Current Date

Search
Close this search box.
Search
Close this search box.

പിന്നോക്കാവസ്ഥയുടെ വേരുകള്‍ തേടുമ്പോള്‍

ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് മുസ്‌ലിം സമൂഹം കടന്നു പോകുന്നത്. വിവിധങ്ങളായ പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അകാരണമായും നിസ്സാരമായ കാരണങ്ങളാലും അവരുടെ രക്തം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അവരുടെ രോദനങ്ങള്‍ക്കും നിലവിളികള്‍ക്കും ചെവികൊടുക്കാന്‍ ആരുമില്ല. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും ലോക ഭൂപടത്തില്‍ വളരെ പിന്നോക്കമാണ് അവരുടെ സ്ഥാനം.

വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതാണ് പിന്നോക്കത്തിന് പ്രധാന കാരണമായി ചിലവിശാരദന്മാര്‍ ഉന്നയിക്കപ്പെടുന്നത്. മത-ഭൗതിക വിജ്ഞാനങ്ങള്‍ക്കിടയിലെ വിഭജനവും വിദ്യാഭ്യാസത്തിലെ ദ്വന്തമുഖവും വൈജ്ഞാനിക ലോകത്തിന്റെ നേതൃത്വത്തില്‍ നിന്ന് അവരെ അകറ്റുകയുണ്ടായി എന്നും അവര്‍ വിലയിരുത്തുന്നു.  ഇത്തരത്തിലുള്ള വിഭജനത്തെ കുറിച്ച് പൂര്‍വീകരായ പണ്ഡിതന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഹദീസിലും ഫിഖ്ഹിലും തഫ്‌സീറിലും വൈദ്യശാസ്ത്രത്തിലും രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും മാനേജ്‌മെന്റിലും നിര്‍മാണത്തിലുമെല്ലാം ഒരേ സമയം വൈദഗ്ദ്യം നേടിയവരെ അവര്‍ക്കിടയില്‍ കാണാം. സമൂഹത്തിന്റെ അരിക് വല്‍കരിക്കപ്പെടാന്‍ കാരണം സാമ്പത്തികമായ പിന്നാക്കാവസ്ഥയും പട്ടിണിയും പരിവട്ടവുമായിരുന്നു. സാമ്പത്തികമായ ഈ പ്രതിസന്ധി ഉന്നത വിദ്യാഭ്യാസവും ജോലിയും നേടുന്നതില്‍ നിന്ന് അവരെ അകറ്റിയതാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. മുസ്‌ലിംകളുടെ പിന്നോക്കത്തിന് കാരണം രാഷ്ട്രീയമായ അവബോധമില്ലായ്മയും ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തപ്പെട്ടതും ഭരണത്തിലെത്തിയവര്‍ തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കാത്തതാണെന്നും നിരീക്ഷിക്കുന്നവരുണ്ട്.

ഈ വിശകലനങ്ങള്‍ക്കെല്ലാം അതിന്റെതായ പ്രാധാന്യവും സ്ഥാനവുമുണ്ട്. എന്നാല്‍ മുസ്‌ലിംകളുടെ പിന്നോക്കത്തിനും അധപതനത്തിനുമുള്ള യഥാര്‍ഥ കാരണം ഇസ്‌ലാമികമായ അധ്യാപനങ്ങളില്‍ നിന്നകന്നതും അതിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നതില്‍ മുസ്‌ലിം സമൂഹം വീഴ്ച വരുത്തിയതുമാണ്. ഉമര്‍(റ)വിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്. ‘അല്ലാഹു ഇസ്‌ലാം മുഖേന നമ്മെ അന്തസ്സുള്ളവരാക്കി. ഇസ്‌ലാമല്ലാത്ത മാര്‍ഗത്തിലൂടെ ഈ അന്തസ്സ് നാം ആഗ്രഹിക്കുകയാണെങ്കില്‍ അത് നമ്മെ നിന്ദ്യമാക്കുകയേയുള്ളൂ’. പ്രവാചകന്റെ ആഗമനത്തിന് മുമ്പ് അറബികള്‍ ആട്ടിടയന്മാരായിരുന്നല്ലോ! പിന്നീട് അവര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കുകയും ചെയ്തപ്പോള്‍ ലോകത്തിന്റെ നേതാക്കളായിത്തീര്‍ന്നു. പഠനത്തിനും അധ്യാപനത്തിനുമായിരുന്നല്ലോ വിശുദ്ധ ഖുര്‍ആന്റെ പ്രഥമ സൂക്തങ്ങള്‍ തന്നെ ആഹ്വാനം ചെയ്തത്! ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക.

