Current Date

Search
Close this search box.
Search
Close this search box.

പാഠം രണ്ട് : ഞാന്‍ എന്ന വെറുപ്പിക്കല്‍

talk.jpg

രണ്ടാള്‍ ഇരിക്കുന്ന സീറ്റിലേക്ക് മൂന്നാമന്‍ വരുമ്പോള്‍ ബസ് യാത്രക്കാരില്‍ രണ്ടുതരം പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. ഒതുങ്ങി ഇരുന്ന് മൂന്നാമനെ എങ്ങനെയെങ്കിലും ഇരുത്താന്‍ ശ്രമിക്കുക. ചിലരോട് ഈ സമീപനമാണെങ്കില്‍ വേറെ ചിലരോടുള്ള പ്രതികരണം നേരെ വിപരീതമായിരിക്കും. അയാള്‍ ഇരുന്നാല്‍ നമ്മെ വെറുപ്പിക്കും. സഹിക്കാന്‍ കഴിയില്ല അത്. ഈ സമീപനമാണ് അയാള്‍ക്ക് സീറ്റുകൊടുക്കാതിരിക്കാനുള്ള കാരണം. യാത്രയൊരു ദുരനുഭവമാക്കാനേ അയാളുടെ സാന്നിധ്യം ഉപകരിക്കുകയുള്ളൂ. ഒന്നാമത്തെയാള്‍ എങ്ങനെയെങ്കിലും ഒന്ന്കൂടെ ഇരുന്നുകിട്ടിയാല്‍ നന്നായിരുന്നു എന്നു വിചാരിക്കാന്‍ കാരണം അയാള്‍ സംസാരം കൊണ്ട് നമ്മെ രസിപ്പിക്കും എന്ന അനുഭവം കൊണ്ടാണ്.

സംഭാവന പിരിക്കാന്‍ പോകുമ്പോഴാണ് ചിലരുടെ വെറുപ്പിക്കല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുക. മറ്റ് അവസരങ്ങളിലെ പോലെ പെട്ടെന്ന് ഇറങ്ങിപ്പോരാന്‍ പറ്റാത്ത അവസ്ഥയാണ് പിരിവുകാരുടേത്. ഈ സമയത്ത് ‘ഞാന്‍ ഞാന്‍’ എന്ന മനസ്സുകാരന്‍ മുതലെടുക്കും. അതിന്റെ ഒരുദാഹരണം ഇങ്ങനെ : ‘ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് വന്നേ ഉള്ളൂ. വിശ്രമിക്കാന്‍ സമയം കിട്ടിയിട്ടില്ല. പിരിവുകാര്‍ തുരുതുരാ വന്നുകൊണ്ടിരിക്കുകയാണ്. ആരുവന്നാലും ഞാന്‍ എന്തെങ്കിലും കൊടുക്കും. കൊടുക്കുന്നവരുടെ അടുത്തേക്കല്ലേ ആളുകള്‍ വരിക? പഞ്ചസാര ഭരണിയിന്മേല്‍ ഉറുമ്പുകള്‍ വരിക സ്വാഭാവികം. ചിലര്‍ പണത്തിനുമേല്‍ അടയിരുന്നു കളയും. ഞാനതു ചെയ്യാറില്ല. ഡല്‍ഹിയിലെ എന്റെ സുഹൃത്തും അങ്ങനെയാ. എന്നെ അയാള്‍ക്ക് വലിയ കാര്യമാ. എത്ര ഒഴിവുകഴിവ് പറഞ്ഞിട്ടും വിടുന്നില്ല. ഞാന്‍ ചെന്നേ പറ്റൂ’ ഇങ്ങനെ നീളും ആ സംസാരം.

പിരിവിനു ചെന്നവര്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്തതും കേട്ടാല്‍ ഉപകാരമില്ലാത്തതുമായ ഈ സംസാരം കേട്ടുപരിചയിച്ചവരില്‍ ചില സമര്‍ഥന്മാര്‍ കാര്യം അവതരിപ്പിക്കുക ഇങ്ങനെയാണ്. ‘അധികം സംസാരിക്കാന്‍ നേരമില്ല. ഒരു പരമ ദരിദ്രന് വീടുണ്ടാക്കി കൊടുക്കാനുള്ള പിരിവാണ്. വല്ലതും തരണം’. പ്രതികരണം ഈ രൂപത്തിലായാല്‍ തന്റെ സ്വഭാവം ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അയാള്‍ ധരിക്കുകയും മറ്റവസരങ്ങളില്‍ സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് വരും.

