരെ മൗറീഷ്യസിലേക്ക് പോയി. അവിടെ വെച്ച് ഖുര്‍ആനും ഇസ്‌ലാമിക സാഹിത്യവും പഠിച്ചു. അങ്ങനെ പഠിച്ച് ബോധ്യമായ ശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. കഴിഞ്ഞ കാലങ്ങളോട് അവര്‍ വിട പറഞ്ഞ് കഴിഞ്ഞു. ഇന്നവര്‍ പുതിയൊരാളാണ്, ഒരു മുസ്‌ലിമ. ഹിജാബ് ഇസ്‌ലാമിക ശരീഅത്തിനാല്‍ അനുശാസിതമാണെന്നും അതിനാല്‍ ആ വസ്ത്രധാരണ രീതിയായിരിക്കും തന്റേതെന്നും അവര്‍ പറയുന്നു. പര്‍ദ ഫ്രഞ്ച് പാരമ്പര്യത്തെ തകര്‍ക്കുമെന്ന പ്രചാരണത്തിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് അവര്‍ തുറന്നടിച്ചു.

ഇസ്‌ലാമിക വിശ്വാസത്തിന്റെ ഗുണമേന്മ അനുഭവിച്ചറിഞ്ഞ പാശ്ചാത്യ വനികളുടെ പൊതുവികാരമാണ് ഡയാംസ് പങ്ക് വെക്കുന്നത്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ പാശ്ചാത്യ ലോകത്ത് നിന്ന് ഇസ്‌ലാമില്‍ എത്തിച്ചേരുന്നവരില്‍ അധികവും സ്ത്രീകളാണെന്ന് കാണാം. ഇത്തരം അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും അയവിറക്കാനുമുണ്ട്. അവര്‍ ഇസ്‌ലാമിലേക്ക് എത്തിയ വഴികളും കാരണങ്ങളും വ്യത്യസ്തമായിരിക്കാം. ചിലരെ ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസമാണ് ആകര്‍ഷിക്കുന്നത്. സ്വലാത്ത് പോലുള്ള അനുഷ്ഠാനങ്ങളാണ് മറ്റു ചിലരെ ആകര്‍ഷിച്ചിട്ടുണ്ടാവുക. വിശ്വസ്തത, വിട്ടുവീഴ്ച, പാതിവ്രത്യം തുടങ്ങിയ ഇസ്‌ലാമികാശയങ്ങളാണ് ചിലരെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചിട്ടുണ്ടാവുക. പ്രവാചകന്‍ യേശുവിനെക്കുറിച്ച ഖുര്‍ആനിക വിവരണങ്ങളില്‍ ആകൃഷ്ടരായി ഇസ്‌ലാമിലെത്തിയവരെയും കാണാം. ഞങ്ങളിപ്പോഴാണ് യഥാര്‍ഥ ക്രിസ്ത്യാനികളായത് എന്നാണവര്‍ പറയുക. ഇങ്ങനെ മനംമാറ്റം വന്നവര്‍ പറയുന്നത് തങ്ങള്‍ മതമൊന്നും മാറിയിട്ടില്ല എന്നാണ്. യഥാര്‍ഥ മതത്തില്‍ തങ്ങള്‍ തിരിച്ചെത്തുക മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതിനാല്‍ convert എന്നതിന് പകരം revert എന്നാണ് അവര്‍ പ്രയോഗിക്കുക. പാശ്ചാത്യ സ്ത്രീകള്‍ പ്രത്യേകമായി ആകര്‍ഷിക്കപ്പെടാന്‍ കാരണം, അവര്‍ക്ക് മാന്യതയും ആദരവും അവകാശങ്ങളും നല്‍കുന്നത് ഇസ്‌ലാമായത് കൊണ്ട് തന്നെയാണ്. സ്ത്രീകള്‍ ഇത് തിരിച്ചറിയുന്നു എന്നത് തന്നെയാണ് ഇസ്‌ലാംവിരുദ്ധ ശക്തികളെ അലോസരപ്പെടുത്തുന്നത്. ഇസ്‌ലാമിനെക്കുറിച്ച യഥാര്‍ഥ വിവരങ്ങള്‍ ആരും അറിഞ്ഞുപോകരുത് എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ട അവര്‍ ശക്തിപ്പെടുത്തിയത് എന്നും മനസ്സിലാക്കേണ്ടതുണ്ട്.
(ദഅ്‌വത്ത് ത്രൈദിനം, 4-11-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്
 

Related Articles