Current Date

Search
Close this search box.
Search
Close this search box.

നിര്‍ഭയത്വത്തിന്റെ മാര്‍ഗം

ഏതു പൗരനും തന്റെ ഭരണാധികാരിയില്‍ നിന്നും ഒന്നാമതായി ആഗ്രഹിക്കുന്നത് നിര്‍ഭയത്വം ലഭിക്കുക എന്നതാണ്. തന്നെ അന്യായമായി ശിക്ഷിക്കുകയെ, താന്‍ അധ്വാനിച്ചുണ്ടാക്കിയത് തട്ടിയെടുക്കുകയെ ഉപയോഗ ശൂന്യമാക്കുകയോ ചെയ്യുന്നവനാണ് തന്റെ രാജാവ് എങ്കില്‍ പ്രജക്ക് വല്ല സമാധാനവും ഉണ്ടാകുമോ? ഇല്ല. ഭൗതിക വിഷയത്തിലെ അവസ്ഥ ഇതാണ്. ആത്മീയ മേഖലയിലെ അവസ്ഥയും ഇതു തന്നെ.

ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം രാജാധിരാജനാണ്. അവന്റെ പ്രജകളാണ് ഏകദൈവവിശ്വാസികളും ബഹുദൈവവിശ്വാസികളുമെല്ലാം. ഇവര്‍ക്കെല്ലാം അവന്‍ പ്രാണവായുവും ജലവും ഉപജീവനവും നല്‍കുന്നു. തന്നെ കളവാക്കുന്നവര്‍ക്കും തന്നില്‍ പങ്കുചേര്‍ക്കുന്നവര്‍ക്കും ഭൗതിക സൗഖ്യം നല്‍കില്ല, എന്നവന്‍ തീരുമാനിക്കില്ല. എന്നാല്‍ നിര്‍ഭയത്വം എന്ന അനുഗ്രഹം അവര്‍ക്കുണ്ടാവില്ല. അത് ഏകദൈവ വിശ്വാസികള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അവരുടെ മനസ്സില്‍ ദൈവം സൗജന്യമായി നിക്ഷേപിക്കുന്നതല്ല നിര്‍ഭയത്വം. ഏകദൈവ വിശ്വാസം മനസ്സില്‍ ഉറപ്പിക്കുകയും അതിനെ കര്‍മങ്ങളിലേക്കു കൊണ്ട് വരികയും ചെയ്യുമ്പോള്‍ അല്ലാഹു നല്‍കുന്ന അനുഗ്രഹീതമായ ഒരവസ്ഥയാണ് നിര്‍ഭയത്വം. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.’ (വിശുദ്ധ ഖുര്‍ആന്‍ 6 : 82)

അല്ലാഹുവില്‍ യാഥാര്‍ഥ രൂപത്തില്‍ വിശ്വസിച്ചവന്‍ അല്ലാഹുവില്‍ മാത്രമേ ഭരമേല്‍പ്പിക്കുകയുള്ളൂ. സ്വസ്ഥതയിലും അസ്വസ്ഥതയിലും അവന്‍ ശരണം തേടുക അല്ലാഹുവേട് മാത്രമായിരിക്കും. സുഖത്തിലും ദുഖത്തിലും അവന്‍ അല്ലാഹുവെ ഓര്‍ക്കും. സൗഖ്യം നീങ്ങിപോകാതിരിക്കാനും കഷ്ടപാടുകള്‍ ഇല്ലാതാകാനും അവനെ മാത്രമേ ഏകദൈവ വിശ്വാസി ആശ്രയിക്കുകയുള്ളൂ. ‘ഹസ്ബിയല്ലാഹ്’ (എനിക്ക് അല്ലാഹു മതി) എന്നായിരിക്കും എത്രവലിയ പ്രതിസന്ധികളിലും അവന്റെ മനസ് പറയുക. അതോടെ അവനു കൈവരുന്നത് ലോകത്ത് ഏറ്റവും വിലപ്പെട്ട നിര്‍ഭയത്വമാണ്.

അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല, നീ തടഞ്ഞത് നല്‍കാനുമില്ലാരും എന്ന പ്രഖ്യാപനം ഏകദൈവ വിശ്വാസിയില്‍ നിന്നുണ്ടാകും. ഇതാണ് അല്ലാഹു സൃഷ്ടികളില്‍ നിന്ന് ഇഷ്ടപ്പെടുന്ന വലിയ കാര്യം. അല്ലാഹു മാത്രമേ ആരാധനയര്‍ഹിക്കുന്നുള്ളൂ എന്ന വിശ്വാസത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഈ പ്രഖ്യാപനവും ഭരമേല്‍പ്പുമെല്ലാം. ഇതുണ്ടാകാന്‍ വേണ്ടിയാണ് അല്ലാഹു പോരേ അവന്റെ ദാസന്ന് എന്ന ഖുര്‍ആനിന്റെ ചോദ്യം.

എപ്പോഴും പേടിച്ചിരിക്കേണ്ട അവസ്ഥയാണ് ഒരു സമൂഹത്തിനുള്ളതെങ്കില്‍ ഒരു പുരോഗതിയും അവര്‍ക്കുണ്ടാവുകയില്ല. അപ്പോള്‍ തങ്ങള്‍ക്ക് നിര്‍ഭയത്വവും സംരക്ഷണവും നല്‍കും എന്ന് പ്രതീക്ഷിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിക്കും. ഒരാളില്‍ നിന്ന് അത് ലഭിച്ചില്ലെങ്കില്‍ മറ്റൊരാളെ അന്വേഷിക്കും. ഈ അവസ്ഥയാണ് ആള്‍ദൈവങ്ങളുടെയും സിദ്ധകേന്ദ്രങ്ങളുടെയും വളര്‍ച്ചക്കു കാരണം.

അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍ അറ്റുപോകാത്ത കയറില്‍ മുറുകെ പിടിക്കുന്നവനെ പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിയും പൊങ്ങിയും മുന്നോട്ടു പോകുന്നവന്റെ കൈയില്‍ ഒരു തടിച്ച കയര്‍ ചുറ്റുന്നു. അവനതില്‍ മുറുകെ പിടിക്കുന്നു. അതിന്റെ മറ്റേ അറ്റം കരയിലെ ഉറപ്പുള്ള മരത്തിലാണ് ബന്ധിക്കപ്പെട്ടത് എന്നറിയുമ്പോള്‍ എന്തോരാശ്വാസമാണ് അവനുണ്ടാവുക ! അത്തരം ഒരു കയറാണ് ആത്മീയ മേഖലയില്‍ ഏകദൈവ വിശ്വാസിക്ക് ലഭിക്കുന്നത്. അല്ലാഹു മതിയായവനല്ലേ അവന്റെ ദാസന്ന് എന്ന ഖുര്‍ആനിന്റെ ചോദ്യം കേള്‍ക്കുമ്പോള്‍ അവന്റെ മനസ്സ് പുളകിതമാകും. അവന്‍ ആവര്‍ത്തിച്ചു പറയും നാഥാ, നീ മതി, നീ മതി എന്ന്.

നിര്‍ഭയമായ മനസ്സാണ് ജീവിതത്തിന്റെ കരുത്ത്. പ്രതിബന്ധങ്ങളെ അതുകൊണ്ട് അതിജീവിക്കാന്‍ കഴിയും. ദുരന്തങ്ങളെയും അപ്രതീക്ഷിതമായ പരാജയങ്ങളെയും ദൈവിക പരീക്ഷണമായി കാണാന്‍ അത്തരക്കാര്‍ക്കു സാധിക്കും. അപ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്നും ക്ഷമിക്കുന്നവരോടൊപ്പമാണ് ദൈവം എന്നുമുള്ള ഖുര്‍ആന്‍ വചനം അവരുടെ മനസിലുയരും. ഇങ്ങനെ സന്തോഷ സന്താപ വേളകളിലെല്ലാം നിര്‍ഭയത്വവും ശാന്തിയും അവരില്‍ നിലനില്‍ക്കും.

Related Articles