Current Date

Search
Close this search box.
Search
Close this search box.

പാകിസ്ഥാന്റെ മലാല

malala.jpg

മലാല യൂസുഫ് സായ്- പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു കൗമാരക്കാരിയുടെ പേരാണിത്. ഈ പേരിനെ ചൊല്ലിയാണ് ലോകം മുഴുവന്‍ പാകിസ്ഥാനെതിരെ ഇപ്പോള്‍ കലാപം കൂട്ടുന്നത്. അവള്‍ക്ക് 14 വയസ്സാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ 9-നാണ് അവള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അവളും കൂട്ടുകാരികളും സഞ്ചരിച്ചിരുന്ന വാനിന് നേരെ ആരോ നിറയൊഴിച്ചു. അക്രമികള്‍ പാക് താലിബാന്റെ ആള്‍ക്കാരാണെന്നാണ് നിഗമനം. അവര്‍ക്ക് മലാലയോട് ശത്രുത ഉണ്ടായിരുന്നെന്നും മീഡിയ തുടര്‍ന്ന് വിശദീകരിക്കുന്നു. മലാല അവളുടെ പഠിത്തം തുടര്‍ന്നു എന്ന് മാത്രമല്ല പെണ്‍കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിന് വേണ്ടി സംഘടന ഉണ്ടാക്കുകയും ചെയ്തതാണത്രെ താലിബാനെ പ്രകോപിപ്പിച്ചത്. 2009-ല്‍ അവള്‍ക്ക് 11 വയസ് മാത്രം പ്രായമുള്ളപ്പോള്‍ അവള്‍ പഠിച്ചിരുന്ന സ്‌കൂള്‍ താലിബാന്‍ ബോംബിട്ട് തകര്‍ത്തെന്നും എന്നിട്ടും അവള്‍ പഠിത്തം കൈവിട്ടില്ലെന്നും മീഡിയ നമ്മോട് പറയുന്നു. ബി.ബി.സി അവളുടെ പ്രസ്താവന ടെലകാസ്റ്റ് ചെയ്തതോടെ അവള്‍ ലോകമൊട്ടുക്ക് അറിയപ്പെടുകയും ചെയ്തു. ഇതുകൊണ്ടൊക്കെയാണ് അവള്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പാകിസ്ഥാനൊടൊപ്പം ലോകവും കരഞ്ഞത്. അവളുടെ ധീരതയെ പ്രശംസിച്ച് അഭിന്ദന പ്രവാഹമായിരുന്നു. അതിക്രമികളെ അവര്‍ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഗവണ്‍മെന്റ് വളരെ പെട്ടെന്ന് ജാഗരൂകമായി. മലാലയെ ഗവണ്‍മെന്റ് ആദ്യം സൈനിക ആശുപത്രിയിലാക്കി. ആവശ്യമെങ്കില്‍ ലോകത്തിന്റെ ഏതു ഭാഗത്തേക്കും അവളെ കൊണ്ടുപോകുന്നതിനായി ഹെലികോപ്റ്റര്‍ ഒരുക്കിനിര്‍ത്തി. ഒക്ടോബര്‍ 15-ന് അവളെ ചികിത്സാര്‍ഥം ലണ്ടനിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
ഒരു കൗമാരക്കാരിയെയാണ് വെടിവെച്ചത്. എല്ലാവര്‍ക്കും അതില്‍ പ്രതിഷേധമുണ്ട്. വളരെ ന്യായമാണ് താനും ആ പ്രതിഷേധം. മലാലയെ അല്ലാഹു ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ. മലാലക്കും അതുപോലുള്ള പെണ്‍കുട്ടികള്‍ക്കും ആധുനിക വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉണ്ട്. ആര്‍ക്കുമത് നിഷേധിക്കാനുള്ള അധികാരമില്ല. പ്രതിഷേധക്കാരുടെ പ്രതിഷേധം തീര്‍ത്തും ന്യായം തന്നെ. പക്ഷേ, മലാലക്ക് വേണ്ടി ആഗോള വ്യാപകമായി പ്രവഹിക്കുന്ന അനുശോചന സന്ദേശങ്ങള്‍ പരിശോധിച്ചാല്‍ അവ ഇസ്‌ലാമിനും ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കുമെതിരെ തിരിച്ച് വെച്ചതായി കാണാം. ഇന്ത്യയിലുള്‍പ്പെടെ ലോകമീഡിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ രീതിയിലാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ താലിബാന്‍ എതിരാണ്. വീടിന്റെ നാല് ചുമരുകള്‍ക്കകത്ത് അവര്‍ ഒതുങ്ങിക്കൊള്ളണം എന്നാണ് അവര്‍ ശഠിക്കുന്നത്. അങ്ങനെ സ്ത്രീകളെ അടിച്ചൊതുക്കുകയാണ്. ഈ പ്രവൃത്തികളെല്ലാം അവര്‍ ചെയ്യുന്നത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രകാരമാണ്- ഇതാണ് റിപ്പോര്‍ട്ടിംഗിന്റെ ശൈലി. എന്നിട്ട് മലാലയെ സ്ത്രീവിമോചനത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. ‘ഇസ്‌ലാമിക ഫണ്ടമെന്റലിസ’ത്തിന്നെതിരെ കലാപം നടത്തിയവള്‍ എന്ന പ്രതിഛായ അവള്‍ക്ക് പതിച്ച് നല്‍കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ഗവണ്‍മെന്റ് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി അവള്‍ക്ക് നല്‍കാനിരിക്കുകയാണ്.
ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 1) മലാലയെ ആക്രമിച്ചു എന്ന് പറയുന്ന താലിബാന്‍ യഥാര്‍ത്തില്‍ ഉള്ളതോ അതോ ചിലര്‍ കെട്ടി എഴുന്നള്ളിക്കുന്നതോ? ഇത്തരം കെട്ടി എഴുന്നള്ളിക്കപ്പെടുന്ന പല തരം താലിബാനുകള്‍ പാകിസ്ഥാനിലുണ്ട്. ഇങ്ങനെ കെട്ടിഎഴുന്നള്ളിക്കുന്നത് പലപ്പോഴും അമേരിക്ക തന്നെയായിരിക്കും. ഇതിലൊക്കെ സി.ഐ.എക്കും മൊസ്സാദിനുമുള്ള പങ്ക് ആര്‍ക്കും അവ്യക്തവുമല്ല. പാകിസ്ഥാനില്‍ ഭീകരത സൃഷ്ടിക്കുന്നതില്‍ ഈ ഏജന്‍സികള്‍ക്ക് വലിയ പങ്കുണ്ട്. 2) വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ എത്രയോ ‘മലാലമാര്‍’ പൈലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെന്താ ഈ ആഗോള മീഡിയയുടെ കണ്ണില്‍ പെടാത്തത്? 3) പാകിസ്ഥാന്‍ ഗവണ്‍മെന്റ് തന്നെയാണ് മലാല പ്രശ്‌നം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരുന്നത്. അമേരിക്കന്‍ പൈലിറ്റില്ലാ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ‘മലാലമാരെ’ക്കറിച്ച് പാകിസ്ഥാന്‍ എന്താ മിണ്ടാത്തത്? 4) മലാലയെ ഏതോ താലിബാന്‍ ഗ്രൂപ്പ് ആക്രമിച്ചു എന്ന് പറയുന്ന ചില മുസ്‌ലിം വിഭാങ്ങളും ജര്‍ണലിസ്റ്റുകളും ഇസ്‌ലാംവിരുദ്ധ ശക്തികള്‍ സംസാരിക്കുന്ന അതേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇസ്‌ലാം ജീവിതത്തില്‍ അനുഷ്ഠിക്കുന്നവരാണ് അക്രമികള്‍ എന്ന് അവര്‍ക്ക് വാദമുണ്ടോ?
നിരപരാധിയായ ഈ പെണ്‍കുട്ടിയും അവള്‍ക്കെതിരെയുള്ള ആക്രമണവും ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെട്ടു എന്നതാണ് വാസ്തവം. വസീറിസ്ഥാനില്‍ സൈന്യത്തെ ഇറക്കാനും ഇതിന്റെ മറവില്‍ ശ്രമം നടന്നേക്കാം. പാക് നേതാക്കളായ ഖാദി ഹുസൈന്‍ അഹ്മദും ഇംറാന്‍ ഖാനും പ്രകടിപ്പിച്ച അഭിപ്രായവും ഇതു തന്നെ.

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles