Current Date

Search
Close this search box.
Search
Close this search box.

പേപ്പട്ടിയും കടിക്കും

കുടുംബവീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു. മൂത്തുമ്മയുടെ ഉച്ചത്തിലുളള സംസാരം കേട്ടാണ് രാവിലെ ഉണര്‍ന്നത്. നമസ്‌ക്കരിക്കാനായി പള്ളിയിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന മകനോടും പേരക്കുട്ടികളോടും ടോര്‍ച്ചും വടിയും എടുക്കാന്‍ ഓര്‍മിപ്പിക്കുകയാണവര്‍. വെളിച്ചമില്ലാത്തിടത്ത് ടോര്‍ച്ചിന്റെ ഉപയോഗം എന്തിനെന്നറിയാം. പക്ഷെ, വടി കുത്തിനടക്കാന്‍ മാത്രം പ്രായമേറിയവരല്ലല്ലോ ഇവരെല്ലാം എന്ന് സംശയിച്ചു. ‘പേപ്പട്ടി കടിച്ചാ വല്ലാത്ത പൊല്ലാപ്പാ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ലല്ലോ’ എന്ന് മൂത്തുമ്മ പറഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്. മുമ്പ് ആരെങ്കിലും പേപ്പട്ടിയുടെ മുന്നിലെങ്ങാന്‍ പെട്ടുപോയാല്‍ കിട്ടിയ കടിയും കൊണ്ട് നാട്ടിലെ മെഡിക്കല്‍ കോളേജ് വരെ ഓടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഓട്ടം കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍ക്കോ മറ്റോ മാറ്റിപ്പിടിക്കേണ്ടി വരും.

ആന്റി റാബീസ് എന്ന മരുന്ന് കേരളത്തില്‍ കിട്ടാക്കനിയാവാന്‍ കാത്തിരുന്നതാണോ നാട്ടിലെ നായ്ക്കള്‍ക്കെല്ലാം പേ പിടിക്കാന്‍ എന്ന് ചോദിച്ചുപോയാല്‍ തെറ്റില്ല. എവിടെ ചെന്നെത്തിയാലും പട്ടിണിയാവേണ്ടതില്ല എന്ന് ഏത് നായക്കും ഇന്നറിയാം. നോക്കുന്നിടത്തൊക്കെ ഇഷ്ടവെയ്‌സ്റ്റുകള്‍ കുന്നുകൂടി കിടക്കുന്നത് കാരണം തെരുവോരമെല്ലാം അവര്‍ക്കുള്ളതാണ്. അത് നാട്ടിന്‍ പുറമായാലും നഗരമായാലും തഥൈവ.

മദ്രസയിലും സ്‌കൂളിലും നടന്നുപോകുന്ന മക്കള്‍ക്ക് എസ്‌കോട്ടടിച്ച് ദിവസവും ജോലിക്ക് വൈകിപ്പോകുന്ന ആണും പെണ്ണും ഇന്ന് ഏറെയുണ്ട്. കൂട്ടിന് വടി എന്നത് ഒരു മുദ്രാവാക്യമായി മാറിയിരിക്കുന്നു. പേപ്പട്ടി മാത്രമല്ല ഭ്രാന്തന്‍ കുറുക്കന്മാരും താണ്ഡവമാടുകയാണ് നാട്ടിലൊക്കെ. കോഴിയെ പിടിക്കാന്‍ വരുന്ന കുറുക്കന്‍മാര്‍ മാത്രമല്ല ഇപ്പോഴുള്ളത്, കാടായ കാടുകളും മലകളുമെല്ലാം തങ്ങളുടെ കൂടി ഇടമാണെന്ന് ധരിച്ചിരുന്നവന്മാരെയൊക്കെ കാടുവെട്ടിയും കുന്നിടിച്ചും നമ്മള്‍ പുറത്തുകടത്തിയതല്ലേ. രാത്രി ജോലികഴിഞ്ഞ് ബൈക്കില്‍ യാത്ര തിരിച്ച യുവാവിന്റെ ജീവന്‍ കളഞ്ഞത് മുമ്പിലേക്ക് ചാടിയ നായക്കൂട്ടമായിരുന്നു.

കഴിഞ്ഞദിവസം കോഴിക്കോട്, തെരുവില്‍നിന്ന് പിടികൂടിയ 20 ശുനകന്മാര്‍ക്ക് ഇനി വരുംതലമുറക്ക് ജന്മം നല്‍കുന്നതില്‍ പങ്കാളിത്തമുണ്ടാവില്ല. കാരണം കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയുടെ ഇരകളാണിവര്‍. മൊബൈല്‍ വെറ്റിനറി ശസ്ത്രക്രിയ യൂണിറ്റിന്റെ വാഹനത്തിനുള്ളില്‍ വെച്ച് ഏഴ് മണിക്കൂര്‍കൊണ്ട് വന്ധ്യംകരിക്കപ്പെട്ട ഇവിടുത്തെ ആദ്യത്തെ ശ്വാനപ്രമുഖര്‍ കൂടിയാവാം ഇവര്‍. എന്നാലും ഇങ്ങനെ കമ്പികളുടെ അറ്റത്ത് വളയം ഉണ്ടാക്കി അതില്‍ വല ഘടിപ്പിച്ച് എത്രമാത്രം പട്ടികളെ വന്ധ്യംകരിക്കാന്‍ കഴിയും? കുറുക്കനെയും കുരങ്ങനെയും പോലുളളവരിലേക്കും പുതിയ നിയമങ്ങള്‍ വ്യാപിപ്പിക്കേണ്ടതായും വരും.

പേമൃഗങ്ങളുടെ കടിയേറ്റ് കുത്തിവെപ്പെടുത്തിട്ടും 50-ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. വിഷബാധക്കെതിരെയുള്ള റാബീസ് ഇമ്യൂണോ ഗ്ലോബിന്‍ ആശുപത്രികളില്‍ ഇല്ലാതിരുന്നിട്ടോ ഉണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞിട്ടോ കടിയേറ്റവര്‍ വലഞ്ഞുപോയിരുന്നു. മരുന്നില്ലെന്ന് വെറുതെ പറഞ്ഞവര്‍ക്കെതിരെ ആരോഗ്യമന്ത്രി നടപടിയെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് സംഗതി ശരിയായിരുന്നെന്ന് തോന്നിപ്പോയത്.

ഒടുവില്‍ ദേശീയ മരുന്നുവില നിയന്ത്രണസമിതി (എന്‍.പി.പി.എ) വില പുതുക്കിയപ്പോള്‍ പേവിഷബാധക്കെതിരെയുള്ള മരുന്നുകളുടെ വില പൊള്ളുന്നിടത്തെത്തി. റാബിസ് ഇമ്യൂണോഗ്ലോബിന്‍ കുത്തിവെപ്പ് ഒരു മില്ലിക്ക് 1386 രൂപ ആയിരുന്നത് പുതിയ ഉത്തരവനുസരിച്ച് 3132.95 രൂപയായി മാറിയിരിക്കുന്നു. ഇത് സാധാരണക്കാരനെ വല്ലാതെ ബാധിക്കുന്ന കാര്യമാണ്. വലിയ കാശുകാരൊക്കെ കാറുകളിലും മറ്റു വാഹനങ്ങളിലും പറക്കുമ്പോള്‍ കാല്‍നടയാത്രക്കാരായ സാധാരണക്കാരന്‍ തന്നെയാണ് പേപ്പട്ടി കടിക്കിരയാകുന്നത്. മറ്റു മൃഗങ്ങള്‍ക്കും കടിയേല്‍ക്കാറുണ്ട്. ഈയൊരവസ്ഥയില്‍ മരുന്നുകള്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലുകള്‍ വഴി സാധാരണക്കാരന് പ്രാപ്യമാക്കുമെന്ന് അധികാരക്കസേരയിലിരുന്ന് പറഞ്ഞത് വെറുതെയാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Related Articles