Current Date

Search
Close this search box.
Search
Close this search box.

പ്രിയ ശത്രുക്കളെ, നിങ്ങള്‍ക്ക് സ്വാഗതം

നാം ശത്രുക്കളെ ഭയപ്പെടുന്നു; എല്ലാവരും ശത്രുക്കളെ ഭയപ്പാടോടെ തന്നെ കാണുന്നു; ശത്രുവില്‍ നിന്നുള്ള രക്ഷക്കായി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു; ശത്രു നിഗ്രഹത്തിന്നായി മാരണക്കാരെ പോലും സമീപിക്കുന്നു.
പക്ഷെ, ഇതിന്റെ ഒരു മറുവശം ആരെങ്കിലും ചിന്തിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ എന്നറിയില്ല.
‘ശത്രു ഉണ്ടായിരുന്നില്ലെങ്കില്‍?’
ശത്രു ഉണ്ടായിരുന്നില്ലെങ്കില്‍ നമുക്ക് സുഖമായി അന്തിയുറങ്ങാം; എല്ലാ പദ്ധതികളും നൂറു ശതമാനം വിജയത്തിലെത്തിക്കാം; ബിസിനസ്സുകള്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താം അങ്ങനെ പോകുന്നു നമ്മുടെ മനക്കോട്ടകള്‍.

നമുക്കൊന്ന് തല തിരിച്ചു ചിന്തിച്ചാലെന്താണ്? ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അദ്ദേഹം ചെയ്തത് അതാണല്ലോ. ‘ഇതെന്ത് കൊണ്ട് താഴോട്ട് വീണു? മേലോട്ടായിക്കൂടായിരുന്നുവോ?’ ഇതായിരുന്നു അദ്ദേഹം ചിന്തിച്ചത്. അത് കൊണ്ട് ഒരു ശാസ്ത്രശാഖ തന്നെ മാനവരാശിക്കു ലഭിച്ചു. പക്ഷെ, നമ്മുടെ ഈ ചിന്തകൊണ്ട് അതൊന്നും പ്രതീക്ഷിക്കരുതെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കട്ടെ.
കുറച്ചു മുമ്പ് അമേരിക്കയില്‍ നടന്നതും, ലോകമാസകലം ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നതുമായൊരു സംഭവം നമുക്ക് എടുക്കാം. 2001 സെപ്തംബര്‍ 11-ന്്, അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണമാണുദ്ദേശ്യം. ഈ ആക്രമണം മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഖുര്‍ ആന്റെയും കണക്കിലാണല്ലോ വരവ് വെച്ചിരിക്കുന്നത്. തദാനുസാരം, ലോകത്തുടനീളം ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും ഖുര്‍ആനിന്നും നേരെ ആക്രമണങ്ങളും എതിര്‍പ്രചാരണങ്ങളും നടക്കുകയാണ്. ഖുര്‍ആന്‍ കത്തിക്കാതെ പലര്‍ക്കും ഉറക്കം തന്നെ വരുന്നില്ല. സംഭവത്തിലെ മുസ്‌ലിം പങ്ക് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ നിന്നും ദുര്‍മനസ്സുകളില്‍ നിന്നും അതൊരിക്കലും മാഞ്ഞു പോവുകയില്ല. ആ പേരു പറഞ്ഞു രണ്ടു മുസ്‌ലിം രാഷ്ട്രങ്ങളെ തന്നെ ജീവശവങ്ങളാക്കി തീര്‍ക്കാന്‍ ശത്രുവിന്നു കഴിഞ്ഞു. ഇനിയും അല്പം ചോരയും നീരുമുള്ളവയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ശത്രുവിന്നു കിട്ടിയ നേട്ടങ്ങള്‍!

ഇതെല്ലാം നേടിയെടുത്ത മഹാനായ ആ നേതാവിനെ ജനം, പ്രതേകിച്ചും അമേരിക്കക്കാര്‍, പൂവിട്ട് പൂജിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? വൈറ്റ് ഹൌസിലെ ശാശ്വത ആരാധ്യനാക്കുകയല്ലേ വേണ്ടിയിരുന്നത്? പക്ഷെ, ഇന്ന് അദ്ദേഹം എവിടെ? അദ്ദേഹത്തിന്റെ വീറുറ്റ ഒരു പ്രസ്താവനയെങ്കിലും കേള്‍ക്കാന്‍ കൊതി തോന്നുന്നില്ലേ? ഈ മഹാമനുഷ്യന്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെടൂത്തെറിയപ്പെട്ടത് എന്തു കൊണ്ട്? ഇതൊന്നും നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതല്ലേ?
സംഭവം കേട്ടപ്പോള്‍, ഇസ്‌ലാമിക പ്രബോധകര്‍ ഒരു വേള സ്തംഭിച്ചു പോയി. ‘ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള തന്റെ സംരംഭങ്ങള്‍ അമ്പത് വര്‍ഷം പിന്തള്ളപ്പെട്ടുവെന്നാണ്’ തനിക്ക് തോന്നിയതെന്ന്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ ഫാക്കല്‍റ്റിയിലെ ഡൊ. വലീദ്. എ. ഫാതിഹി, ‘അല്‍ അഹ്‌റാം’ വാരികയിലെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നു.

പക്ഷെ, യാഥാര്‍ത്ഥ്യ ലോകത്ത് സംഭവിച്ചതെന്തായിരുന്നു? സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ബന്ധപ്പെട്ട ഒരു അമേരിക്കന്‍ സുഹൃത്തുമായി സംവദിക്കവെ, അമ്പരപ്പിക്കുന്ന ഒരു വസ്തുത അദ്ദേഹം വെളിപ്പെടൂത്തുകയുണ്ടായി. കത്തോലിക്കാ കുടുംബത്തിലാണ് ജനനവും വളര്‍ച്ചയുമെങ്കിലും, മതത്തെ കുറിച്ചൊന്നും അത്ര ചിന്തിച്ചിരുന്നില്ല; ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കേട്ടിരുന്നുവെങ്കിലും കണക്കിലെടുത്തിരുന്നില്ല; ഇതിനിടയിലാണ് സെപ്തംബര്‍ 11 സംഭവം നടന്നത്. മുസ്‌ലിംകളുമായി കെട്ടിപിണഞ്ഞാണിത് നാട്ടില്‍ പ്രചരിച്ചത്; ഖുര്‍ആന്‍ എന്നൊരു ഗ്രന്ഥമാണിതിന്ന് ആഹ്വാനം നടത്തിയതെന്നും കേട്ടു. ഒരു ഗ്രന്ഥത്തിന്നു ഇത്രയും ഭീകരമായൊരു ആക്രമണം നടത്താന്‍ കഴിഞ്ഞുവെന്നോ? സ്വാഭാവികമായും എന്റെ ശ്രദ്ധ ആ വഴിക്കു തിരിഞ്ഞു; ഞാന്‍ അന്വേഷണമാരംഭിച്ചു. അല്‍ ഹംദു ലില്ലാഹ്. അതെന്നെ എത്തിച്ചത് ഇസ്‌ലാമിലായിരുന്നു. ഇപ്പോള്‍ ഞാനൊരു മുസ്‌ലിമാണ്; ഇസ്‌ലാമും സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പായി.

കേവലമൊരു യാദൃശ്ചിക സംഭവമായി ഇതിനെ കാണരുത്.  ചിന്തിക്കുന്ന അമേരിക്കന്‍ ജനത ഈ നിലക്കാണ് മുന്നോട്ട് നീങ്ങിയത്. അങ്ങനെ സഹിഷ്ണുത, നീതി, കാരുണ്യം, സ്‌നേഹം എന്നിവ ആസ്വദിക്കുന്ന ഒരു മതമാണ് ഇസ്‌ലാമെന്ന തിരിച്ചറിവിലാണവരെത്തിച്ചേര്‍ന്നത്. താമസിയാതെ, ആഗോള തലത്തില്‍ ഇസ്‌ലാം ഒരു ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. പ്രശസ്ത രാഷ്ട്ര തന്ത്രജ്ഞര്‍, രാഷ്ട്രീയ ശാസ്ത്ര വിദഗ്ദ്ധര്‍, ഗവേഷകര്‍, ചിന്തകര്‍ എന്നിവരെല്ലാം, ഇസ്‌ലാമിനെ നേരാം വണ്ണം മനസ്സിലാക്കുക അനിവാര്യമാണെന്ന് ഇപ്പോള്‍ കരുതുന്നു. ഇസ്‌ലാമിന്റെ സഹിഷ്ണുതയും ഐക്യസന്നദ്ധതയും ഊന്നിപ്പറഞ്ഞു കൊണ്ടാണവര്‍ പ്രഭാഷണങ്ങള്‍ നടത്തുന്നത്. ഇസ്‌ലാമിന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും സൂക്ഷ്മ വിവരങ്ങള്‍ തേടി, മുസ്‌ലിം സംഘടനകളെ അവര്‍ സമീപിക്കുന്നു. ഈ താല്പര്യ ഫലമായി, സെപ്തംബര്‍ 11-ന് ശേഷം, 34000 അമേരിക്കക്കാര്‍ ഇസ്‌ലാം സ്വീകരിച്ചതായി, മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി നഗരങ്ങളില്‍ ഖുര്‍ആന്‍ വളരെയധികം വിറ്റഴിഞ്ഞുവെന്നത് ഇതോട് ചേര്‍ത്തു വായിക്കണം. ഇംഗ്ലീഷില്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിക്കുന്ന പെന്‍ഗ്വിന്‍ ബുക്‌സ്, സംഭവം കഴിഞ്ഞ ഉടനെ, 20,000 ലധികം അധിക കോപ്പി പ്രസിദ്ധീകരിച്ചുവെന്ന് സമ്മതിക്കുന്നു. ഖുര്‍ആനിന്റെ വില്പന അഞ്ചു മടങ്ങു വര്‍ദ്ധിച്ചുവെന്നാണ്, People Want to Know, So Koran is Best Seller എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍  USA Today  വെളിപ്പെടുത്തുന്നു. തൊട്ടടുത്ത ആഴ്ചയില്‍, Bangor Daily News  Mainer’s Studying tenets of Islam എന്ന ലേഖനത്തില്‍, ഈ അന്വേഷണ താല്പര്യത്തെകുറിച്ചു പറയുന്നത് ഇങ്ങനെ:
‘കഴിഞ്ഞാഴ്ചയിലെ സംഭവത്തോട് പൊരുത്തപ്പെടാന്‍ അമേരിക്കക്കാര്‍ പാടുപെടുമ്പോള്‍, സൈനികര്‍ ഇസ്‌ലാമിക വിശ്വാസം മനസ്സിലാക്കാനായി, വിജ്ഞാനകോശം, ചരിത്ര ഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, പാഠ്യ പുസ്തകങ്ങള്‍ എന്നിവയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.’

സാധാരണ സ്‌കൂള്‍ വര്‍ഷാന്ത്യത്തില്‍, ഇസ്‌ലാമിക പഠനം നടത്തിയിരുന്ന ബാംഗറിലെ തിയോളജിക്കല്‍ വിദ്യാര്‍ത്ഥികള്‍, പ്രസ്തുത കോഴ്‌സ് സമ്പൂര്‍ണ രീതിയില്‍ ആരംഭിക്കാനായി ആവശ്യപ്പെട്ടു. തദടിസ്ഥാനത്തില്‍, ദെനാ സായര്‍ എന്ന അദ്ധ്യാപകന്‍, ഖുര്‍ആനെയും പ്രവാചക ജീവിതത്തെയും അധികരിച്ച  ഒരു കോഴ്‌സ് തുടങ്ങി. എല്ലാ മുസ്ലികളും ഭീകരവാദികളാണെന്നു പറയുന്നത്, ഒരു ക്രിസ്ത്യാനി ചെയ്ത കുറ്റത്തിന്റെ പേരില്‍, ക്രിസ്ത്യാനികളെ മൊത്തം കുറ്റക്കാരാക്കുന്നത് പോലെയാണെന്നാണ് ഇദ്ദേഹം ക്ലാസ്സില്‍ പറയുന്നത്.
സെപ്തംബര്‍ 11-ന് മുമ്പ്, ഇസ്‌ലാമിനെകുറിച്ച് താനൊന്നും വായിച്ചില്ലല്ലോ എന്ന് ലജ്ജിക്കുകയാണ്, പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍ ജെറെമി റിഫ്കിന്‍. ‘ദി ഗാര്‍ഡിയന്‍’ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച, ഒരു ലേഖനത്തില്‍, ഭയാനകമായൊരു ഭീകര പ്രവര്‍ത്തനത്തിലൂടെ, 5000 അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു അതെന്റെ ശ്രദ്ധയില്‍പെടാനെന്ന് അദ്ദേഹം പരിതപിക്കുകയാണ്.  പ്രസ്തുത ദുരന്തങ്ങള്‍ക്കും അനന്തര സംഭവങ്ങള്‍ക്കും, നാമൊരു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, ലോകം മുഴുവന്‍ ഒരു ക്ലാസ്സ് മുറിയായി മാറിയതായി തോന്നുന്നുവെന്ന് അദ്ദേഹം തുടര്‍ന്നെഴുതുന്നു.
നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു വരാം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുകയും, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അവ മുസ്‌ലിംകളില്‍ ആരോപിക്കുകയും ചെയ്തിരുന്നില്ലാ എങ്കില്‍, ഇസ്‌ലാമിക വ്യാപനം ഒച്ചു വേഗതയില്‍ തന്നെ അവശേഷിക്കുമായിരുന്നില്ലേ?
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ശത്രുക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന സകല ദുഷ്പ്രചരണങ്ങളുടെയും പര്യവസാനം ഇങ്ങനെയായിരിക്കുമെന്ന് ഓരോന്നും ചികഞ്ഞു പരിശോധിക്കുമ്പോള്‍ കണ്ടെത്താനാകും. അതിനാല്‍ നമുക്ക് ആര്‍ത്തു വിളിക്കാം;
‘പ്രിയ ശത്രുക്കളെ, നിങ്ങള്‍ക്കു സ്വാഗതം. നിങ്ങളുടെ സഹകരണം മേലിലുമുണ്ടാകട്ടെ!’

Related Articles