Current Date

Search
Close this search box.
Search
Close this search box.

പുക നിറഞ്ഞ ചിന്തകള്‍

കൃഷിപ്പണിക്ക് വന്ന ചൂലന്‍ വായിലൂടെ തീ തിന്ന് മൂക്കിലൂടെ പുക വിടുന്നത് കണ്ട് അന്തംവിട്ട് നോക്കിനില്‍ക്കുമായിരുന്നു. മദ്രസ വിട്ട് വന്ന് സ്‌കൂളില്ലാത്തതിനാല്‍ ചൂലനോടൊപ്പം പറമ്പിലൂടെ ഓടിച്ചാടി നടക്കുന്നതിനിടക്ക് പാളത്തൊപ്പിയിട്ട ചൂലന്‍ എത്രപ്രാവശ്യമാണ് ആ ഇലചുരുട്ടിക്കെട്ടിയത് ഊതിത്തീര്‍ത്തത്. പിന്നെ വലിച്ചിട്ടതിന്റെ ചെറിയ കുറ്റികളൊക്കെ ആരും കാണാതെ പെറുക്കിക്കൂട്ടി പിന്നാമ്പുറത്തേക്ക് ഓടി. അടുക്കളയില്‍ ചെന്ന് ആരും കാണാതെ തീപ്പെട്ടിയും ഒപ്പിച്ചു. പിന്നെ വിദഗ്ധമായി ചൂലന്‍ വലിച്ചിട്ട കുറ്റിയില്‍ തീകൊളുത്തി അതുപോലെ വലിച്ചുനോക്കി. ഇത്രയും ആസ്വദിക്കാന്‍ മാത്രം ഇതിലെന്താണെന്നറിയാനുള്ള ആകാംക്ഷ പക്ഷെ ഒറ്റവലികൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. ഏതായാലും അടുത്തദിവസം ചുമയായതിനാല്‍ ഒരഞ്ചാംക്ലാസ്സുകാരി സ്‌കൂളില്‍ വന്നിട്ടില്ല എന്നുമാത്രമേ പുറത്തറിഞ്ഞുള്ളൂ. അന്നുമുതല്‍ ഇന്നും പുകവലിക്കുന്ന ചൂലന്മാരോട് അങ്ങേയറ്റം വെറുപ്പാണ്.

ഉപയോഗിക്കുന്നത് ഏത് ലഹരിയായാലും അതിന്റെ കെടുതിയും പൊല്ലാപ്പുമെല്ലാം അനുഭവിക്കുന്നത് അതുപയോഗിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ പുക വലിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം അടുത്തുള്ളവര്‍ കൂടി പാത്രമാകുന്നു എന്നതാണ് ഇതിന്റെ പുകില്. ‘പുകയിലയിലടങ്ങിയ രാസവസ്തുവിന്റെ പേര് നിക്കോട്ടിന്‍ എന്നാകുന്നു’ എന്ന് ചൊല്ലിപ്പഠിച്ച കാലത്ത് അതിന്റെ ഗൗരവം അറിയില്ലായിരുന്നു. കുന്നിന്റെ ഏറ്റവും ഉച്ചിയിലെ നാരായണേട്ടന്റെ വീട്ടില്‍നിന്നുള്ള രാവും പകലും വ്യത്യാസമില്ലാതെ തുടരുന്ന ചുമയുടെ കാഠിന്യമാണ് നിക്കോട്ടിന്റെ പ്രതിപ്രവര്‍ത്തനം ശരിക്കും മനസ്സിലാക്കിത്തന്നത്. പക്ഷെ ഇതറിഞ്ഞിട്ടും അറിയാതെയും കൂട്ടുകാര്‍ക്കിടയില്‍ വലിപ്പത്തരം കാണിക്കാനും ടെന്‍ഷന്‍ മാറ്റാനുമെന്നൊക്കെ ഓരോ അടിക്കുറിപ്പ് കൊടുത്ത് സിഗററ്റുമായി അടുത്തവര്‍ ഏറെയാണ് നമ്മുടെ നാട്ടില്‍.
പുകവലി ഭേദഗതി ബില്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ‘നടക്കുന്നതാണെങ്കില്‍ പറ മോനെ’ എന്നുപറയാനാണ് തോന്നുന്നത്. കാരണം ഹൈസ്‌കൂളില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠിപ്പിച്ച അധ്യാപകന്റെ വീടിനടുത്തുകൂടെ പോകുമ്പോള്‍ ബാത്ത്‌റൂമില്‍നിന്ന് പുക ഉയരുന്നത് ഏറെനേരം ശ്രദ്ധിച്ച് വീടിന് തീപിടിച്ചെന്ന് പറഞ്ഞ് ചെന്ന എന്നെ കളിയാക്കിവിട്ടത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരുന്നു. ഇതുപിന്നെ പല ഓഫീസുകളുടെ മൂത്രപ്പുരയും അനധികൃത പുകമുറികളായി മാറുന്നത് സ്ഥിരം കാണുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിചിതമാണല്ലോ. എന്നാലും പൊതുസ്ഥലത്ത് നിന്ന് പുകവലിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന പിഴ നിലവിലെ 200-ല്‍നിന്ന് അഞ്ചിരട്ടി 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും സിഗററ്റ് ചില്ലറയായി വില്‍ക്കുന്നത് നിരോധിക്കണമെന്നും പറയുന്ന കേന്ദ്രആരോഗ്യമന്ത്രാലയം തയ്യാറാക്കിയ ടുബാക്കോ പ്രൊഡക്ട്‌സ് ഭേദഗതി ബില്ല് 2015 ഒരു പ്രതീക്ഷയാണ്.

സ്‌കൂളില്‍ ബെല്ലടിക്കുന്നതിന് മുമ്പ് കൈയിലുളള സിഗററ്റ് വേഗം വലിച്ചുതീര്‍ക്കുന്ന എത്രയോ ചെറുചെക്കന്മാരെ കാണാറുണ്ട്. അവര്‍ക്കുമുണ്ട് പുതിയ ബില്ലില്‍ ചിലത് കേള്‍ക്കാന്‍. ഇതനുസരിച്ച് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്നുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. സിഗരറ്റ് പാക്കറ്റിന്റെ പ്രധാനസ്ഥലത്ത് ആരോഗ്യമുന്നറിയിപ്പ് വേണം. സിഗരറ്റിലടങ്ങിയ വസ്തുക്കളുടെയും അത് പുറത്തുവിടുന്ന വാതകങ്ങളുടെയും രാസവസ്തുക്കളുടെയും പേര് എല്ലാ പാക്കറ്റുകളിലും രേഖപ്പെടുത്തണം. സിഗരറ്റിന്റെ പരസ്യം ഒരുവിധത്തിലും പ്രസിദ്ധീകരിക്കരുത് തുടങ്ങിയ ശുപാര്‍ശകളും ഇതിലുണ്ട്. സിഗരറ്റ് പെട്ടി പെറുക്കി ഭംഗിയായി റേഡിയോ ഉണ്ടാക്കിയിരുന്ന ഞങ്ങളെപ്പോലുള്ളവരല്ലാതെ ഇതു വലിക്കുന്നവരാരെങ്കിലും അതിനുമുകളിലെഴുതിയത് വായിക്കാറുണ്ടോ എന്നൊന്നും ചോദിച്ചേക്കരുത്.

നിയമം ലംഘിക്കുന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വില്‍പനക്കാരുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്നും ശുപാര്‍ശയുണ്ട്. അടുത്ത മാസം 15-ന് മുമ്പ് ഭേദഗതി നിര്‍ദേശിക്കാന്‍ നമുക്കും അവസരമുണ്ടത്രെ. നാട്ടിന്‍പുറത്തെ കുറെയേറെ സ്ത്രീകള്‍ ആദ്യകാലത്ത്, തൊഴിലുറപ്പ് പദ്ധതി വരുന്നതിനും ഏറെ മുമ്പ് ബീഡിക്കമ്പനിയില്‍ പണിക്കുപോയിരുന്നു. അവരിലൊരാള്‍ ദിവസവും അന്നത്തെ പത്രം ഉറക്കെ വായിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അവര്‍ തെറുത്തുവെച്ചതില്‍നിന്ന് ഓരോ ഓഹരി നല്‍കി അവര്‍ക്കും അന്നത്തെ അന്നത്തിനുള്ള വക സ്‌നേഹമായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുത്തകകമ്പനികള്‍ അപ്പണി ഏറ്റെടുത്ത് ചെയ്‌തെങ്കിലേ ആവശ്യത്തിന് ഉല്‍പന്നം വിപണിയിലുണ്ടാവൂ എന്ന് വന്നപ്പോള്‍ അവരൊക്കെ അരങ്ങൊഴിഞ്ഞതാകാം.

പൊതുസ്ഥലത്ത് പുകവലിക്ക് നിരോധനം ഉണ്ടെങ്കിലും കൈയിലൊരു സിഗരറ്റ് ഉളളവര്‍ എവിടെയെങ്കിലുംവെച്ച് എങ്ങനെയെങ്കിലും അതിന്റെ നീളം അകത്താക്കിക്കൊണ്ടിരിക്കും. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. അതുകൊണ്ടായിരിക്കാം നിയമം സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു തന്നെ തുടങ്ങണമെന്ന് പറയാന്‍ കാരണം. ഇതനുസരിച്ച് ജോലിസമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവരെ സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. മേലധികാരിയോ മറ്റുള്ളവരോ പരാതി പറഞ്ഞാല്‍ പുകവലിക്കാരും മദ്യപരും കുടുങ്ങുമെന്നത് ഉറപ്പാണ്. ഈ ഉറപ്പുകളെല്ലാം വെറും കുറുപ്പിന്റെ ഉറപ്പാകാതിരുന്നാല്‍ നന്ന്.

Related Articles