Current Date

Search
Close this search box.
Search
Close this search box.

പെരുംനുണകള്‍

വീട്ടില്‍കുടുബസമേതം ടിവി കണ്ടുകൊണ്ടിരിക്കെ ഒരുഫോണ്‍വരുന്നു. ഏഴുവയ്സ്സുകാരിമകള്‍അതെടുക്കുന്നു ”മോളേ അച്ഛന്‍ വീട്ടിലുണ്ടോ?” എന്ന ചോദ്യംകേട്ട ഉടനെ റിസീവര്‍ പൊത്തിപ്പിടിച്ച് അച്ഛനോട്‌ചോദിക്കുന്നു. ”അച്ഛന്‍ ഇപ്പോള്‍വീട്ടിലുണ്ടോ? ”ഇല്ല” മറുപടികേട്ട പ്രകാരംകുട്ടി ”അച്ഛന്‍ ഇവിടെഇല്ലല്ലോ” എന്ന്മറുപടികൊടുത്തുകൊണ്ട്‌റിസീവര്‍വെക്കുന്നു. മകളെഅരികെവിളിച്ച് ”സ്മാര്‍ട്ട്‌ഗേള്‍” എന്ന് അച്ഛന്‍ അഭിനന്ദിക്കുന്നു. ഇതാണ് നാം ഇന്ന്തുടരുന്ന സ്വഭാവം. ഈ രീതികുട്ടികള്‍ മനസ്സിലാക്കുമ്പോള്‍ അതൊരുശീലമാക്കി പലരംഗത്തും പരീക്ഷിക്കുന്നതോടെ പൊതുജീവിതത്തിന്റെ ഭാഗമായിമാറുന്നു.

അബ്ദുല്‍ഖാദിര്‍ ജീലാനിയുടേയും ഹരിശ്ചന്ദ്രന്റേയും കഥകള്‍ പഠിക്കുന്ന ഇളംതലമുറവളര്‍ന്ന് വലുതാകുമ്പോള്‍ ന്യായാധിപന്റെ മുമ്പിലും, നിയമനിര്‍മാണസഭയിലുമെല്ലാം ഒരു കൂസലുമില്ലാതെസത്യ പ്രതിജ്ഞചെയ്തുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ടായാലും കള്ളവാറ്റുകാരനായാലും ഭാവനാവിലാസം പോലെ  നുണ പ്രചരിപ്പിക്കുന്നു. ”ആയിരം പൊയ്‌സൊല്ലിയും ഒരുകല്യാണം പണ്ണിവെയ്” (ആയിരം നുണ പറയേണ്ടിവന്നാലും ഒരു വിവാഹം നടത്തിക്കൊടുക്കുക.) എന്ന് തമിഴില്‍ ഒരു പഴഞ്ചൊല്ലു പോലുമുണ്ട്. ഭാവനയുംഅതിശയോക്തിയുംചേര്‍ത്ത നുണകളുടെ സമാഹാരംതന്നെയല്ലേ ആസ്വാദ്യകരമായ കവിതകളും നോവലുകളും? ദേശം, ഭാഷ, സമൂഹം, പ്രായം എന്ന വ്യത്യാസങ്ങളൊന്നുമില്ലാതെ പണ്ടുപണ്ടേ ലോകംമുഴുക്കെ പ്രചാരം നേടിയ പ്രയോഗമാണ് നുണ.

സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ വയ്യാത്ത പ്രായത്തില്‍ എല്ലാനുണകളും വിശ്വസിക്കുന്നു. പിന്നീട് അതെല്ലാം കളവാണെന്ന് മനസ്സിലായിത്തുടങ്ങുന്നതോടെ നട്ടാല്‍ മുളക്കുന്ന നുണകള്‍ സൃഷ്ടിച്ച്  പ്രയോജനപ്പെടുത്തി തുടങ്ങുന്നു. ശരാശരി ഒരു മനുഷ്യന്‍ തന്റെ ജീവിത കാലത്ത് എത്ര കളവുകള്‍ പറഞ്ഞു കാണും എന്ന് ചിന്തിക്കുന്നതിനേക്കാള്‍ എത്ര സത്യം പറഞ്ഞിട്ടുണ്ടാകും എന്ന്ആലോചിക്കുകയായിരിക്കും നല്ലത്. ജീവിതത്തില്‍ആദ്യമായി പറഞ്ഞ നുണയെപ്പറ്റി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? നാം വളരുന്തോറും നമ്മുടെ നുണകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശരീരവളര്‍ച്ച പോലും ഒരു പ്രത്യേക ഘട്ടത്തില്‍ പൂര്‍ത്തിയാവുന്നുണ്ട്. എന്നാല്‍ നുണപറയുന്ന ശീലം ഒരിക്കലും അവസാനിക്കുന്നില്ല. അവസരം പോലെ നുണ കെട്ടിച്ചമച്ച് വിജയകരമായി പ്രയോഗിക്കാനുള്ള സൂത്രം പഠിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ പേര്‍ കൗശലം, സാമര്‍ത്ഥ്യം, കഴിവ് എന്നൊക്കെയാക്കിമാറ്റുന്നു. ചിലര്‍ക്ക് അത് ഒരു അഭ്യാസമാണ്. മറ്റുചിലര്‍ക്ക് ഉപജീവനവും. അവരവരുടെ അന്തസ്സിനനുസരിച്ച് പേര്‍ നല്‍കി നുണ പ്രയോഗിക്കുന്നു. ഒരിക്കല്‍ പറഞ്ഞ വസ്തുത നിഷേധിച്ച് അതിന്ന് മൊഴിമാറ്റം എന്ന പേര്‍ നല്‍കുന്നു പക്ഷെ നുണ ഒരുജീവിതരീതിയാക്കി മാറ്റിയ നാം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ കോപിക്കുന്നു.

റഷ്യയിലെ ഉക്രൈന്‍ പ്രദേശത്ത് പ്രചാരത്തിലുള്ളഒരു കഥയുണ്ട്. മിക്കായേല്‍ എന്ന ഒരുകൃഷിക്കാരന്‍ തന്റെ മകന്‍ തിന്നു കൊഴുത്ത് ഒരു ജോലിക്കും കൊള്ളരുതാത്തവനായി നടക്കുന്നതില്‍ വളരെ ദുഃഖിതനായിരുന്നു. ഗ്രാമത്തില്‍എത്തിയ ഒരുസഞ്ചാരിയോട് തന്റെ സങ്കടം പറഞ്ഞപ്പോള്‍ ”നീ എന്തിന് ബേജാറാവുന്നു, മകനെ നുണ പറയാന്‍ ശീലിപ്പിച്ചാല്‍ അവന്‍ വളര്‍ന്ന് യോഗ്യനായിക്കൊള്ളും.” എന്ന്‌സമാധാനിപ്പിച്ചു.” എവിടെയാണ് നുണ പറയാന്‍ പരിശീലിപ്പിക്കുന്നത്?” എന്നായി കര്‍ഷകന്‍. ”നിന്റെ ഗ്രാമത്തില്‍ ഏറ്റവുമധികം നുണ പറയുന്നയാളെ കണ്ടുപിടിച്ച് മകനെ അയാളെ ഏല്‍പിച്ചാല്‍ മതി.” സഞ്ചാരി ഉപദേശിച്ചു. ഗ്രാമത്തില്‍ എല്ലാവരേയും വിരട്ടി പണം പിടുങ്ങി മദ്യപിച്ച് നടക്കുന്ന ഒരു റൗഡിയെ സമീപിച്ച് തന്റെ മകനെ നുണ പറയാന്‍ ശീലിപ്പിക്കാമോ എന്ന്‌ചോദിച്ചപ്പോള്‍ ”ഞാന്‍ എന്റെ ഉപജീവനത്തിനുവേണ്ടി മാത്രമാണ് കളവുപറയുന്നത്. ഈ ഗ്രാമത്തലവനാണ് ഇവിടെ ഏറ്റവുമധികം കളവുപറയുന്നയാള്‍. അയാളുടെ നുണകള്‍ വിശ്വസിച്ചുകൊണ്ടാണ് ഗ്രാമവാസികള്‍ ജീവിക്കുന്നത്. തന്റെ മകനെ അയാളെ ഏല്‍പിച്ചോളു.” എന്ന് പറഞ്ഞപ്രകാരം ഗ്രാമത്തലവനെ കണ്ടപ്പോള്‍ ”ഞാന്‍ ഒരു നുണയും പറയുന്നില്ല. ഈ നാട്ടിലെ മന്ത്രിയാണ് ഏറ്റവുമധികം നുണ പറയുന്നത്. അയാള്‍ പറയുന്നത് രാജാവുപോലും വിശ്വസിക്കുന്നു.. മകനെ അങ്ങോട്ട് കൊണ്ടുപോകൂ.” എന്നായി. മന്ത്രിയെ ചെന്നുകണ്ട മിക്കായേലിനോട് ”നിങ്ങള്‍കേട്ടതൊന്നും ശരിയല്ല. ഏറ്റവുമധികം നുണ പറയുന്നത് നമ്മുടെ രാജാവുതന്നെയാണ്. അദ്ദേഹത്തെ സംശയിക്കാനോ ചോദ്യംചെയ്യാനോ പാടില്ല. ആ നുണകളാണ് പിന്നീട് നിയമങ്ങളായിവരുന്നത്. അതുകൊണ്ട് രാജാവിനെ പോയികാണുക.” എന്നറയിച്ച പ്രകാരം രാജാവിനോട് സങ്കടം ഉണര്‍ത്തി. ”ഞാന്‍ നുണ പറയുന്നതില്‍ കേമന്‍ തന്നെയാണ്. പക്ഷേ, ഞാന്‍ പറയുന്നത് ഈ നാട്ടിന്റേയും ജനങ്ങളുടേയും കാര്യങ്ങള്‍ക്കു വേണ്ടിയാണ്. എന്നാല്‍ ഞാന്‍ ചത്താല്‍ എന്റെ ശരീരം എന്തുചെയ്യണം, ജനങ്ങള്‍ എന്തെല്ലാം ആചാരങ്ങളും, ചടങ്ങുകളും എത്ര ദിവസം നടത്തണം, എന്റെ ആത്മാവിനെ എങ്ങിനെ ശുശ്രൂഷിക്കണം, ദോഷങ്ങള്‍ക്ക് പരിഹാരം ചെയ്യേണ്ടത് എങ്ങിനെയാണ്, മോക്ഷം നേടാന്‍ ആരെയൊക്കെയാണ് പ്രതിഫലവും ദാനവും നല്‍കി തൃപ്തിപ്പെടുത്തേണ്ടത്, എത്രയാണ് ചെലവ് എന്നെല്ലാം തോന്നിയ പോലെ പറയുന്ന മുഖ്യ പുരോഹിതനുണ്ടല്ലോ ഇവിടെ, അയാളാണ് ലോകത്തില്‍ ഏറ്റവുമധികം നുണപറയുന്നയാള്‍. തന്റെമകനെ ധൈര്യമായി അയാളെ ഏല്‍പിച്ചോളു.” മുഖ്യ പുരോഹിതനെ കണ്ടപ്പോള്‍ ”എനിക്ക് നുണ പറയാനുള്ള സാമര്‍ത്ഥ്യമൊന്നുമില്ല. ഈ കാലമത്രയും ഒരേ ഒരു നുണമാത്രമാണ് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് അത്‌വേണമെങ്കില്‍ തന്റെ മകനേയും അഭ്യസിപ്പിക്കാം.” മിക്കായേല്‍ സമ്മതിച്ചതോടെ പുരോഹിതന്‍ ”ഞാന്‍ പറയുന്നതെല്ലാം സത്യവും ദൈവകല്‍പിതവും മാത്രമണ്. അനുസരിക്കാത്തവന്‍ മഹാപാപിയാണ്. മരണാനന്തരം അവന്ന് നരക ശിക്ഷയാണ്” ജീവിതകാലം മുഴുവന്‍ സൗഭാഗ്യങ്ങളോടെ കഴിയാന്‍ ഈ ഒരു നുണ മാത്രം പറഞ്ഞുശീലിച്ചാല്‍മതി.”

Related Articles