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍ മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'(അല്‍ അലഖ്1-5). പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി വേദഗ്രന്ഥത്തിന്റെ അധ്യാപനങ്ങളും യുക്തിജ്ഞാനവും പഠിപ്പിക്കലാണെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. ‘അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'(ജുമുഅ: 2)

ഹിക്മത് എന്ന പദത്തിന് മനുഷ്യര്‍ക്ക് പ്രയോജനപ്രദമായ എല്ലാ വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാല അര്‍ഥമാണ് ഉള്ളത്. ഇത്തരം സൂക്തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നമ്മുടെ മുന്‍ഗാമികള്‍ നന്നായി അധ്വാനിക്കുകയും പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമായാണ് അവരില്‍ എഞ്ചിനീയര്‍മാരും ഗോളശാസ്്ത്രജ്ഞരും വൈദ്യശാസ്ത്രപണ്ഡിതരും ഗണിതശാസ്ത്രജ്ഞരും ഭൂമിശാസ്ത്രജ്ഞരും തത്വശാസ്ത്രജ്ഞന്മാരുമെല്ലാം ഉണ്ടായിട്ടുള്ളത്. ദാവൂദ് നബിയുടെ നിര്‍മാണപാടവത്തെ ഉദ്ദരിച്ചുകൊണ്ട് ഉപകാരപ്രദമായ നിര്‍മാണങ്ങളെ അല്ലാഹു പ്രോല്‍സാഹിപ്പിക്കുന്നത് കാണാം. ‘നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്ക് വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ? (അമ്പിയാഅ് 80). അപ്രകാരം തന്നെ ആയുധ നിര്‍മാണത്തിന്റെ പ്രാധാന്യവും വിവരിക്കുന്നത് കാണാം. ‘നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു. പൂര്‍ണ്ണവലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും,നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന് ( നാം അദ്ദേഹത്തിന് നിര്‍ദേശം നല്‍കി’) (സബഅ് 10-11)

കച്ചവടം ചെയ്യാനും വിഭവങ്ങള്‍ തേടാനും അല്ലാഹു നിര്‍ദ്ദേശിക്കുകയും അതൊന്നും ദീനിന് എതിരല്ലെന്ന് പഠിപ്പിക്കുകയും ചെയ്തു. ‘അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും,അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക'(ജുമുഅ 10). അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന കച്ചവടക്കാരെ അല്ലാഹു പ്രശംസിക്കുന്നത് കാണാം.’ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല'(നൂര്‍ 37). പ്രവാചകന്‍(സ) അധ്വാനത്തെയും സമ്പാദനത്തെയും പ്രേരിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘സ്വകരങ്ങള്‍ കൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും ഭുജിക്കുന്നില്ല. പ്രവാചകന്‍ ദാവൂദ്(അ) സ്വകരങ്ങള്‍കൊണ്ട് അധ്വാനിച്ചു ഭക്ഷിക്കുന്നവനായിരുന്നു'(ബുഖാരി), പ്രവാചകന്‍(സ) നിര്‍മാണങ്ങളെ നന്നായി പ്രോല്‍സാഹിപ്പിച്ചിരുന്നു : ‘സകരിയ്യ നബി(അ) ആശാരിയായിരുന്നു'(മുസ്‌ലിം)

മുസ്‌ലിംകള്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ എല്ലാ മേഖലകളിലും അവര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും. വൈജ്ഞാനികം, നിര്‍മാണങ്ങള്‍, കച്ചവടം, ആയുധ നിര്‍മാണം തുടങ്ങിയ ഉപകാരപ്രദമായ ഒരു മേഖലകളിലും അവര്‍ പിറകോട്ട് പോകുകയില്ല. എല്ലാ മേഖലയിലും അവര്‍ അവരുടെ ശക്തി തെളിയിക്കും. ‘അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. (അന്‍ഫാല്‍ 60)

ഇസ്‌ലാമില്‍ നിന്നു ബഹുദൂരം അകലുകയും യൂറോപ്പിനെ അന്ധമായി അനുകരിക്കുകയും അവരുടെ ചിന്തകളെ ആശ്ലേഷിക്കുകയും ചെയ്തതാണ് മുസ്‌ലിംകളുടെ പിന്നോക്കത്തിന് പ്രധാന കാരണം. യഥാര്‍ഥ പ്രതാപവും ഇഹപര വിജയവും മനസ്സമാധാനവും സാക്ഷാല്‍കരിക്കണമെങ്കില്‍ ഇസ്‌ലാമിലേക്ക് മാനസികമായും ശാരീരികമായും കടന്നുവന്നുകൊണ്ട് ഇസ്‌ലാമിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്. പ്രവാചകന്മാരും മുന്‍ഗാമികളും വെട്ടിത്തെളിയിച്ച സല്‍പാന്ഥാവിലൂടെയുള്ള പ്രയാണം മാത്രമാണ് വിജയിക്കാനും ലോകത്തിന്റെ നേതൃത്വം കൈപിടിയിലൊതുക്കാനുമുള്ള ഏക മാര്‍ഗം. പടിഞ്ഞാറിനു മുമ്പില്‍ കുനിഞ്ഞോ അന്ധമായി അനുകരിച്ചോ നമുക്ക് നമ്മുടെ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുകയില്ല.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles