Current Date

Search
Close this search box.
Search
Close this search box.

നിരുപമ നീരുറവ

ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടാണ്‌ സംസ്‌കാരങ്ങളെല്ലാം പിറവിയെടുത്തത്. മക്കയിലെ അന്യാദൃശ ജനസമൂഹം രൂപം കൊണ്ടത് മരുഭൂമിയിലെ നീരുറവയായ സംസം കേന്ദ്രീകരിച്ചായിരുന്നു. ഇന്ന് ഇരുപത്തിനാല് മണിക്കൂറും മക്കയിലെ പരിശുദ്ധ ഹറം പ്രദേശത്തും പരിസരങ്ങളിലും ജലവിതരണം നടത്തിയിട്ടും വര്‍ഷാവര്‍ഷം എത്തുന്ന ദശലക്ഷക്കണക്കില്‍ ഹാജിമാര്‍ ദാഹം തീര്‍ക്കുകയും നാട്ടിലേക്ക് കൊണ്ടുപോയിട്ടും വറ്റാത്ത നീരുറവയായി വിസ്മയപ്പെടുത്തുന്നു.    
    
നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം വിജനമായ മക്കയുടെ താഴ്‌വരയില്‍ കൈക്കുഞ്ഞിനേയും ഭാര്യയേയും അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് വിട്ടേച്ചു പോയ ഇബ്രാഹിം(അ) സര്‍വേശ്വരനും കാരുണ്യവാനുമായ അല്ലാഹു നിങ്ങള്‍ക്കെന്നും തുണയുണ്ടാവും എന്ന് പറഞ്ഞാണ് യാത്രയായത്. പിഞ്ചോമനക്ക് തൊണ്ട വരളുകയാണ്. അത് വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു. ദാഹിച്ചു വലഞ്ഞ കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ മാതാവ് ഹാജറയുടെ മാതൃഹൃദയം പിടഞ്ഞു. വ്യര്‍ഥമെന്നറിഞ്ഞിട്ടും ഹാജറ പ്രതീക്ഷകൈവിടാതെ ചുറ്റും ഓടിനോക്കി. ഒടുവില്‍, കുഞ്ഞ് കിടന്നതിനു സമീപം അത്ഭുതകരമായ നീരുറവ കണ്ട് ആ മാതാവ് സ്തബ്ധയായി. അല്ലാഹുവിന്റെ കാരുണ്യത്തിലവര്‍ സന്തോഷവതിയായി.’സംസം’ സ്രോതസ്സിന്റെ ഇങ്ങനെയായിരുന്നുവെന്നാണ്  ചരിത്രം.

”നബി(സ) ഒരിക്കല്‍ പറഞ്ഞു ”ഭൂമുഖത്തെ ഏറ്റവും വിശിഷ്ടമായ ജലം ‘സംസം’ ജലമത്രെ. ഒരര്‍ഥത്തില്‍, സവിശേഷ ഭക്ഷണവും ഔഷധവുമാണ്.” ഈ  ജലസ്രോതസ്സുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങള്‍ കൗതുകകരമായ കണ്ടെത്തലുകളാണ് വെളിപ്പെടത്തിയത്. ഏതാണ്ട് 18 അടി നീളവും 14 അടി വീതിയുമുള്ള ഒരു കൊച്ചു തടാകമാണ് ഈ അരുവി. ഒരാള്‍ ഇറങ്ങി നിന്നാല്‍ തോളോടു ചേര്‍ന്നേ വെള്ളമുള്ളു. ഏകദേശം അഞ്ചര അടി ആഴം.

മില്യണ്‍ കണക്കില്‍ ലിറ്റര്‍ വെള്ളം ഓരോ വര്‍ഷവു ഇതില്‍ നിന്ന് പമ്പ്‌ചെയ്‌തെടുക്കുന്നു എങ്കിലും ജല വിതാനം താഴുന്നില്ല. എല്ലാ സീസണിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ശക്തമായ ഉറവകള്‍ അടിത്തട്ടില്‍ എല്ലയിടത്തും ഒരുപോലെയുള്ളതുകൊണ്ട് പമ്പ് ചെയ്യുന്ന സമയത്തു പോലും വിതാനം കുറവുവരാതെ നില്‍ക്കുന്നു. മക്കയിലെ മറ്റു കിണറുകള്‍ വര്‍ഷത്തില്‍ മിക്ക  സമയത്തും വറ്റിവരണ്ട് കിടക്കുന്നത് അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാം.

ആദുനിക പാശ്ചാത്യ വിമര്‍ശകര്‍ സംസം എന്ന വിസ്മയത്തെ ചെറുതാക്കിക്കാണിക്കാന്‍ എന്നും ശ്രമിച്ചുവന്നിട്ടുണ്ട്. എന്നാല്‍ അതിനൊന്നും ശാസ്ത്ര വസ്തുതകളുടെ പിന്‍ബലമുണ്ടായിരുന്നില്ല. സംസം ഉറവ ഭൂമിക്കടിയിലൂടെ ചെങ്കടലുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം പമ്പു ചെയ്‌തെടുത്തിട്ടും ഒരു കാലത്തും വറ്റാത്തതെന്നും വാദിക്കുന്നവരുമുണ്ട്. മക്കാ പട്ടണം ചെങ്കടലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ്. ഇത്രയും ദൂരം ഭൂമിക്കടിയില്‍ ഒരു ടണല്‍ രൂപപ്പെടാനോ സൃഷ്ടിക്കാനോ സാധ്യതയില്ല. ചെങ്കടലിനോട് കൂടുതല്‍ അടുത്തുള്ള പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിവരണ്ട് കിടക്കുമ്പോള്‍ ഇവിടെമാത്രം വെള്ളം സുലഭമാകുന്നതെങ്ങിനെ എന്ന ചോദ്യത്തില്‍ ഈ ന്യായം പൊളിയുന്നു. മാത്രമല്ല ഉപ്പുരസമില്ലാത്ത വെള്ളമാണ് സംസം എന്നതും ഇവരുടെ വിമര്‍ശനങ്ങള്‍ക്കെതിരാണ്.

സംസം വെള്ളത്തിന്റെ സാമ്പിള്‍ കൊണ്ടുപോയി യൂറോപ്യന്‍ ലാബുകളില്‍ നടത്തിയ പഠനഫലങ്ങളും വിമര്‍ശകരുടെ വാദങ്ങള്‍ പൊളിക്കുന്നു. മക്കാ പട്ടണത്തിലെ മറ്റു കിണറുകളിലെ വെള്ളത്തില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, സംയുക്തകങ്ങള്‍ എന്നീ ലവണങ്ങളും ധാതുക്കളും കുടുതലായി കാണുന്നു. ഹജ്ജിനെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ക്ഷീണമകറ്റാനും ഉന്മേഷത്തിനും കാരണമാകുന്നത് ഈ ഘടകങ്ങളാണെന്ന് തെളിഞ്ഞിരിക്കുന്നു. സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കുന്ന പ്രകൃതിദത്ത ഫ്ലൂറൈഡിന്റെ അംശവും സംസമില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാലാകാലങ്ങളിലായി ലവണ-ധാതു സംയുക്തകങ്ങളുടെ ആനുപാതിക തോതും വെള്ളത്തിന്റെ തനതായ രുചിയും മാറ്റമില്ലാതെ നില്‍ക്കുന്നുവെന്നതും പ്രത്യേകതയാണ്. ഓരോ ഭൂപ്രദേശത്തേയും വെള്ളത്തിന് ആ പ്രദേശത്തെ മണ്ണുമായി കലര്‍ന്ന ചെറിയ രുചിഭേദം പതിവാണ്.  ശുദ്ധമായ വെള്ളത്തിന് നിറമോ മണമോ ചവര്‍പ്പോ ഉണ്ടാവരുത്. സംസം ഈ ഗുണം നിലനിര്‍ത്തുന്നു. സാധാരണ കിണറുകളിലും ജലാശയങ്ങളിലും ആല്‍ഗെ, ഫംഗസ് പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരാറുണ്ട്. ഇതാണ് വെള്ളത്തിന് പച്ച നിറവും രുചിഭേദവുമുണ്ടാക്കുന്നത്. വെള്ളം ക്ലോറിനേറ്റ് ചെയ്താണ് സാധാരണ ജലസംഭരണികളിലും പമ്പിങ്ങ് സ്‌റ്റേഷനുകളിലും ഇവ നശിപ്പിക്കുന്നത്. ഈവക യാതൊന്നും ചെയ്യാത്ത നാലായിരം വര്‍ഷം പഴക്കമുള്ള സംസം വെള്ളത്തില്‍ പച്ചപ്പായലോ, ഫംഗസോ, ബാക്ടീരിയയോ ലാബ് ടെസ്റ്റില്‍ കണ്ടെത്താനായില്ല.

ഹസറത് ഇബ്രാഹി(അ)മിന്റെ കുഞ്ഞ് ദാഹിച്ച് വലഞ്ഞപ്പോള്‍ നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉറവയെടുത്ത ഈ ജലസ്രോതസ്സ്  ചരിത്രത്തില്‍ ഒരിക്കലും വറ്റിയതായി തെളിവില്ല. വര്‍ഷന്തോറും ശരാശരി 3 മില്യന്‍ ഹാജിമാര്‍ മക്കയിലെത്തി ഈ വെള്ളം ഉപയോഗിക്കുകയും പാത്രങ്ങളിലാക്കി കൊണ്ടുപോവുകയും ചെയ്യുന്നു. മക്കാ മരുഭൂമിയിലെ ഒരു കൊച്ചു കിണറ്റില്‍ നിന്നാണിതെന്ന് മനസ്സിലാക്കണം. അടിത്തട്ടില്‍നിന്ന് മിനുട്ടില്‍ ശരാശരി 600 ലിറ്റര്‍ എന്ന തോതില്‍ വെള്ളം മേലോട്ട് തള്ളിക്കൊണ്ടിരിക്കുന്നെങ്കിലും പമ്പ്‌ചെയ്യുന്ന സമയങ്ങളില്‍ പോലും സ്വാഭാവിക വിതാനം വിട്ട് ഒഴുകാറില്ല.

പുറമെ നിന്നുള്ള മാലിന്യം കലരാതിരിക്കാനായി സംസമിന് ചുറ്റും തറകെട്ടി ഗ്ലാസ് പാനല്‍കൊണ്ട് ആവരണം ചെയ്ത് ഒരു അറയുടെ രൂപത്തിലാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കണ്ണാടി പാളികളിലൂടെ സംസമിന്റെ ഉള്‍വശവും ഉറവയും കാണാം. ധാരാളം പമ്പുസെറ്റുകള്‍ വഴി  അനവധി ടാങ്കുകളിലേക്ക് വെള്ളം സംഭരിക്കുന്നു. ഇബ്രാഹിം സ്മൃതികളുണര്‍ത്തുന്ന ഈ പുണ്യജലം കുടിക്കാനും പാത്രങ്ങളില്‍ ശേഖരിക്കാനും ഹറം പ്രദേശത്ത് മുഴുവന്‍ അനേകം ടാപ്പുകളും ഫൗണ്ടനുകളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles