Current Date

Search
Close this search box.
Search
Close this search box.

പാരീസ് ഭീകരാക്രമണം; ഇന്ധനം നീതിനിഷേധം

ഇസ്‌ലാം വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ നിയമം കയ്യിലെടുക്കാന്‍ അനുവാദം നല്‍കുന്നില്ല. ഏതു കൊടിയ കുറ്റം ചെയ്തവനെയും പിടികൂടി ശിക്ഷിക്കേണ്ടത് ഭരണകൂടവും കോടതിയുമാണ്. മറിച്ചായാല്‍ ഏതു നാട്ടിലും സമൂഹത്തിലും സംഭവിക്കുക അരാജകത്വവും കുഴപ്പങ്ങളുമാണ്. അതുകൊണ്ടു തന്നെ മറ്റേത് ഭീകരാക്രമണം പോലെ പാരീസിലെ ആക്ഷേപ ഹാസ്യ വാരിക ഓഫീസില്‍ തീവ്രവാദികള്‍ പന്ത്രണ്ടുപേരെ കൊലപ്പെടുത്തിയ ആക്രമണം ഒട്ടും ന്യായീകരിക്കാനാവില്ല. അത് അപലപനീയമായ തെറ്റ് തന്നെയാണ്. എന്നാല്‍ അതിനിട വരുത്തിയ സംഭവം അതിനെക്കാള്‍ ഹീനവും നീചവും അപലപനീയവുമാണ്.

ഏതൊരാളും സ്വന്തം ജീവനെക്കാളും ജീവിതത്തെക്കാളും പ്രാധാന്യം നല്‍കുക ആത്മാഭിമാനത്തിനാണ്. അത് ക്ഷതപ്പെടുന്നത് ഏവര്‍ക്കും അസഹ്യമത്രെ. പ്രവാചകന്‍ അഭിമാനത്തെ ജീവനോട് ചേര്‍ത്ത് പറയാനും അതിന്റെ സംരക്ഷണാര്‍ത്ഥം വധിക്കപ്പെടുന്നവന്‍ രക്തസാക്ഷിയാണെന്ന് വിധിക്കാനും കാരണം അതത്രെ. ലോകത്തിലെ നൂറ്റി എഴുപത് കോടി മുസ്‌ലിംകള്‍ സ്വന്തത്തെക്കാളും ഭൂമിയിലുള്ള മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്നതും ആദരിക്കുന്നതും പ്രാമുഖ്യം കല്‍പിക്കുന്നതും പ്രവാചകനാണ്. അദ്ദേഹത്തെ അപമാനിക്കുന്നത് സ്വന്തത്തെ അപമാനിക്കുന്നതിനേക്കാള്‍ അവര്‍ക്ക് അസഹ്യമത്രെ.

പാരീസിലെ ഷാര്‍ലി എബ്ദോ എന്ന വാരിക പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പലതവണ പ്രസിദ്ധീകരിച്ചു. നഗ്നചിത്രം പോലും പുറത്തിറക്കി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ വാരിക പരിഗണിക്കുകയോ തങ്ങളുടെ ഹീനകൃത്യം നിര്‍ത്തുകയോ മാപ്പ് ചോദിക്കുകയോ ചെയ്തില്ല. പത്രത്തിനെതിരെ പാരീസ് ഭരണകൂടവും നടപടിയെടുത്തില്ല. പത്രമാപ്പീസില്‍ നടത്തിയ ആക്രമണം തെറ്റും പ്രവാചകാധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായിരിക്കെ അതിനു പ്രേരകമായത് കൊടുംപാതകവും നീതിനിഷേധവുമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.

കേരളത്തിലെ മാവോവാദ ഭീഷണി ഉള്‍പ്പടെ ഏതു തീവ്രവാദ – ഭീകരപ്രവര്‍ത്തനവും തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അനീതിക്ക് അറുതി വരുത്തലാണ്. എന്നും എവിടെയും തീവ്രവാദികളുടെ ഇന്ധനം കടുത്ത നീതിനിഷേധം തന്നെ, തീര്‍ച്ച.

Related Articles