Current Date

Search
Close this search box.
Search
Close this search box.

പോപ്പിന്റെ ഉത്കണ്ഠകള്‍

കത്തോലിക്കാ ക്രൈസ്തവരുടെ നേതാവ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പരമ്പരാഗത കുടുംബമൂല്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതില്‍ വളരെയേറെ അസ്വസ്ഥനാണ്. തന്റെ ഉത്ക്കണ്ഠ അദ്ദേഹം പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് അദ്ദേഹം സ്വവര്‍ഗ വിവാഹത്തെ കുടുംബത്തിനെതിരെയുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നായി എണ്ണുകയുണ്ടായി. പുതുവര്‍ഷത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ ഡിസംബര്‍ 21-ന് വത്തിക്കാന്‍ സിറ്റിയില്‍ നടത്തിയ പ്രത്യേക പ്രഭാഷണത്തിലാണ് അദ്ദേഹം തന്റെ ഉത്ക്കണ്ഠകള്‍ പങ്കുവെച്ചത്. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന വിവാഹത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സോഷ്യലിസ്റ്റ് കാലത്തെ കുത്തഴിഞ്ഞ സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതിന് തുല്യമാണിതെന്ന് വിമര്‍ശിച്ചു (ദ ഏഷ്യന്‍ ഏജ് 2012, ഡിസംബര്‍ 22). പുതിയ ഇത്തരം കുടുംബ സങ്കല്‍പ്പങ്ങളും സ്വവര്‍ഗ വിവാഹങ്ങളും മനുഷ്യന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്നും പോപ്പ് പറഞ്ഞു. തീര്‍ത്തും അധാര്‍മികമായ ഈ മാറ്റങ്ങള്‍ യഥാര്‍ഥ മനുഷ്യരെയല്ല, അയാഥാര്‍ഥ മനുഷ്യരെയാണ് സൃഷ്ടിക്കുക. ആണിനെ പെണ്ണാക്കുകയും പെണ്ണിനെ ആണാക്കുകയും ചെയ്യാന്‍ പാടുപെടുന്ന പണ്ഡിതരെയും നിയമനിര്‍മാതാക്കളെയും പോപ്പ് വിമര്‍ശിച്ചു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം, പരമ്പരാഗത കുടുംബത്തെ നിലനിര്‍ത്തേണ്ടത് വളരെ അനിവാര്യമാണ്. ആ കുടുംബം അഛനും അമ്മയും കുഞ്ഞും ചേര്‍ന്നതായിരിക്കണം.

വലിയൊരു വിഭാഗം ക്രൈസ്തവരുടെ പരമോന്നത നേതാവ് ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയൊരു ഭീഷണിയെ ചൂണ്ടി പറഞ്ഞ കാര്യങ്ങള്‍ ആശ്വാസത്തിന് വക നല്‍കുന്നതാണ്. വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണിത്. നേരെ ചൊവ്വെ ചിന്തിക്കുന്ന ആരും പോപ്പിന്റെ അഭിപ്രായത്തെ പിന്തുണക്കാതിരിക്കില്ല. ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹം ഈ നിലപാടിനെ പിന്തുണക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം കുടുംബത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാടും അതു തന്നെയാണ്. സ്വവര്‍ഗരതിയെയും വിവാഹത്തെയും ഒരു നിലക്കും പൊറുപ്പിക്കാത്ത ഒരു ദര്‍ശനമുണ്ടെങ്കില്‍ അത് ഇസ്‌ലാമാണ്. പക്ഷേ, പോപ്പിന്റെ പ്രസ്താവന അദ്ദേഹം പ്രതിനിധീകരിക്കുന്ന ലോകത്തോ അവിടത്തെ നേതാക്കളുടെ മനസ്സിലോ വല്ല പ്രതികരണവും ഉണ്ടാക്കുമോ? ആ ലോകം എന്ന് പറയുന്നത് ക്രൈസ്തവ ലോകമാണ്, പാശ്ചാത്യലോകം. അതിന്റെ നേതൃത്വം കൈകാര്യം ചെയ്യുന്നത് അമേരിക്കയാണ്. ആ നാട്ടില്‍ നിന്നാണ് സ്വവര്‍ഗരതി പോലുള്ള സകല തിന്മകളും പൊട്ടിമുളക്കുന്നത്. അവിടെനിന്ന് ആ മാലിന്യം ലോകത്തിന്റെ സകല ഭാഗങ്ങളിലേക്കും പരന്നൊഴുകുകയും ചെയ്യുന്നു. ‘സാമ്പത്തിക ശക്തി’യാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അര്‍ധ വികസിത  രാജ്യങ്ങള്‍ ഈ സാംസ്‌കാരിക മാലിന്യത്തെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു. ബെനഡിക്ട് പതിനാറാമന് മുമ്പുള്ള പോപ്പും പാശ്ചാത്യര്‍ക്ക് നല്ല നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ തങ്ങളുടെ ശാരീരികേഛകളെ തൃപ്തിപ്പെടുത്തുന്നതിന് തടസം നില്‍ക്കുന്ന യാതൊരു ഉപദേശവും അവര്‍ സ്വീകരിക്കാറില്ല എന്നതാണ് സത്യം.

കാര്യങ്ങള്‍ പറ്റെ കൈവിട്ടുപോയ ഒരു സന്ദര്‍ഭത്തിലാണ് പോപ്പ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്റ്റേറ്റില്‍ നിന്ന് ചര്‍ച്ചിനെ വേര്‍പ്പെടുത്തിയ സന്ദര്‍ഭത്തില്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നു. ഇങ്ങനെ രൂപപ്പെട്ട സ്റ്റേറ്റില്‍ ജൂതന്‍മാര്‍ പിടിമുറുക്കുകയാണുണ്ടായത്. 18-ാം നൂറ്റാണ്ടില്‍ ചര്‍ച്ച്-സ്റ്റേറ്റ് വിഭജനം പൂര്‍ത്തിയാവുമ്പോള്‍ ശരീര സുഖങ്ങളുടെ മേച്ചില്‍ പുറങ്ങളിലേക്ക് ക്രിസ്ത്യന്‍ പാശ്ചാത്യ ലോകത്തെ ജൂതലോബി നയിക്കുകയായിരുന്നു. പിന്നീട് സയണിസ്റ്റ് ലോബി ഈ അജണ്ട വളരെ കൃത്യതയോടെ ഏറ്റെടുത്തപ്പോള്‍ നില കുറെക്കൂടി ഭീഷണമായി. ക്രിസ്തുവും പിന്നീട് ഇസ്‌ലാമും പ്രബോധനം ചെയ്ത യഥാര്‍ഥ ധാര്‍മിക അധ്യാപനങ്ങള്‍ സ്വീകരിക്കാന്‍ പാശ്ചാത്യ ലോകം തയാറായിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷാവഴി തുറന്ന് കിട്ടുമായിരുന്നു. പക്ഷേ സയണിസം അതിനൊരു പഴുതും അനുവദിച്ചില്ല എന്നതാണ് സത്യം. ക്രൈസ്തവ ലോകം അതത്ര കാര്യമാക്കിയതുമില്ല. ഞായറാഴ്ച പ്രാര്‍ഥന നടത്തിയും വരുമാനത്തിന്റെ ഒരു ഭാഗം ദുരിതമനുഭവിക്കുന്നവര്‍ക്ക് നീക്കിവെച്ചും ഇതിനെയൊക്കെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നിരിക്കണം അവര്‍. ഇപ്പോള്‍ ഈ വിപത്തിന്റെ ഭീകരത അറിഞ്ഞ് ബോധ്യപ്പെട്ട് തന്നെയാണ് പോപ്പ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. അധാര്‍മികതയുടെ ഈ കുത്തൊഴുക്കിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളെന്ത് എന്ന് പോപ്പ് മനസ്സിലാക്കുന്നത് നന്നായിരിക്കും. പാശ്ചാത്യ ലോകത്തെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇക്കാര്യം പോപ്പിനെ ധരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.
(ദഅ്‌വത്ത് ത്രൈദിനം 28-1-2013)
വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles