Current Date

Search
Close this search box.
Search
Close this search box.

പിന്നാക്കാവസ്ഥയുടെ മാനദണ്ഡം

തമിഴ്‌നാട്ടിലെ ഒരു പുതു മുസ്‌ലിം വനിത മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹരജി കൊടുത്തു. താന്‍ സംസ്ഥാനത്തെ ഒരു പിന്നാക്ക ജാതിയില്‍ പിറന്നത് കൊണ്ട് മതംമാറ്റത്തിന് ശേഷവും ജാതീയമായ തന്റെ സാമൂഹിക പദവി അംഗീകരിച്ചു കിട്ടണമെന്നും എങ്കില്‍ മാത്രമേ തനിക്ക് അതിന്റെ ബലത്തില്‍ നല്ലൊരു ഗവണ്‍മെന്റ് ജോലി കിട്ടുകയുള്ളുവെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. പക്ഷെ കോടതി ഹരജി തള്ളി. ഇസ്‌ലാമിലേക്ക് മതം മാറിയതോടെ ആ സാമൂഹിക പദവി ഇല്ലാതായെന്നാണ് കോടതിയുടെ നിരീക്ഷണം. കാരണം ഇസ്‌ലാമില്‍ ജാതി ഇല്ല. വിധി പ്രഖ്യാപനം നടത്തിക്കൊണ്ട് ജസ്റ്റിസ് വി. രാമസുബ്രമഹ്ണ്യം പറഞ്ഞു: ‘ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോടെ ഒരു വ്യക്തിക്കും പിന്നാക്കാവസ്ഥയോ അതിപിന്നാക്കാവസ്ഥയോ നിലനിര്‍ത്താനാവില്ല. പിന്നാക്കാവസ്ഥ ജനനത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണ്, മതംമാറ്റത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നതല്ല’ (ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ട്). പെറ്റിഷന്‍ നല്‍കിയ എസ്. യാസ്മിന്‍ ക്രൈസ്തവ നാടാര്‍ സമുദായത്തിലാണ് പിറന്നത്. ഭരണഘടന പ്രകാരം നാടാര്‍ സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ യുവതി ഇസ്‌ലാമിലേക്ക് മതം മാറുകയും ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.

മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ അറുപത് വര്‍ഷമായി ഇത്തരം വിധികള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ വിധികള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഹിന്ദു ധര്‍മപ്രകാരം, അഥവാ ബ്രാഹ്മണിക്കല്‍ സാമൂഹിക ഘടനയനുസരിച്ച് ജന്മം കൊണ്ട് പിന്നാക്ക വിഭാഗമായി പ്രഖ്യാപിക്കപ്പെട്ട ജാതികള്‍ക്കും സമുദായങ്ങള്‍ക്കും മാത്രമേ സംവരണമുള്ളു. ഈ ഘടനയില്‍ നിന്ന് (ബ്രാഹ്മണിക സാമൂഹിക ഘടനയില്‍ നിന്ന്) അവര്‍ എപ്പോള്‍ പുറത്ത് കടക്കുന്നുവോ അതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിന്ന് പോകും. ജഡ്ജിമാര്‍ സ്വന്തം നിലക്ക് നടത്തുന്ന വിധിപ്രസ്താവങ്ങളല്ല ഇതൊന്നും. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തന്നെയാണ് അവര്‍ വിധിക്കുന്നത്. വിധിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഭരണഘടനയുമായി തന്നെ ബന്ധപ്പെട്ടതാണെന്നര്‍ഥം. ഭരണഘടന വ്യാഖ്യാനിക്കുക മാത്രമാണ് ജഡ്ജിമാര്‍ ചെയ്യുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ കാര്യത്തിലും ജസ്റ്റീസ് രാമസുബ്രമഹ്ണ്യം അത് വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു: ‘ഒരു ഹിന്ദു ക്രിസ്തുമതത്തിലേക്കോ മറ്റു മതങ്ങളിലേക്കോ മതം മാറിയാല്‍, ആ മതം ജാതിവ്യവസ്ഥ അംഗീകരിക്കുന്നില്ലെങ്കില്‍, മതം മാറ്റം മേല്‍പറയപ്പെട്ട ജാതി നഷ്ടപ്പെടുന്നതിന് തുല്യമാണ്.’

ഭരണഘടനക്ക് നിരക്കാത്ത ഈ പരാമര്‍ശം അതില്‍ എഴുതിച്ചേര്‍ത്തത് ബോധപൂര്‍വമാണെന്ന് കണ്ടെത്താന്‍ കഴിയും. ഇത് മനസ്സിലാവണമെങ്കില്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നടന്ന ചില സംഭവങ്ങളെക്കുറിച്ച് നമുക്ക് ധാരണ വേണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്ന സാമുദായിക പ്രാതിനിധ്യ (communal award) പരിഷ്‌കരണം,  അതിനെതിരെ ഗാന്ധിജിയുടെ മരണം വരെ ഉപവാസം, പൂന പാക്ട് എന്നിവയാണ് ഉദ്ദേശിച്ചത്. ദലിത് നേതാവായ ഡോ.അംബേദ്കര്‍ ഹിന്ദു സമുദായത്തില്‍ നിന്ന് വ്യത്യസ്തമായി ദലിത് വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കും പ്രത്യേക സാമൂഹിക പദവി വേണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സാമൂദായിക പ്രാതിനിധ്യ നിയമം ഇതിന് അനുഗുണമായ ഒന്നായിരുന്നു. ഗാന്ധിജിയാകട്ടെ ഈ നിയമത്തെ ശക്തമായി എതിര്‍ത്തുകൊണ്ടുമിരുന്നു. ഒടുവില്‍ ഗാന്ധിജിയും അംബേദ്കറും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. അതാണ് പൂനെ പാക്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. അങ്ങനെ കമ്യൂണല്‍ അവാര്‍ഡ് പിന്‍വലിക്കപ്പെടുന്നു. നിഗൂഢസ്വഭാവമുള്ള ഒന്നായിരുന്നു ഈ കരാര്‍. അതിന്റെ വിശദാംശങ്ങള്‍ ഇന്നത്തെ ദലിത് പണ്ഡിതന്‍മാര്‍ക്കു പോലും അറിഞ്ഞുകൂടാ. ഈ ഗാന്ധിജി-അംബേദ്കര്‍ കൂടിക്കാഴ്ചയിലാണ് ‘പിന്നാക്ക’ ജാതികള്‍ക്കുള്ള സംവരണം തീരുമാനമായതെന്ന് പറയപ്പെടുന്നു. ഇത്‌കൊണ്ടാണത്രെ സ്വാതന്ത്ര്യത്തിന് ശേഷം അംബേദ്കര്‍ ഭരണഘടനയുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനായി നിയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള പ്രകാരമുള്ള സംവരണം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്തു. പക്ഷെ അതേ അംബേദ്കര്‍ തന്നെ സ്വാതന്ത്ര്യാനന്തരം ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. വളരെ കൗതുകമുണര്‍ത്തുന്ന വിഷയമാണിത്. ആഴത്തില്‍ പഠിക്കപ്പെടേണ്ട വിഷയം.
(ദഅ്‌വത്ത് ത്രൈദിനം 1-7-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles