Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ കോപിച്ചപ്പോള്‍

പ്രവാചകന്‍ പലപ്പോഴും കോപിച്ചിട്ടുണ്ട്. എന്നാല്‍ അത് അനിയന്ത്രിതമായ വികാരവിക്ഷോഭമോ രോഷപ്രകചനമോ ആയിരുന്നില്ല. നബി(സ) എപ്പോള്‍ എന്തിനെല്ലാം കോപിച്ചിരുന്നുവെന്ന് ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രവാചകനെ പ്രകോപിപ്പിച്ച കാര്യങ്ങളില്‍ നിന്ന് അകന്ന്‌നില്‍ക്കേണ്ടത് അനിവാര്യമാണ്. കോപിക്കുന്നത് വിലക്കിയ പ്രവാചകന്‍ കോപിക്കുന്നതില്‍ വൈരുധ്യമില്ലേയെന്ന് സംശയിക്കാനിടയുണ്ട്. സൃഷ്ടികളുടെ മനസ്സില്‍ ഉല്‍ഭവിക്കുന്ന ഒരവസ്ഥയാണ് കോപം എന്ന വികാരം. അതില്‍ അപലപനീയവും പ്രശംസാര്‍ഹമായതും ഉണ്ടെന്നാണ് പണ്ഡിതന്മാരുടെ നിര്‍വ്വചനം.

അനീതി കാണുമ്പോള്‍ കോപിക്കാതിരിക്കുന്നവന്‍ കഴുതയാണെന്ന ഇമാം ശാഫിഈയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. വ്യക്തയോടായിരുന്നില്ല പ്രവാചകന്റെ കോപം. അയാളുടെ നിലപാടുകളോടായിരുന്നു. അതൊരിക്കലും ഒരു നിതാന്ത ശത്രുതയിലേക്ക് നയിച്ചിരുന്നില്ല. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള കേവലം രോഷപ്രകടനം മാത്രമായിരുന്നു. പ്രവാചകന്‍ നമ്മെ പഠിപ്പിച്ചു: ”നീ കോപത്തിനിടയാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. അതിനിടവരുത്തുന്ന കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക.” (ബുഖാരി). ”മല്ലയുദ്ധത്തില്‍ പ്രതിയോഗിയെ ഇടിച്ചു വീഴ്ത്തുന്നവനല്ല, തന്റെ കോപത്തെ അടക്കിനിര്‍ത്തുന്നവനത്രെ ധീരന്‍.” (മുസ്‌ലിം)

രണ്ടാളുകള്‍ പ്രവാചകസദസില്‍വെച്ച് പരസ്പരം കോപത്തോട ശകാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തതു കണ്ടപ്പോള്‍: നബി(സ) ”എനിക്ക് ഒരു വാചകം അറിയാം. അയാള്‍ അത് ഉരുവിടുകയാണെങ്കില്‍ അയാളെ ദേഷ്യം പിടിപ്പിച്ചവന്‍ ഉടനെ പോകും. അവന്‍ ‘അഊദു ബില്ലാഹി മിനശ്ശൈത്വാനി റജീം’ എന്ന് പറയട്ടെ.” (ബുഖാരി) പ്രവാചകന്‍ ഉപദേശിച്ചതായി അബൂദര്‍റ്: ”നിങ്ങളിലാര്‍ക്കെങ്കിലും കോപം വരികയാണെങ്കില്‍, അവന്‍ നില്‍ക്കുകയാണെങ്കില്‍ ഇരുന്നുകൊള്ളണം. ഇരുന്നിട്ടും ദേഷ്യം അടങ്ങുന്നില്ലെങ്കില്‍ കിടന്നുകൊള്ളട്ടെ.” (അബൂദാവൂദ്). ഇമാം ഗസ്സാലി എണ്ണിപ്പറഞ്ഞ കോപത്തിന്റെ കാരണങ്ങള്‍ പൊങ്ങച്ചം, അഹംഭാവം, തമാശ, പരിഹാസം, അത്യാഗ്രഹം, ചതി, അസൂയ, വിരോധം എന്നീ ഇസ്‌ലാം നിരോധിക്കുന്ന ചീത്ത കാര്യങ്ങളാണ്. ഇവയില്‍ നിന്ന് മോചനം നേടാതെ കോപം നിയന്ത്രിക്കാനാവില്ല. നബി(സ)യുടെ ദേഷ്യപ്പെടലുകള്‍ അനിവാര്യഘട്ടങ്ങളില്‍ ഉള്ളവയായിരുന്നു. അപലപനീയമായ കോപത്തെയാണ് പ്രവാചകന്‍ നിരോധിച്ചത്. അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുമ്പോഴും പ്രഭാഷണവേളകളില്‍ ഉപദേശം നല്‍കുമ്പോഴുമെല്ലാം പ്രവാചകന്ന് കോപിക്കേണ്ടിവന്നിട്ടുള്ളതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

പ്രവാചകന്‍ കോപിക്കുമ്പോള്‍ അന്യായം പറയുമായിരുന്നില്ല. തന്റെ ചര്യ പിന്‍പറ്റാന്‍ കല്‍പിച്ചപ്പോള്‍ ‘പ്രവാചകന്ന് അല്ലാഹു എല്ലാ വീഴ്ചകളും പൊറുത്തു കൊടുത്തതിനാല്‍ ചെറിയതോതിലുള്ള ആരാധനകള്‍ മതിയാകും, എന്നാല്‍ പാപികളായ നമുക്ക് അത് മതിയാവുകയില്ല. ധാരാളം ആരാധനകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് ‘എന്നുപറഞ്ഞ ചിലരുടെ യുക്തിയെയാണ് പ്രവാചകന്‍ രോഷത്തോടെ തിരുത്തിയത്. തിരുമേനി നമുക്ക് കാണിച്ചുതന്നതെല്ലാം പിന്തുടരാന്‍ നാം ബാധ്യസ്ഥരും അദ്ദേഹത്തെ അനുധാവനം ചെയ്യുന്നത് അല്ലാഹുവിനുള്ള അനുസരണമാണെന്നുമാണ് ഇമാം ശാഫിഈ പ്രസ്താവിച്ചത്. ആളുകളുടെ അവസ്ഥ പരഗണിക്കാതെ നമസ്‌കാരം ദീര്‍ഘിപ്പിച്ച് ജനങ്ങളെ പ്രയാസപ്പെടുത്തുന്നവരോട് പ്രവാചകന്‍ കോപിച്ചിരുന്നു. അബൂമസ്ഊദ് അന്‍സാരി പ്രസ്താവിക്കുന്നു: ”ഒരിക്കല്‍ ഒരാള്‍ പ്രവാചകനോട് ‘ ഇമാം ദീര്‍ഘമായി നമസ്‌കരിക്കുന്നതുകൊണ്ട് തനിക്ക് നമസ്‌കരിക്കാന്‍ കഴിയുന്നില്ല’ എന്ന് പരാതിപ്പെട്ടു. അന്നത്തെപ്പോലെ പ്രവാചകന്‍ കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. പ്രവാചകന്‍ പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ ആളുകളെ വെറുപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ ലഘുവായി നമസ്‌കരിക്കട്ടെ. അവരില്‍ രോഗികളും അവശരും പലതരം ആവശ്യങ്ങളുള്ളവരുമെല്ലാം ഉണ്ടായിരിക്കും.” (ബുഖാരി, മുസ്‌ലിം) മറ്റൊരു ഹദീസില്‍: ”മൂന്നു കാര്യങ്ങള്‍ അല്ലാഹു നിങ്ങളിലുണ്ടാവാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളിലെ മൂന്നു കാര്യങ്ങള്‍ അല്ലാഹു വെറുക്കുകയും ചെയ്യുന്നു. അല്ലാഹുവിന് ആരേയും പങ്കാളിയാക്കാതെ നീ ആരാധിക്കുന്നതവന്‍ ഇഷ്ടപ്പെടുന്നു. കണ്ടതും കേട്ടതുമൊക്കെ പറഞ്ഞു നടക്കുന്നതും അമിതമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ധൂര്‍ത്തടിക്കുന്നതും അല്ലാഹു വെറുക്കുകയും ചെയ്യുന്നു.” (മുസ്‌ലിം)

ആവശ്യമില്ലാത്തതും നടക്കാത്തതുമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളേയാണ് അമിതമായ ചോദ്യങ്ങള്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത്. പ്രവാചകന്‍മാരും മുന്‍ഗാമികളും ഇത്തരം ചോദ്യങ്ങളെ വെറുക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ചില കാര്യങ്ങളെകുറിച്ച് നിങ്ങള്‍ ചോദിക്കരുത്.” എന്ന ഖുര്‍ആന്‍ വാക്യം ഖതാദ(റ) ഉരുവിടാറുണ്ടായിരുന്നു. ‘തന്നെ കുറിച്ച് തെറ്റായ ധാരണ വെച്ചു പുലര്‍ത്തിയ വ്യക്തിയോട് പ്രവാചകന്‍ കോപിക്കുകയുണ്ടായി.’ (ബുഖാരി, മുസ്‌ലിം) ‘തന്റെ തീരുമാനത്തില്‍ തൃപ്തിപ്പെടാത്തവരോട് പ്രവാചകന്‍ ദേഷ്യപ്പെട്ടു.’ (ബുഖാരി). ഇമാം മാലിക് പ്രസ്താവിച്ചു: ”ആരുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും ഈ ഖബ്‌റില്‍ കിടക്കുന്ന നബി(സ) യുടേത് ഒഴികെ.”

അബൂഖതാദയില്‍നിന്ന്: ”ഞാന്‍ നബിയെ സമീപിച്ച് താങ്കള്‍ എങ്ങനെയാണ് നോമ്പെടുക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍ കോപിച്ചു. ഇതുകണ്ട ഉമര്‍(റ) ”അല്ലാഹുവിനെ നാഥനായും ഇസ്‌ലാമിനെ മതമായും മുഹമ്മദി(സ)നെ പ്രവാചകനായും ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റേയും പ്രവാചകന്റേയും കോപത്തില്‍നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു.” എന്ന് പറയുകയും പ്രവാചകന്റെ കോപം ശമിക്കുന്നതുവരെ അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇവിടെ, ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയാന്‍ ഉണ്ടാക്കിയ ചോദ്യങ്ങളാണ് പ്രവാചകനെ പ്രകോപിപ്പിച്ചത്. തന്റെ ആരാധനാമുറകളുടെ സ്വകാര്യത വെളിപ്പെടുത്താന്‍ പ്രവാചകന്‍ ഇഷ്ടപ്പെട്ടുകാണില്ല. തന്നെ ബാധിക്കാത്ത, തനിക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചുഴിഞ്ഞന്വേഷിക്കുന്ന പ്രകൃതം ഒരു വിശ്വാസിക്ക് ഭൂഷണമല്ല. ”ആവശ്യമില്ലാത്ത കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കല്‍ ഒരാളുടെ ഇസ്‌ലാമിന്റെ പൂര്‍ണതയ്ക്ക് തെളിവാണ്.” എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

ആഇശ(റ)യില്‍ നിന്ന്: ”പ്രവാചകന്‍ ചില വിഷയങ്ങളില്‍ ചില ഇളവുകള്‍ നല്‍കി. അത് സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ചിലരുടെ വിവരം തിരുമേനി അറിഞ്ഞപ്പോള്‍ അവിടുന്ന് കോപിച്ചുകൊണ്ട് പറഞ്ഞു: ‘ചില ആളുകളുടെ അവസ്ഥ എന്താണ്? എനിക്ക് നല്‍കപ്പെട്ട ഇളവുകള്‍ അവര്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവിനെ കുറിച്ച് അവരേക്കാള്‍ അറിയുന്നവനും അവരേക്കാള്‍ കൂടുതലായി അവനെ ഭയപ്പെടുന്നവനും ഞാനാണ്.” (മുസ്‌ലിം)

Related Articles