Current Date

Search
Close this search box.
Search
Close this search box.

പെരുന്നാള്‍ പൊലിമ

ചെറിയ പെരുന്നാള്‍ വലിയ സന്തോഷമാണ് വിശ്വാസികളിലുണ്ടാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ഒരു മാസം പട്ടിണി കിടക്കുകയും കണ്ണുകള്‍, കാതുകള്‍, നാവ് എന്നിവയെ മനസ്സിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കി നന്മ തേടുകയും ചെയ്തവര്‍ക്ക് മാത്രമേ ഈദുല്‍ ഫിത്‌റിന്റെ ആനന്ദം അനുഭവപ്പെടുകയുള്ളൂ.

ഓരോ നോമ്പും അവര്‍ക്ക് പലവിധ സമരങ്ങളായിരുന്നു. ധര്‍മസ്ഥാപനങ്ങളുടെയും സേവനസംഘങ്ങളുടെയും ഫണ്ടു പിരിവിന്റെ രശീതി ബുക്കുകള്‍ മുന്നിലെത്തുമ്പോള്‍ തലപൊക്കിയ പിശുക്ക് എന്ന പിശാചിനെ അടിച്ചമര്‍ത്തിയാവാം അവര്‍ ദാനം ചെയ്തത്. രാത്രിയിലെ നമസ്‌കാരത്തിനൊരുങ്ങുമ്പോള്‍ ക്ഷീണമനുഭവപ്പെട്ട ശരീരത്തിന് മനസ്സ് ശക്തിയേകി. ഇങ്ങനെ പല സമരങ്ങളും നോമ്പു കാലത്ത് മനസ്സ് നടത്തിയിട്ടുണ്ട്. അങ്ങനെ ഒരു മാസം ആത്മസമരം നടത്തി വിജയബോധത്തോടെ പെരുന്നാള്‍ പുതുവസ്ത്രമണിയുമ്പോള്‍ മനസ്സില്‍ മറ്റൊരു വസ്ത്രമെത്തുന്നു. ഭക്തിയുടെ വസ്ത്രം – ലിബാസുത്തഖ്‌വ – എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച മഹത്വമേറിയ പുടവ. പ്രകടനപരതയുടെ മാലിന്യങ്ങളില്‍ നിന്ന് മുക്തമായി സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മഹത്വമേറിയ ആ ആന്തരിക വസ്ത്രം ലഭിക്കുകയുള്ളൂ. ഈ വിധത്തില്‍ റമദാന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ശവ്വാലമ്പിളി പ്രദാനം ചെയ്യുന്ന ആനന്ദത്തിന്റെ നറുകുസുമങ്ങളാണ് ലഭിക്കുന്നത്.

ഇസ്‌ലാമിലെ രണ്ടു പെരുന്നാളുകളും ലോകത്തെ മറ്റെല്ലാ ആഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നു എന്ന് ആര്‍ക്കും ആരുടെ മുമ്പിലും ഉറപ്പിച്ചു പറയാം. അല്ലാഹു മഹാനാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടും അഗതികള്‍ക്ക് ആ ദിവസത്തെ ഭക്ഷണത്തിനുള്ള വക നിര്‍ബന്ധമായും നല്‍കിക്കൊണ്ടും നിര്‍വഹിക്കപ്പെടുന്ന ആഘോഷം ചെറിയ പെരുന്നാള്‍ അല്ലാതെ വേറെയില്ല. ബലിപെരുന്നാളാകട്ടെ ആരോഗ്യമുള്ള മൃഗങ്ങളെയറുത്ത് ദരിദ്രര്‍ക്ക് നല്‍കല്‍ പുണ്യമായി കല്‍പിക്കപ്പെട്ട ആഘോഷമാണ്. അതും അല്ലാഹു മഹാന്‍ – അല്ലാഹു അക്ബര്‍ – എന്ന പ്രഖ്യാപനം കൊണ്ട് ആരംഭിക്കുന്നു. മറ്റൊരു വിശേഷത ഭക്തിയാണ് ആഘോഷത്തിന്റെ ആത്മാവ് എന്നതാണ്. എല്ലാം മറന്ന്, ഇഷ്ടപ്പെട്ടത് എന്ന് തോന്നുന്ന എല്ലാം ചെയ്യാന്‍ ഈ ആഘോഷങ്ങളില്‍ അനുവാദമില്ല. ലഹരി ആഘോഷങ്ങളില്‍ ആധിപത്യം നേടിയ കാലഘട്ടമാണിത്. ഇസ്‌ലാം അതിനെ ഒരവസരത്തിലും അനുവദിക്കുന്നില്ല. ലഹരിക്ക് ആനന്ദം പകരാന്‍ കഴിയില്ല. കുട്ടികളില്ലാത്ത ഒരു സ്ത്രീയെ ഒരു പാവക്കുട്ടി സന്തോഷിപ്പിക്കില്ലല്ലോ. അത് നല്‍കുന്നത് വ്യാജ കൗതുകം മാത്രമാണ്. അതിനാല്‍ മദ്യത്തിന് ആനന്ദമേകാന്‍ കഴിയുമെന്ന് ആരും ധരിച്ചു പോകരുത്.

ഒരു പരിച തന്റെയടുക്കലുണ്ടല്ലോ എന്ന സമാധാനമാണ് പെരുന്നാളാഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ വിശ്വാസിക്കുണ്ടാവേണ്ടത്. നോമ്പ് കൊണ്ട് ലഭിച്ച പരിചയാണത്. ശത്രുവിന്റെ വെട്ടും അടിയും തടുക്കലാണല്ലോ പരിചയുടെ ധര്‍മം. നോമ്പിനെ പരിചയോട് പ്രവാചകന്‍ ഉപമിച്ചത് അതുകൊണ്ട് വിശ്വാസി തിന്മയെ തടുക്കണം എന്ന അര്‍ഥത്തിലാണ്. മുപ്പത് ദിവസം ഫലപ്രദമായി ഉപയോഗിച്ച പരിച പിറ്റെ ദിവസം തകര്‍ന്നു പോകരുത്. പെരുന്നാളാഘോഷിക്കുമ്പോള്‍ ആ പരിച ഉപയോഗിക്കാന്‍ കഴിയണം. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹു അക്ബര്‍ എന്ന പ്രഖ്യാപനത്തിന് വിരുദ്ധമായ ഒന്നും പെരുന്നാളാഘോഷത്തില്‍ ഉണ്ടാകാന്‍ പാടില്ല.

പെരുന്നാല്‍ ദിനത്തില്‍ പാട്ടുപാടിയ പെണ്‍കുട്ടികളെ അബൂബക്കര്‍ സിദ്ദീഖ് തടഞ്ഞപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞത് ‘അവരെ വിട്ടേക്കൂ, അവര്‍ പാടിക്കൊള്ളട്ടെ’ എന്നാണ്. ജന്മവാസനകളെ പൂര്‍ണമായി അടിച്ചമര്‍ത്തരുത് എന്നും, മനസ്സിന് ഉണര്‍വ് നല്‍കുന്ന ചിലത് അനുവദിക്കപ്പെടണം എന്നുമാണ് പ്രവാചകന്‍(സ) അബൂബക്കറിനെ(റ) തിരുത്തിയതിലൂടെ നാം കണ്ടത്. ഒരു മുസ്‌ലിമും പട്ടിണി കിടക്കാന്‍ ഇടവരാത്ത സുദിനമായി ചെറിയ പെരുന്നാള്‍ വേറിട്ടു നില്‍ക്കുന്നു. അത് മനസ്സില്‍ പുരട്ടുന്ന സുഗന്ധം പെട്ടന്ന് മാഞ്ഞുപോവുകയില്ല.

Related Articles