Current Date

Search
Close this search box.
Search
Close this search box.

പ്രഭാതം പുലരാതിരിക്കില്ല

light-of-hope.jpg

വര്‍ത്തമാന കാലത്ത് മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധങ്ങളും ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം രാക്ഷസരൂപം പൂണ്ടിരിക്കുന്നു. എല്ലാ അര്‍ഥത്തിലും മനുഷ്യന്‍ പുരോഗതി പ്രാപിച്ചു എന്ന അവകാശവാദത്തെ പല്ലിളിച്ച് പരിഹസിക്കും വിധം ശോചനീയമാണ് മനുഷ്യത്വരാഹിത്യത്തിന്റെ ഓരോ ചീന്തുകളും.

ഭൂമിയില്‍ അധിവാസം ആരംഭിച്ച നാള്‍ മുതല്‍ പ്രകൃതിയിലെ ജന്തു ജാലങ്ങളിലൊന്നും ജീവിത രീതികളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അഥവാ മനുഷ്യ ഭാഷയില്‍ അവര്‍ പുരോഗമിച്ചിട്ടില്ല. പക്ഷെ ജന്തു ജാലങ്ങള്‍ എന്ന വിതാനത്തില്‍ നിന്നും ഒരു തരിമ്പും താഴ്ന്നിട്ടുമില്ല. എല്ലാറ്റിനേയും കീഴ്‌പെടുത്താനും സ്വാധീനിക്കാനും ബുദ്ധിയും യുക്തിയും ഉള്ള മനുഷ്യന്‍ അജഗജാന്തരം എന്ന പ്രയോഗത്തെ സാക്ഷാല്‍കരിക്കും വിധം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കുന്നു. പ്രപഞ്ചത്തിലെ വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ അനുകരിക്കാന്‍ പോലും പഠിച്ച മനുഷ്യന്‍ എന്തുകൊണ്ടോ മനുഷ്യനാകാന്‍ പഠിച്ചില്ല. മത്രമല്ല അവന്‍ മൃഗങ്ങളെപ്പോലെ  അല്ല അതിനെക്കാള്‍ അധപതിക്കുകയും ചെയ്തിരിക്കുന്നു.

വിശാലമായ അര്‍ഥത്തില്‍ മാനസികമായ ഉല്ലാസവും സംതൃപ്തിയും ഉള്ള സമൂഹമായി പരിവര്‍ത്തിക്കപ്പെടുക എന്നതായിരിക്കാം പുരോഗതിയുടെ യഥാര്‍ഥ സാരം. ഇത്തരത്തിലുള്ള സാമൂഹികാന്തരീക്ഷം പുലരാനും പുലര്‍ത്താനുമായിരിക്കണം പ്രജാ വത്സരരായ അധികാരികള്‍ ശ്രമിക്കേണ്ടത്.

ഈ ലോകത്ത് ജീവിതത്തെ എങ്ങിനെ സ്വര്‍ഗീയമാക്കാം പരലോകത്ത് എങ്ങിനെ സ്വര്‍ഗം കരഗതമാക്കാം എന്ന ദിശാ ബോധമാണ് കാലാ കാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി നല്‍കപ്പെട്ടിരുന്നത്. അഥവാ വിശ്വാസികള്‍ എന്നാല്‍ ഈ ലോകത്തിനു വേണ്ടി മാത്രം ശ്രമിക്കുന്നവരൊ പരലോകത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരൊ അല്ല. ഈ ലോകത്തും പരലോകത്തും സൗഭാഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നവരും പ്രയത്‌നിക്കുന്നവരും ആയിരിക്കും. ആയിരിക്കണം. അന്ത്യകാഹളം മുങ്ങുമ്പോഴും ഒരു ചെടി നടാന്‍ കിട്ടുന്ന അവസരം അവന്‍ പാഴാക്കുകയില്ല. മരണവക്രത്തില്‍ പിടയുമ്പോഴും സഹോദന്റെ ദാഹമകറ്റാനുള്ള സാധ്യത നഷ്ടപ്പെടുത്താത്തവനാണവന്‍. തിരശ്ശീല വിഴാന്‍ പോകുന്ന ലോകത്തിരുന്നു കൊണ്ട് പ്രവര്‍ത്തന നിരതാകാനും, യാത്രാമൊഴിയുടെ നിമിഷങ്ങളിലും ത്യാഗ ബോധം ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളുടെ മാനസികോല്ലാസംആത്മ സംതൃപ്തി അളന്നു തിട്ടപ്പെടുത്താന്‍ ഭൂമിയിലെ ഒരു മാനദണ്ഡത്തിനും സാധിക്കുകയില്ല.

ചില്ലയില്‍ മൊട്ടിട്ടു നിന്നു. പിന്നെ വിരിഞ്ഞു. മണവും മധുവും ചുരത്തി. ദൗത്യം തീര്‍ന്ന പൂ ഒരു ഭാവ ഭേദവും പരിഭവവുമില്ലാതെ വീണുടയുന്നു. എത്ര മനോഹരമാണീ സത്യസന്ധതയുടെ, ആത്മാര്‍ഥതയുടെ പ്രകൃതിരമണീയമായ കാഴ്ച. ഇത്തരം നേര്‍കാഴ്ചകള്‍ ഉത്തമരായ ചില മനുഷ്യ ജന്മങ്ങളിലും കാണാനാകുന്നുണ്ട്. എത്ര സ്വര്‍ഗീയമാണീ മരണ മുഹൂര്‍ത്തം. ഒരു തേന്മലര്‍ മണ്ണില്‍ വീണുടയുന്ന മാതിരി. നീതി നിഷേധങ്ങളുടെ കൂത്തരങ്ങായി മാറിയ ലോകത്ത് ജനാധിപത്യവും, അര്‍ധ ജനാധിപത്യവും, ഏകാധിപത്യവും എന്ന വ്യത്യാസമില്ലാതെ തങ്ങളുടെ രാക്ഷസീയമായ ഭാഗധേയത്വം പൂര്‍ണ്ണാര്‍ഥത്തില്‍ പുലര്‍ത്തുന്നതില്‍ മത്സരിച്ച് മുന്നേറുന്ന വര്‍ത്തമാന ലോക കാഴ്ച ഭയാനകമത്രെ.

പ്രപഞ്ച നാഥന്റെ പ്രതിനിധികളായി വിമോചന ദൗത്യം ഏല്‍പിക്കപ്പെട്ടവരാണെന്നു പഠിപ്പിക്കപ്പെട്ട സമൂഹത്തിലാണ് അനീതിയും അതിഭയാനകമാം വിധം അക്രമങ്ങളും അധര്‍മങ്ങളും കണ്ടുവരുന്നതെന്ന വൈപരീത്യം ഏതു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തും. ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായി അവകാശവാദമുന്നയിക്കുന്ന ശുനകര്‍ കുരക്കുന്നതു പോയിട്ട് മുരളുക പോലും ചെയ്യുന്നില്ല.

പ്രകൃതി ദര്‍ശനത്തെയും അതിന്റെ വക്താക്കളേയും എന്നല്ല കേവലനാമധേയരോടു പോലും അന്ധമായ വിദ്വേഷവും വൈരാഗ്യവും വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ആസ്വാദ്യകരമായ വേട്ടയാണ് ലോകത്തിന്റെ സകല ദിശകളിലും നടമാടിക്കൊണ്ടിരിക്കുന്നത്. സൗന്ദര്യാത്മകമായ ഒരു ദര്‍ശനത്തിന്റെ ദര്‍പ്പണങ്ങള്‍ തച്ചു തകര്‍ക്കപ്പെടുന്നത് ഭൗതിക പൂജകരുടെയും ആത്മാഭിലാഷമത്രെ.

കൃത്യമായി എടുത്തു പറഞ്ഞാല്‍ ഈയിടെയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നെടുനായക്ത്വം പുലര്‍ത്തുന്ന നൈല്‍ നദിയുടെ രാജ്യത്തും, ദാരിദ്ര്യത്തിന്റെ സകല വിധ ചൂരും അനീതിയുടെ ദുര്‍ഗന്ധം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വങ്ക ദേശത്തെ കൊച്ചു രാജ്യവും കാട്ടിക്കൂട്ടുന്ന ധാര്‍ഷ്ട്യം വിഭാവനകള്‍ക്കപ്പുറമാണ്.

വിളക്കുകള്‍ തുത്തെറിയുന്നതോടെയോ വിളക്കു മരങ്ങള്‍ പിഴുതെറിയുന്നതോടെയോ വെളിച്ചം കെട്ടുപോകുകയില്ല. മലരുകള്‍ അറുത്ത് മാറ്റുന്നതോടെ മധുമണം ഇല്ലാതാകുകയില്ല. കാലം അതിന്റെ ചക്രം തിരിച്ചു കൊണ്ടിരിക്കും. വസന്തം ഇനിയും വരും. മലരുകള്‍ ഇനിയും പുഷ്പിക്കും. അന്ധകാരത്തെ എങ്ങനെയൊക്കെ പുണര്‍ന്നുറങ്ങിയാലും പ്രഭാതം പുലരാതിരിക്കില്ല.

Related Articles