മറ്റൊരുദാഹരണം എ – ബി എന്നിവരുടെ സംഭാഷണത്തില്‍ നിന്ന് കാണുക.
എ : എടീ നീയെപ്പളാ വന്നത്?
ബി. ഞാന്‍ ഇപ്പോള്‍ കാറില്‍ വന്നിട്ടേയുള്ളൂ. കൂടെ ഹസ്ബന്റുമുണ്ട്. ഞാനാണ് ഡ്രൈവ് ചെയ്തത്. പുതിയ കാറായതുകൊണ്ട് യാത്ര സുഖമായിരുന്നു. കാറ് മാറ്റാനൊന്നും കാലമായിട്ടില്ല. പക്ഷെ എനിക്കൊരാഗ്രഹം കളറൊന്ന് മാറ്റാന്‍. ഞാന്‍ പറഞ്ഞാല്‍ മൂപ്പര്‍ക്ക് അതിലപ്പുറമില്ല’.

ഈ മാതിരി വര്‍ത്തമാനം വെറുപ്പിക്കല്‍ തന്നെ. ശ്രോതാവിന്റെ താല്‍പര്യത്തെക്കുറിച്ച് ചിന്തയില്ലാത്ത വക്താവ് സമൂഹത്തിന്റെ ഭാരമാണ്. ആ ഭാരമേറ്റാന്‍ തയ്യാറില്ലാത്തവര്‍ അത്തരക്കാരെ കണ്ടാല്‍ മാറിക്കളയും. ഇങ്ങനെ സന്ദര്‍ഭത്തിന് യോജിക്കാത്ത സംസാരം സൃഷ്ടിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന വിശേഷണപ്പേരാണ് ‘കത്തി’.

‘കത്തി’ക്കാരനില്ലാത്തത് വ്യക്തിത്വമാണ്. വ്യക്തിത്വമില്ലാത്തവന് നിലനില്‍പ്പുമില്ല. അതിനാല്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ സാന്നിധ്യം വിലപ്പെട്ടതാക്കാനാണ്. നമ്മുടെ അസാന്നിധ്യം മറ്റുള്ളവര്‍ക്ക് വേദനയും സാന്നിധ്യം സന്തോഷവുമാണ് ഉണ്ടാക്കുന്നതെങ്കില്‍ അതാണ് നമ്മുടെ വ്യക്തിത്വം. ചിലര്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ അവരോട് തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കും. വക്താക്കള്‍ മാത്രമാവാതെ ശ്രോതാക്കള്‍ കൂടിയാകണം നാം. തനിക്ക് തോന്നിയത് സംസാരിച്ചു കൊണ്ടിരിക്കുകയും കേള്‍വിക്കാരുടെ മറുപടി കേള്‍ക്കാന്‍ ക്ഷമ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ അല്‍പ്പം നിര്‍ത്തിയപ്പോള്‍ ഈയുള്ളവന്‍ പറഞ്ഞു : ‘ഇനി ആറ് മിനുട്ട് ഞാന്‍ സംസാരിക്കും. ഇടക്കൊന്നും എന്നോട് പറയരുത്. താങ്കളുടെ സംസാരം ഏഴരമിനുട്ട് ഞാന്‍ കേട്ടു. അത്ര സമയം ഞാനെടുക്കുന്നില്ല’.

പത്തു വര്‍ഷത്തെ അനുഭവത്തിനു ശേഷം പതിനൊന്നാം വര്‍ഷമാണ് ഞാന്‍ ഇങ്ങനെ പ്രതികരിച്ചത്. സംസാരം തുടങ്ങി, ഇടക്കിടെ വാച്ചില്‍ നോക്കും. കൃത്യം ആറുമിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്തി. ‘ശരി, ഇനി താങ്കള്‍ക്ക് തുടങ്ങാം’.
അയാള്‍ തുടങ്ങിയില്ല. അരമിനുട്ട് മൗനം ദീക്ഷിച്ച അയാള്‍ പറഞ്ഞു ‘ക്ഷമിക്കണം, എനിക്കിപ്പോഴാണ് എന്റെ തെറ്റ് ബോധ്യപ്പെട്ടത്. എന്നെ ഭംഗിയായി തിരുത്തിയ നിങ്ങള്‍ക്ക് നന്ദി.’

വെറുപ്പിക്കല്‍ കലാകാരന്മാരെ ഇങ്ങനെ തിരുത്തല്‍ സാമൂഹിക സേവനമാണെന്ന് കരുതണം. തന്റെ ദുഃസാമര്‍ഥ്യം മറ്റുള്ളവര്‍ കണ്ടുപിടിക്കുന്നു എന്നറിഞ്ഞാല്‍ അവര്‍ ശീലം മാറ്റും. ആരും പ്രതികരിക്കുന്നില്ലെങ്കില്‍ ആ ശീലം അവര്‍ തുടരും. പക്ഷെ, നമ്മുടെ തിരുത്തല്‍ മുഖം കറുപ്പിച്ചുകൊണ്ടാകരുത്. വാച്ചില്‍ നോക്കി ചിരിച്ചുകൊണ്ടായിരുന്നു എന്റെ പ്രതികരണം – ഇനി ആറു മിനുട്ട് ഞാന്‍ സംസാരിക്കുമെന്ന്! മാന്യമായ പ്രതികരണം സാമൂഹിക ജീവിതത്തിന്റെ അനിവാര്യഘടകമാണ്.

Related Articles