Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ ആരാണ്, എന്താണ്?

നാം ആരാണെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടണം, അല്ലെങ്കില്‍ നമ്മുടെ വ്യക്തിത്വത്തിന്ന് കാര്യമായ തകരാറുണ്ടെന്ന് തീരുമാനിക്കാം. പല വ്യക്തികളെയും നാം ഓര്‍ക്കുന്നത് അവരുടെ പ്രതികരണത്തെയും പ്രതി പ്രതികരണത്തെയും വിലയിരുത്തിക്കൊണ്ടായിരിക്കും. നമ്മുടെ മനസ്സില്‍ പ്രവാചകനും അബൂബക്കര്‍ സിദ്ദീഖും ഉമറും ജീവിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറും സുകുമാര്‍ അഴീക്കോടും ജീവിക്കുന്നു. പ്രശ്‌നങ്ങളോടും സംഭവങ്ങളോടും അവരെങ്ങനെ പ്രതികരിക്കുന്നു, പ്രതികരണങ്ങളോട് അവര്‍ക്കുള്ള പ്രതികരണമെന്തായിരിക്കും എന്നതുമായി ബന്ധപ്പെടുത്തിയാണ് അവര്‍ നമ്മുടെ ചിന്താമണ്ഡലത്തില്‍, സ്മൃതിശേഖരത്തില്‍ ഇടം നേടുന്നത്.

ഒരു അപരിഷ്‌കൃതന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ അയാളെ ശകാരിക്കുകയല്ല പ്രവാചകന്‍ ചെയ്തത്. അനുചരന്മാരോട് അവിടെ അല്‍പം വെള്ളം ഒഴിക്കാന്‍ പറഞ്ഞ ശേഷം ഇങ്ങനെയൊരു ഉപദേശം കൊടുക്കുകയായിരുന്നു. ‘നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഭാരമുണ്ടാക്കുന്നവരായിട്ടല്ല; ആശ്വാസം നല്‍കുന്നവരായിട്ടാകുന്നു’ (ബുഖാരി) കടം തിരിച്ചുകൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഒരു ഉത്തമര്‍ണന്‍ നബി(സ)യോട് പരുഷമായി സംസാരിക്കുകയും സ്വഹാബിമാര്‍ അയാളെ പ്രതിരോധിക്കാന്‍ തുനിയുകയും ചെയ്തപ്പോള്‍ പ്രവാചകന്റെ പ്രതികരണം അത്ഭുതമുളവാക്കുന്ന തരത്തിലായിരുന്നു. കടം തിരച്ചുകിട്ടാനുള്ളവന്ന് ചില അവകാശങ്ങളുണ്ട്. നിങ്ങളിലാരുടെയെങ്കിലും പക്കല്‍ ഒരു മൃഗമുണ്ടെങ്കില്‍ അയാള്‍ക്കതു കൊടുക്കൂ എന്ന് പറഞ്ഞു. നബി(സ) ഒരു മൃഗത്തെയായിരുന്നു അയാളില്‍ നിന്ന് കടം വാങ്ങിയിരുന്നത്. അതിന്റെ വലിപ്പം ചോദിച്ചറിഞ്ഞ ശേഷം അനുചരന്മാര്‍ പറഞ്ഞു : അതിനേക്കാള്‍ വലിയ മൃഗമേ ഞങ്ങളുടെ പക്കലുള്ളൂ എന്ന്. അപ്പോള്‍ നബി തിരുമേനിയുടെ പ്രതികരണം, നിങ്ങള്‍ അത്തമൊരു മൃഗത്തെ അയാള്‍ക്ക് കൊടുക്കൂ. ഏറ്റവും നല്ല രീതിയില്‍ കടം വീട്ടുന്നവനാണ് ഉത്തമന്‍.

ഈ പ്രവാചക പ്രതികരണം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. കടം തിരിച്ചുകിട്ടാനുള്ളവന്ന് അല്‍പം പരുഷമായി സംസാരിക്കാന്‍ അവകാശമുണ്ടെന്നും അത് ശാന്തമായി കേള്‍ക്കുകയും സഹിക്കുകയും ചെയ്യാന്‍ അധമര്‍ണ്ണന്‍ ബാധ്യസ്ഥനാണെന്നുമാണ് ഇതിലൂടെ നബിതിരുമേനി(സ) പഠിപ്പിക്കുന്നത്. പറ്റുകടയിലെ തുക അടക്കാന്‍ വൈകിയതിന്റെ പേരില്‍ നാലാള്‍ കേള്‍ക്കെ കടക്കാരന് നമ്മോടതു ചോദിച്ചാല്‍ പ്രവാചകന്‍ സ്വീകരിച്ച നിലപാടാണോ നമുക്കുണ്ടാവുക? ആയിരിക്കില്ല. നാം തിരിച്ചടിക്കും; ചൂടുള്ള ഭാഷയില്‍….
കഴിവതും വേഗം കടം വീട്ടുക, വാങ്ങിയതിനേക്കാള്‍ അല്‍പം മെച്ചപ്പെട്ടത് തിരിച്ചുകൊടുക്കുക എന്ന ഒരാശയവും ഈ ഹദീഥിലുണ്ട്. (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

മനുഷ്യന്ന് സ്ഥിരമായ ഒരു പ്രകൃതം വേണം എന്നാണ് പറയാനുദ്ദേശിക്കുന്നത്. അയാളോട് എപ്പോഴും സംസാരിക്കാന്‍ പറ്റുകയില്ല, നല്ല സമയം നോക്കിയേ സംസാരിക്കാവൂ, ചിലപ്പോള്‍ പെട്ടെന്ന് ചൂടാവും എന്ന് നമ്മെ പറ്റി അന്യര്‍ പറയുന്ന വിധത്തിലാവരുത് നമ്മുടെ പ്രകൃതം. നോമ്പുകാലത്ത് നാമുമായി നേരത്തെ ഉണ്ടായിരുന്ന ഒരു തര്‍ക്കം തീര്‍ക്കാന്‍ രണ്ടുമൂന്നു പേര്‍ വരാനുദ്ദേശിക്കുന്നു എന്ന് സങ്കല്‍പിക്കുക. അവരിലൊരാള്‍ പറയുന്നു; ഇപ്പോള്‍ ചോദിക്കേണ്ട, മൂപ്പര്‍ നോമ്പുനോറ്റിട്ടുണ്ട്, അതിനാല്‍ പെട്ടെന്ന് ചൂടാകും നമുക്ക് രാത്രി പോകാം എന്ന്’. ഇവരുടെ ഈ പ്രതികരണത്തില്‍ നിന്ന് നമ്മുടെ ചിത്രം എല്ലാവര്‍ക്കും ലഭിക്കും. അതൊരു വികൃത ചിത്രമാണ്. ഈ ഇരുട്ടുകളില്‍ എന്നും തെളിഞ്ഞു നില്‍ക്കുന്നു നബി തിരുമേനിയുടെ അതുല്യ വ്യക്തിത്വം.

നമുക്ക് ആത്മപരിശോധനയിലൂടെ ഒരളവോളം ചീത്ത പ്രകൃതത്തെ മാറ്റിയെടുക്കാം. ഒന്നാമതായി തനിക്ക് ഇങ്ങനെയൊരു വൈകല്യമുണ്ട് എന്നു അംഗീകരിക്കുക. ഇന്ന് ഞാന്‍ ആര് ഏതുരീതിയില്‍ എന്നെ സമീപിച്ചാലും പെട്ടെന്ന് പ്രതികരിക്കില്ലെന്നും ആലോചനക്ക് അല്‍പം സമയമെടുത്ത ശേഷമേ നാവു ചലിപ്പിക്കുകയുള്ളൂ  എന്നും തീരുമാനിക്കുക. ഈ ഹ്വസ്വമായ ഇടവേളയില്‍ നിങ്ങളുടെ ഉള്ളിലെ തെറ്റുകാരനെ നിങ്ങള്‍ക്കു തന്നെ പിടികൂടാനാവും.

രണ്ടാമത്തെ മാര്‍ഗം പോയ വര്‍ഷത്തില്‍ ഇടപെട്ട സംഭവങ്ങളേതെല്ലാമെന്ന് എണ്ണുക. അതില്‍ തൃപ്തികരമായത് ഏതെല്ലാമെന്നും തൃപ്തികരമല്ലാത്തത് ഏതെല്ലാമെന്നും വിഭജിക്കുക. തൃപ്തികരമല്ലാത്ത പ്രതികരണം ഏതുവാക്കുകൊണ്ട് ഒഴിവാക്കാമായിരുന്നുവെന്നും ആലോചിക്കുക. ഇങ്ങനെ നോക്കൂമ്പോള്‍ ജീവിതം ഒരു കലയാണെന്നു മനസ്സിലാവും. നിരന്തര പരിശീലനത്തിലൂടെ മാത്രമേ ഏതു കലയും പൂര്‍ണതയിലെത്തുകയുള്ളൂ.

Related Articles